മലയാളം സൊസൈറ്റി ഓഫ് അമേരിക്ക: അക്ഷര നഗരിയില്‍ ഒരാഴ്ച അനുഭവ വിവരണവും ചര്‍ച്ചയും

ഹ്യൂസ്റ്റണ്‍: മലയാള ഭാഷയുടെയും സാഹിത്യത്തിന്‍റെയും ബോധവല്‍ക്കരണവും ഉയര്‍ച്ചയും വികാസവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഹൂസ്റ്റനിലെ മലയാളം സൊസൈറ്റി ഓഫ് അമേരിക്ക ഈ മാസത്തെ സമ്മേളനം മാര്‍ച്ച് 14-ാം തീയതി വൈകുന്നേരം വെര്‍ച്വല്‍ ആയി (സൂം) പ്ലാറ്റ്ഫോമില്‍ നടത്തി. മലയാളം സൊസൈറ്റി പ്രസിഡന്‍റ് ജോര്‍ജ്ജ് മണ്ണിക്കരോട്ടിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ടി.എന്‍ സാമുവല്‍ മോഡറേറ്ററായും എ.സി ജോര്‍ജ്ജ് വെര്‍ച്വല്‍ മീറ്റിംഗ് ടെക്നിക്കല്‍ സപ്പോര്‍ട്ടര്‍ ആയും പ്രവര്‍ത്തിച്ചു.

ഈയിടെ അന്തരിച്ച പ്രശസ്ത സാഹിത്യകാരന്മാരായ പ്രൊഫ. വിഷ്ണു നാരായണന്‍ നമ്പൂതിരിക്കും, ജോയന്‍ കുമരകത്തിനും പ്രണാമം അര്‍പ്പിച്ചുകൊണ്ടാണ് യോഗനടപടികളിലേക്കു കടന്നത്. മീറ്റിംഗിലെ ആദ്യ ഇനം ഇന്ത്യയില്‍ നാഷണല്‍ ബുക്ക് ട്രസ്റ്റില്‍ അസിസ്റ്റന്‍റ് ഡയറക്ടറായി സേവനമനുഷ്ഠിച്ച് ഇപ്പോള്‍ ഹൂസ്റ്റനില്‍ ഭര്‍ത്താവും കുടുംബവുമായി വിശ്രമജീവിതം നയിക്കുന്ന ശ്രീമതി ശാന്താ പിള്ളയുടെ ‘അക്ഷര നഗരിയില്‍ ഒരാഴ്ച’ എന്ന ഒരു ഓര്‍മ്മക്കുറിപ്പായിരുന്നു. 1957ല്‍ നാഷണല്‍ ബുക്ക് ട്രസ്റ്റ് എന്ന സ്ഥാപനം നിലവില്‍ വന്നു. അന്നത്തെ പ്രധാനമന്ത്രി അന്തരിച്ച പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവാണ് എന്‍.ബി.റ്റി ഉദ്ഘാടനം ചെയ്തത്.

അക്ഷര നഗരിയായ കോട്ടയത്തെ ദര്‍ശന കള്‍ച്ചറല്‍ സെന്‍റര്‍ സംഘടിപ്പിച്ച പുസ്തക മേളയില്‍ എന്‍.ബി.റ്റിയെ പ്രതിനിധീകരിച്ച് 250 കാര്‍ഡ് ബോര്‍ഡ് നിറയെ പുസ്തകങ്ങളുമായി ശ്രീമതി ശാന്താപിള്ള ട്രെയിനില്‍ യാത്ര തിരിച്ചു. കോട്ടയത്തെ റെയില്‍വെ ജീവനക്കാര്‍ ട്രെയിനില്‍ പാഴ്സലായെത്തിയ പുസ്തക പെട്ടികള്‍ കൈക്കൂലി പണം കൊടുക്കാത്തതിനാല്‍ ഇറക്കാന്‍ മടി കാണിച്ചു. പുസ്തക പെട്ടികളുമായി ട്രെയിന്‍ കോട്ടയം റെയില്‍വെ സ്റ്റേഷന്‍ വിടുകയും ചെയ്തു. ഇതിനിടയില്‍ കോട്ടയത്തെ പത്ര മാധ്യമ പ്രതിനിധികള്‍ ഓടിയെത്തി. ശ്രീമതി ശാന്താ പിള്ളയില്‍ നിന്നു വിവരമറിഞ്ഞ മാധ്യമങ്ങള്‍ അതു റിപ്പോര്‍ട്ടു ചെയ്യുകയും തല്‍ഫലമായി റെയില്‍വെ അധികാരികള്‍ ക്ഷമായാചനയോടൊപ്പം പുസ്തക പെട്ടികള്‍ യഥാസമയം കോട്ടയത്തെ പുസ്തക പ്രദര്‍ശന മേളയില്‍ എത്തിക്കുകയും ചെയ്തു. പുസ്തക മേളയില്‍ എന്‍.ബി.റ്റിയുടെ ധാരാളം പുസ്തകങ്ങള്‍ വിറ്റഴിഞ്ഞു. അവിടെ വെച്ച് എന്‍.ബി.റ്റിക്കും ശാന്താ പിള്ളയ്ക്കും രണ്ടുമൂന്നു പ്രശസ്ത അവാര്‍ഡുകളും നേടാനിടയായി. അന്നത്തെ കോട്ടയം കളക്ടറായിരുന്ന അല്‍ഫോന്‍സ് കണ്ണന്താനത്തിന്‍റെ സഹായവും സഹകരണവും വിലപ്പെട്ടതായിരുന്നു. പുസ്തക മേളയില്‍ വെച്ചാണ് പ്രശസ്ത എഴുത്തുകാരും സാഹിത്യകാരന്മാരുമായ എന്‍.വി കൃഷ്ണവാര്യര്‍, ഡി.സി കിഴക്കേമുറി, ഇസഡ് എം. മൂഴൂര്‍, ചെമ്മനം ചാക്കോ, വേളൂര്‍ കൃഷ്ണന്‍കുട്ടി തുടങ്ങിയവരെ പരിചയപ്പെട്ടത്. ബുക്ക് ട്രസ്റ്റിനെ പ്രതിനിധാനം ചെയ്തു നടത്തിയ പത്രസമ്മേളനവും വാര്‍ത്തകളും ‘വനിത’ മാസിക അടക്കം വിവിധ മാധ്യമങ്ങളില്‍ ഇടം പിടിച്ചതെല്ലാം അക്ഷരനഗരിയിലെ നവ്യാനുഭവങ്ങളായിരുന്നുവെന്ന് അവര്‍ അനുഭവക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

തുടര്‍ന്ന് സാമൂഹ്യപ്രവര്‍ത്തകനായ ജയിംസ് മുട്ടുങ്കല്‍ ‘കോവിഡ്-19 പഠിപ്പിക്കുന്നത്’ എന്ന ശീര്‍ഷകത്തിലെഴുതിയ പ്രബന്ധം അവതരിപ്പിച്ചു. കോവിഡ് -19 എന്നത് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ഒരു ഗുരുവായി മാറി. കുചേലകുബേരമെന്യെ ലോക ജനതയെ കണ്ണു തുറപ്പിക്കാനുതകുന്ന അനേകം പാഠങ്ങള്‍ കോവിഡ് പഠിപ്പിച്ചു. മനുഷ്യന്‍ കൂടുതലായി ടെക്നോളജിയെ ആശ്രയിച്ച് വീട്ടിലിരുന്നു വിദ്യാഭ്യാസമായി, ജോലിയായി, ആരാധനയായി, ദേവാലയങ്ങളും, വിദ്യാലയങ്ങളും വിജനമായി. സാമ്പത്തിക രംഗം താറുമാറായെങ്കിലും മനുഷ്യന്‍ ശുചിത്വം കൂടുതലായി പാലിക്കാന്‍ തുടങ്ങി. അവര്‍ പരമ്പരാഗത കൃഷിയിലേക്ക് കൂടുതലായി മടങ്ങി. മനുഷ്യന്‍റെ അഹന്തയ്ക്ക് അല്‍പ്പമൊരു വിരാമമായി. ആചാരങ്ങളുടെയും അനാചാരങ്ങളുടെയും കടയ്ക്കല്‍ കൂടുതലായി കത്തിവീണു. ആരോഗ്യ രംഗത്തു മാത്രമല്ല, സമസ്ത ജീവിത മേഖലകളിലും പോസിറ്റീവും നെഗറ്റീവുമായ പാഠങ്ങളാണ് ഈ മഹാമാരി പഠിപ്പിച്ചതെന്ന് പ്രബന്ധകാരന്‍ ജയിംസ് മുട്ടുങ്കല്‍ സമര്‍ത്ഥിച്ചു.

യോഗത്തില്‍ സന്നിഹിതരായ എഴുത്തുകാരും അനുവാചകരും ഭാഷാസ്നേഹികളുമായ ജോണ്‍ ഇലക്കാട്ട്, കുര്യന്‍ മ്യാലില്‍, ടി.ജെ. ഫിലിപ്പ്, ഗോപിനാഥ പിള്ള, ശാന്ത പിള്ള, ടി.എന്‍. സാമുവല്‍, എ.സി. ജോര്‍ജ്ജ്, ജോണ്‍ കുന്തറ, ജയിംസ് ചിരതടത്തില്‍, ജയിംസ്മുട്ടുങ്കല്‍, ജോര്‍ജ്ജ് പുത്തന്‍കുരിശ്, ജോര്‍ജ്ജ് മണ്ണിക്കരോട്ട്, പൊന്നു പിള്ള, ജോസഫ് തച്ചാറ, അല്ലി നായര്‍, തോമസ് വര്‍ഗീസ്, സുകുമാരന്‍ നായര്‍, നൈനാന്‍ മാത്തുള്ള, ഈശോ ജേക്കബ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. മലയാളം സൊസൈറ്റി വൈസ് പ്രസിഡന്‍റ് ശ്രീമതി പൊന്നു പിള്ള നന്ദി രേഖപ്പെടുത്തി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News