നിയമസഭാ തെരഞ്ഞെടുപ്പ്: ഇരട്ട വോട്ട് വിവാദങ്ങള്‍ക്ക് പുറകെ ആദായ വകുപ്പും കിഫ്ബിയും

കേരളത്തിൽ, തിരഞ്ഞെടുപ്പുകള്‍ അടുക്കുമ്പോള്‍ സാധാരണ കണ്ടുവരുന്ന ഒരു പ്രതിഭാസമാണ് ഭരണ-പ്രതിപക്ഷ കക്ഷികളുടെ പോര്‍‌വിളികള്‍. അത് പല രൂപത്തിലും ഭാവത്തിലുമുണ്ട്. എന്നാല്‍, ഇത്തവണ കേരളത്തിൽ കേന്ദ്ര ഏജൻസികളും സർക്കാരും തമ്മിൽ നേരിട്ട് ഏറ്റുമുട്ടുകയാണ്. ഇന്നലെ കിഫ്ബി ആസ്ഥാനത്ത് ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവര്‍ രൂക്ഷ വിമര്‍ശനമാണ് അഴിച്ചുവിട്ടത്. അതോടൊപ്പം ധനമന്ത്രി തോമസ് ഐസക്കിന്റെ പരസ്യ വിമര്‍ശനവും ആയതോടെ ആദായനികുതി ഉദ്യോഗസ്ഥര്‍ക്കെതിരെ സിപി‌എം പരസ്യമായി രംഗത്തു വരികയും ചെയ്തു.

കിഫ്ബിയിൽ നടത്തിയ റെയ്ഡ് ഡല്‍ഹിയിലിരിക്കുന്ന തമ്പുരാക്കന്മാരെ പ്രീതിപ്പെടുത്താനാണെന്നാണ് തോമസ് ഐസക് പറഞ്ഞത്. എന്നാല്‍ കിഫ്‌ബി ആക്‌ട്‌ പ്രകാരം കരാറുകാരുമായി കിഫ്ബിക്ക് യാതൊരു കരാറും ഇല്ലെന്നാണ് തോമസ് ഐസക് പറയുന്നത്. ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡ് തെമ്മാടിത്തരവും ഊളത്തരവുമാണ്. ഈസ്റ്റർ അവധിക്കുമുൻപ് കേരളത്തിലേക്ക് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ വരവ് പ്രതീക്ഷിക്കുന്നുണ്ടെന്നും തോമസ് ഐസക് പറയുന്നുണ്ട്. അതിനിടെ, സംസ്ഥാനത്ത് വിവിധ കേസുകളിലായി അന്വേഷണം നടത്തുന്ന കേന്ദ്ര ഏജൻസികൾക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. റിട്ട. ജഡ്‌ജി കെവി മോഹനനെ കമ്മിഷനാക്കാനും മന്ത്രിസഭ തീരുമാനിച്ചു. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ കമ്മിഷന്‍റെ നിയമനത്തിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ അംഗീകാരം ആവശ്യമാണ്. ഡോളർ, സ്വർണക്കടത്ത് അന്വേഷണം വഴിതിരിച്ചുവിടുന്നതും, സ്വപ്‌നയുടെ ശബ്‌ദരേഖ, മുഖ്യമന്ത്രിക്ക് എതിരെ മൊഴി നല്‍കാൻ സമ്മർദ്ദം തുടങ്ങിയ കാര്യങ്ങളാകും കമ്മിഷന്‍റെ അന്വേഷണ പരിധിയില്‍ വരിക.

അതോടൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഏജൻസികൾക്കെതിരെ പരസ്യമായി രംഗത്ത് വന്നു. കിഫ്‌ബിയുടെ പേരില്‍ ഓലപ്പാമ്പ് കാട്ടി ഭയപ്പെടുത്താമെന്ന് കരുതേണ്ടെന്നും കിഫ്ബിയെ ഒരു ചുക്കും ചെയ്യാമെന്ന് കരുതേണ്ടെന്നും പിണറായി വിജയൻ പറഞ്ഞു. എന്നാല്‍, കേന്ദ്ര ഏജൻസികൾക്ക് എതിരെ ജുഡീഷ്യല്‍ അന്വേഷണത്തിന് തീരുമാനമെടുത്തത് നൂറ്റാണ്ടിലെ ഏറ്റവും വലിയ അത്‌ഭുതമാണെന്നാണ് കേന്ദ്രമന്ത്രി വി മുരളീധരന്‍റെ പ്രതികരണം. കേന്ദ്ര ഏജൻസികളെ ഓലപ്പാമ്പ് കാട്ടി വിരട്ടാമെന്ന് വിചാരിക്കേണ്ടെന്നും വി മുരളീധരൻ പറഞ്ഞു. ഇതോടെ കേന്ദ്ര ഏജൻസികളും സംസ്ഥാന സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ പരസ്യയുദ്ധത്തിലേക്ക് വഴിമാറി.

അതിനിടെ, കേരളത്തിലെ ഇരട്ടവോട്ട് വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്‌ചത്തേക്ക് മാറ്റി. കോടതി ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷനോട് വിശദീകരണം തേടിയിട്ടുണ്ട്. രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ട് സർക്കാർ ഉദ്യോഗസ്ഥരിലെ ഒരു വിഭാഗം സംഘടിതമായി നടത്തിയ നീക്കത്തിന്‍റെ ഫലമാണ് വ്യാജവോട്ട് എന്നാണ് ഹർജിയിലെ വാദം. ഇരട്ട വോട്ടുകൾ റദ്ദാക്കണമെന്നും ചെന്നിത്തല ഹർജിയില്‍ ആവശ്യപ്പെടുന്നു. സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളിലായി നാല് ലക്ഷത്തോളം ഇരട്ട വോട്ടുണ്ടെന്നാണ് ചെന്നിത്തലയുടെ ആരോപണം.

അതേസമയം, പെരുമ്പാവൂരിൽ നിന്നുള്ള യുഡിഎഫ് സ്ഥാനാർത്ഥിയും നിലവിലെ എം‌എൽ‌എയുമായ എല്‍ദോസ് കുന്നപ്പിള്ളിക്കും ഭാര്യക്കും രണ്ട് സ്ഥലങ്ങളിൽ വോട്ടുണ്ടെന്ന് കാണിക്കുന്ന രേഖകള്‍ പുറത്തുവന്നത് കോൺഗ്രസിനും യുഡിഎഫിനും തിരിച്ചടിയായി. മൂവാറ്റുപുഴ മാറാടി പഞ്ചായത്ത്, പെരുമ്പാവൂര്‍ രായമംഗലം പഞ്ചായത്ത് എന്നിവിടങ്ങളിലാണ് ഇരുവർക്കും വോട്ടുണ്ടെന്ന രേഖകൾ പുറത്തുവന്നത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment