തുടർഭരണം ഉറപ്പാക്കലിന്റെ കാണാപ്പുറങ്ങൾ

നിപ്പ നിവാരണത്തിലും കോവിഡ് കണ്ടുകെട്ടിയതിലും ലോകമാധ്യമങ്ങളുടെ ബഹുമതികൾ സ്വന്തമാക്കിയ കേരള സർക്കാർ തീരദേശവാസികൾ ഓർക്കാൻ ഇഷ്ട്ടപ്പെടാത്ത ഓഖിയും ലക്ഷങ്ങൾ സംഭാവന നല്‍കിയവർക്കുപോലും ലഭ്യമാകാത്ത പ്രളയശ്വാസ കണക്കുകളുമായി വീണ്ടും ജനവിധി തേടുകയാണ്.

വട്ടിപ്പലിശക്കു വായ്പ വാങ്ങുന്ന കിസ്‌ബി മുഖേന കോടികൾ ചെലവുവരുന്ന വിവിധ പദ്ധതികൾക്ക് കല്ലുകൾ സ്ഥാപിച്ചും ഉത്ഘാടന ബോർഡുകൾ വച്ചും മുന്നോട്ടു പോകുന്ന സർക്കാർ സാരിയും മിക്സിയും ടെലിവിഷനും കൊടുത്തു വോട്ട് വാങ്ങുന്ന തമിഴ്‌നാടിനെ പിന്നിലാക്കി ഭക്ഷ്യധാന്യ കിറ്റുകളും ക്ഷേമ പെൻഷനുകളും പാർട്ടി പ്രവർത്തകർ മുഖേന ജനങ്ങളിൽ എത്തിച്ചു സാധാരണക്കാരുടെയും ഇടത്തരക്കാരുടെയും വോട്ടുകൾ ഉറപ്പാക്കി രണ്ടാം ഊഴം ഉറപ്പിച്ചിരിക്കുകയാണ്.

എല്ലാം ശരിയാക്കിയ ഒരു സർക്കാരിന്റെ കേവലമായ ഉറപ്പല്ല മറിച്ചു മലയാളം മുതൽ തമിഴ് കന്നഡ തെലുങ്ക് മറാത്തി ഹിന്ദി തുടങ്ങിയ വാർത്താ ചാനലുകളും വർത്തമാന പത്രങ്ങളും പരസ്യങ്ങളിലൂടെയും സർവേകളിലൂടെയും സാക്ഷ്യപ്പെടുത്തി സ്ഥിരീകരിക്കുന്ന വസ്തുതയാണ്.

