Flash News

മലയാളം കുരച്ചു മാത്രം പറയുന്ന മലയാളി നേതാക്കളും സംഘടനകളും

March 3, 2021 , സുരേന്ദ്രന്‍ നായര്‍

കഴിഞ്ഞ ഫെബ്രുവരി 21 നു കടന്നുപോയ അന്താരാഷ്ട്ര മാതൃഭാഷ ദിനത്തില്‍ ഉണ്ടായ ചില ചിന്തകളാണ് ഇവിടെ പങ്കുവയ്ക്കുന്നത്.

പ്രവാസലോകത്തു പിറന്നുവീഴുന്ന എല്ലാ മലയാളി അസോസിയേഷനുകളും അവരുടെ നിയമാവലിയില്‍ ആമുഖമായി ആലേഖനം ചെയ്യുന്നത് കേരളത്തിന്റെ ഭാഷാ സാംസ്കാരിക സംരക്ഷണം എന്ന ആകര്‍ഷകമായ വാഗ്ദാനമാണല്ലോ. എന്നാല്‍ ഈ വാഗ്ദാനം വഴിയില്‍ ഉപേക്ഷിച്ചു സംസ്കാര സംരക്ഷണത്തിന്റെ ആദ്യപടിയായ മലയാളത്തെത്തന്നെ മറക്കുന്ന രീതിയാണ് ഭൂരിപക്ഷം സംഘടനകളും സ്വീകരിച്ചു പോരുന്നത്.

അമേരിക്കയുടെ ഉയര്‍ന്ന സാങ്കേതിക മികവില്‍ ജീവിതം മെച്ചപ്പെടുത്താന്‍ നെട്ടോട്ടമോടുന്ന മലയാളി അവന്റെ തൊഴില്‍പരമായ വിരസതകളില്‍ നിന്നും മോചനം നേടാനുള്ള ഒരു വിനോദകേന്ദ്രം മാത്രമായോ തങ്ങളുടെ ജീവിത പങ്കാളിയുടെയോ കുഞ്ഞുങ്ങളുടെയോ കലാപ്രകടനങ്ങള്‍ക്കു കഴ്ചക്കാരെ കിട്ടുന്ന വേദിയായോ മാത്രം അസോസിയേഷനുകളെ കാണാനും ശീലിക്കുന്നു.

ഒരു വ്യക്തിയുടെ സ്വത്വത്തെ രൂപപ്പെടുത്തിയതില്‍ അവന്‍ ആര്‍ജിച്ച സംസ്കാരവും, സംസ്കാരത്തെ രൂപപ്പെടുത്തിയ ഭാഷയും പ്രധാന പങ്കുവഹിക്കുന്നു. ഒരു മലയാളി മാലിയിലായാലും മലേഷ്യയിലായാലും അമേരിക്കയിലായാലും അവന്റെ ജനിതക ഘടന ഒരിക്കലും ജീവിക്കുന്ന രാജ്യത്തിന്റേതായി അവനു മാറ്റാന്‍ കഴിയില്ല. അതിനേറ്റവും വലിയ ഉദാഹരണം ആധുനിക വൈദ്യ ശാസ്ത്രമാണ്. അവശതയുമായി ആതുര ശിശ്രുഷകരെ സമീപിക്കുന്ന ഒരു പ്രവാസി ആദ്യം വെളിപ്പെടുത്തേണ്ടത് അവന്റെ വരുമാനമോ ഉയര്‍ന്ന യോഗ്യതകളോ അല്ല മറിച്ചു അവന്റെ ജനിതക പാരമ്പര്യമാണ്. ഏതു പ്രദേശത്തു ജനിച്ചു, കൂടെയുണ്ടെങ്കിലും ഇല്ലെങ്കിലും മാതാപിതാക്കളെയും സഹോദരങ്ങളെയും അലട്ടിയിരുന്ന രോഗങ്ങളും ആരോഗ്യ വിവരങ്ങളുമാണ് വെളിപ്പെടുത്തേണ്ടത് .ഇവിടെ ആധുനിക ചികിത്സ ഓരോ രോഗിയുടെയും പാരമ്പര്യം അനുസരിച്ചാണ് നിര്‍ണ്ണയിക്കുക. വേദനയില്‍ പോലും വേരുകള്‍ കണ്ടെത്താനുള്ള ശാസ്ത്രത്തിന്റെ ശാസന ഓരോ മനുഷ്യനെയും അവന്റെ പൂര്വികരുമായുള്ള ബന്ധം ഓര്‍ത്തെടുക്കാനാണ് ആവശ്യപ്പെടുന്നത്. ഇവിടെ മനുഷ്യര്‍ ഒരു വശത്തുകൂടി ദേശാതീതനായി വളരാന്‍ ശ്രമിക്കുന്നു മറുവശത്തു ജന്മ നാടുമായുള്ള നാഭീനാള ബന്ധം നിലനിര്‍ത്താന്‍ നിര്‍ബന്ധിതനാകുന്നു.

മാതൃഭൂമിയെ അറിയാന്‍ അതിന്റെ ചരിത്രവും, വൈകാരിക സ്പന്ദനങ്ങളും തിരിച്ചറിയണം. ചരിത്രമറിയാന്‍ ഒരു പ്രത്യേക ഭാഷ നിര്ബന്ധമല്ലായെങ്കിലും ചരിത്ര നിര്‍മ്മിതിയിലെ വൈകാരിക മുഹൂര്‍ത്തങ്ങള്‍ ഉള്‍ക്കൊള്ളാന്‍ മുലപ്പാലിനൊപ്പം നുകര്‍ന്ന മാതൃഭാഷ വേണ്ടിവരും. വളരുന്ന തലമുറയ്ക്ക് വേരുകള്‍ തെരയാന്‍ അവിടത്തെ ഭാഷ തന്നെ ഉത്തമമാകും. ഓരോ കാലത്തെയും കാഴ്ചകള്‍ വെളിപ്പെടുന്നത് അതാതു കാലത്തു എഴുതപ്പെട്ട സാഹിത്യ ശാഖകളിലൂടെയാണ്. അതിലേക്കു കടക്കാന്‍ ഭാഷാജ്ഞാനം വേണ്ടിവരും.അറുപതു കഴിഞ്ഞവര്‍ക്ക് നഷ്ടപ്പെട്ടത് മുപ്പതു കഴിഞ്ഞവരെ ഓര്‍മ്മപ്പെടുത്താന്‍ ആര്‍ജവമുള്ള ഒരു സാമൂഹ്യ കൂട്ടായ്മക്ക് കഴിയും. അതാണ് അസോസിയേഷനുകള്‍ ചെയ്യേണ്ടത്. അറിഞ്ഞ മലയാളം നവീകരിക്കാനും അറിയാത്തവരെ പഠിപ്പിക്കാനും ഇത്തരം വേദികള്‍ പ്രയോജനപ്പെടണം.

കേരളത്തില്‍ മലയാളം പരിപോഷിപ്പിക്കാന്‍ ഡോളര്‍ സമാഹരിക്കുന്ന അമേരിക്കന്‍ നേതാവ് മലയാളി വേദിയില്‍ പലവട്ടം ഉരുവിട്ട് മനഃപാഠമാക്കി നടത്തുന്ന ആംഗലേയ ആഹ്വാനം രസാവഹമാണ്. മറവികൂടാതെ മലയാളം പറയുന്ന മാതാപിതാക്കളുടെ സാന്ത്വനമായി വളര്‍ന്നിട്ടും കേരളത്തിന്റെ അതിര്‍ത്തിയിലുള്ള ഒരു പ്രൊഫഷണല്‍ കലാലയത്തില്‍ എഴുപതു ശതമാനത്തിലേറെ മലയാളികളുമായി നാല് വര്‍ഷം വിദ്യാഭ്യാസം ചെയ്തു മടങ്ങിയിട്ടും അമേരിക്കയിലെ മലയാള വേദികളില്‍ കുരച്ചു കുരച്ചു പോലും മലയാളം പറയാന്‍ ശ്രമിക്കാത്ത ഒരാളിന്റെ കേരളസ്‌നേഹം അഴിഞ്ഞുവീഴേണ്ട മുഖാവരണമല്ലേ. കേരളത്തില്‍ നിന്നും മലയാളി നേതാക്കളെ ക്ഷണിച്ചുവരുത്തി അവരോടൊപ്പം വേദി പങ്കിടുമ്പോള്‍ ഇവിടത്തെ നേതാക്കള്‍ ആംഗലേയ ഭാഷണം നടത്തി അവരെ അവഹേളിക്കാതിരിക്കാനെങ്കിലും ശ്രദ്ധിച്ചാല്‍ നന്നായിരുന്നു.

ഭാഷാസ്‌നേഹത്തില്‍ ഇന്ത്യയിലുള്ള ഏതൊരു ദേശക്കാരനും മാതൃകയാക്കാവുന്ന തമിഴ് സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഇത്തരുണത്തില്‍ പ്രശംസനീയമാണ്. അവരുടെ പാതയെങ്കിലും പിന്തുടര്‍ന്ന് മലയാളി വേദികളില്‍ മലയാളം പറയാനും മലയാളത്തില്‍ കേള്‍ക്കാനും ഭാഷയുടെ പേരില്‍ ആളെക്കൂട്ടുന്ന സംഘങ്ങള്‍ ശ്രമിച്ചാല്‍ മലയാളത്തിന്റെ സൗന്ദര്യം അമേരിക്കന്‍ ഭൂമിയിലും പ്രകാശം പരത്തും.

കോര്‍പ്പറേറ്റ് കച്ചവടക്കാര്‍ ആഗോള വിപണി ലക്ഷ്യമിട്ടു പ്രചരിപ്പിക്കുന്ന ഇംഗ്ലീഷ് എന്ന ഏക ഭാഷാനയം ലോകത്തിന്റെ ബഹുസ്വരതയും സര്‍ഗാത്മക സാഹിത്യവും നശിപ്പിക്കുമെന്ന് തിരിച്ചറിഞ്ഞു പല രാജ്യക്കാരും അവരുടെ ഭാഷകളെ സംരക്ഷിക്കുവാന്‍ രംഗത്തിറങ്ങിയിട്ടുണ്ട്. അത്തരക്കാരുടെ ഒരു വന്‍ ഇടപെടലിലൂടെയാണ് ഈ അത്തരദേശിയ മാതൃഭാഷാ ദിനം എന്ന സങ്കല്പം തന്നെ ഉണ്ടായതും ആഘോഷിക്കുന്നതും.

ഇംഗ്ലീഷ് ഭാഷയുടെ ആധിപത്യം ലക്ഷ്യമിട്ട കോമണ്‍വെല്‍ത്തു സാഹിത്യത്തെ നിഷ്പ്രഭമാക്കി പ്രാദേശിക ഭാഷകളില്‍ നിന്നും ലോക സാഹിത്യത്തിന്റെ നിറുകയിലേക്കു ഉയര്‍ന്ന ലാറ്റിനമേരിക്കന്‍ സാഹിത്യം പുതിയ മാറ്റത്തിന്റെ സൂചനയാണ്.

കാലത്തെ അതിജീവിച്ച ആദികവി വാല്മീകിയും, കാളിദാസനും, ഭാസനും, എഴുത്തച്ഛനും, പൂന്താനവും തുടങ്ങി ബഷീറും, കാരൂരും,പദ്മനാഭനും ,അക്കിത്തവും സുഗത കുമാരിയും, എം ടിയും, സി. രാധാകൃഷ്ണനും, വരെയുള്ള അനേകര്‍ അനശ്വരമാക്കിയ സാഹിത്യ പാരമ്പര്യം അമൂല്യമായി സൂക്ഷിക്കാന്‍ ലോക മലാളികളോടൊപ്പം അമേരിക്കയിലെ നൂറില്‍പരം മലയാളി സംഘടനകളും അവയുടെ ദേശിയ കൂട്ടായ്മകള്‍ക്കും വലിയ പങ്കു വഹിക്കാന്‍ കഴിയും. അതിനായി മാതൃഭാഷ ദിനത്തിന്റെ ഊര്‍ജമായി മലയാളി വേദികളില്‍ മാതൃഭാഷയിന്‍ പറയാനും കേള്‍ക്കാനും നമുക്ക് പ്രതിജ്ഞ ചെയ്യാം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top