Flash News

ഏകദിന പരമ്പരയില്‍ പൃഥ്വി ഷായെ തഴഞ്ഞു

March 24, 2021 , .

ക്യാപ്റ്റനും ഓപ്പണറുമായ പൃഥ്വി ഷായുടെ തകർപ്പൻ പ്രകടനമാണ് ഈ സീസണിൽ വിജയ് ഹസാരെ ട്രോഫിയിൽ മുംബൈയെ വിജയത്തിലേക്ക് നയിച്ചത്. എട്ട് മത്സരങ്ങളിൽ നിന്ന് 165 ശരാശരിയിൽ 827 റൺസ് നേടി. ടൂർണമെന്റിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ബാറ്റിംഗ് പ്രകടനമാണിത്. ഇതോടെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്ക് പൃഥ്വിയെ ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവിളിക്കുമെന്ന സൂചനകളുണ്ടായിരുന്നു. എന്നാൽ, അതുണ്ടായില്ല.

എന്നാൽ, പൃഥ്വിക്ക് ദേശീയ ടീമിലേക്ക് മടങ്ങുന്നത് എളുപ്പമല്ലെന്നും പൃഥ്വിയേക്കാള്‍ ചില ആളുകൾ മുന്നിലുണ്ടെന്ന് മുൻ വിവിഎസ് ലക്ഷ്മൺ പറഞ്ഞു. അണ്ടര്‍ 19 ഇന്ത്യന്‍ ടീമിലെ മുന്‍ സഹതാരം കൂടിയായ ശുഭ്മാന്‍ ഗില്ലിനും പിറകിലാണ് ഇപ്പോള്‍ സെലക്ഷനില്‍ പൃഥ്വിയെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല ഓപ്പണിങ് സ്ഥാനത്തിനു വേണ്ടി രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, കെഎല്‍ രാഹുല്‍ എന്നിവരും ഉണ്ടെന്നിരിക്കെ പൃഥ്വിക്കു മടങ്ങിവരവ് കൂടുതല്‍ ദുഷ്‌കരമാണെന്നും ലക്ഷ്മണ്‍ അഭിപ്രായപ്പെട്ടു.

ക്യാപ്റ്റനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും പൃഥ്വി വിജയ് ഹസാരെ ട്രോഫിയില്‍ തീര്‍ച്ചയായും മികച്ച പ്രകടനം തന്നെയാണ് നടത്തിയത്. ഏകദിന ടീമില്‍ അദ്ദേഹം സ്ഥാനമര്‍ഹിക്കുന്നതായും ഞാന്‍ കരുതുന്നു. എന്നാല്‍ ടീം സെലക്ഷന്റെ കാര്യമെടുത്താല്‍ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ താരങ്ങള്‍ക്കു ക്യു തന്നെയുണ്ട്. ഇതില്‍ ഗില്ലിനും താഴെയാണണ് പൃഥ്വിയുടെ സ്ഥാനമെന്നും ലക്ഷ്മണ്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ വ്യക്തമാക്കി.

ഇപ്പോള്‍ ടീമിന്റെ ഭാഗമല്ലെങ്കിലും വൈകാതെ പൃഥ്വി തിരിച്ചെത്തുമെന്ന് എനിക്കുറപ്പുണ്ട്. സ്വന്തം ബാറ്റിങ് ടെക്‌നിക്ക് മെച്ചപ്പെടുത്താന്‍ പൃഥ്വി ശ്രമിച്ചിട്ടുണ്ട്. ഇതു തന്നെയാണ് എന്നെ ഏറ്റവുമധികം ആകര്‍ഷിച്ചത്. നേരത്തേ ബാറ്റിങ് ടെക്‌നിക്കിന്റെ കാര്യത്തില്‍ അവനു ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. അതു പരിഹരിച്ചതാണ് വിജയ് ഹസാരെ ട്രോഫിയില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ പൃഥ്വിയെ സഹായിച്ചത്. പൃഥ്വി മാച്ച് വിന്നര്‍ തന്നെയാണ്. അവന്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചത്തുമെന്ന് ഉറപ്പാണെന്നും ലക്ഷ്മണ്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയോടെയാണ് പൃഥ്വി ദേശീയ ടീമില്‍ നിന്നും പുറത്തായത്. അഡ്‌ലെയ്ഡിലെ ആദ്യ ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലും താരം ക്ലീന്‍ ബൗള്‍ഡായിരുന്നു. ഒട്ടും തന്നെ ഫൂട്ട് മൂവ്‌മെന്റില്ലാതെയാണ് പൃഥ്വി രണ്ടിന്നിങ്‌സിലും പുറത്തായത്. ഇതേ തുടര്‍ന്നു വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളും താരത്തിനു നേരിടേണ്ടി വന്നിരുന്നു. ഇന്ത്യ നാണംകെട്ട തോല്‍വിയേറ്റു വാങ്ങിയ ആദ്യ ടെസ്റ്റിനു ശേഷം പൃഥ്വി ടീമിനു പുറത്താവുകയും ചെയ്തു.

രണ്ടാം ടെസ്റ്റിൽ പൃഥ്വി ഷായ്ക്ക് പകരക്കാരനായ ഗിൽ ആറ് ഇന്നിംഗ്‌സുകളിൽ നിന്ന് 259 റൺസ് നേടി ഓപ്പണിംഗ് സ്ഥാനം ഉറപ്പിച്ചു. രണ്ടു ഫിഫ്റ്റികളും പരമ്പരയില്‍ താരം നേടി. അതിനു ശേഷം ഇംഗ്ലണ്ടിനെതിരേ നടന്ന ടെസ്റ്റ് പരമ്പരയിലും ഗില്‍ ഓപ്പണറായി ഇറങ്ങിയിരുന്നു. നിലവിൽ ഏകദിന ടീമിന്റെ ഭാഗമാണെങ്കിലും ആദ്യ മത്സരത്തിൽ പ്ലേയിംഗ് ഇലവനിൽ നിന്ന് പുറത്തായിരുന്നു. പരുക്കിനെത്തുടർന്ന് രോഹിത് ശർമയെ രണ്ടാം ഏകദിനത്തിൽ നിന്ന് പുറത്താക്കിയാൽ ഗില്ലിന് നറുക്ക് വീണേക്കാം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top