മലപ്പുറം: കന്യാകുമാരിയിൽ നിന്ന് കശ്മീരിലേക്ക് നടന്ന മുംതാസ് അലി ഖാൻ അഥവാ ശ്രീ എം എന്ന വ്യക്തിത്വം ആരാണെന്ന് വ്യക്തമാക്കി മന്ത്രി കെ ടി ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
ആരാണ് മിസ്റ്റർ എം? മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത് ഈ ചോദ്യത്തോടെയാണ്. എല്ലാ അർത്ഥത്തിലും മാനവികതയോടൊപ്പം തിളങ്ങുന്ന മനോഹരമായ ഒരു മേലങ്കിയിലെ ആധുനിക സന്യാസിയായി അദ്ദേഹത്തെ വിശേഷിപ്പിക്കാമെന്നാണ് ശ്രീ എം ഒരു വാക്യത്തിൽ നൽകിയ വിശദീകരണം.
മന്ത്രി കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
‘ആരാണ് ശ്രീ എം?
ശ്രീ എം എന്ന മുംതാസ് അലി ഖാൻ കന്യാകുമാരി മുതൽ കാശ്മീർ വരെ ഒരു പദയാത്ര നടത്തിയിരുന്നു. മനുഷ്യ മനസ്സുകളെ കോർത്തിണക്കലായിരുന്നു യാത്രയുടെ ലക്ഷ്യം. കക്ഷിരാഷ്ട്രീയം മറന്നാണ് ശ്രീ എമ്മിനെ നാട് വരവേറ്റത്. സത്രങ്ങളിലും ക്ഷേത്രങ്ങളിലും ദർഗ്ഗകളിലും സാംസ്കാരിക കേന്ദ്രങ്ങളിലുമായിരുന്നു പദയാത്രക്കിടയിലെ അദ്ദേഹത്തിന്റെയും സഹയാത്രികരുടെയും വിശ്രമവും അന്തിയുറക്കവും.
മാസങ്ങൾ എടുത്താണ് യാത്ര കാശ്മീരിലെത്തിയത്. അദ്ദേഹത്തിന്റെ പുസ്തകങ്ങൾ വായിച്ചപ്പോഴും പരിചയപ്പെട്ട് സംസാരിച്ചപ്പോഴും മത-ജാതി-വർഗ്ഗ- വർണ്ണ വ്യത്യാസങ്ങൾക്കപ്പുറം മനുഷ്യനെ കാണാൻ ശ്രമിക്കുന്ന ദർശനമാണ് അദ്ദേഹത്തിന്റേതെന്നാണ് എനിക്ക് തോന്നിയത്. ആ തോന്നൽ ഇ.ടി. മുഹമ്മദ് ബഷീർ സാഹിബിനും കെ എൻ എ ഖാദറിനും മറ്റു പല ലീഗ് ജനപ്രതിനിധികൾക്കും ഉള്ളത് കൊണ്ടാണ് അദ്ദേഹത്തെ സ്വീകരിക്കാനും പ്രകീർത്തിച്ച് സംസാരിക്കാനും അവർ തയ്യാറായത്.
തവനൂർ വൃദ്ധസദനത്തിലാണ് ശ്രീ എമ്മിന്റെ കാൽനട യാത്രക്ക് എടപ്പാൾ മേഖലയിലെ സ്വീകരണമൊരുക്കിയിരുന്നത്. സ്ഥലം എം എൽ എ എന്ന നിലയിൽ ഞാനാണ് അദ്ദേഹത്തെ ഷാളണിയിച്ച് സ്വീകരിച്ചത്. സൂഫിസവും ഭക്തി പ്രസ്ഥാനവും ശ്രീ എമ്മിന്റെ ചിന്തകളിൽ സമന്വയിച്ചതായാണ് അദ്ദേഹത്തിൻ്റെ പ്രഭാഷണം ശ്രദ്ധിച്ചപ്പോൾ എനിക്ക് മനസ്സിലായത്. എല്ലാ അർത്ഥത്തിലും മനുഷ്യസ്നേഹത്താൽ വെട്ടിത്തിളങ്ങുന്ന ശുഭ്രവസ്ത്ര ധാരിയായ ആധുനിക സന്യാസിയെന്ന് ശ്രീ എമ്മിനെ ഒരു വാചകത്തിൽ വിശേഷിപ്പിക്കാം.
ഇത്രയും പറഞ്ഞത്, സംസ്ഥാന സർക്കാർ ഒരു യോഗാ കേന്ദ്രം തുടങ്ങാൻ ആവശ്യമായ സ്ഥലം ശ്രീ എമ്മിന് പാട്ടത്തിന് നൽകാൻ തീരുമാനിച്ചതിനെ എന്തോ അരുതാത്ത മഹാപാപമായി ചില വർഗീയ ശക്തികൾ ദുഷ്പ്രചാരണം നടത്തുന്നത് ശ്രദ്ധയിൽ പെട്ടപ്പോഴാണ്. ഇല്ലാത്ത ലേബൽ ആരും ആർക്കും ദയവു ചെയ്ത് ചാർത്തി കൊടുക്കരുത്. മനുഷ്യർ ഐക്യപ്പെട്ട് ജീവിക്കുന്ന മണ്ണിൽ സഖാവ് പിണറായിയോടുള്ള കലിപ്പു തീർക്കാൻ വർഗീയ വിഷം ചീറ്റി അന്തരീക്ഷം മലിനമാക്കരുത്. സ്നേഹിച്ചും കളിച്ചും ചിരിച്ചും ഉല്ലസിച്ചും സല്ലപിച്ചും മനുഷ്യർ ഈ നാട്ടിൽ ജീവിച്ച് പൊയ്ക്കോട്ടെ.’
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply