ഫ്രാൻസിസ് മാർപാപ്പ ഷിയാ പുരോഹിതൻ ഗ്രാൻഡ് അയാത്തൊല്ല സിസ്താനിയുമായി കൂടിക്കാഴ്ച നടത്തി

ഇറാഖ് സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് റോമൻ കത്തോലിക്കാ സഭയുടെ തലവനായ ഫ്രാൻസിസ് മാർപാപ്പ ഇറാഖിലെ പ്രമുഖ ഷിയാ പുരോഹിതൻ ഗ്രാൻഡ് അയാത്തൊല്ല അലി അൽ സിസ്താനിയുമായി കൂടിക്കാഴ്ച നടത്തി. വിശുദ്ധ നഗരമായ നജാഫിലെ അയാത്തൊല്ല സിസ്താനിയുടെ വസതിയിലാണ് ശനിയാഴ്ച രാവിലെ കൂടിക്കാഴ്ച നടന്നത്.

മനുഷ്യരാശി നേരിടുന്ന വെല്ലുവിളികൾ ഉയർത്തിക്കാട്ടിയതായും ദൈവത്തിലുള്ള വിശ്വാസത്തിന്റെ പങ്ക്, ഉയർന്ന ധാർമ്മിക മൂല്യങ്ങളോടുള്ള പ്രതിബദ്ധത എന്നിവയെക്കുറിച്ചും ഊന്നിപ്പറഞ്ഞതായി അയാത്തൊല്ല സിസ്താനിയുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.

അനീതി, അടിച്ചമർത്തൽ, ദാരിദ്ര്യം, മത പീഡനം, മൗലിക സ്വാതന്ത്ര്യങ്ങളെ അടിച്ചമർത്തൽ, യുദ്ധങ്ങൾ, അക്രമങ്ങൾ, സാമ്പത്തിക ഉപരോധം, മേഖലയിലെ പല ആളുകളുടെയും നാടുകടത്തൽ, പ്രത്യേകിച്ച് അധിനിവേശ പ്രദേശങ്ങളിലെ പലസ്തീനികൾ, ലോകത്തെ ബാധിക്കുന്ന ചില പ്രധാന പ്രശ്‌നങ്ങള്‍ എല്ലാം മാര്‍പാപ്പയുമായി പങ്കു വെച്ചു.
ഈ പ്രശ്‌നങ്ങളിൽ ചിലത് പരിഹരിക്കുന്നതിൽ മത-ആത്മീയ നേതാക്കൾക്ക് വഹിക്കാവുന്ന പങ്കിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

വിവിധ മതങ്ങളുടെയും ബൗദ്ധിക ഗ്രൂപ്പുകളുടെയും അനുയായികൾക്കിടയിൽ പരസ്പര ബഹുമാനത്തെ അടിസ്ഥാനമാക്കി സമാധാനപരമായ സഹവർത്തിത്വവും ഐക്യദാർഢ്യവും ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ പ്രാധാന്യവും മാര്‍പാപ്പയുമായി അദ്ദേഹം പങ്കുവെച്ചു.

ഇറാഖിലെ ക്രിസ്ത്യൻ പൗരന്മാരും മറ്റെല്ലാ ഇറാഖികളെയും പോലെ സുരക്ഷിതത്വത്തിലും സമാധാനത്തിലും ജീവിക്കുകയും അവരുടെ മൗലികാവകാശങ്ങൾ ആസ്വദിക്കുകയും ചെയ്യണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

കഴിഞ്ഞ വര്‍ഷങ്ങളില്‍ തീവ്രവാദികളുടെ ക്രിമിനൽ പ്രവർത്തനങ്ങളിൽ ദുരിതം നേരിട്ട ക്രിസ്ത്യാനികളെയും മറ്റു ജനതയേയും സംരക്ഷിക്കുന്നതിൽ മത അതോറിറ്റി വഹിച്ച പങ്കിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.

ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷം ഫ്രാൻസിസ് മാർപാപ്പ ഇറാഖ് നഗരമായ ‘ഉര്‍’റിലേക്ക് പോയി. ക്രൈസ്തവ വിശ്വാസ പ്രകാരം എബ്രഹാമിന്റെ (ഇസ്ലാം മത വിശ്വാസ പ്രകാരം ഇബ്രാഹിം നബി) ജന്മസ്ഥലമാണ് ‘ഉര്‍’ എന്ന് വിശ്വസിക്കപ്പെടുന്നു.

കൊറോണ വൈറസ് പകർച്ചവ്യാധിയെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലാണ് മൂന്ന് ദിവസത്തെ യാത്രയ്ക്കായി വെള്ളിയാഴ്ച
ഫ്രാന്‍സിസ് മാര്‍പാപ്പ ഇറാഖിലെത്തിയത്. അയാത്തൊല്ല സിസ്താനിയെ കൂടാതെ, അദ്ദേഹം ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ കാദിമി, പ്രസിഡന്റ് ബർഹാം സാലിഹ് എന്നിവരുമായും കൂടിക്കാഴ്ച നടത്തി.

ഇറാഖിലെ ക്രിസ്ത്യൻ സമൂഹത്തിന്റെ എണ്ണം 1.5 ദശലക്ഷത്തിൽ നിന്ന് 250,000 ആയി കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.

2003 ലെ യുഎസ് ആക്രമണത്തെത്തുടർന്നുണ്ടായ അരാജകത്വത്തിൽ നിന്നും അക്രമങ്ങളിൽ നിന്നും രക്ഷപ്പെടാനായി ഇറാഖി ക്രിസ്ത്യാനികൾ കൂട്ടത്തോടെ രാജ്യം വിട്ടിരുന്നു. കൂടാതെ, 2014 ൽ വടക്കൻ ഇറാഖിൽ ഡെയ്ഷ് തീവ്രവാദി സംഘം രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കെതിരായി ആക്രമണം അഴിച്ചുവിട്ടപ്പോൾ പതിനായിരക്കണക്കിന് ജനങ്ങളാണ് രാജ്യത്തുനിന്നും പലായനം ചെയ്തത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment