Flash News

ഫോമ 2022- 24 പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ജയിംസ് ഇല്ലിക്കലിനെ എം.എ.സി.എഫ് എന്‍ഡോഴ്‌സ് ചെയ്തു

March 13, 2021 , സജി കരിമ്പന്നൂര്‍

താമ്പാ, ഫ്‌ളോറിഡ: ചിന്തകളിലും കാഴ്ചപ്പാടിലും തനതായ വ്യക്തിത്വം കാത്തുസൂക്ഷിക്കുന്ന ഫ്‌ളോറിഡയില്‍ നിന്നുള്ള ജയിംസ് ഇല്ലിക്കലിനെ 2022- 24 കാലഘട്ടത്തിലെ ഫോമ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി അമേരിക്കന്‍ മലയാളികളുടെ മുത്തശ്ശി സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡ (എം.എ.സി.എഫ്) ഐക്യകണ്ഠമായി എന്‍ഡോഴ്‌സ് ചെയ്തു.

നിലവിലുള്ള അസോസിയേഷന്‍ പ്രസിഡന്റ് ഷാജു ഔസേഫിന്റെ അധ്യക്ഷതയില്‍ എം.എ.സി.എഫ് ആസ്ഥാനമായ കേരളാ സെന്ററില്‍ കൂടിയ യോഗത്തില്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ടി. ഉണ്ണികൃഷ്ണന്‍, മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡ മുന്‍ പ്രസിഡന്റുമാര്‍, സാമൂഹിക-സാംസ്കാരിക മേഖലകളിലെ മുന്‍നിര പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സമൃദ്ധമായ നേതൃപാടവംകൊണ്ട് ജനഹൃദയം കീഴടക്കിയ ജനപ്രിയ നേതാവ് ജയിംസ് ഇല്ലിക്കല്‍ വിവിധ കര്‍മ്മപരിപാടികളുടെ ആസൂത്രകനും, അമേരിക്കയിലും കാനഡയിലും ഇന്ത്യയിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള സംഘാടകനും കൂടിയാണ്.

ബൃഹത്തായ സുഹൃദ് വലയത്തിനുടമ, സദാ പുഞ്ചിരിക്കുന്ന ആകര്‍ഷകമായ വ്യക്തിത്വം, സര്‍വ്വോപരി സംഘടനകളുടേയും നാട്ടുകാരുടേയും പ്രിയ സുഹൃത്ത് ഇവയൊക്കെ ജയിംസ് ഇല്ലിക്കലിന്റെ എടുത്തു പറയത്തക്ക പ്രത്യേകതകളാണ്.

എളിമ നിറഞ്ഞ പ്രവര്‍ത്തന പാരമ്പര്യവുമായി ഏവരുടേയും ഹൃദയത്തില്‍ കൈയ്യാപ്പ് ചാര്‍ത്തിയ ഈ തൊടുപുഴക്കാരനെ അമേരിക്കന്‍ മലയാളികള്‍ നെഞ്ചിലേറ്റുമെന്നതില്‍ സംശയമില്ലെന്നു യോഗം വിലയിരുത്തി.

എക്കാലത്തും ഫോമയുടെ സന്തതസഹകാരിയായിരുന്നിട്ടുള്ള ജയിംസ് ഇല്ലിക്കല്‍ 2009-ല്‍ ജോണ്‍ ടൈറ്റസ് ഫോമാ പ്രസിഡന്‍രായിരുന്ന സമയത്ത് നാഷണല്‍ ഫോമാ യൂത്ത് ഫെസ്റ്റിവല്‍ ഗ്രാന്റ് ഫിനാലെ ചെയര്‍മാനായിരുന്നു.

2010-ല്‍ ബേബി ഊരാളില്‍ പ്രസിഡന്റായിരുന്ന കാലത്ത് ഫോമാ ആര്‍.വി.പിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2018-ല്‍ ബെന്നി വാച്ചാച്ചിറയുടെ നേതൃത്വത്തില്‍ നടന്ന ഫോമാ കണ്‍വന്‍ഷനില്‍ മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡ (എം.എ.സി.എഫ്) ആയിരുന്നു ‘ബെസ്റ്റ് മലയാളി അസോസിയേഷന്‍’ അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ടത്. പ്രസ്തുത അസോസിയേഷനില്‍ രണ്ടുവട്ടം പ്രസിഡന്റായും, ഒരിക്കല്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനായും ഇല്ലിക്കല്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ക്‌നാനായ കണ്‍വന്‍ഷനില്‍ (കെ.സി.സി.എന്‍.എ) കണ്‍വന്‍ഷന്‍ ചെയര്‍മാന്‍, കായിക മാമാങ്കങ്ങളായ വോളിബോള്‍, വടംവലി, ബോട്ട് റെയിസ് തുടങ്ങിയ നാഷണല്‍ ഗെയിംസുകളുടെ അമരക്കാരന്‍ എന്നീ നിലകളിലുള്ള പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ കരുത്തേകുമെന്ന് യോഗം വിലയിരുത്തി.

38 വര്‍ഷമായി ജയിംസ് അമേരിക്കയിലേക്ക് കുടിയേറിയിട്ട്. നാലു വര്‍ഷം ന്യൂജഴ്‌സിയിലും, തുടര്‍ന്ന് താമ്പായിലുമായി പ്രവര്‍ത്തിച്ചുവരുന്നു.

ഒരു വലിയ സുഹൃദ് വലയത്തിനുടമയായ ജയിംസ് ഫോമയുടെ അമരത്തേക്ക് കടന്നുവരേണ്ടത് ഈ കാലഘട്ടത്തിന്റെ കൂടി ആവശ്യമാണെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും ആഹ്രഹിക്കുന്നു.

യോഗത്തില്‍ എം.എ.സി.എഫ് പ്രസിഡന്റുമാരായ ജയിംസ് ഇല്ലിക്കല്‍, ടി.ഉണ്ണികൃഷ്ണന്‍, ജോസഫ് ഉപ്പൂട്ടില്‍, ടോമി മ്യാല്‍ക്കരപ്പുറത്ത്, ലിജു ആന്റണി, സജി കരിമ്പന്നൂര്‍, സുനില്‍ വര്‍ഗീസ്, ഷാജു ഔസേഫ് എന്നിവരും അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ സാജന്‍ കോരത്, ടി.കെ. മാത്യു, ബേബി ജോയി വട്ടപ്പറമ്പില്‍, ബേബി പുതുശേരില്‍, ബ്ലസന്‍ മണ്ണില്‍, ലിസി ഇല്ലിക്കല്‍, സാബു ഇല്ലിക്കല്‍, വില്‍സണ്‍ മൂലക്കാട്ട്, മാര്‍ട്ടിന്‍ ചിറ്റിലപ്പള്ളി, അനീനാ ലിജു, സാലി മച്ചാനിക്കല്‍, ഫെലിക്‌സ് മച്ചാനിക്കല്‍ തുടങ്ങി നിരവധി എം.എ.സി.എഫ് പ്രവര്‍ത്തകരും പങ്കെടുത്തു.

മുന്നോട്ടുള്ള ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏവരുടേയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായി ജയിംസ് ഇല്ലിക്കല്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top