കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ മണ്ഡലമായ ധർമ്മടത്ത് തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കുന്നു. സ്വന്തം നിയോജകമണ്ഡല പര്യടനം ഇന്ന് മുതൽ ഈ മാസം 16 വരെ നടക്കും. ഇന്ന് വൈകീട്ട് കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന മുഖ്യമന്ത്രിക്ക് പാർട്ടി പ്രവർത്തകർ സ്വീകരണം ഒരുക്കിയിട്ടുണ്ട്.
ഔദ്യോഗികമായി സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇന്ന് മുതൽ മുഖ്യമന്ത്രി ധർമ്മടം മണ്ഡലത്തിൽ പ്രചാരണത്തിനിറങ്ങും. ഒൻപത് ദിവസം തുടർച്ചയായി മുഖ്യമന്ത്രി ധർമ്മടത്ത് ഉണ്ടാകും. വിമാനത്താവളം മുതൽ പിണറായി വരെ റോഡ് ഷോക്ക് സമാനമായ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. 18 കിലോമീറ്റർ ദൂരത്തിനിടയിൽ ഒൻപത് കേന്ദ്രങ്ങളിൽ സ്വീകരണമുണ്ടാകും. നാളെ മണ്ഡലത്തിലെ പ്രമുഖരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.
ചൊവ്വാഴ്ച മുതലാണ് പ്രചാരണം ആരംഭിക്കുക. ഏഴു ദിവസത്തെ പരിപാടിയിൽ 46 കേന്ദ്രങ്ങളിലാണ് അദ്ദേഹം സംസാരിക്കുക. പരിപാടികൾ ദിവസവും രാവിലെ 10 മണിക്ക് ആരംഭിച്ച് വൈകീട്ട് 5.30 ന് അവസാനിക്കും. അതിന് ശേഷം മറ്റു ജില്ലകളിലേക്ക് പോകുന്ന മുഖ്യമന്ത്രി പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ മാത്രമേ സ്വന്തം മണ്ഡലത്തിൽ തിരിച്ചെത്തുകയുള്ളൂ.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply