കോവിഡ്-19: റമദാൻ മാസത്തിലെ ഭാഗിക കര്‍ഫ്യൂ; ആഴ്ച തോറും സ്ഥിതിഗതികള്‍ വിലയിരുത്തും

കുവൈത്ത് സിറ്റി: കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി കുവൈത്തിൽ പ്രഖ്യാപിച്ച ഭാഗിക കർഫ്യൂ റമദാൻ മാസത്തിൽ തുടരും. രാജ്യത്തെ സ്ഥിതി ഓരോ ആഴ്ചയും വിലയിരുത്തുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യും. കോവിഡ് വ്യാപനം സംബന്ധിച്ച റിപ്പോർട്ട് മന്ത്രിസഭ പരിശോധിക്കും. റിപ്പോർട്ടിൽ പുതിയ രോഗികൾ, മരണം, തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികളുടെ എണ്ണം എന്നിവ ഉൾപ്പെടും. രാജ്യത്തുടനീളം ആരോഗ്യ മാനദണ്ഡങ്ങൾ നടപ്പാക്കുന്നതിൽ പരാജയപ്പെട്ടതിന്റെ സൂചനകളുണ്ടെന്ന് മന്ത്രിസഭയ്ക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

കൂടാതെ, ഒത്തുച്ചേരലുകള്‍ നിരീക്ഷിച്ച ശേഷം രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തേണ്ടതിന്‍റെ ആവശ്യകതയും റിപ്പോട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റമദാന്‍ മാസത്തില്‍ കര്‍ഫ്യൂ ഭാഗികമായിരിക്കും. ഓരോ ആഴ്ചയും ആരോഗ്യ വിഭാഗം സ്ഥിതി വിലയിരുത്തും. ആരോഗ്യ വിദഗ്ധരുടെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കണം തറാവിയ പ്രാര്‍ത്ഥന നടത്തേണ്ടതെന്നും അണുബാധ പകരാതിരിക്കാന്‍ പ്രാര്‍ത്ഥന കൂടുതല്‍ സമയം നീളാതിരിക്കുന്നതാണ് നല്ലതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.

യാതൊരു അശ്രദ്ധയും കൂടാതെ കർഫ്യൂ നടപ്പാക്കാൻ ആരോഗ്യ മന്ത്രാലയം ബന്ധപ്പെട്ട എല്ലാവരുമായും ചർച്ച നടത്തും. കോവിഡ് ബാധിച്ച് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ വിദേശത്തു നിന്നുള്ള മെഡിക്കൽ സംഘത്തിന്റെ സഹായം പ്രയോജനപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment