വനിതാ ദിനം! (കവിത)

വനിതാ ദിനം ലോക വനിതാ ദിനം ഇന്നു
വനിയിൽ വനിതകൾക്കാദരവേകും ദിനം!
വനിയിലിവർ ചെയ്യും സേവന സ്മരണയ്‌ക്കായ്‌
വനിതാ ദിനം വിശ്വമാകവേ കൊണ്ടാടുന്നു!

വനിത ഒരു വീടിൻ മണി ദീപമാണവൾ
കനിഞ്ഞു മണ്ണിന്നീശൻ നൽകിയ മഹാ ധനം!
ക്ഷീരത്തിൽ തൈരും നവനീതവും നെയ്യും പോലെ
നാരിയിൽ സ്ഥിതം പത്നി, മാതാവും, സോദരിയും!

സഹന ശക്തിയ്ക്കൊത്ത പര്യായമവൾ,സർവ്വം
സഹിപ്പൂ നിശ്ശബ്ദയായ് വസുന്ധരയെപ്പോലെ!
നിസ്വാർത്ഥ സ്നേഹത്തോടെ സേവന മനുഷ്‌ഠിപ്പോൾ
നിർമ്മല ത്യാഗത്തിന്റെ നിസ്തുലപ്രതീകവും!

സ്ത്രീയില്ലേൽ ഒരു വീടും വിടല്ലെന്നറിവോർ താൻ
സ്ത്രീയുടെ മഹിതമാം നന്മയുമറിയുള്ളൂ!
സ്ത്രീയെന്നാൽ ജഗത്തിനേ മാതാവല്ലയോ അവൾ
ശ്രീലജമാക്കുന്നല്ലോ ഗേഹവും സ്വരാജ്യവും!

നാരികൾക്കനുയോജ്യ സ്ഥാനവും മഹത്വവും
നൽകിടും നാടല്ലയോ നന്മ തൻ വിളനിലം!
നാൾക്കു നാൾ ഉയരട്ടെ ഉത്തരോത്തരമോരോ
നാരിയും സ്വന്തം വീട്ടിൽ നാട്ടിലും രാജ്യത്തിലും!

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News