ന്യൂഡല്‍ഹി: മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി ജോർജ്ജ് മുത്തൂറ്റ് വെള്ളിയാഴ്ച വൈകിട്ട് ഡല്‍ഹിയിലെ സ്വവസതിയില്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. പത്തനംതിട്ട സ്വദേശിയാണ്.
അദ്ദേഹത്തിന്റെ നേതൃത്വത്തിൽ, മുത്തൂറ്റ് ഗ്രൂപ്പിന്റെ പ്രവര്‍ത്തന മേഖല വര്‍ദ്ധിപ്പിച്ചത് അദ്ദേഹത്തിന്റ നേതൃത്വത്തിലായിരുന്നു. നിലവിൽ ഇന്ത്യയിലും വിദേശത്തുമായി 20-ലധികം വൈവിധ്യമാർന്ന ഡിവിഷനുകൾ ഉൾക്കൊള്ളുന്ന ഒരു ബിസിനസ് ശൃഖലയാണ് മുത്തൂറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ്.
ഗ്രൂപ്പിന്റെ മുൻനിര കമ്പനിയായ മുത്തൂറ്റ് ഫിനാൻസ് ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ്ണ ധനകാര്യ കമ്പനിയാണ്. ‘1000 കോടി രൂപയുടെ ലാഭ ക്ലബ്ബിൽ’ ചേരുന്ന ആദ്യത്തെ എൻബിഎഫ്സിയാണ് മുത്തൂറ്റ്. അദ്ദേഹത്തിന് കീഴിൽ, ലോകമെമ്പാടുമുള്ള 5,500-ലധികം ബ്രാഞ്ചുകളിലേക്കും 20-ലധികം വ്യത്യസ്ത ബിസിനസുകളിലേക്കും മുത്തൂറ്റ് ഗ്രൂപ്പ് വ്യാപിച്ചു.
2011 ൽ ഫോബ്സ് ഏഷ്യ മാഗസിൻ 50-ാമത്തെ സമ്പന്ന ഇന്ത്യക്കാരനായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2019 ൽ 44-ാം സ്ഥാനത്തെത്തി.
കൊച്ചി ആസ്ഥാനമായുള്ള മുത്തൂറ്റ് ഫിനാൻസ് സ്വർണ്ണപ്പണ്ടം പണയത്തില്‍ വായ്പ വാഗ്ദാനം ചെയ്യുന്നു. മുത്തൂറ്റ് ഫിനാൻസ് സമൂഹത്തിലെ ഓരോ വിഭാഗത്തിലുമുള്ള ആളുകൾക്ക് വളരെ എളുപ്പമുള്ള നിബന്ധനകളിലും വ്യവസ്ഥകളിലും സ്വർണ്ണ വായ്പ നൽകുന്നു.
1949 നവംബർ രണ്ടിന് കോഴഞ്ചേരിയിലായിരുന്നു എം.ജി ജോർജ്ജ് മുത്തൂറ്റിന്റെ ജനനം. മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും മെക്കാനിക്കൽ എൻജിനീയറിംഗിൽ ബിരുദം നേടിയ അദ്ദേഹം ഹാര്‍വാര്‍ഡ് ബിസിനസ് സ്കൂളില്‍ നിന്ന് വിവിധ എക്സിക്യൂട്ടീവ് മാനേജ്മെന്റ് കോഴ്സുകളില്‍ ബിരുദവുമെടുത്തു. ചെറുപ്പത്തില്‍ തന്നെ കുടുംബ ബിസിനസ്സായ ദി മുത്തൂറ്റ് ഗ്രൂപ്പില്‍ ചേര്‍ന്ന അദ്ദേഹം 1979-ല്‍ അതിന്റെ മാനേജിംഗ് ഡയറക്ടറായി. 1993 ൽ ഗ്രൂപ്പിന്റെ ചെയർമാനായി ചുമതലയേറ്റു. അദ്ദേഹത്തിന്റെ കീഴിൽ ചുരുങ്ങിയ കാലംകൊണ്ടാണ് മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് പ്രശസ്തിയാർജ്ജിച്ചത്. ഗ്രൂപ്പിന്റെ ചെയർമാനായി ചുമതലയേറ്റ അദ്ദേഹം തന്റെ ജീവിതകാലത്ത് നിരവധി ദേശീയ അന്തർദേശീയ ബഹുമതികൾ നേടിയിട്ടുണ്ട്.
ചെയർമാനായി ചുമതലയേൽക്കുമ്പോൾ കേരളം, ഡൽഹി, ചണ്ഡീഗഡ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ 31 ബ്രാഞ്ചുകൾ മാത്രമാണ് ഉണ്ടായിരുന്നത്. ഇന്ന് ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി അയ്യായിരത്തിലധികം ബ്രാഞ്ചുകളാണ് ഉള്ളത്. ന്യൂഡൽഹിയിലെ സെന്റ് ജോർജ്സ് ഹൈസ്കൂൾ ഡയറക്ടർ സാറ ജോർജ് മുത്തൂറ്റാണ് ഭാര്യ. മുത്തൂറ്റ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ജോർജ് എം. ജോർജ്, ഗ്രൂപ്പ് ഡയറക്ടർ അലക്സാണ്ടർ ജോർജ്, പരേതനായ പോൾ മുത്തൂറ്റ് ജോർജ് എന്നിവരാണ് മക്കൾ.
ഫിക്സിയുടെ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയായ അദ്ദേഹം കേരള സംസ്ഥാന കൗൺസിലിൽ ചെയർമാൻ സ്ഥാനവും വഹിച്ചു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply