ലോക വനിതാ ദിനമായ ഇന്ന് ഡല്‍ഹി അതിര്‍ത്തിയിലെ സമര ഭൂമിയില്‍ മഹിളകളുടെ കൂട്ടായ്മയായ മഹിളാ പഞ്ചായത്ത് ചേരും

ന്യൂഡൽഹി: ലോക വനിതാ ദിനത്തിൽ കർഷകരുടെ സമരം ശക്തമാകുന്ന ഡല്‍ഹി അതിർത്തിയിൽ മഹിളാ മഹാ പഞ്ചായത്തുകൾ ചേരും. ഇതിന്റെ ഭാഗമായി സിംഗു, തിക്രി, ഗാസിപൂർ എന്നിവിടങ്ങളിൽ ആയിരക്കണക്കിന് സ്ത്രീകൾ സംഘടിക്കുമെന്ന് സംയുക്ത കിസാൻ മോർച്ച പറഞ്ഞു. മഹിളാ മഹാ പഞ്ചായത്ത് ഇന്ന് രാവിലെ 10 ന് സിംഗുവിൽ ആരംഭിക്കും. അതേസമയം, പ്രതിഷേധത്തിന്റെ ഭാഗമായി കെ‌എഫ്‌സി ചൗക്കിൽ നിന്ന് സിംഗു അതിർത്തിയിലേക്ക് വനിതാ മാർച്ച് നടത്തും. പന്ത്രണ്ടാം തിയ്യതി മുതൽ ബിജെപി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി കർഷക നേതാക്കൾ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ പര്യടനം നടത്തും.

കാർഷിക നിയമങ്ങൾക്കെതിരെയുള്ള സമരം ശക്‌തമായി തുടരുന്ന സാഹചര്യത്തിൽ കേന്ദ്രത്തിനെതിരെ നിലപാട് കടുപ്പിച്ച് കോൺഗ്രസും രംഗത്തെത്തി. രാജ്യതലസ്‌ഥാനത്ത് നടക്കുന്ന കർഷക സമരം 100 ദിവസം പിന്നിട്ടതിനെ തുടർന്ന് മീററ്റിൽ നടന്ന മഹാപഞ്ചായത്തിൽ കേന്ദ്രത്തിനെതിരെ പ്രിയങ്ക ഗാന്ധി ആഞ്ഞടിച്ചു. നൂറ് ദിവസങ്ങൾ അല്ല നൂറ് മാസങ്ങൾ പിന്നിട്ടാലും കാർഷിക നിയമങ്ങൾ പിൻവലിക്കുന്നത് വരെ കർഷകർക്കൊപ്പം പ്രക്ഷോഭം തുടരുമെന്ന് പ്രിയങ്ക വ്യക്‌തമാക്കി.

കാർഷിക നിയമങ്ങൾക്കെതിരെ പശ്‌ചിമ യുപിയിൽ മാത്രം ഇതുവരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ 28 മഹാപഞ്ചായത്തുകൾ നടന്നു. കൂടാതെ ശനിയാഴ്‌ച പ്രതിഷേധം ശക്‌തമാക്കുന്നതിന്റെ ഭാഗമായി രാജ്യവ്യാപക ട്രെയിൻ തടയലിന് സംയുക്‌ത കിസാൻ മോർച്ച ആഹ്വാനം ചെയ്‌തിട്ടുണ്ട്‌. കൂടാതെ സമരഭൂമികൾ ഒക്‌ടോബർ വരെ സജീവമാക്കാനായി ഒരു ഗ്രാമത്തിൽ നിന്ന് ഒരു ട്രാക്‌ടർ, പതിനഞ്ച് കർഷകർ, പത്തു ദിവസം സമരഭൂമിയിലെന്ന തീരുമാനം നടപ്പാക്കും. മഹാപഞ്ചായത്തുകൾ വഴി ഇതിന് വേണ്ട നിർദേശങ്ങൾ കൈമാറിയെന്നും കർഷക സംഘടനാ നേതാക്കൾ വ്യക്‌തമാക്കി.

Print Friendly, PDF & Email

Related News

Leave a Comment