വാലാട്ടികൾ (കഥ) കാരൂർ സോമൻ

നിശ്ശബ്ദത തങ്ങിനിന്ന നിമിഷങ്ങളിൽ മലർക്കെ തുറന്നിട്ട ജനാലയിലൂടെ ഉച്ചത്തിലുള്ള നിലവിളി അയൽക്കാരൻ ജോസഫിന്റ ഉറക്കം കെടുത്തി. അടുത്ത വീട്ടിലെ അംബികയുടെ നിലവിളി തലച്ചോറിൽ ശരംപോലെ വന്നു തറച്ചു. ഉറക്കച്ചടവുള്ള കണ്ണുകളുമായി കതക് തുറന്ന് ഓടിയെത്തി. അംബിക തറയിൽ മോഹാലസ്യപ്പെട്ടു കിടക്കുന്നു. പന്ത്രണ്ടു വയസ്സുള്ള മകൾ അമ്മയെവിളിച്ച് തേങ്ങിത്തേങ്ങി കരയുന്നു. അടുത്ത വീട്ടുകാർ ഓടിയെത്തി. പ്ലാവിലിരുന്ന കാക്കകൾ കൂട്ടത്തോടെ കരഞ്ഞു. പരിഭ്രമം നിറഞ്ഞ കാക്കകൾ അങ്ങുമിങ്ങും വട്ടമിട്ട് പറക്കുന്നു.

“എന്തു പറ്റി മോളെ” ജോസഫ് ആരാഞ്ഞു. അവൾ അകത്തേക്ക് കൈചൂണ്ടി കരഞ്ഞു.

ജോസഫ് ഭയാശങ്കകളോടെ നോക്കി. ആ ഇടുങ്ങിയ കൊച്ചുമുറിക്കുള്ളിലെ ഉത്തരത്തിൽ പ്രാണൻ കളഞ്ഞ അജീഷ് തുങ്ങി നിൽക്കുന്നു. ജോസഫിന്റ ഹൃദയമിടിപ്പ് വര്‍ദ്ധിച്ചു. ശരീരം നിർജ്ജീവമായി നിലകൊണ്ടു. ആ കാഴ്ച കണ്ട സ്ത്രീകളുടെ കണ്ണുകളിൽ നീരുറവ പൊടിഞ്ഞു വന്നു. പലരും പകച്ചു നിന്നു. മ്ലാനമായ മുഖങ്ങൾ. അംബിക കണ്ണു തുറന്നപ്പോൾ സ്വന്തം മുറിയിലായിരിന്നു. ഒരു ഭ്രാന്തിയെപ്പോലെ മകനെയോർത്ത് നെഞ്ചത്തടിച്ചു കരഞ്ഞു. ആ ശബ്‌ദം മാത്രം അവിടെ മുഴങ്ങി നിന്നു.

ജോസഫ് അകത്തെ മുറിയിലെത്തി നട്ടെല്ല് തളർന്നു കിടക്കുന്ന ചന്ദ്രനെ ദുഃഖഭാരത്തോടെ നോക്കി. ജോസഫിന്റെ സഹായത്താൽ ഹൃദയമിടിപ്പോടെ വിറച്ചുവിറച്ചു കട്ടിലിൽ നിന്ന് എഴുന്നേറ്റു. നട്ടെല്ല് വേദന കടിച്ചമർത്തി പുറത്തു വന്ന് മകൻ തുങ്ങി നിൽക്കുന്ന കാഴ്ച ഒരു ഞെട്ടലോടെ കണ്ടു. നെഞ്ച് പിളർന്നു മാറിയ നിമിഷങ്ങൾ. ഒരു വിറയലോടെ തളർന്നു വീഴാറായ ചന്ദ്രനെ ജോസഫ് താങ്ങിപ്പിടിച്ച് അകത്തു കൊണ്ടുവന്നു കിടത്തി. അയാളുടെ ശരീരമാകെ തളർന്നിരിന്നു. കുട്ടികൾ ജനാലയിലൂടെ ഒളിഞ്ഞുനോക്കി. ആ വാർത്ത എല്ലാവരുടെയും ഹൃദയം പിളർക്കുന്നതായിരുന്നു. അജീഷ് പഠിക്കാൻ മിടുക്കനായിരുന്നു. ബി.എ. പാസ്സായത് വീടടക്കം ബാങ്കിൽ പണയം വെച്ചിട്ടാണ്. പി.എസ്.സി ടെസ്റ്റിൽ മൂന്നാം റാങ്കു കിട്ടിയപ്പോൾ എല്ലാം ദുരിതങ്ങളും മാറുമെന്നവർ വിശ്വസിച്ചു. സംഭവമറിഞ്ഞവരുടെ നെറ്റി ചുളിഞ്ഞു. കുട്ടുകാർ അമ്പരപ്പോടെ ഓടിയെത്തി. ഈ ദരിദ്ര കുടുംബത്തിന്റ ഭാവി അവന്റെ കൈകളിലായിരിന്നു. പ്രതീക്ഷയോടെ കാത്തിരുന്ന രക്ഷിതാക്കളുടെ ഏക ആശ്രയമായ മകൻ ഇത്ര നിഷ്ഠൂരമായ ഒരു പ്രവർത്തി എന്തിന് ചെയ്തു? ആ ചോദ്യം എല്ലാവരിലും ചൂഴ്ന്നു നിന്നു

ജോസഫ് മൊബൈലിൽ പോലീസിനെ വിവരമറിയിച്ചു. പോലീസെത്തി മുകളിൽ തൂങ്ങിക്കിടന്ന ശവശരീരം താഴേക്കിറക്കി പരിശോധനകൾ തുടർന്നു. കട്ടിലിൽ ഒരു വെളുത്ത കടലാസുതുണ്ട് ഇൻസ്‌പെക്ടർ കണ്ടു. അത് അജീഷിന്റെ മനസ്സ് തുറന്നു കാട്ടിയ ആത്മഹത്യാക്കുറിപ്പായിരിന്നു.

“റാങ്ക് ലിസ്റ്റിൽ മൂന്നാം റാങ്കുകാരനായ എനിക്ക് അഞ്ചു വര്‍ഷങ്ങൾ കഴിഞ്ഞിട്ടും ഒരു തൊഴില്‍ കിട്ടിയില്ല. സർക്കാർ നിത്യ തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നു. റാങ്ക് ലിസ്റ്റിൽ ഉള്ളവരെ, പരീക്ഷ പാസ്സായവരെ തഴയുന്നു, പിൻവാതിൽ നിയമനങ്ങൾ നടക്കുന്നു, ഇനിയും ഈ അനീതി കണ്ടുനിൽക്കാനാവില്ല. ബാങ്കിൽ നിന്ന് കടമെടുത്ത പണം അടക്കാത്തതിന് ജപ്‌തി നോട്ടീസ് വന്നു. എന്റെ കൈയ്യിൽ പണമില്ല. എന്റെ മരണത്തിലൂടെ ആ ബാങ്കിനുള്ള പണം സർക്കാർ നൽകണമെന്ന് അപേക്ഷിക്കുന്നു. എന്റെ ഈ വിധി കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷയെഴുതി കാത്തിരിക്കുന്ന കണ്ണീരൊഴുക്കുന്ന ആർക്കുമുണ്ടാകാതിരിക്കട്ടെ. ഈ വ്യവസ്ഥിതി എനിക്ക് നീതി തന്നില്ല. ഞാൻ മടങ്ങുന്നു. എന്നെ സഹായിച്ച എല്ലാവര്ക്കും നന്ദി”. അവനൊപ്പം പഠിച്ചവർ സുഹൃത്തിന്റെ മുഖത്തേക്ക് നോക്കി വിങ്ങിപ്പൊട്ടി. അവിടെമാകെ ദുഃഖവും ദൈന്യതയും നിഴലിച്ചു. യുവതീ യുവാക്കൾ വൈകാരികമായിട്ടാണ് ഈ ആത്മഹത്യയെ കണ്ടത്. അവർ റോഡിലിറങ്ങി മുദ്രാവാക്യങ്ങൾ മുഴക്കി.

“നാടിനെ ഞെക്കി കൊല്ലുന്ന, നീതി നിഷേധം നടത്തുന്ന, നാട്ടിലെ വിദ്യാസമ്പന്നരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന, പാർട്ടിയിലെ വാലാട്ടി പട്ടികളെ നിയമിക്കുന്ന ഭരണാധിപന്മാരെ കൽത്തുറുങ്കിലടക്കുക. സൈറൺ മുഴക്കി ആംബുലൻസ് വന്നതോടെ പോലീസുകാരിലുണ്ടായ ഭയം മാറി. എങ്ങും ദുഃഖത്തിന്റ കരുവാളിച്ച മുഖങ്ങൾ. ഒറ്റപ്പെടലിന്റെ, വേർതിരിക്കലിന്റെ ഒരു ലോകത്തേക്ക് മുദ്രാവാക്യങ്ങൾ ഇറങ്ങിച്ചെന്നു. പ്രതികരണശേഷി വീണ്ടെടുത്ത തൊഴിൽരഹിതർ മനുഷ്യത്വപരമല്ലാത്ത സർക്കാർ നിലപാടിനെ, വോട്ടുപെട്ടി നിറക്കാൻ സ്വദേശത്തും വിദേശത്തും സർക്കാർ പരിവാരങ്ങളെ കുത്തിനിറക്കുന്ന നിയമനങ്ങളെ ശക്തമായി പ്രതിഷേധിച്ചു. തെരുവുകളിൽ അലഞ്ഞു നടന്ന തൊഴിൽ രഹിതർ നിരാഹാര സത്യാഗ്രഹത്തിന് ആഹ്വനം ചെയ്തു. അത് നിലനില്പിനുള്ള ഒരു പോരാട്ടമായിരിന്നു.
(www.karoorsoman.net)

Print Friendly, PDF & Email

Related News

Leave a Comment