Flash News

കേരള ഭരണം പിടിച്ചെടുക്കാന്‍ വെമ്പുന്ന ബിജെപിയെ സ്ഥാനാര്‍ത്ഥികളുടെ അഭാവം വെട്ടിലാക്കി

March 20, 2021

ഇത്തവണ കേരളത്തിലെ ഭരണം പിടിച്ചെടുക്കുമെന്ന് പ്രഖ്യാപിച്ചാണ് ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് കടന്നത്. മെട്രോമാൻ ഇ ശ്രീധരൻ, മുൻ ഡിജിപി ജേക്കബ് തോമസ്, മുൻ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. എം. അബ്ദുൾ സലാം, പി‌എസ്‌സി മുൻ ചെയർമാൻ ഡോ. കെ.എസ്. രാധാകൃഷ്ണന്‍, സൂപ്പര്‍താരവും രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപി എന്നീ പ്രമുഖ വ്യക്തിത്വങ്ങളെ കളത്തിലിറക്കിയാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ള വൻ താരനിരയാണ് ബിജെപിക്കായി കേരളത്തില്‍ പ്രചാരണത്തിന് എത്താൻ തയ്യാറെടുക്കുന്നത്.

ഈ മാസ 25-നാണ് അമിത് ഷാ തലശ്ശേരിയിലെത്തുന്നത്. എന്നാല്‍, ഇവിടെയാകട്ടേ സ്വന്തം സ്ഥാനാര്‍ത്ഥി പോലുമില്ല എന്ന ചോദ്യം ബിജെപി നേതൃത്വത്തെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. ഈ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയും കണ്ണൂർ ജില്ലാ ബിജെപി പ്രസിഡന്‍റുമായ എൻ ഹരിദാസിന്‍റെ പത്രിക തള്ളിയതാണ് കാരണം.

2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂർ ജില്ലയില്‍ ബിജെപിക്ക് ഏറ്റവുമധികം വോട്ട് (22125 വോട്ട്) ലഭിച്ച മണ്ഡലമാണ് തലശേരി. ജാഗ്രതക്കുറവാണ് തലശേരിയില്‍ ബിജെപിക്ക് വിനയായത്. ദേശീയ പാർട്ടിയുടെ സ്ഥാനാർഥിയായി മത്സരിക്കുമ്പോൾ ഫോറം എയില്‍ പാർട്ടി അദ്ധ്യക്ഷന്റെ സീലും ഒപ്പും വേണം. പക്ഷേ ഹരിദാസിന്‍റെയും ഡമ്മി സ്ഥാനാർഥിയായ കെ ലിജേഷിന്‍റെയും പത്രികയില്‍ പാർട്ടി അധ്യക്ഷന്‍റെ ഒപ്പില്ലാത്തതിനാല്‍ പത്രിക തള്ളുകയായിരുന്നു. മണ്ഡലത്തില്‍ ബിജെപി ഇത്തവണ വലിയ പ്രതീക്ഷ പുലർത്തിയിരുന്നതിനാലാണ് ജില്ലാ പ്രസിഡന്‍റ് തന്നെ നേരിട്ട് മത്സരിക്കാൻ പത്രിക സമർപ്പിച്ചത്. നിലവില്‍ സിപിഎമ്മിന്‍റെ സിറ്റിംഗ് സീറ്റാണ് തലശേരി. പത്രിക തള്ളിയതിനെതിരെ സുപ്രീം കോടതിയില്‍ പോകുമെന്നാണ് എൻ ഹരിദാസിന്‍റെ പ്രതികരണം.

അതോടൊപ്പം ബിജെപിക്ക് ഏറെ സ്വാധീനമുള്ള ഗുരുവായൂർ മണ്ഡലത്തിലെ സ്ഥാനാർഥിയുടെ പത്രികയും തള്ളി. മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ അഡ്വ. നിവേദിതയുടെ പത്രികയാണ് തള്ളിയത്. സത്യവാങ്‌മൂലത്തില്‍ സംസ്ഥാന അധ്യക്ഷന്‍റെ പേരില്ലാത്തതാണ് പത്രിക തള്ളാൻ കാരണം. ഗുരുവായൂരില്‍ ബിജെപിക്ക് ഡമ്മി സ്ഥാനാർഥിയുണ്ടായില്ല. സിപിഎമ്മിന്‍റെ സിറ്റിങ് സീറ്റായ ഗുരുവായൂരില്‍ മികച്ച പ്രകടനം നടത്താമെന്ന പ്രതീക്ഷയിലാണ് അഡ്വ നിവേദിത വീണ്ടും ബിജെപിക്ക് വേണ്ടി മത്സരരംഗത്ത് ഇറങ്ങിയത്. അതിനിടെ, ബിജെപിക്ക് കനത്ത തിരിച്ചടിയായി ദേവികുളത്തെ എൻഡിഎ സ്ഥാനാർഥിയുടെ പത്രികയും തള്ളി.

എൻഡിഎയുടെ ഭാഗമായി മത്സരിക്കുന്ന എഐഎഡിഎംകെ സ്ഥാനാർഥി ആർ ധനലക്ഷ്മി സമർപ്പിച്ച സത്യവാങ്‌മൂലത്തില്‍ ഫോറം 26 പൂർണമായും പൂരിപ്പിച്ചില്ലെന്ന കാരണത്താലാണ് പത്രിക തള്ളിയത്. ദേവികുളത്തെ എൻഡിഎ ഡമ്മി സ്ഥാനാർഥിയുടെ പത്രികയും തള്ളിയിരുന്നു. ദേവികുളത്ത് 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ മൂന്നാ സ്ഥാനത്തും ബിജെപി നാലാം സ്ഥാനത്തുമായിരുന്നു. ഈ സാഹചര്യം മുതലാക്കാനാണ് തമിഴ്‌നാട്ടില്‍ എൻഡിഎയില്‍ മത്സരിക്കുന്ന എഐഎഡിഎംകെയ്ക്ക് കേരളത്തില്‍ ബിജെപി പിന്തുണ പ്രഖ്യാപിച്ചത്. സിപിഎമ്മിന്‍റെ സിറ്റിങ് സീറ്റായ ദേവികുളത്ത് ഇത്തവണ എല്‍ഡിഎഫും യുഡിഎഫും പുതുമുഖങ്ങളെയാണ് മത്സരിപ്പിക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top