
ഫ്രറ്റേണിറ്റി പുതിയ സംസ്ഥാന ഭാരവാഹികളുടെ പ്രഖ്യാപന പൊതുസമ്മേളനം വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്യുന്നു
ആലത്തൂർ: വർഗീയ ഫാഷിസത്തിനും അതിന് കുടപിടിക്കുന്നവർക്കുമെതിരെ വരുന്ന നിയമസഭ തെരെഞ്ഞടുപ്പിൽ ശക്തമായ തിരിച്ചടി നൽകുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. ഫ്രറ്റേണിറ്റി മൂവമെന്റ് പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിക്കുന്ന സമ്മേളനം ആലത്തൂർ സ്വാതി ജങ്ഷനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ ബിജെപിക്ക് കടന്നുവരാനുള്ള വഴിയൊരുക്കുന്ന സി.പി.എം നടപടിക്ക് കേരളം മാപ്പു നൽകില്ലെന്നും അതിനെതിരെയുള്ള ശക്തമായ തിരിച്ചടിയാണ് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ ജനവിധിയിലൂടെ കേരളം നൽകുകയെന്നും കേരളത്തിൽ ഇത്തരം പൊഴുമുഖങ്ങൾക്കെതിരെ വെൽഫെയർ പാർട്ടി ശക്തമായി മത്സര രംഗത്ത് ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് ഷംസീർ ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറി മതി അംബേദ്കർ മുഖ്യപ്രഭാഷണം നിർവഹിച്ചു. ഹമീദ് വാണിയമ്പലം ഫ്രറ്റേണിറ്റിയുടെ പുതിയ സംസ്ഥാന നേതൃത്വത്തെ പ്രഖ്യാപിച്ചു. എഫ്.ഐ.ടിയു സംസ്ഥാന ട്രഷറർ പി. ലുഖ്മാൻ, വിമൻസ് ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന കമ്മിറ്റിയംഗം ഉമൈറ റഫീഖ്, ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ് നിസാർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. വെൽഫെയർ പാർട്ടി, എഫ്.ഐ.ടി.യു, വിമൻ ജസ്റ്റിസ്, ഫ്രറ്റേണിറ്റി നേതാക്കൾ പുതിയ സംസ്ഥാന ഭാരവാഹികൾക്ക് ഹാരാർപ്പണം നടത്തി. നിയുക്ത പ്രസിഡൻറ് നജ്ദ റൈഹാൻ സദസിനെ അഭിമുഖീകരിച്ച് സംസാരിച്ചു. ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡൻ്റ് റഷാദ് പുതുനഗരം സ്വാഗതവും സംസ്ഥാന കമ്മിറ്റിയംഗം കെ.എം സാബിർ അഹ്സൻ നന്ദിയും പറഞ്ഞു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply