Flash News

ശ്വേത മേനോനെ പരാതി പിന്‍വലിപ്പിച്ചത് തൊലി പൊളിക്കുന്ന പഴങ്കഥകള്‍

November 4, 2013 , ആന്‍സി വര്‍ഗീസ്

Swetha-menon-and-Peethambarതിരുവനന്തപുരം: നടിയാകുന്നതിനു മുമ്പും നടിയായ ശേഷവുമുള്ള കഥകള്‍ പൊടിപ്പും തൊങ്ങലുംവച്ച് പ്രചരിച്ചു തുടങ്ങിയതാണ് പ്രസിഡന്‍സ് ട്രോഫി വള്ളംകളി ഉദ്ഘാടനത്തിനിടെ എന്‍. പീതാംബരക്കുറുപ്പ് എംപിയില്‍ നിന്നു മോശം പെരുമാറ്റം ഉണ്ടായെന്നു വിവാദമുണ്ടാക്കിയ നടി ശ്വേതാ മേനോന്‍ പിന്തിരിഞ്ഞതിനു പിന്നിലെ യഥാര്‍ത്ഥ കാരണം.

 

അതാകട്ടെ, അവര്‍ പറയുന്നതുപോലെ കുടുംബാംഗങ്ങളില്‍ നിന്നും ഗുരുജിയില്‍ നിന്നും മാത്രമുള്ള ഉപദേശത്തിന്റെ മാത്രം അടിസ്ഥാനത്തിലായിരുന്നില്ലെന്നും വ്യക്തമായ സൂചന. അവരെ തുടക്കത്തില്‍ പിന്തുണച്ച സിനിമാ രംഗത്തെ സംഘടനകളായ ഫെഫ്കയും അമ്മയും ഉള്‍പെടെ അവരെ പിന്തിരിപ്പിക്കുന്നതില്‍ പങ്കുവഹിച്ചു. അതേസമയം, കോണ്‍ഗ്രസ് നേതൃത്വത്തിനു വേണ്ടി അമ്മയോ ഫെഫ്കയോ ശ്വേതാ മേനോനെ നിര്‍ബന്ധിച്ചതായി സൂചനയില്ല. സര്‍ക്കാരിനു കീഴിലുള്ള സിനിമാ ഏജന്‍സിയുടെ തലപ്പത്തിരിക്കുന്ന ഒരാളും പ്രമുഖ മുന്‍കാല നടിയുടെ ഭര്‍ത്താവു കൂടിയായ നിര്‍മാതാവും കോണ്‍ഗ്രസിനു വേണ്ടി ഇടപെട്ടു. എന്നാല്‍ അതില്‍ വീഴാതിരുന്ന ശ്വേത പിന്നീട് നിലപാട് മാറ്റാന്‍ ഇടയാക്കിയത് കെ. മുരളീധരന്‍ എംഎല്‍എയുടെയും കൊല്ലം ഡിസിസി പ്രസിഡന്റ് പ്രതാപവര്‍മ തമ്പാന്റെയും പരസ്യ പ്രസ്താവനകളാണത്രേ.

 

അത് സിനിമാ രംഗത്തെ ചില സഹപ്രവര്‍ത്തകരോടും മാധ്യമ രംഗത്തെ ചില സുഹൃത്തുക്കളോടും അവര്‍ തന്നെ വെളിപ്പെടുത്തിയതാണെന്ന് അറിയുന്നു. യൂത്ത് കോണ്‍ഗ്രസുകാര്‍ ശ്വേതയുടെ കോലം കത്തിച്ചതും പ്രതിപക്ഷ മഹിളാ സംഘടനകള്‍ ഈ പ്രശ്‌നം തികച്ചും രാഷ്ട്രീയമായി ഉപയോഗിച്ചു തുടങ്ങിയതും കാര്യങ്ങളുടെ പോക്ക് ശരിയായ ദിശയില്‍ അല്ലെന്ന തോന്നല്‍ ശക്തമാക്കി. താന്‍ രാഷ്ട്രീയക്കളിയുടെ കരുവാകുകയും സ്വയം കൂടുതല്‍ അപമാനിതയാവുകയും ചെയ്യുകയാണെന്നു തിരിച്ചറിഞ്ഞതോടെയാണ് ശ്വേത പരാതി പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

 

ഹിന്ദുസ്ഥാന്‍ ലാറ്റക്‌സിന്റെ ഗര്‍ഭനിരോധന ഉറയായ കാമസൂത്രയുടെ പരസ്യത്തില്‍ വളരെ സെക്‌സിയായി അഭിനയിച്ചു വിവാദം സൃഷ്ടിച്ചതു മുതല്‍ കളിമണ്ണ്‌ എന്ന ചിത്രത്തിനു വേണ്ടി സ്വന്തം പ്രസവം ചിത്രീകരിക്കാന്‍ അനുമതി നല്‍കിയതു വരെ പല നേതാക്കളും വിളിച്ചു പറയുകയും അത് മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും ചെയ്തത് ശ്വേതയുടെ ഭര്‍ത്താവ് വല്‍സന്‍ മേനോന്റെ കുടുംബത്തില്‍ വലിയ ചലനമാണു സൃഷ്ടിച്ചത് എന്ന് അറിയുന്നു. അവരുടെ ഭാഗത്തുനിന്ന് കടുത്ത സമ്മര്‍ദമാണ് ശ്വേതയ്ക്കു നേരിടേണ്ടി വന്നത്. കാമസൂത്ര ഗേള്‍ എന്നാണ് പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ടൈംസ് ഓഫ് ഇന്ത്യ കൊല്ലം സംഭവം റിപോര്‍ട്ട് ചെയ്തപ്പോള്‍ ശ്വേതയെ വിശേഷിപ്പിച്ചത്. ഫേസ്ബുക്കിലാകട്ടെ, അവര്‍ അവതാരകയായ മഴവില്‍ മനോരമ ചാനലിലെ വെറുതേയല്ല ഭാര്യയിലെ മല്‍സരാര്‍ത്ഥികളായ പുരുഷന്മാരെ ശ്വേത ആലിംഗനെ ചെയ്യുന്നതിന്റെ വിവിധ ചിത്രങ്ങള്‍ നിറഞ്ഞു.

 

സിനിമാ രംഗത്തു നിന്ന് നടിമാരാരും ശ്വേതയ്ക്കു വേണ്ടി രംഗത്തുവന്നില്ല എന്നതും ചര്‍ച്ചയായി മാറി. ഈ വിവാദത്തോടെ ശ്വേതയുടെ മാര്‍ക്കറ്റ് ഇടിയും എന്നും സിനിമാ ലൊക്കേഷനില്‍ പരസ്യമായി ഒരു നടി അഭിപ്രായപ്പെട്ടതായും ശ്വേത അറിഞ്ഞു. കുറച്ചുകാലം കൊണ്ടു താന്‍ സിനിമാ രംഗത്തുള്‍പെടെ നേടിയ ഉയര്‍ച്ചയില്‍ അസൂയയുള്ളവര്‍ക്ക് മുന്നില്‍ താന്‍ കേസും കൂട്ടവുമായി നടന്നു കരിയര്‍ നഷ്ടപ്പെടുത്തുന്നത് അബദ്ധമാകും എന്നും അവര്‍ക്കു ബോധ്യമായി.

 

ഇതേഘട്ടത്തിലാണ് അമ്മയുടെയും ഫെഫ്കയുടെയും ഭാഗത്തുനിന്ന് ശ്വേതയുടെ അഭ്യുദയ കാംക്ഷികളെന്ന നിലയില്‍ തന്നെ രണ്ടാംഘട്ട ഇടപെടലുണ്ടായത്. പീതാംബരക്കുറുപ്പ് പരസ്യമായി ഖേദം പ്രകടിപ്പിച്ചാല്‍ പിന്നെ പരാതിയുമായി മുന്നോട്ടു പോകില്ല എന്ന തീരുമാനവും അതോടെ ഉണ്ടായി. കൂടുതല്‍ വഷളാക്കാന്‍ നില്‍ക്കാതെ പത്രസമ്മേളനത്തില്‍ ഖേദം പറയുകയും ചെയ്തു. അതേ പത്രസമ്മേളനത്തിലാണ് പ്രതാപവര്‍മ തമ്പാന്റെ പരാമര്‍ശങ്ങള്‍ ഉണ്ടായത്. പിന്നെ തീരുമാനമെടുക്കാന്‍ ശ്വേതയും കുടുംബവും വൈകിയില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top