Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

തിരുവനന്തപുരത്ത് ഇന്നു കാണുന്ന വികസനത്തിന് കാരണക്കാരന്‍ വി എസ് ശിവകുമാറാണെന്ന് വി എം സുധീരന്‍

March 19, 2021

തിരുവനന്തപുരം: ഇന്ന് നിങ്ങള്‍ കാണുന്ന തിരുവനന്തപുരത്തിന്റെ വികസനം യാഥാര്‍ത്ഥ്യമാക്കിയത് വി എസ് ശിവകുമാര്‍ മന്ത്രിയായിരിക്കുമ്പോഴാണെന്ന് മുന്‍ കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. യുഡിഎഫ് സ്ഥാനാർത്ഥി വി എസ് ശിവകുമാറിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുധീരന്‍. തലസ്ഥാന നഗരത്തിന്റെയും തീരപ്രദേശത്തിന്റെയും സമഗ്രവികസനത്തിന് നേതൃത്വം നൽകിയ ജനങ്ങളുടെ പ്രതിനിധിയാണ് ശിവകുമാർ എന്ന് സുധീരൻ പറഞ്ഞു.

നാല്പത്തിരണ്ട് കിലോമീറ്ററോളം റോഡ് നവീകരിച്ചതും, ഒട്ടേറെ പാലങ്ങള്‍ നിര്‍മിച്ചതും പുതിയ മെഡിക്കല്‍ കോളജ് സ്ഥാപിച്ചതുമെല്ലാം ശിവകുമാര്‍ മന്ത്രിയായിരുന്ന കാലഘട്ടത്തിലാണ്. എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളേജ് ആരംഭിക്കുന്നതിന് ശിവകുമാര്‍ ആരോഗ്യ മന്ത്രിയായിരിക്കെ നേതൃത്വം നല്‍കി. വിഴിഞ്ഞം തുറമുഖം, കരമന-കളിയിക്കാവിള ദേശീയപാത, ഗ്രീന്‍ഫീല്ഡ് സ്റ്റേഡിയം, ടെക്‌നോപാര്‍ക്ക് വികസനമെല്ലാം ഈ കാലഘട്ടത്തില്‍ യാഥാര്‍ഥ്യമായി.

തീരദേശ മേഖലയെ ഇത്രയധികം അവഗണിച്ച ഒരു സർക്കാരും ഇതിനു മുന്‍പ് കേരളം ഭരിച്ചിട്ടില്ല. പ്രഖ്യാപിച്ച 2,000 കോടി രൂപയുടെ ഓഖി പാക്കേജ് എവിടെയാണെന്ന് സുധീരൻ ചോദിച്ചു. ഓഖി ദുരന്തമുണ്ടായപ്പോള്‍ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാർ തിരിഞ്ഞുനോക്കാതിരുന്നെങ്കിലും, ദുരന്തത്തില്‍ പെട്ടവര്‍ക്ക് ആശ്രയമായി, അവരിൽ ഒരാളായി ശിവകുമാര്‍ പ്രവര്‍ത്തിച്ചത് മാതൃകാപരമായിരുന്നു.

പാര്‍ട്ടിയുടെ ഇഷ്ടക്കാരെ സര്‍ക്കാര്‍ ജോലിയില്‍ തിരുകിക്കയറ്റുന്ന സര്‍ക്കാര്‍ ഓഖി ദുരന്തബാധിതരുടെ ആശ്രിതര്‍ക്ക് സ്ഥിരം ജോലി നല്‍കുമെന്ന വാഗ്ദാനം വിഴുങ്ങി. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ ആ വാഗ്ദാനം നടപ്പിലാക്കും. കഴിഞ്ഞ സര്‍ക്കാര്‍ തീരദേശത്തിനായി തുക അനുവദിച്ച വലിയതുറ, പൂന്തുറ ഫിഷിങ് ഹാര്‍ബറുകള്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ യാഥാര്‍ഥ്യമാക്കും.

സര്‍ക്കാര്‍ തുക അനുവദിക്കാത്ത പശ്ചാത്തലത്തില്‍ തീരദേശവാസികളുടെ സംരക്ഷണത്തിന് കടല്‍ഭിത്തി നിര്‍മ്മിക്കുന്നതിന് എംഎല്‍എ ഫണ്ടില്‍ നിന്നു രണ്ട് കോടി അനുവദിച്ച ശിവകുമാറിന്റെ നടപടി അഭിനന്ദനാര്‍ഹമാണെന്നും സുധീരന്‍ പറഞ്ഞു.

ശബരിമല വിഷയത്തില്‍ അന്നത്തെ ദേവസ്വം വകുപ്പ് മന്ത്രിയായിരിക്കെ ശിവകുമാര്‍ നല്‍കിയ സത്യവാങ്മൂലം ഈ സര്‍ക്കാര്‍ തിരുത്തിയതാണ് കേരളത്തെ കലാപഭൂമിയാക്കിയത്. ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുന്നതിന് ഇടതുസര്‍ക്കാര്‍ തയാറാകാതെ ഖേദം പ്രകടിപ്പിച്ചത് ജനങ്ങളെ കബളിപ്പിക്കുന്നതിനാണ്.

സീതാറാം യെച്ചൂരിയുടെ പ്രസ്താവനയിലൂടെ ശബരിമല വിഷയത്തിലെ ഇടത് സമീപനം ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. പെട്രോളിന്റെയും ഡീസലിന്റെയും പാചകവാതകത്തിന്റെയും വില പ്രതിദിനം വര്‍ദ്ധിപ്പിക്കുന്ന ബിജെപിക്കെതിരെയുള്ള ജനവികാരം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും.

വികസനത്തോടൊപ്പം പ്രതിസന്ധി ഘട്ടങ്ങളില്‍ ജനങ്ങളോടൊപ്പം നിന്നുവെന്നുള്ളതാണ് തിരഞ്ഞെടുപ്പില്‍ വന്‍വിജയം നേടുമെന്ന തന്റെ ആത്മവിശ്വാസമെന്ന് ശിവകുമാര്‍ പറഞ്ഞു. ശശി തരൂര്‍ എം.പി മുഖ്യ പ്രഭാഷണം നടത്തി.

എഐസിസി സെക്രട്ടറി വിശ്വനാഥന്‍, നെയ്യാറ്റിന്‍കര സനല്‍, എ.എ.കൊച്ചുമുഹമ്മദ്, പി.കെ.വേണുഗോപാല്‍, സൈമണ്‍ അലക്‌സ്, ബീമാപള്ളി റഷീദ്, പ്രതാപചന്ദ്രന്‍, പോള്‍, ആബേല്‍, മനോജ് തുടങ്ങിയ യുഡിഎഫ് നേതാക്കള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top