ഇംഗ്ലണ്ടിനെതിരായ ഏകദിന മത്സരങ്ങളിൽ നിന്ന് ശ്രേയസ് ഐയ്യര്‍ പിന്മാറി. ആദ്യ ഏകദിനത്തിൽ ഫീൽഡിംഗിനിടെ തോളിന് ഗുരുതര പരുക്കേറ്റ ശ്രേയസ് ശസ്ത്രക്രിയയ്ക്ക് വിധേയനാകും. അങ്ങനെയാണെങ്കിൽ, ദില്ലി ക്യാപിറ്റൽസിന്റെ ക്യാപ്റ്റൻ കൂടിയായ ശ്രേയസിന് ഐപിഎൽ സീസൺ മുഴുവൻ നഷ്ടമാകും.
ചൊവ്വാഴ്ച പൂനെയിൽ നടന്ന ആദ്യ ഏകദിനത്തിൽ പന്ത് തടയാൻ ഡൈവിംഗ് ചെയ്തതാണ് തോളിന് പരിക്കേല്‍ക്കാന്‍ കാരണം. കളിയുടെ എട്ടാം ഓവറിലായിരുന്നു ഇത്. ശര്‍ദ്ദുല്‍ ഠാക്കൂറിന്റെ ഓവറില്‍ ജോണി ബെയര്‍സ്റ്റോയുടെ ഷോട്ട് തടയാന്‍ ശ്രേയസ് ഇടതുവശത്തേക്കു ഡൈവ് ചെയ്യുകയായിരുന്നു. എന്നാല്‍ ഗ്രൗണ്ടില്‍ വീണ ശേഷം ഇടതുകൈയില്‍ കടുത്ത വേദനയനുഭപ്പെട്ട താരം ഗ്രൗണ്ടില്‍ ഇരിക്കുകയായിരുന്നു. വേദനയെ തുടര്‍ന്നു പുളഞ്ഞ ശ്രേയസിനെ തുടര്‍ന്ന് മെഡിക്കല്‍ സംഘമെത്തി പുറത്തേക്കു കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. പിന്നീട് താരം ഇറങ്ങുകയും ചെയ്തിരുന്നില്ല. അതിനിടെ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മയ്ക്കും ആദ്യ ഏകദിനത്തിനിടെ പരിക്കുപറ്റിയിരുന്നു. രണ്ടാം ഏകദിനത്തില്‍ ശ്രേയസിനെക്കൂടാതെ രോഹിത്തും കളിക്കുന്ന കാര്യം സംശയത്തിലാണ്.
വിശദമായ സ്കാനിംഗിനു ശേഷം, ശ്രേയസിന്റെ ഇടത് തോളിൽ സ്ഥാനഭ്രംശം സംഭവിച്ചതായി കണ്ടെത്തുകയും ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടർമാർ നിര്‍ദ്ദേശിക്കുകയും ചെയ്തു. എന്നാല്‍ ശസ്ത്രക്രിയ വേണമോ വേണ്ടയോ എന്ന കാര്യത്തില്‍ ഇനിയും അന്തിമ തീരുമാനമെടുത്തിട്ടില്ല. ശ്രേയസിനു ശസ്തക്രിയ ആവശ്യമാണെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു വിദഗ്ധനില്‍ നിന്നും അഭിപ്രായം തേടിയിട്ടുണ്ട്. ശസ്ത്രക്രിയ നടന്നാല്‍ ഐപിഎല്ലിന്റെ സീസണ് മുഴുവന്‍ താരത്തിനു നഷ്ടമാവുമെന്ന് അടുത്ത വൃത്തങ്ങള്‍ വിശദമാക്കി. ശ്രേയസ് പിന്മാറിയാല് അതു ഐപിഎല്ലില്‍ ഡിസിക്കു കനത്ത ആഘാതമായി മാറും. കഴിഞ്ഞ സീസണില്‍ ക്യാപ്റ്റനായും ബാറ്റ്സ്മാനായും അദ്ദേഹം തിളങ്ങിയിരുന്നു. ചരിത്രത്തില്‍ ആദ്യമായി ടീമിനെ ഫൈനലിലെത്തിക്കാനും ശ്രേയസിനായിരുന്നു. 17 മല്‍സരങ്ങളില്‍ നിന്നും 421 റണ്‍സാണ് താരം നേടിയത്.
സമ്മര്‍ദ്ദഘട്ടങ്ങളില്‍ ശ്രേയസിന്റെ ക്യാപ്റ്റന്‍സിയും ശ്രദ്ധിക്കപ്പെട്ടിരുന്നു. തന്റെ ബൗളര്‍മാരെ ഫലപ്രദമായി ഉപയോഗിച്ച് അദ്ദേഹം പ്രശംസയേറ്റുവാങ്ങിയിരുന്നു. 2018 സീസണിന്റെ പകുതിയില്‍ വച്ചാണ് ശ്രേയസ് ഡിസിയുടെ നായകസ്ഥാനത്തേക്കു വരുന്നത്. ടീമിന്റെ മോശം പ്രകടനം കാരണം ഗൗതം ഗംഭീര്‍ നായകസ്ഥാനം രാജി വച്ചതോടെയായിരുന്നു ഇത്. 2019ലായിരുന്നു ക്യാപ്റ്റനെന്ന നിലയില്‍ ശ്രേയസിന്റെ ആദ്യത്തെ ഫുള്‍ സീസണ്. ടീമിനെ ഗ്രൂപ്പുഘട്ടത്തില്‍ മൂന്നാംസ്ഥാനത്തെത്തിച്ച് അദ്ദേഹം മിടുക്ക് തെളിയിച്ചിരുന്നു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply