അർക്കൻസാസ് ജൂനിയർ ഹൈസ്കൂളിൽ തിങ്കളാഴ്ച രാവിലെ 15 വയസുള്ള ഒരു ആൺകുട്ടി സഹപാഠിയെ വെടിവച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. വെടിവെച്ച കുട്ടിയെ അറസ്റ്റു ചെയ്ത് ജുവനൈല്‍ തടങ്കലിലാക്കിയതായി അധികൃതർ അറിയിച്ചു
രാവിലെ 10 മണിയോടെ വിദ്യാർത്ഥികൾ ക്ലാസുകൾ മാറുന്നതിനിടെ വാട്സൺ ചാപ്പൽ ജൂനിയർ ഹൈസ്കൂളിലെ ഒരു ഇടനാഴിയിലാണ് വെടിവയ്പ്പ് നടന്നതെന്ന് പൈൻ ബ്ലഫ് പോലീസ് മേധാവി കെൽവിൻ സാർജൻറ് പറഞ്ഞു. ലിറ്റിൽ റോക്കിന് 65 കിലോമീറ്റർ തെക്കുകിഴക്കായി പൈൻ ബ്ലഫ് നഗരത്തിലാണ് ഈ വിദ്യാലയം.
സംഭവത്തിനു ശേഷം സ്കൂൾ പൂട്ടിയിരിക്കുകയാണ്. വെടിവച്ച പതിനഞ്ചുകാരന് ഓടിപ്പോയെങ്കിലും അധികം ദൂരെയല്ലാതെ പോലീസ് നായ കണ്ടെത്തുകയായിരുന്നു. പരിക്കേറ്റ 15-കാരനെ ലിറ്റിൽ റോക്ക് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ നില ഗുരുതരമാണെന്ന് സർജന്റ് പറഞ്ഞു. പേര് പുറത്തുവിട്ടിട്ടില്ല.
ഒരു ഘട്ടത്തിൽ, കുട്ടിയുടെ അവസ്ഥയെക്കുറിച്ച് ആശയക്കുഴപ്പം ഉണ്ടായിരുന്നു. കാരണം, കുട്ടി മരിച്ചുവെന്ന് ഒരു പോലീസ് വക്താവ് റിപ്പോർട്ട് ചെയ്തു. പൈൻ ബ്ലഫിന്റെ പോലീസ് വക്താവ് ലഫ്റ്റനന്റ് ഡേവിഡ് ഡിഫൂർ പിന്നീട് ആ പ്രസ്താവന പിൻവലിക്കുകയും കുട്ടി ജീവിച്ചിരിപ്പുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
പ്രതിയെ ജുവനൈൽ ഡിറ്റൻഷൻ സെന്ററിലേക്ക് കൊണ്ടുപോയതായും, ജുവനൈൽ അല്ലെങ്കിൽ മുതിർന്നവരുടെ കോടതിയിൽ കുറ്റം ചുമത്തുമോ എന്ന് പ്രോസിക്യൂട്ടർമാർ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
ശൈത്യകാല കാലാവസ്ഥയും ജലപ്രശ്നങ്ങളും കാരണം ഈ സ്കൂള്‍ അടച്ചതിനുശേഷം ഓൺ-സൈറ്റ് പഠനത്തിനായി ആദ്യമായാണ് തിങ്കളാഴ്ച സ്കൂള്‍ തുറന്നത്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply