വാളയാര്‍ കേസ് എത്രയും പെട്ടെന്ന് ഏറ്റെടുത്ത് അന്വേഷണം നടത്തണമെന്ന് സിബിഐയോട് ഹൈക്കോടതി; എല്ലാ രേഖകളും പത്തു ദിവസത്തിനകം സിബിഐയ്ക്ക് കൈമാറണമെന്ന് സര്‍ക്കാരിന് നിര്‍ദ്ദേശം

കൊച്ചി: വാളയാർ പെൺകുട്ടികളുടെ കൊലപാതക കേസ് എത്രയും വേഗം ഏറ്റെടുക്കാൻ ഹൈക്കോടതി സിബിഐക്ക് നിർദേശം നൽകി. കേസിനോടനുബന്ധിച്ച എല്ലാ രേഖകളും പത്ത് ദിവസത്തിനകം സിബിഐയ്ക്ക് കൈമാറണമെന്നും സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചു.

നേരത്തെ സംസ്ഥാന സർക്കാർ സിബിഐക്ക് കേസ് കൈമാറാന്‍ വിജ്ഞാപനമിറക്കിയെങ്കിലും ചില അവ്യക്തതകൾ നിലനിന്നിരുന്നതിനാല്‍ സാധിച്ചില്ല. ഈ അവ്യക്തതകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചിരുന്നു. മാത്രമല്ല, കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണവും അവര്‍ ആവശ്യപ്പെട്ടിരുന്നു.

കേസ് തുടക്കത്തിൽ അന്വഷിച്ച പോലീസിന് ഗുരുതര വീഴ്ച ഉണ്ടായെന്ന് നേരത്തെ ഡിവിഷൻ ബ‌ഞ്ച് ഉത്തരവിലുണ്ടെന്നും ഈ സാഹചര്യത്തിൽ സത്യം പുറത്ത് വരാൻ സി.ബി.ഐ അന്വേഷണം ആവശ്യമാണെന്നും ഹൈക്കോടതി വിലയിരുത്തി.

വാളയാറിലെ സഹോദരിമാരായ 13 വയസുകാരെയും ഒൻപത് വയസുകാരിയെയും വീടിനുളളിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 13കാരിയെ 2017 ജനുവരി 13നും സഹോദരിയായ ഒൻപത് വയസുകാരിയെ 2017 മാർച്ച് 4നുമാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു കുട്ടികളും പല തവണ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയായിട്ടുളളതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എട്ടടി ഉയരത്തിലായിരുന്നു മൃതദേഹങ്ങൾ രണ്ടും തൂങ്ങി നിന്നത്. നാലടി മാത്രം ഉയരമുള്ള ഒൻപത് വയസ്സുകാരി എട്ടടി ഉയരത്തിൽ കയറുകെട്ടി കുരുക്കിട്ട് എങ്ങനെ തൂങ്ങിമരിച്ചു എന്നത് പലരിലും സംശയത്തിനിടയാക്കിയിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment