Flash News

ആഗോളതലത്തില്‍ ഇന്ത്യയുടെ സമ്പന്നമായ പൈതൃകത്വത്തിന് ‘മതേതരത്വം’ ഭീഷണിയാണെന്ന് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

March 7, 2021

ന്യൂഡൽഹി: ആഗോളതലത്തിൽ ഇന്ത്യയുടെ സമ്പന്നമായ പൈതൃകത്തിന് ഏറ്റവും വലിയ ഭീഷണിയാണ് മതേതരത്വം എന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാമായണ വിജ്ഞാനകോശത്തിന്റെ അവതരണത്തിൽ സംസാരിക്കുകയായിരുന്നു ആദിത്യനാഥ്.

‘മതേതരത്വം’ എന്ന വാക്ക് ആഗോളതലത്തിൽ ഇന്ത്യയുടെ സമ്പന്നമായ പൈതൃകത്തിന് ഏറ്റവും വലിയ ഭീഷണിയാണ്. ഇതാണ് ഏറ്റവും വലിയ തടസ്സം. നാം അതിൽ നിന്ന് മാറി ശുദ്ധവും ധാർമ്മികവും ആരോഗ്യകരവുമായ ജീവിതം നയിക്കണം,” ആദിത്യനാഥ് പറഞ്ഞു.

അയോദ്ധ്യ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ ഇ-ബുക്ക് രാമായണത്തിലെ ഗ്ലോബൽ എൻസൈക്ലോപീഡിയയുടെ ആദ്യ പതിപ്പ് യോഗി പ്രകാശനം ചെയ്യുകയായിരുന്നു. സ്വന്തം ലാഭത്തിനായി ആളുകളില്‍ തെറ്റിദ്ധാരണ പരത്തുന്നവരേയും രാജ്യത്തെ ഒറ്റിക്കൊടുക്കുന്നവരേയും വെറുതെ വിടില്ലെന്നും യോഗി മുന്നറിയിപ്പ് നല്‍കി.

നിസാര സാമുദായിക തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുന്നതിലൂടെ രാജ്യത്തിന്റെ ഐക്യം തകര്‍ക്കരുതെന്നും യോഗി ജനങ്ങളോട് അഭ്യര്‍ഥിച്ചു. തുച്ഛമായ സാമ്പത്തിക ലാഭത്തിന് വേണ്ടി ഇന്ത്യയെക്കുറിച്ച് തെറ്റായ പ്രചാരണം നടത്തുന്ന ആളുകള്‍ അതിന്റെ അനന്തരഫലം നേരിടേണ്ടി വരുമെന്നും യോഗി പറഞ്ഞു.

രാമായണത്തിലെ സ്‌ഥലങ്ങളും ആളുകളും നിലവിൽ ഉണ്ടായിരുന്നതാണ്. ഇപ്പോഴും ചില ആളുകൾ രായോധ്യയിൽ രാമൻ ഉണ്ടായിരുന്നോ എന്ന് സംശയം പ്രകടിപ്പിക്കാറുണ്ട്. പക്ഷേ, ചരിത്ര സത്യങ്ങൾ അവഗണിക്കാനാവില്ല. അതിന് ആധാരമായ സ്‌ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

‘ഇത് വെറും സങ്കൽപ്പമല്ല. പുഷ്‌പക വിമാനത്തിൽ ശ്രീലങ്കയിൽ നിന്ന് രാമൻ തിരികെ വന്നു. നടന്നാണ് വന്നിരുന്നതെങ്കിൽ അതിന് വർഷങ്ങൾ വേണ്ടിവന്നേനെ. ആ സമയത്ത് വിമാനങ്ങൾ ഉണ്ടായിരുന്നു. അക്കാലത്തെ ശാസ്‌ത്രത്തിൽ നിന്ന് നമുക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. ഈ കാര്യങ്ങളൊക്കെ പറയുന്ന രാമലീല ലോകമെമ്പാടും അവതരിപ്പിക്കണം’;- അദ്ദേഹം കൂട്ടിച്ചേർത്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top