Flash News

ചൊക്ളി (നോവല്‍ – 43): എച്മുക്കുട്ടി

March 24, 2021

ആള്ക്കാര്ക്ക് എന്തിറ്റ് സൂക്കേടാന്ന് ചൊക്ളിക്ക് മൻസ്സിലായില്ല. പടിച്ച് നിക്കണ മൊക്കള്ക്ക് ജോലി കിട്ട്ല്ലാന്ന് പറഞ്ഞ് ഒരു മുത്തൻ ചെക്കൻ തലേക്കൂടി മണ്ണെണ്ണ കമത്തി തീ വെച്ച്..ദെല്കീല്.. അവ്ടിണ്ണ് പ്ർദാന മന്ത് രി താ മസിക്കണ്.

മൊയ്തീൻക്കെരെ കടെലേ ടീവീ പെട്ടീല് കണ്ട്താ. ആളോളും ബഹളോം പൊല്ലീസും..അടീം പിടീം…

ആലൂര് സെൻററിൻറോടേം വഴക്ക്ണ്ടായി. പേർഷക്കാര്നല്ലേ വിജയൻ..അവരെ കൂട്ടത്ത്ല് അങ്ങ്നെ പട്ടമ്മാര്ക്ക് മാത്തറായിറ്റ് പണി കിട്ട്ണത് ശര്യല്ലാന്നുള്ളോര് ഇണ്ട്. പിന്നെ ഉള്ളാടമ്മാര്ണ്ട്, ചെറുമ്മമാര്ണ്ട്..പറേമ്മാര്ണ്ട്..അങ്ങ്നെ
ഉമ്മിണി ആളോള് ണ്ട്.

ചൊക്ളി പ്രാഞ്ചീസ് നോട് ചോയിച്ചു ഇയ്യ്കണ്ട മന്ഷേമ്മാരൊക്ക്ക്കേ കാശ്മ്മലല്ലേ മാറ്റം.. കൊര്ക്ക്ന്ന് എറങ്ങിയാ പിന്നെ എല്ലരും തീട്ടല്ലേ ഇട്ണ്. പെറീക്കണേം പെറണേം തൂറണേം മുള്ളണേം ചാവണേം ഒര് പോല്യല്ലേ..

പ്രാഞ്ചീസ് ഇടി കുടുങ്ങണന്തി ചിറിച്ചു.

‘ചൊക്ളിയേ, നീ നക്സലേറ്റാണ്ടാ.. ഇയ്യ് ങ്ങ്നത്തെ കാരിയോന്നും മിണ്ടണ്ട.. ഓരോരോ യാതിക്കാരും മതക്കാരും കൂടി നിന്നേ തല്ലിക്കൊല്ലും.. ആ നേരത്ത് ഈ ലോകത്തൊള്ള എല്ലാ പാറ്ട്ടിക്കാരും ചെലേപ്പോ തരാതരം പോലെ മാറൂടാ.. ഒക്കെ ഒര് യാതി കളികളാണ്ടാ ചൊക്ളിയേ…

ഒര് കാര് യം ചൊക്ളിക്ക് തിരിഞ്ഞു. കഷ്ടപ്പെട്ട് പണീട്ക്കലല്ലാണ്ട് ആള്കാര് പറ്റിക്കാണ്ട് നോക്കലല്ലാണ്ട് ചൊക്ളിക്കും അതോലേള്ളോര്ക്കും വേറേ ഒര് വഴീല്ല.. ആരും ഒര് സാനോം ആര്ക്കും വെറ്ത്യോന്നും കൊട്ക്കില്ല.പണീട്ത്താ തന്നെ കൊട്ക്ക്ല്ല.. പിന്ന്യാണ് വെറ്തേ കൊട്ക്കണത്…

പിറ്റേസാണ് ആലൂരമ്പലത്ത്ലെ ആലിൻറെ ചോട്ട്ല് വെച്ച് വെങ്ങിട്ടു ഡോക്കിട്ടറ് ഒര് അതിക്രമം കാട്ടീത്. ആലൂര് ദേശത്തെ മനിഷേര് മുഴ്വോൻ അറ്ഞ്ഞും കേട്ടും അമ്പലത്ത്ല് വന്നു.

വെങ്ങിട്ടു ഡോക്കിട്ടറ് ആ പൂണൂല് മുറിച്ചു ആലിൻറെ ചോട്ട്ലാ ഇട്ടു. അതും കയിഞ്ഞ് അങ്ങോര് മറിയപ്പാറേരേ അരീത്ത് ഹൈവേൻറെ ഓരത്തേ വീട് ല്ക്ക് താമസോം മാറ്റി. അമ്യാര് അമ്പലത്ത് ല് നിന്ന് കരേണ്ടാര്ന്നു. സാമീരേ പെമ്മക്കള് അമ്മേ കെട്ടിപ്പിടിച്ചു നില്ക്കണ്ടാര്ന്നു.

എന്തിറ്റ് തേങ്ങ്യാ സാമി കാട്ടണേന്ന് ചൊക്ളിക്ക് തിര്ഞ്ഞ്ല്ല. ദല്കീല് ഏദാണ്ട് ചങ്ക് നോക്കണ ഡോക്കിട്ടറ് പറഞ്ഞൂന്ന്… പൂണൂലിട്ടോര്ക്കേ ബുദ്ധീം വിവ് രോം ഉണ്ടാവുള്ളൂ. മറ്റുള്ളോരെ ഡോക്കിട്ടറാക്ക്ണ് വെറ്തേണേന്ന്…ദല്കീല് വെല്യക്കാട്ടേ ഒര് ആസ് പത്ത് രീണ്ട്ന്ന്. അവ്ടത്തെ ഡോക്കിട്ടറാന്നും ആ പറഞ്ഞ ആള്…

പ്രാഞ്ചീസ് പറേണത് വെങ്ങിട്ടു സാമി ചെയ്തത് വല്ലിയൊര് കാര്യാന്നാ. ബാലേന്ദരനും സുകുമാഷും പട്ടമ്മാരേ വാദ്യാരും കൊറെ പട്ടമ്മാരും നായമ്മാരും കൂടി ചെന്നപ്പോ സാമി ഒററ ആട്ട് ആട്ടീന്ന്..

ദേഹം കീറിമുറിച്ച് പടിച്ചിട്ടാ ഞാൻ ഡോക്ടർ ആയത്. ദേഹങ്ങള് തമ്മില് ഒര് വെത്യാസം ഇല്ലാന്ന് അറിഞ്ഞ അന്ന് തന്നെ പെണ്ണുങ്ങൾക്ക് ഇടാൻ പാടില്ലാത്ത ഈ അഴുക്കനൂല് കണ്ടിച്ച് കളേണ്ടതാരുന്നു. നിങ്ങള് ചെല്ല്.. എന്നെ നിങ്ങടെ ഹിന്ദു പിത്തലാട്ടത്തിന് കിട്ടും എന്ന് കരുതണ്ട..

പ്രാഞ്ചീസ് പറേണത് അതാണ് ഡയലോഗ് ന്ന്.

സാമി ഒര് ആണാണ് ടാ.. എന്തോരം പൂജേം തേങ്ങേം ഒക്കെ നടത്തീറ്റാ ആ പുണൂലിടണേന്നാ പട്ടമ്മാര്.. അത്ങ്ങനെ പറച്ച് കളയാൻ ഉമ്മിണി ദൈര്യം വേണടാ ചൊക്ള്യേ.. എല്ലാ യാതീലും മതത്തിലും പാറ്ട്ടിയോളിലും നട്ടെല്ലും ചങ്കൊറപ്പും വിവരോം ള്ള ആണങ്ങളും പെണ്ണങ്ങളുണ്ടാർന്നെങ്കി ഈ നാട് എന്ന് നന്നായേനേടാ…

പഴേത് പുതീത് പെറക്കണേൻറെടക്ക് വെങ്ങിട്ടു ഡോക്കിട്ടറ് ടെ അവടെ ചില്ലറപ്പണിയോളും ചൊക്ളിക്ക് കിട്ടി. പൂച്ചെടിയോളും പച്ചക്കറിയോളും ഇണ്ടാക്കാ.. വളം ഇടാ.. സാമീരെ കാറ് കഴ്കാ.. സാമി പറ്റ്ക്കില്ല. നാട്ട്ല് നടപ്പ്ള്ള കൂലിയന്നെ തരും.

