ലഖ്നൗ: ഉത്തർപ്രദേശിലെ ഹാത്രാസിൽ പീഡനക്കേസിലെ പ്രതി ഗൗരവ് ശര്‍മ്മ പെണ്‍കുട്ടിയുടെ പിതാവിനെ വെടിവച്ചു കൊന്നു. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ ഗൗരവ് ശര്‍മ്മയെ 2018 ൽ അറസ്റ്റ് ചെയ്തിരുന്നു. ഒരു മാസത്തോളം ജയിലിൽ കിടന്ന ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടിരുന്നു.
തിങ്കളാഴ്ച ഗ്രാമത്തിലെ ക്ഷേത്ര പരിസരത്ത് ശര്‍മ്മയുടെ കുടുംബാംഗങ്ങളും ഇരയായ പെൺകുട്ടിയുടെ കുടുംബാംഗങ്ങളും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ശര്‍മ്മ പെണ്‍കുട്ടിയുടെ പിതാവിനെ വെടിവെയ്ക്കുകയായിരുന്നുമെന്നാണ് പോലീസ് പറയുന്നത്. ശര്‍മ്മ ഓടി രക്ഷപ്പെട്ടെന്നും പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായും മുഖ്യപ്രതിക്കായി അന്വേഷണം തുടരുകയാണെന്നും ഹാത്രാസ് പോലീസ് അറിയിച്ചു. ഗൗരവ് ശര്‍മയുടെ കുടുംബാംഗമായ ഒരാളെയാണ് പോലീസ് പിടികൂടിയത്.
അതിനിടെ, കൊല്ലപ്പെട്ടയാളുടെ മകള്‍ പോലീസ് സ്റ്റേഷന് മുന്നിലിരുന്ന് പൊട്ടിക്കരയുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ദയവായി എനിക്ക് നീതി നല്‍കൂ എന്നുപറഞ്ഞാണ് പെണ്‍കുട്ടി കരയുന്നത്. ‘അയാളുടെ പേര് ഗൗരവ് ശര്‍മയെന്നാണ്. ആദ്യം അയാള്‍ എന്നെ ഉപദ്രവിച്ചു. ഇപ്പോള്‍ എന്റെ അച്ഛനെ വെടിവെച്ച് കൊന്നു. അയാളും ആറേഴ് പേരും എന്റെ ഗ്രാമത്തിലേക്ക് വരികയായിരുന്നു. എന്റെ അച്ഛന് ആരോടും ശത്രുതയില്ല’- പെണ്‍കുട്ടി പറഞ്ഞു.
മാസങ്ങള്‍ക്ക് മുമ്പ് ഹാത്രാസില്‍ ദളിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം രാജ്യത്താകെ വലിയ ചര്‍ച്ചയായിരുന്നു. ഇതിനുശേഷവും ഹാഥ്റസില്‍ പെണ്‍കുട്ടികള്‍ പീഡനത്തിനിരയായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞദിവസം ഉത്തര്‍പ്രദേശിലെ അലിഗഢില്‍ പെണ്‍കുട്ടിയെ വയലില്‍ മരിച്ചനിലയിലും കണ്ടെത്തിയിരുന്നു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply