തണുപ്പുകാലം അവസാനിക്കും മുൻപ് പരമാവധി വിനോദയാത്രകളും ഉല്ലാസങ്ങളും തേടുകയാണ് യുഎഇ നിവാസികളും സഞ്ചാരികളും. കാലാവസ്ഥക്ക് ചൂടേറും മുൻപ് പുതുമയേറിയ കൂടുതൽ കാഴ്ചകളും അനുഭവങ്ങളും ആസ്വദിക്കണമെന്ന് ആഗ്രഹിക്കുന്നവർ ഒരിക്കലും നഷ്ടപെടുത്താൻ പാടില്ലാത്തൊരു വിനോദമാണ് ഷാർജ മെലീഹ ആർക്കിയോളജി സെന്ററിലെ ‘വാനനിരീക്ഷണം’. വേറിട്ടൊരു സഞ്ചാരാനുഭവത്തോടൊപ്പം പരമ്പരാഗത എമിറാത്തി ആതിഥേയത്വവും ഇവിടെ അടുത്തറിയാം.
ആകാശവിസ്മയങ്ങൾ അടുത്തു കാണാനും ചിത്രങ്ങൾ പകർത്താനുമുള്ള മികച്ച അവസരങ്ങളിലൊന്നാണ് നഗരഹൃദയത്തിൽ നിന്ന് 45 മിനുറ്റ് ദൂരത്തിലുള്ള മെലീഹയിലെ -സ്റ്റാർ ഗെയ്സിങ്- വിനോദം. അത്യാധുനിക സാങ്കേതിക സംവിധാനങ്ങളോട് കൂടിയ ടെലസ്കോപ്പും ആകാശവിസ്മയങ്ങളെക്കുറിച്ച് ആഴത്തിൽ അവഗാഹമുള്ള ഗൈഡുമെല്ലാം അതിഥിക്കായി മുഴുവൻ സമയമുണ്ടാവും കൂടെയുണ്ടാവും. ടെലസ്കോപിലൂടെ ചന്ദ്രനെയും ഗ്രഹങ്ങളെയുമെല്ലാം തൊട്ടടുത്തെന്ന പോലെ കാണുകയും മനസ്സിലാക്കുകയും മാത്രമല്ല, മൊബൈൽ ഫോണിൽ ചിത്രങ്ങൾ പകർത്തുകയും ചെയ്യാം. പ്രകൃതിസ്നേഹികൾക്കും വാനനിരീക്ഷണത്തിൽ താത്പര്യമുള്ളവർക്കും കുട്ടികൾക്കുമെല്ലാം ഇഷ്ടപെടുകയും പുതിയ അറിവുകൾ പകരുകയും ചെയ്യുന്ന വിധത്തിലാണ് വാനനീരിക്ഷണം ഒരുക്കിയിട്ടുള്ളത്.
വെളിച്ചത്തിന്റെ അതിപ്രസരം കടന്നു ചെല്ലാത്ത യുഎഇയിലെ തന്നെ അപൂർവം പ്രദേശങ്ങളിലൊന്നാണ് മെലീഹ മരുഭൂമി. നഗ്നനേത്രം കൊണ്ട് പോലും ചില ആകാശവിസ്മയങ്ങൾ കാണാൻ മാത്രം തെളിഞ്ഞ ആകാശമാണ് മെലീഹ പ്രദേശത്തുള്ളത്. ഇതു തന്നെയാണ് വാനനീരീക്ഷണത്തിന് ഏറ്റവും അനുയോജ്യ ഇടങ്ങളിലൊന്നായി മെലീഹയെ മാറ്റുന്നതും. അനുയോജ്യസാഹചര്യങ്ങളോടൊപ്പം മെലീഹയിലെ അത്യാധുനിക ടെലിസ്കോപും വിഷയവിദഗ്ധരായ ഗൈഡുമെല്ലാം ചേരുമ്പോൾ വാനനിരീക്ഷണം കൂടുതൽ മികവുറ്റതാകുന്നു. ആകാശക്കാഴ്ചകളിലെ വിശേഷദിവസങ്ങളിൽ ഇവിടെ പ്രത്യേക പരിപാടികൾ ഒരുക്കാറുണ്ട്.
ചരിത്രവും വിജ്ഞാനവും സാഹസികതയും ഒരുമിക്കുന്ന യുഎഇയിലെ തന്നെ മികച്ച വിനോദകേന്ദ്രങ്ങളിലൊന്നാണ് ഷാർജ നിക്ഷേപവികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന മെലീഹ ആർക്കിയോളജിക്കൽ സെന്റർ. മ്യൂസിയം, ഡെസേർട്ട് സഫാരി, കുതിരയോട്ടം, ട്രക്കിങ്, മരുഭൂമിയിലെ ക്യാംപിങ്ങ് അനുഭവങ്ങൾ തുടങ്ങി കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന, ഒരു സഞ്ചാരിയുടെ മനസ്സ് കവരാൻ പാകത്തിലുള്ളതെല്ലാം ഇവിടെയൊരുക്കിയിട്ടുണ്ട്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply