“എന്റെ മതം” – കെസിആര്‍എം നോര്‍ത്ത് അമേരിക്കയുടെ സൂം മീറ്റിംഗില്‍ പ്രൊഫ. ടി. ജെ. ജോസഫ്

പ്രൊഫ. ടി.ജെ. ജോസഫിന്റെ ‘അറ്റുപോകാത്ത ഓര്‍മ്മകള്‍’ എന്ന ആത്മകഥയിലെ ഒരു അദ്ധ്യായമാണ് ‘എന്റെ മതം.’ അതിനെ ആധാരമാക്കിയാണ് അദ്ദേഹം തന്റെ പ്രഭാഷണം ആരംഭിച്ചത്. എല്ലാ മതങ്ങളും മനുഷ്യ നന്മയ്ക്കായി നിലകൊള്ളുന്നു. ഒരു ക്രിസ്തീയ വിശ്വാസിയായി മതാനുഷ്ഠാനങ്ങളെല്ലാം കൃത്യമായി പാലിച്ചിരുന്ന അദ്ദേഹം ഇപ്പോള്‍ മതങ്ങളോടുള്ള നിലപാടില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. മതങ്ങളെ സംബന്ധിച്ചുള്ള പഠനത്തില്‍നിന്നും ലഭിച്ച തിരിച്ചറിവാണ് അതിനു കാരണം. എല്ലാ മതഗ്രന്ഥങ്ങളേയും സാഹിത്യ കൃതികളായി കാണാനാണ് അദ്ദേഹം ശീലിച്ചിട്ടുള്ളത്.

ജോസഫ് ‌സാറിന്റെ ചെറുപ്പകാലത്തെ ഇടവകയായിടുന്ന ചെമ്മലമറ്റം പള്ളിയില്‍ ഒരു കാലത്ത് വായിച്ച് അറിവില്‍ വളരാന്‍ പള്ളി സ്ഥാപിച്ച വായനശാലയിലെ പുസ്തകങ്ങളെല്ലാം വികാരി മാറി വന്നപ്പോള്‍ തേങ്ങാ ചുമക്കുന്ന വല്ലത്തിലാക്കി എവിടെയോ കൊണ്ടുപോയി നശിപ്പിച്ചു കളഞ്ഞു. ഒരിക്കല്‍ വായിച്ച് അറിവു സമ്പാദിക്കണമെന്ന് പറഞ്ഞ സഭ പിന്നീട് മനസ്സിലാക്കി വായിച്ച് അറിവ് ഉണ്ടായാല്‍ വിശ്വാസിയുടെ വിശ്വാസത്തിന് മാറ്റം വരുമെന്നും അവനെ എന്നന്നേയ്ക്കും പുരോഹിത അടിമയാക്കി നിര്‍ത്താന്‍ സാധിക്കുകയില്ല എന്ന പരമാര്‍ത്ഥം. അതോടെ വായനശാല പൂട്ടി. ഒരു മതവും വായനയേയോ അറിവിനേയോ പ്രോത്സാഹിപ്പിക്കുന്നില്ല എന്നതാണ് പരമമായ സത്യം.

മതങ്ങളുടെ ഉത്ഭവത്തെയും പരിണാമങ്ങളെയും വായനയില്‍കൂടി സമ്പാദിച്ച അറിവിനെ ആസ്പദമാക്കിയായിരുന്നു അദ്ദേഹം പ്രബന്ധം അവതരിപ്പിച്ചത്. ശാസ്ത്രപരമായ വിപ്ലവം സംഭവിച്ചിട്ട് അഞ്ഞൂറ് വര്‍ഷത്തില്‍ കൂടുതല്‍ ആയിട്ടില്ല. അതിന് പന്തീരായിരം വര്‍ഷം മുമ്പ് മനുഷ്യര്‍ കാര്‍ഷിക വിപ്ലവം ആരംഭിച്ചിരുന്നു. ഇന്നത്തെ രീതിയില്‍ മനുഷ്യര്‍ രൂപാന്തരപ്പെട്ടിട്ട് എഴുപതിനായിരം വര്‍ഷങ്ങളില്‍ കൂടുതലായി. അന്നാരംഭിച്ച പ്രാചീന ദൈവസങ്കല്പമാണ് ആധുനീക മനുഷ്യനില്‍ വന്നുനില്‍ക്കുന്ന ഇന്നത്തെ മതങ്ങള്‍. ശാസ്ത്രബോധം ഇല്ലാതിരുന്ന, ഭൂമി പരന്നതാണെന്ന് വിശ്വസിച്ചിരുന്ന കാലത്താണ് സെമറ്റിക് മതങ്ങള്‍ ഉണ്ടായത്. ഗോത്രകാലയുഗങ്ങളില്‍ ദൈവസങ്കല്പത്തിന് ആരംഭം കുറിച്ചു. പരസ്പരം പോരാടിയിരുന്ന ഗോത്രകാലയുഗങ്ങളില്‍ നിന്ന് രാജഭരണകാലം ആരംഭിച്ചപ്പോള്‍ ഗോത്രദൈവങ്ങളെ കൂട്ടുപിടിച്ച് രാജാക്കന്മാര്‍ക്കുവേണ്ടി അവരുടെ പ്രേരണയാലും പ്രോത്സാഹനത്താലുമാണ് മതങ്ങള്‍ ഉണ്ടായതെന്ന് ചരിത്രം പഠിക്കുന്നവര്‍ക്കറിയാം. അങ്ങനെ പ്രജകള്‍ മതാനുയായികളായി.

രാമായണം, മഹാഭാരതം, ദി ഒഡിസ്സി ഒക്കെപ്പോലെ പഴയനിയമം യൂദന്മാരുടെ ഒരു ഇതിഹാസമാണ്. താനല്ലാതെ മറ്റൊരുദൈവം ഉണ്ടാകരുത് എന്ന അസഹിഷ്ണവാനായ ഒരു ദൈവത്തെയാണ് യഹൂദമതത്തില്‍ കാണാന്‍ കഴിയുക. ഒരു വിട്ടുവീഴ്ചയുമില്ലാതെ തന്റെ ശാസനകളെ അനുസരിക്കാത്തവരെയെല്ലാം ശിക്ഷിക്കുന്ന ഒരു ദൈവത്തെയാണ് നാം അവിടെ കാണുക. പാപികള്‍ക്കൊന്നും രക്ഷയില്ല. അവരുടെ ശിക്ഷ മരണമാണെന്നുള്ള പഴയനിയമസിദ്ധാന്തത്തെയും പഴയനിയമത്തെ മുറുകെപ്പിടിച്ചിരുന്ന യഹൂദമതപുരോഹിതഗണത്തെയും വെല്ലുവിളിച്ചുവന്ന ഒരു യഹൂദനാണ് യേശുക്രിസ്തു. പാപികള്‍ക്കും രക്ഷയുണ്ട് എന്ന ഒരു പുതിയനിയമയം ക്രിസ്തു ആവിഷ്‌കരിച്ചു. എന്നാല്‍.അവര്‍ യേശുവിന് വിധിച്ചത് കുരിശുമരണമാണ്. മറ്റുള്ളവര്‍ നിങ്ങള്‍ക്ക് എന്തു ചെയ്തുതരണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ അവയെല്ലാം നിങ്ങള്‍ അവര്‍ക്ക് ചെയ്തുകൊടുക്കണം എന്ന ഒരു പുതിയപ്രമാണവും തന്നെപ്പോലെ മറ്റുള്ളവരെയും സ്‌നേഹിക്കുക എന്ന പുതിയനിയമവും ക്രിസ്തു ഉത്‌ബോധിപ്പിച്ചു. അതിനുപരിയായ നിയമമോ പ്രവാചകന്മാ രോയില്ലെന്ന് ഉറക്കെപ്പറഞ്ഞ യേശുവിനെ അന്നത്തെ പുരോഹിതവര്‍ഗം മതനിന്ദച്ചുമത്തി കുരിശില്‍ത്തൂക്കി കൊന്നുകളഞ്ഞു.

യേശുവിന്റെ അനുയായികള്‍ സ്‌നേഹത്തിന്റെ സുവിശേഷം പ്രസംഗിച്ച് യേശുവിന്റെ വഴിത്താരയില്‍ സഞ്ചരിച്ചു. അവര്‍ രാജാക്കന്മാരുടെയും പുരോഹിതരുടെയും കൊടുംയാതനകള്‍ സഹിച്ചു ജീവിച്ചുവരവെ റോമന്‍ ചക്രവര്‍ത്തി കോണ്‍സ്റ്റന്റ്റൈന്‍ ക്രിസ്തുമതത്തെ റോമാസാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമായി പ്രഖ്യാപിച്ചു. അക്കാലത്തെ പണ്ഡിതരെ സംഘടിപ്പിച്ച് പല മതങ്ങളുടെയും ആശയങ്ങളെ ക്രോഡീകരിച്ച് പുതിയ നിയമ പുസ്തകം എഴുതിയുണ്ടാക്കുകയാണ് അതിനദ്ദേഹം ചെയ്തത്. ആ സുവിശേഷവല്‍ക്കരണത്തിലൂടെ ക്രിസ്ത്രീയ സഭയ്ക്ക് ഒരു നിലനില്പും വേരോട്ടവും ചക്രവര്‍ത്തി നേടിക്കൊടുത്തു.

ഒരു നല്ല കവിയുടെ ഭാവനയുള്ള ആവിഷ്‌കാരമാണ് സുവിശേഷമെന്നാണ് ജോസഫ്‌സാറിന്റെ മതം. അഷ്ടസൗഭാഗ്യങ്ങള്‍ സുവിശേഷത്തില്‍ എഴുതിച്ചേര്‍ത്തത് കവിഹൃദയമുള്ളവരാണ്. ക്രിസ്തുവിന്റെ പേരില്‍ ഇതെല്ലാം എഴുതിയുണ്ടാക്കിയപ്പോള്‍ ബുദ്ധമതത്തിന്റെയും ഹൈന്ദവസംസ്‌കാരത്തിന്റെയുമെല്ലാം അംശങ്ങള്‍ അതില്‍ കടന്നുകൂടിയിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് അഹിതമായിട്ടുള്ളതൊന്നും ചെയ്യരുത് എന്നത് ഹൈന്ദവ സംസ്‌കാരമാണ്. ആഗ്രഹങ്ങളെ വെടിഞ്ഞാല്‍ ഇഹലോക ജീവിതം സ്വര്‍ഗമാക്കാം; ഫലത്തില്‍ കാംഷവെയ്ക്കരുത് തുടങ്ങിയ ബുദ്ധഹൈന്ദവ ആശയങ്ങളെല്ലാം ബൈബിളിലുമുണ്ട്. പരസ്പരം വഴക്കടിച്ചിരുന്ന പാശ്ചാത്യ ദൈവങ്ങള്‍ക്കു മുമ്പേ ഭാരതത്തില്‍ വേദങ്ങളും ഇതിഹാസങ്ങളും ഉപനിഷത്തുകളുമെല്ലാം ഉണ്ടായിരുന്നു. അശോകന്‍ ബുദ്ധമതത്തില്‍ ചേര്‍ന്നശേഷം ബുദ്ധമതപ്രചാരണത്തിന് അനുയായികളെ ഈജിപ്തിലേയ്ക്കുംമറ്റും അയച്ചു. അവര്‍ പാശ്ചാത്യദേശങ്ങളിലേയ്ക്കും എത്തിപ്പെട്ടിരിക്കും. അതിന്റെയെല്ലാം സ്വാധീനത്തിലായാരിക്കാം കോണ്‍സ്റ്റന്റ്റൈന്‍ ചക്രവര്‍ത്തിയുടെ പണ്ഡിതന്മാര്‍ സുവിശേഷം എഴുതിയുണ്ടാക്കിയത്.

രാജാക്കന്മാര്‍ അവര്‍ക്കുവേണ്ടി എഴുതിയുണ്ടാക്കിയ മതത്തിലും നന്മയുടെ അംശങ്ങള്‍ ഉണ്ടെന്ന് ചരിത്രബോധമുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയും. രാജത്വം ദൈവത്തില്‍ നിന്നും ലഭിക്കുന്നതാണെന്നാണ് പഠിപ്പിച്ചിരുന്നത്. ശ്രീരാമചന്ദ്രന്‍, ശ്രീരാമന്‍, ദാവീദിന്റെ വംശത്തില്‍ ജനിച്ച യേശു എല്ലാം രാജാക്കന്മാരാണ്. രാജാക്കന്മാരുടെയും ചക്രവര്‍ത്തിമാരുടേയുമെല്ലാം രാഷ്ട്രനിര്‍മ്മിതിയുടെ ഭാഗമാണ് മതം. ഇതെല്ലാം വായിച്ച് പഠിക്കുമ്പോള്‍ ഒരു കേവല മതത്തെപ്പറ്റി യുക്തിബോധമുള്ളവര്‍ക്ക് അനുമാനിക്കാന്‍ സാധിക്കുകയില്ല.

ലോക വികസനത്തിനനുസരിച്ച് തുറന്ന ചിന്തയ്ക്ക് തയ്യാറെടുക്കേണ്ട സഭ വാതായനങ്ങള്‍ അടച്ച് പഴമയില്‍ രമിക്കുകയാണ്. കാലത്തിനനുസരിച്ച് ചില സിദ്ധാന്തങ്ങളെങ്കിലും ഈ ‘സത്യസഭ’ മാറ്റേണ്ടതാണ്. അറിവിനെ തടഞ്ഞുനിര്‍ത്തുക അസാധ്യമാണ്. ഇന്ന് സഭ മാറാന്‍ തയ്യാറായില്ലെങ്കില്‍ അതിന്റെ നിലനില്‍പ്പുതന്നെ ചോദ്യം ചെയ്യപ്പെടും.

രാജാക്കന്മാരുടെ കാലം കഴിഞ്ഞു. നമ്മള്‍ ഇന്ന് പ്രജകളല്ല. ജനാധിപത്യത്തിലെ പൗരന്മാരാണ്. എങ്കിലും ഇന്ത്യയിലെ പൗരന്മാര്‍ മാനസികമായി ഇന്നും പൗരന്മാരായിട്ടില്ല. ഇപ്പോഴും പ്രജകളെപ്പോലെ പെരുമാറി ജീവിക്കുന്നു. അതുകൊണ്ടാണ് മതങ്ങള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത്. മതങ്ങളുടെ താത്പര്യങ്ങള്‍ അനുസരിച്ചാണ് എന്നും സര്‍ക്കാരുകള്‍ പെരുമാറുന്നത്. ഇന്ത്യാക്കാര്‍ പൗരന്മാരായി മാറാതെ പേരില്‍മാത്രം ജനാധിപത്യം കൊണ്ടുനടക്കുന്നു. പ്രജകളുടെ മനോഭാവം വച്ചുപുലര്‍ത്തുന്ന, ജനാധിപത്യത്തെ ചില്ലലമാരിയില്‍ ആഡംബരവസ്തുവായി അടച്ചുവെച്ചു ജീവിക്കുന്ന തലത്തിലേയ്ക്ക് അധഃപതിക്കുന്നു. അതുകൊണ്ടാണ് രാഷ്ട്രീയക്കാര്‍ മതം, ജാതി എല്ലാംനോക്കി സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതും മതപുരോഹിതരുടെ അരമനകള്‍ കയറിയിറങ്ങി രാഷ്ട്രീയ നേതാക്കള്‍ അനുഗ്രഹം തേടുന്നതും. രാജവാഴ്ചയുടെ മുമ്പില്‍ അടിമകളായ പ്രജകളെപ്പോലെ ഓച്ചാനിച്ചുനില്‍ക്കുന്ന ഇപ്പോഴത്തെ അവസ്ഥ മാറാത്തിടത്തോളംകാലം പൗരബോധം ഉണ്ടാകുകയില്ല. ബ്രിട്ടീഷുകാര്‍ പോയപ്പോള്‍ രാഷ്ട്രീയ രാജാക്കന്മാര്‍ തലയുയര്‍ത്തി; പൗരന്മാര്‍ പ്രജകളായി; മതങ്ങളുടെ അടിമകളായി.

മതത്തെ നിരസിക്കാതെ, മതതത്വങ്ങള്‍ കൂടാതെ, മറ്റുള്ളവരെ ദ്രോഹിക്കാതെ, മറ്റുള്ളവര്‍ക്ക് നന്മചെയ്തുകൊണ്ട്, അവരെ സ്‌നേഹിച്ചുകൊണ്ട് നമുക്ക് നല്ല പൗരന്മാരായി ജീവിക്കാന്‍ സാധിക്കും. നൂറ്റാണ്ടുകള്‍കൊണ്ട് മനുഷ്യഹൃദയങ്ങളില്‍ രൂഡമൂലമായ മതവിശ്വാസത്തെ വലിച്ചെറിയുക ദുഷ്‌കരമാണ്. മതവിശ്വാസങ്ങളില്‍നിന്നും മതാചാരങ്ങളില്‍നിന്നും വിടുതല്‍ ആകുക. എല്ലാ മതങ്ങളെയും ഒന്നുപോലെ കാണുക. ബുദ്ധിമുട്ടുപിടിച്ച ജീവിതത്തില്‍, അങ്കലാപ്പില്‍ ഒരു കൈവരിയായും ഒരു താങ്ങായും മതത്തെ ഉപകരിക്കാം. മതത്തിന്റെ അടിമത്ത മനഃസ്ഥിതിയില്‍നിന്നും മോചിതരായി മതത്തെ പൂര്‍ണമായി കൈവെടിയാതെ നല്ല പൗരന്മാരായി ജീവിക്കാന്‍ സാധിക്കും. മതത്തിന്റെ ചട്ടക്കൂടുകളില്ലാതെ മതമേലാളന്മാരുടെ അധികാരദണ്ഡിന് വഴങ്ങാതെ നമുക്കും ജീവിക്കാവുന്നതേയുള്ളൂ. മതത്തിന്റെ നീരാളിപ്പിടുത്തത്തില്‍നിന്നു മോചിതരായി ജീവിക്കാനുള്ള സ്വപ്നം കണ്ടുകൊണ്ട് നമുക്ക് മുന്നേറാം.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News