എന്തിറ്റൊക്കെ പറഞ്ഞാലും ആ തല്ലൂട്ടക്കാരൻ ബാലേന്ദരൻ പറഞ്ഞ മാതിരി കൂപ്പി സിങ്ങിൻറെ ഗോർമ്മേണ്ട് തോറ്റ്..

കണ്ണിക്കണ്ട കീഴ്ജാതിയോളെ പൊക്കാൻ നടന്ന്ട്ടാണ് കൂപ്പി സിങ്ങ് തോറ്റേന്നും വേറാരാണ്ട് വന്ന്ണ്ട്ന്നും പോളീണ് പറഞ്ഞ്ത്.
ആരേലും വന്നോട്ടെ..

കാര്യങ്ങള് കൊഴപ്പാന്ന് പറേണതാണ് ചൊക്ളിക്ക് തിരിയാത്ത്ത്.

മറിയപ്പാറേരേടവിട്ന്ന് നോക്കുമ്പോ മുമ്പത്തേ അന്തിയല്ല.. ഇടയ്ക്കെടയ്ക്ക് തീവണ്ടിയോള് പോണകാണം. ഓട്ടർഷോള് കൂട്ല് ഓടണ്ട്. മഡത്ത്ലെ ബസ്സ് അഞ്ച് ണ്ട്. താമരച്ചേട്ത്താര്ടെ നാല് ബസ്സ്ണ്ട്. ഒര് ഗോർമ്മേണ്ട് ആനവണ്ടീണ്ട്. ഒരു വിദം എല്ല് ര്ടേം വീട്ട്ല് പേർഷേലാ ദുഭേലാക്കെ പോയിറ്റ്ള്ള ആരെങ്ക്ലും ണ്ട്. പിള്ളേരൊക്കെ പടിക്കാൻ പോണ്ട്.

പിന്നെ പിളാസ്റ്റിക്കിൻറെ ഉമ്മിണി സാനങ്ങള്ണ്ട്. എടോഴീല് നട്ട ചെടിയോളക്ക് വെള്ളം വീത്താൻ എള്പ്പണ്. അങ്ങത്തെ ഒര് സഞ്ചീല് വെള്ളം പിടിച്ച് വീത്തിയാ മതി. എല്ലാ എടോഴീലും ഇപ്പ ഗോർമ്മേണ്ട് ൻറെ പൈപ്പ് ണ്ട്. രാത് രീല് എടോഴീല് എല്ട്രീക്ക് വെളിച്ചണ്ട്..

ഇന്നാലും കൊഴപ്പം വര്ണ്ട്ന്നാ പോളീം പ്രാഞ്ചീസും രാഗവേട്ടനും ചെറ്മൻ ചെക്കൂം പറേണ്.

അപ്പളാണ് അറിഞ്ഞേ..

പിന്നേം തെരഞ്ഞെട്ക്കല് വരായീന്ന്.

പ്രാഞ്ചീസ് പറയ്യേ.. എന്തോരം കാശാന്നാ ഈ തെരഞ്ഞെട്ക്കലിന് വേണ്ടേ.. നീയ്യോക്കിക്കോ.. ഇബടേ രവ്യേട്ടനെ തല്ലിക്കൊന്ന മുക്കിയമന്ത് രി വരും. ദല്കീല് ഇന്ത് രാ കാന്തീരെ മോനും വരും.. പൊങ്ങിയ യാതിക്കാര് വിജാരിക്കണ പോല്യാ ഇയ്യ് രാജ്യം പൂവ്വാടാ ചൊക്ളിയേ…

പ്രാഞ്ചീസ് പറഞ്ഞ്ത് തെറ്റീന്ന് ചൊക്ളിക്ക് വേഗന്നെ മൻസ്സിലായി.

(തുടരും)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top