നിയമസഭാ തെരഞ്ഞെടുപ്പ്; രണ്ട് ലക്ഷത്തോളം പേര്‍ക്ക് ഓണ്‍ലൈനില്‍ വോട്ടു ചെയ്യാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: കോവിഡ്-19 വ്യാപനം കണക്കിലെടുത്ത് ഓണ്‍ലൈനില്‍ വോട്ടിംഗ് സം‌വിധാനം ഒരുക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ. ഏകദേശം രണ്ടു ലക്ഷത്തോളം പേര്‍ക്ക് ആ സം‌വിധാനമുപയോഗിച്ച് വീട്ടിലിരുന്നു വോട്ടു ചെയ്യാം. 80 വയസ്സ് കഴിഞ്ഞവര്‍, കോവിഡ്-19 ബാധിച്ചവര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കാണ് ഈ സൗകര്യം ഒരുക്കുന്നത്. തെറ്റുകുറ്റങ്ങളൊന്നുമില്ലാത്ത രീതിയില്‍ ഈ നടപടി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

80 വയസ്സ് പിന്നിട്ട 8 ലക്ഷത്തോളം വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. രണ്ട് ലക്ഷത്തോളം ഭിന്നശേഷി വോട്ടര്‍മാരുമുണ്ട്. കൊവിഡ് ബാധിതരുടെ എണ്ണം രോഗമുക്തിയനുസരിച്ച് മാറും. ആബ്സെന്റി വോട്ടര്‍മാര്‍ എന്ന ഗണത്തില്‍ ഉള്‍പ്പെടുത്തിയാണ് ഈ മൂന്നു വിഭാഗം വോട്ടര്‍മാര്‍ക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അപേക്ഷാഫോം വോട്ടര്‍മാരുടെ വീടുകളില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ എത്തിച്ചു.

ഇത് പൂരിപ്പിച്ച് സമ്മതമറിയിച്ച 2 ലക്ഷത്തോളം പേര്‍ക്കാണ് വീട്ടില്‍ വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കുന്നത്. ബാലറ്റ് പേപ്പര്‍ അച്ചടിച്ചതിനു ശേഷം ഈ മാസം 24 മുതല്‍ വോട്ടുടുപ്പിന്റെ തലേദിവസം വരെ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വീടുകളില്‍ നേരിട്ടെത്തി വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കും.

ഓരോ നിയോജകമണ്ഡലത്തിലെയും ബന്ധപ്പെട്ട സ്ഥാനാർത്ഥികൾക്ക് ആ നിയോജകമണ്ഡലത്തിലെ വോട്ടർമാരുടെ പട്ടിക നൽകും. വോട്ടർമാരുടെ സ്വകാര്യതയും നടപടിക്രമങ്ങളിലെ സുതാര്യതയും ഉറപ്പാക്കും. കൃത്യസമയത്ത് ഇത് പൂർത്തിയാക്കുന്നതിന് ഓരോ ജില്ലയിലേക്കും നാല് അംഗങ്ങളുള്ള മുന്നൂറ് മുതൽ നാനൂറ് ടീമുകളെ നിയോഗിക്കുന്നുണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment