Flash News

ഇരട്ട വോട്ടിന് പിന്നാലെ പോസ്റ്റല്‍ വോട്ടിലും ക്രമക്കേടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല; സ്വതന്ത്രരെ കൂടെക്കൂട്ടാന്‍ ബിജെപി

March 29, 2021 , .

നാമനിർദ്ദേശ പത്രിക നിരസിച്ചതോടെ തലശ്ശേരി മണ്ഡലത്തിലെ എൻ‌ഡി‌എ സ്ഥാനാർത്ഥിയുടെ നഷ്ടം ദേശീയ തലത്തിൽ ചർച്ച ചെയ്യപ്പെട്ടു. സി.പി.എം സിറ്റിംഗ് സീറ്റായ തലശ്ശേരിയിൽ എൻ‌ഡി‌എയ്ക്ക് വേണ്ടി ബിജെപി കണ്ണൂർ ജില്ലാ പ്രസിഡന്റ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നു. ഡമ്മി സ്ഥാനാർത്ഥിയും ഫയൽ ചെയ്തിരുന്നു. എന്നാല്‍ ദേശീയ പാർട്ടിയെന്ന നിലയില്‍ നാമനിർദ്ദേശ പത്രികയില്‍ പാർട്ടി അധ്യക്ഷന്‍റെ ഒപ്പില്ലാത്തതിനാല്‍ ബിജെപി സ്ഥാനാർഥികളുടെ പത്രിക വരാണാധികാരി തള്ളി. ഇതോടെ തലശേരിയിലെ തെരഞ്ഞെടുപ്പ് ചർച്ചയായി. ബിജെപി-കോൺഗ്രസ്- മുസ്ലീലീഗ് ബന്ധത്തിന്‍റെ പേരില്‍ വോട്ട് മറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സിപിഎം ആരോപിച്ചു. ബിജെപി വോട്ട് വേണ്ടെന്ന് പറയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുകയും കൂടി ചെയ്തതോടെ തലശേരി മണ്ഡലത്തിലെ ബിജെപി വോട്ടുകളെ സംബന്ധിച്ച് കേരളത്തില്‍ ചർച്ച സജീവമായി.

അതേസമയം, തലശ്ശേരിയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സി.ഒ.ടി നസീർ ബി.ജെ.പി നേതാക്കളുമായി ചർച്ച നടത്തി പിന്തുണ തേടിയതിനെത്തുടര്‍ന്ന് ബിജെപി അനുകൂല തീരുമാനമെടുക്കുകയും ചെയ്തു. ആര് പിന്തുണ നല്‍കിയാലും സ്വീകരിക്കുമെന്നാണ് സിഒടി നസീർ പറയുന്നത്. ഇന്ത്യൻ ഗാന്ധിയൻ പാർട്ടി എന്ന പേരിലാണ് സിഒടി നസീർ സ്വതന്ത്രനായി മത്സരരംഗത്തുള്ളത്. സ്വതന്ത്രനെ പിന്തുണയ്ക്കാൻ അവസരം ലഭിച്ചതോടെ തലശേരിയിലെ ബിജെപി വോട്ടുകൾ ആർക്ക് അനുകൂലമാകും എന്ന നിലയിലുള്ള ചർച്ചകൾക്ക് അവസാനമായി. വോട്ട് കച്ചവടം എന്ന സിപിഎം ആരോപണത്തെ താല്‍ക്കാലികമായി പ്രതിരോധിക്കാനും ബിജെപിക്ക് കഴിഞ്ഞു. ഇതോടെ നാമനിർദ്ദേശ പത്രിക തള്ളിയ തലശേരി, ഗുരുവായൂർ, ദേവികുളം മണ്ഡലങ്ങളില്‍ എൻഡിഎയ്ക്ക് പിന്തുണയ്ക്കാൻ സ്ഥാനാർഥികളായി. ദേവികുളത്ത് സ്വതന്ത്രൻ എൻ ഗണേശൻ, ഗുരുവായൂരില്‍ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാർട്ടിയുടെ ദിലീപ് നായരേയും എൻഡിഎ പിന്തുണയ്ക്കും.

കേരളത്തിൽ അരി വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷവും ഭരണകക്ഷിയും തമ്മില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ തുടരുകയാണ്. അരി വിതരണം നിർത്തണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചിരുന്നു. എന്നാൽ, തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് എടുത്ത തീരുമാനം വോട്ടർമാരെ സ്വാധീനിക്കാനാണെന്ന ആരോപണം ശരിയല്ലെന്ന സംസ്ഥാന സർക്കാർ വാദം കോടതി അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ചർച്ചയായ ഇരട്ട വോട്ട് വിവാദത്തിന് പിന്നാലെ പോസ്റ്റല്‍ വോട്ടിലും ക്രമക്കേടുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീണ്ടും രംഗത്ത് എത്തി. ഇടത് അനുകൂല ഉദ്യോഗസ്ഥർ പോസ്റ്റല്‍ ബാലറ്റ് നടപടി ക്രമങ്ങൾ മുഴുവൻ അട്ടിമറിക്കുകയാണെന്നും തദ്ദേശ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് നേട്ടം വോട്ടർപട്ടികയില്‍ ക്രമക്കേട് നടത്തി നേടിയതാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ഇരട്ട വോട്ട് ആരോപണവുമായി രമേശ് ചെന്നിത്തല രംഗത്ത് എത്തിയതിന് പിന്നാലെ രമേശ് ചെന്നിത്തലയുടെ അമ്മ, കയ്പ്പമംഗലം, പെരുമ്പാവൂർ, കഴക്കൂട്ടം മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർഥികൾക്കും ബന്ധുക്കൾക്കും ഇരട്ടവോട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇരട്ടവോട്ട് വിവാദത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷൻ അന്വേഷണം നടത്തുന്നതിനിടെയാണ് പോസ്റ്റല്‍ വോട്ടില്‍ ക്രമക്കേടുണ്ടെന്ന പുതിയ ആരോപണം വരുന്നത്.

കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണം അവസാനിക്കുന്നതിന് ഒരാഴ്ച മാത്രം ബാക്കി നിൽക്കെ, അവസാന വോട്ടുകളും തങ്ങള്‍ക്കനുകൂലമാക്കാന്‍ മുന്നണികൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പ്രചാരണത്തിന് ശക്തി പകരാന്‍ ദേശീയ നേതാക്കൾ വരും ദിവസങ്ങളിൽ കേരളത്തിലെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും നാളെ കേരളത്തിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. പ്രധാനമന്ത്രിക്ക് പുറമേ ആഭ്യന്തരമന്ത്രി അമിത്ഷാ, പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ എന്നിവരും ഈ ആഴ്‌ചകളിൽ സംസ്ഥാനത്ത് സജീവമാകും. നാളെ കേരളത്തിലെത്തുന്ന പ്രിയങ്ക ഗാന്ധി രണ്ടുദിവസങ്ങളില്‍ കേരളത്തിലുണ്ടാകും. രാഹുൽഗാന്ധി വീണ്ടും കേരളത്തിലെത്തുന്നുണ്ട്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ദേശീയ നേതാക്കളായ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട് എന്നിവർ കേരളത്തിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ പര്യടനം നാളെ വരെ തുടരും. ആഴക്കടൽ മത്സ്യബന്ധനം, വ്യാജ വോട്ട്, ഭക്ഷ്യക്കിറ്റ്, സ്വർണക്കടത്ത് ഉൾപ്പെടെയുള്ള വിവാദങ്ങളാണ് അവസാന ആഴ്‌ചയിലെ മുഖ്യ പ്രചാരണ വിഷയങ്ങൾ. ശബരിമലയും തെരഞ്ഞെടുപ്പിൽ കേന്ദ്രബിന്ദുവായി തുടരുന്നുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top