കേരളം ഇതിനുമുൻപ് കണ്ടിട്ടുള്ള 15 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നിന്നും വ്യത്യസ്തമായ ഒരു തെരഞ്ഞെടുപ്പ് രംഗമാണ് ഇന്നു നാം കാണുന്നത്. ചുവരെഴുതിയും നോട്ടീസ് അടിച്ചും വീടുകൾ കയറിയിറങ്ങി വോട്ടുകൾ അഭ്യർഥിച്ചും പരിചയിച്ച പതിവ് രീതി ഇന്നാകെ മാറിയിരിക്കുന്നു. നവ ലിബറലിസവും ക്രോണി ക്യാപിറ്റലിസവും കീഴടക്കിയ കമ്മ്യൂണിസവും ഗാന്ധിസവും ഇപ്പോൾ സമ്പൂർണ്ണമായി വാണിജ്യവൽക്കരിച്ചു കഴിഞ്ഞിരിക്കുന്നു. രാഷ്ട്രീയ പ്രവർത്തനം മുന്തിയ വ്യവസായമായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു. അവരുടെ വാണിജ്യ താത്പര്യങ്ങൾ ഒളിച്ചുകടത്തുന്നത് മനം മയക്കുന്ന പരസ്യങ്ങളിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയുമാണ്. മൂലധനത്തിന്റെ തുടർ ലഭ്യതയും ലാഭവിഹിതത്തിന്റെ വളർച്ചയുമാണ് എവിടെയും ലക്ഷ്യമിടുന്നത്. പൂർണ്ണമായി പെയ്ഡ് പ്രചാരണ സംഘങ്ങൾ നിയന്ത്രിക്കുന്ന അമേരിക്കൻ തെരഞ്ഞെടുപ്പുകളിൽ ഇത്തരം പരസ്യങ്ങൾ സാധാരണമാണെങ്കിലും കാർഷിക സമ്പത്ഘടനയിൽ അധിഷ്ഠിതമായ സ്ഥാനാർത്ഥിയുടെ പേര് വായിക്കാനറിയാതെ ചിഹ്നം മാത്രം നോക്കി വോട്ട് ചെയ്യുന്ന ജനകോടികൾ ഉള്ള ഇന്ത്യയിൽ ഈ പ്രവണത തുടക്കം കുറിച്ചിട്ടു നാളുകൾ ഏറെയായിട്ടില്ല. സർക്കാരിന്റെ സാധാരണ നടപടികളെപ്പോലും പർവ്വതീകരിച്ചു വിപണന ചരക്കാക്കി ആവർത്തിചാർത്തിച്ചുള്ള പരസ്യങ്ങളിലൂടെ മനുഷ്യ മനസ്സുകളിൽ പച്ചകുത്തി ഉറപ്പിക്കുക. സമൂഹത്തെ സ്വാധീനിക്കാൻ കഴിയുന്ന പൊതുസമ്മതരായ എഴുത്തുകാരെയും നിഷ്പക്ഷ മാധ്യമങ്ങളെയും വിലക്കെടുത്തും പ്രലോഭിപ്പിച്ചും പ്രചാരകരാക്കുക, താരപൊലിമയുള്ളവരെ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ റോഡ്‌ഷോകളിൽ അണിനിരത്തുക അങ്ങനെ പോകുന്നു വോട്ടു ഉറപ്പിക്കാൻ മാമാങ്കങ്ങൾ.

ഉൽപ്പന്നങ്ങളുടെ വില നിര്‍ണ്ണയിക്കുമ്പോൾ പരസ്യച്ചെലവ് അന്തര്‍‌ലീനമാകുന്നതുപോലെ പൊതു ഖാജനാവിൽ നിന്നും പദ്ധതികളിലേക്കു പണമെത്തുമ്പോൾ കൃത്യമായ വിഹിതം മാർക്കറ്റിംഗിനായി മാറ്റി വയ്ക്കപ്പെടുന്നു.

ഉപഭോക്താവ് അവശ്യം അറിഞ്ഞിരിക്കേണ്ട ഉൽപ്പന്ന വിവരങ്ങൾ മറച്ചു പിടിക്കുകയും കറുത്തമേനി വെളുപ്പിക്കുന്ന ചർമ്മ ലേപനങ്ങളുടെ ഇല്ലാത്ത ഗുണമേന്മ വെളുത്ത സുന്ദരിമാർ സാക്ഷ്യപ്പെടുത്തുന്നതുപോലെ സർക്കാർ പദ്ധതികൾ ചായം പൂശി ബഹുവർണ്ണ ബാനറുകളിൽ പൊതുജന മനസ്സുകളിൽ നിറക്കുന്നു. ഒറിജിനലും വ്യാജനും തിരിച്ചറിയാൻ കഴിയാത്ത ഭ്രമാത്മകതയുടെ ലോകത്തു സാധാരണ വോട്ടർമാരെ കൊണ്ടുചെന്നെത്തിക്കുന്ന രീതിയിൽ തെരഞ്ഞെടുപ്പ് പ്രചാരണം മാറി മറിഞ്ഞിരിക്കുന്നു. ഭരിച്ചവരെയും ഭരിക്കാൻ ആഗ്രഹിക്കുന്നവരെയും കാര്യകാരണ സഹിതം വിചാരണ ചെയ്തു വിധിയെഴുതേണ്ട അവസരമാണ് ഇവിടെ നഷ്ടമാകുന്നത്.

വിചാരണയെ അപ്രസക്തമാക്കി ഏകപക്ഷിയമായി വിധി പ്രഖ്യാപിക്കപ്പെട്ട ഈ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയുടെ പ്രചാരണ സംഘം പൊതുജനങ്ങളുടെ ശ്രദ്ധയിൽ ഒരിക്കലും വരാതിരിക്കാൻ ജാഗ്രത പുലർത്തിയതും മാധ്യമങ്ങൾ ബോധപൂർവ്വം മറക്കുന്നതുമായ ചില വിവരങ്ങൾ കൂടി പറഞ്ഞാലേ ഈ പംക്തി പൂർണ്ണമാകൂ.

29,295 കോടി രൂപയുടെ കമ്മി ബഡ്ജറ്റാണ് നടപ്പു സാമ്പത്തിക വര്‍ഷത്തേക്കായി ധനമന്ത്രി നിയമസഭയിൽ അവതരിപ്പിച്ചു പാസ്സാക്കിയത്. മുൻ സർക്കാരിന്റെ കെടുകാര്യസ്ഥതയെയും അഴിമതിയെയും വിഷയമാക്കി ഭരണം നേടിയ സർക്കാരിന്റെ ധനമന്ത്രി നടത്തിയ ധന വിനിയോഗമിങ്ങനെ: മഹാപ്രളയത്തിനു മുൻപുവരെ ഭരണ വാർഷിക ആഘോഷങ്ങൾക്ക് ചെലവിട്ടത് 30.57 കോടി, യാതൊരു പരിഷ്കരണവും നിർദ്ദേശിക്കാത്ത ഭരണ പരിഷ്കാര കമ്മീഷൻ ചെലവഴിച്ചതു ഏഴേകാൽ കോടി, പാർട്ടിക്കാർ പാർട്ടിക്കാർക്ക് വേണ്ടി മാത്രം നടത്തുന്ന റബ്‌കോ മാർക്‌ഫെഡ് റബർ മാർക്കറ്റിംഗ് എന്നിവയുടെ ധൂർത്തിനായി നൽകിയത് 306 കോടി, രണ്ടു പ്രാവശ്യം എം പിയായി ഭേദപ്പെട്ട പെൻഷനുള്ള തോറ്റ എം പിക്ക് ഡൽഹിയിൽ ഓഫീസ്‌ നടത്താൻ 50 ലക്ഷം, വിവിധ ഉപദേശകർക്കായി മറ്റൊരു 6 കോടി, പി.ആർ.ഡി വകുപ്പിനെ വെറുതെയിരുത്തി പാർട്ടി പത്രക്കാരും ചാനലുകാരും ചേർന്ന് കോടികൾ വസൂലാക്കിയത് പോരാഞ്ഞിട്ട് സർക്കാർ സെക്രട്ടറിയുടെയും സ്പെഷ്യൽ സെക്രട്ടറിയുടെയും സ്കെയിലിൽ ആജീവനാന്തം പെൻഷനും ഉറപ്പാക്കി.

നൂറ്റി അൻപതിൽ പരം പാർട്ടി അനുഭാവികളായ ആളുകൾ സർക്കാർ അഭിഭാഷകരായി ഹൈക്കോടതിയിൽ നിലവിലുള്ളപ്പോൾ അവരെ നിയന്ത്രിക്കാൻ എ ജി യും ഡെപ്യൂട്ടിമാരും നിലനിൽക്കെ പ്രതിമാസം ഒന്നേകാൽ ലക്ഷത്തോളം രൂപയുടെ ആനുകുല്യങ്ങളോടെ ഒരു ലൈസൻ ഓഫീസറും മറ്റൊരു നിയമ ഉപദേഷ്ടാവും പുതുതായി നിയമിക്കപ്പെട്ടു.

ഈ അഭിഭാഷക പടയുടെ സാന്നിധ്യമുണ്ടായിട്ടും പ്രമാദമായ അഞ്ചോളം കേസുകളിൽ വൻ പ്രതിഫലം നൽകി സുപ്രിം കോടതി വക്കീലന്മാരെ കേരളത്തിൽ എത്തിച്ചും മിടുക്കു തെളിയിച്ചു. നാളിതുവരെ കേരളം കാണാത്ത ധൂർത്തിലൂടെ പൊതുകടം സർവകാല റെക്കോർഡിലെത്തിച്ചു. ഒരു ലക്ഷത്തി ഇരുപതിനായിരം പേര് PSC മുഖേന സർക്കാർ സർവീസിൽ എത്തിയപ്പോൾ പിൻവാതിലിലൂടെ സർക്കാർ ഉദ്യോഗം കവർന്നെടുത്ത പാർട്ടിക്കാർ രണ്ടു ലക്ഷം. ഉന്നത വിദ്യാഭ്യാസ മേഖലയിലെ സർവ്വകലാ ശാലകളിലെ പ്രൊഫസ്സർ തസ്തികകൾ ഒട്ടുമുക്കാലും യുവജന നേതാക്കന്മാരുടെ സഹധർമ്മിണിമാർക്കായി സംവരണം ചെയ്തു മാതൃകയും കാണിച്ചു. ഈ വിവരങ്ങളൊക്കെ തെരഞ്ഞെടുപ്പ് സമയത്തു ഉയർന്നു വരാതിരിക്കാൻ ഒരു 800 കോടിയുടെ പരസ്യം കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ മാധ്യമങ്ങൾക്കു നൽകാനും സർക്കാർ മറന്നില്ല.

തുടർഭരണ പ്രവചനങ്ങളും സ്തുതിഗീതങ്ങളും മാധ്യമങ്ങളിൽ നിറയുമ്പോഴും ഇന്ത്യൻ യൂണിയന്റെ ഭാഗമായ കേരളത്തെ ഒരു സ്വതന്ത്ര രാജ്യമാക്കാനാണെന്നു തോന്നുമാറുള്ള പ്രഖ്യാപനങ്ങൾ ചിലരെങ്കിലും ചൂണ്ടി കാണിക്കുന്നത് ശുഭോദർക്കമാണ് . ഫെഡറൽ സംവിധാനത്തെയും രാജ്യത്തിന്റെ അഖണ്ഡതയെയും വെല്ലുവിളിച്ചുകൊണ്ട് ഭരണഘടനാ സ്ഥാപനങ്ങളായ സി ആൻറ് എജി, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സി.ബി.ഐ, കസ്റ്റംസ്, റിസേർവ് ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളെ വെല്ലുവിളിക്കുക നിലനിൽക്കില്ല എന്നറിഞ്ഞുകൊണ്ടു തന്നെ അവർക്കെതിരെ കേസെടുക്കാൻ ശ്രമിക്കുക
എന്നിവയൊക്കെത്തന്നെ ആശാസ്യമല്ലാത്ത നടപടികളാണ്. ത്യാഗോജ്വലമായ പോരാട്ടങ്ങളിലൂടെ ഇന്ത്യ സ്വാതന്ത്രയായപ്പോൾ അത് അംഗീകരിക്കാതിരുന്ന ഒരു പാർട്ടി, ഇന്ത്യയെ പതിനഞ്ചു സ്വതന്ത്ര രാഷ്ട്രങ്ങൾ ആക്കണമെന്ന് ബ്രിട്ടനോട് ആവശ്യപ്പെട്ട പാർട്ടി അതിന്റെ മുൻനിലപാടുകളിലേക്കു മടങ്ങുകയാണോയെന്നു ചിലരെങ്കിലും സംശയിക്കുന്നുണ്ടാകാം.

മുഖ്യ വിഷയങ്ങളെ പിന്നിലാക്കി കെട്ടുകാഴ്ച്ചകൾ കളം നിറയ്ക്കുന്ന ഈ തെരഞ്ഞെടുപ്പിൽ നിലവിലുള്ള സർക്കാർ തുടര്‍ഭരണം നേടിയാൽ അത് അനേകം രാഷ്ട്രീയ സമസ്യകളുടെ തുടക്കം കൂടിയായിരിക്കുമെന്നു പല നിരീക്ഷകരും ചൂണ്ടിക്കാണിക്കുന്നുമുണ്ട്. നമുക്ക് കാത്തിരിക്കാം.

Print Friendly, PDF & Email

Related News

Leave a Comment