വെല്‍ഫെയര്‍ പാര്‍ട്ടി തെരഞ്ഞെടുപ്പ് സമ്മേളനം ഏപ്രില്‍ 1 ന് മേലെ പട്ടാമ്പിയില്‍

പട്ടാമ്പി: വെല്‍ഫെയര്‍ പാര്‍ട്ടി പട്ടാമ്പി നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി എസ്. മുജീബ്‌റഹ്മാന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ഏപ്രില്‍ 1 വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് മേലെ പട്ടാമ്പിയില്‍ പൊതുസമ്മേളനം സംഘടിപ്പിക്കും. സാമൂഹ്യനീതി ഇല്ലാതാക്കുന്നതിന് സംവരണമടക്കമുള്ള മേഖലകളില്‍ ആസൂത്രിതമായി അട്ടിമറി നടത്തുന്ന കേന്ദ്രസര്‍ക്കാരും മുന്നാക്ക സംവരണവും പിന്‍വാതില്‍ നിയമനവും നടപ്പിലാക്കി സംവരണ അട്ടിമറി നടത്തിയ കേരള സര്‍ക്കാരും അധികാര രാഷ്ട്രീയത്തിനുവേണ്ടി തമ്മിലടിക്കുന്ന വലതുമുന്നണിയുടെ കപട രാഷ്ട്രീയത്തെയും ജനങ്ങള്‍ക്കു മുമ്പില്‍ തുറന്നുകാണിക്കും.

പട്ടാമ്പി ഗവണ്‍മെന്റ് കോളേജിനുശേഷം പൊതുമേഖലയിലോ സ്വകാര്യമേഖലയിലോ ഒരു ഉന്നതവിദ്യാഭ്യാസ സ്ഥാപനം പോലും പട്ടാമ്പി മണ്ഡലത്തില്‍ കൊണ്ടുവരാനോ പ്ലസ്ടു പഠനത്തിനാവശ്യമായ സീറ്റുകള്‍ അനുവദിക്കാനോ ഇരുമുന്നണികള്‍ക്കും കഴിഞ്ഞിട്ടില്ല.

കൂടാതെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ ഭാരതപ്പുഴയുടെ ജലസ്രോതസ്സിനെ ഫലപ്രദമായി ഉപയോഗപ്പെടുത്തുവാനോ, പട്ടാമ്പി കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ ഗുണഫലങ്ങളെ കര്‍ഷകര്‍ക്ക് ലഭ്യമാക്കുവാനോ, വളര്‍ന്നുവരുന്ന യുവത്വത്തിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ഒരു പൊതുമേഖലാ സ്ഥാപനം പോലും ആരംഭിക്കാനോ കഴിയാതെ പട്ടാമ്പി മണ്ഡലത്തെ സാംസ്‌കാരിക-സാമൂഹിക-സാമ്പത്തിക രംഗണ്ടളില്‍ പിന്നോട്ട് നയിക്കുകയാണ് ഇരുമുന്നണികളും ചെയ്തത്. ഇത് മണ്ഡലത്തിലെ ജനങ്ങള്‍ക്ക് മുമ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി പ്രചരണവിഷയമാക്കും.

പൗരത്വ സംവരണ ഭൂസമര പ്രക്ഷോഭ സമരങ്ങളില്‍ നേതൃപരമായ പങ്ക് വഹിച്ച ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. മുജീബ്‌റഹ്മാനാണ് വെല്‍ഫെയര്‍ പാര്‍ട്ടിക്കുവേണ്ടി പട്ടാമ്പി മണ്ഡലത്തില്‍ ജനവിധി തേടുന്നത്.

രാവിലെ 8 മണിക്ക് കൊടുമുണ്ടയില്‍ നിന്നും ആരംഭിക്കുന്ന റോഡ്‌ഷോ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തി വൈകുന്നേരം 5 മണിക്ക് പട്ടാമ്പിയില്‍ സമാപിക്കും. വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സുബ്രഹ്മണ്യ അറുമുഖന്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ. ഷഫീഖ് മുഖ്യപ്രഭാഷണം നടത്തും. ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് നജ്ദ റൈഹാൻ, ജില്ലാ പ്രസിഡന്റ് പി.എസ് അബൂഫൈസല്‍, ജനറല്‍ സെക്രട്ടറി മോഹന്‍ദാസ് പറളി, സംസ്ഥാന കമ്മിറ്റിയംഗം എം. സുലൈമാന്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

പത്രസമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍:
കെ.സി. നാസര്‍ (തെരഞ്ഞെടുപ്പ് കണ്‍വീനര്‍)
ടി.ടി. നാസര്‍ (മണ്ഡലം സെക്രട്ടറി)
എസ്. മുജീബ്‌റഹ്മാന്‍ (സ്ഥാനാര്‍ത്ഥി)

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment