Flash News

വരവര റാവുവിനെ മുംബൈയിലെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു

March 7, 2021

മുംബൈ: എൽഗർ പരിഷത്ത്-മാവോയിസ്റ്റ് ലിങ്ക് കേസിലെ പ്രതിയായ കവിയും സാമൂഹ്യപ്രവര്‍ത്തകനുമായ വരവര റാവുവിനെ നാനാവതി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ഫെബ്രുവരി 22 ന് ബോംബെ ഹൈക്കോടതി ആരോഗ്യസ്ഥിതി പരിഗണിച്ച് ആറു മാസത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ച 82 കാരനായ റാവുവിനെ ശനിയാഴ്ച രാത്രിയാണ് സ്വകാര്യ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്.

2018 ൽ അറസ്റ്റിലായ റാവുവിനെ അനാരോഗ്യത്തെ തുടർന്ന് കഴിഞ്ഞ നവംബറിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ഉടൻ ജാമ്യത്തിൽ വിടണമെന്ന് ഹൈക്കോടതി കഴിഞ്ഞ മാസം നിർദ്ദേശിച്ചിരുന്നു. ഭീമ കൊറേഗാവ് കേസിൽ യുഎപിഎ ചുമത്തപ്പെട്ട് കഴിഞ്ഞ രണ്ട് വർഷമായി ജയിലിൽ കഴിയുകയായിരുന്നു.

മുംബൈ നാനാവതി ആശുപത്രിയിൽ ചികിത്സയിലായിരുന്നു റാവു. ഇന്നലെ രാത്രി വൈകിയാണ് വരവരറാവുവിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്. അഭിഭാഷകയായ ഇന്ദിരാ ജയ്‍സിംഗാണ് റാവുവിൻറെ ചിത്രം ട്വീറ്റ് ചെയ്തത്. ”ഒടുവിൽ മോചിതൻ” എന്ന അടിക്കുറിപ്പോടെയാണ് ഇന്ദിരാ ജയ്‍സിംഗ് ചിത്രം പോസ്റ്റ് ചെയ്തത്.

മുംബൈ വിട്ടുപോകരുതെന്നും, പൊലീസ് എപ്പോൾ വിളിച്ചാലും ഹാജരാകണമെന്നുമുള്ള ഉപാധികളോടെയാണ് വരവരറാവുവിന് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. പാസ്പോർട്ട് എൻഐഎയ്ക്ക് മുന്നിൽ കെട്ടിവയ്ക്കണം, കേസിലെ മറ്റ് പ്രതികളുമായി യാതൊരു തരത്തിലും ബന്ധപ്പെടാൻ പാടില്ല, അരലക്ഷം രൂപയും ആൾജാമ്യവും കോടതിയ്ക്ക് മുന്നിൽ കെട്ടിവയ്ക്കണം എന്നിവയാണ് മറ്റ് ജാമ്യവ്യവസ്ഥകൾ.

2018 ഓഗസ്റ്റ് 28 മുതൽ വരവരറാവു ജയിലിലാണ്. കേസിന്റെ വിചാരണ പോലും തുടങ്ങിയിട്ടുമില്ല. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി പല തവണ വരവരറാവുവിൻറെ കുടുംബം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ജാമ്യം നിഷേധിക്കപ്പെട്ടു. 365 ദിവസത്തിൽ 149 ദിവസവും വരവരറാവു ആശുപത്രിയിലായിരുന്നെന്നും, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ള റാവുവിനെ തലോജ ജയിലിൽ നിന്ന് മാറ്റി, ഹൈദരാബാദിലെ വീട്ടിൽ കഴിയാൻ അനുവദിക്കണമെന്നും റാവുവിന് വേണ്ടി ഹാ‍ജരായ ഇന്ദിരാജയ്‍സിംഗ് വാദിച്ചു. ഈ വാദം അംഗീകരിച്ച ബോംബെ ഹൈക്കോടതി, ഇനിയും വരവരറാവുവിന് ജാമ്യം നൽകിയിട്ടില്ലെങ്കിൽ അത് മനുഷ്യാവകാശങ്ങൾ അവഗണിക്കുന്നത് പോലെയാകുമെന്ന് നിരീക്ഷിച്ചിരുന്നു.

2017 ഡിസംബർ 31-ന് പുനെയിൽ നടന്ന എൽഗാർ പരിഷദ് എന്ന സംവാദപരിപാടിയിൽ നടന്ന പ്രകോപനപരമായ പ്രസംഗങ്ങളാണ് പിറ്റേന്ന് ഭിമ- കൊറേഗാവ് യുദ്ധസ്മാരകത്തിന് സമീപത്തുണ്ടായ അക്രമസംഭവങ്ങൾക്ക് വഴിവച്ചതെന്ന കേസിലാണ് വരവരറാവു അറസ്റ്റിലാവുന്നത്. ദേശീയ അന്വേഷണ ഏജൻസിയാണ് കേസന്വേഷിക്കുന്നത്.

മാവോയിസ്റ്റുകളുമായി ചേർന്ന് വരവരറാവു ഉൾപ്പടെയുള്ളവർ ഗൂഢാലോചന നടത്തി അക്രമങ്ങൾ ആസൂത്രണം ചെയ്തെന്നാണ് എൻഐഎ കേസ്. ”വീരസം” എന്ന, വിപ്ലവാഭിമുഖ്യമുള്ള എഴുത്തുകാരുടെ സംഘടനയുടെ തലപ്പത്തുള്ള വരവരറാവുവിന് അക്രമങ്ങൾ ആസൂത്രണം ചെയ്യുന്നതിൽ നിർണായകപങ്കുണ്ടെന്ന് എൻഐഎ ആരോപിക്കുന്നു. എന്നാൽ ആരോപണങ്ങളെല്ലാം ശക്തമായി വരവരറാവു കോടതിയിൽ നിഷേധിച്ചിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top