വാക്സിനേഷൻ സ്വീകരിച്ച യാത്രക്കാരെ ക്വാറന്റിനിൽ നിന്നും ഒഴിവാക്കണം: പ്രവാസി മലയാളി ഫെഡറേഷൻ

ന്യൂയോർക്ക്: ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിൽ വിമാനമിറങ്ങുന്ന കോവിഡ് വാക്‌സിൻ സ്വീകരിച്ച എല്ലാ യാത്രക്കാർക്കും ക്വാറന്റൈൻ ഒഴിവാക്കണമെന്നു പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ കമ്മിറ്റി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ചു അടിയന്തിര തീരുമാനം എടുക്കണമെന്ന് ഇന്ത്യാ ഗവൺന്മെന്റിനോടും, വിദേശകാര്യ വകുപ്പിനോടും ഗ്ലോബൽ കോർഡിനേറ്റർ ജോസ് പനച്ചിക്കൻ ,ചെയർമാൻ ഡോ. ജോസ് കാനാട്ട് , ഗ്ലോബൽ പ്രസിഡന്റ് എം. പി സലിം, സെക്രട്ടറി വർഗീസ് ജോൺ ,അമേരിക്കൻ കോർഡിനേറ്റർ ഷാജി എസ്. രാമപുരം എന്നിവർ സമർപ്പിച്ച നിവേദനത്തിൽ അഭ്യർത്ഥിച്ചു.

വിമാനത്താവളത്തിൽ വന്നിറങ്ങുന്നവരിൽ നിന്നും കോവിഡ് പരിശോധനക്കു ഈടാക്കിയിരുന്ന ഫീസ് പി.എം.എഫ് ഉൾപ്പെടെയുള്ള സംഘടനകളുടെ സമ്മർദ്ദത്തെത്തുടർന്നു പിൻവലിച്ച ഗവണ്മെന്റ് ഈ വിഷയത്തിലും അനുകൂല തീരുമാനമെടുക്കുമെന്ന് നേതാക്കൾ വിശ്വാസം പ്രകടിപ്പിച്ചു.

ഇന്ത്യയിലേയ്ക്ക് പോകുന്ന എല്ലാ യാത്രക്കാരും 72 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാകണമെന്ന നിബന്ധന പിൻവലിക്കണമെന്നും പി.എം.എഫ് കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടു.

കേന്ദ്രസർക്കാർ പുറപ്പെടുവിച്ച പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം ഇന്ത്യയിലേയ്ക്ക് പോകുന്ന ഓരോ പ്രവാസിയും 72 മണിക്കൂറിനുള്ളിൽ ആർടി-പിസിആർ ടെസ്റ്റ് നടത്തി കൊറോണ നെഗറ്റീവ് ആണെന്ന റിപ്പോർട്ട് എയർ സുവിധ പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം. മാത്രമല്ല ചെക്ക്-ഇൻ സമയത്ത് ആ റിപ്പോർട്ട് ഹാജരാക്കുകയും വേണം ഇതിനു ശേഷം മാത്രമേ യാത്രക്കാരെ വിമാനത്തിൽ പ്രവേശിപ്പിക്കുകയുള്ളൂവെന്നത് പ്രവാസികളെ ഏറെ ബുദ്ധിമുട്ടിലാക്കുന്ന നടപടിയാണ് . പണവും സമയവും ഒരുപോലെ ചിലവാക്കിയാലേ റിപ്പോർട്ട് ലഭിക്കുകയെന്നുള്ളതും പലർക്കും യാത്ര പോലും മുടങ്ങാനുള്ള സാധ്യത ഉണ്ടാക്കുന്നു . നാട്ടിലെത്തിയ ശേഷം കൊറോണ ടെസ്റ്റ് ചെയ്യേണ്ട അവസ്ഥ പ്രവാസികൾക്കുണ്ട്. അപ്പോൾ യാത്ര ചെയ്യുന്നതിന് മുൻപും ടെസ്റ്റ് നടത്തുന്നതിന് ന്യായികരണവുമില്ലന്നു പി എം എഫ് നേതാക്കൾ ചൂണ്ടിക്കാട്ടി.

Print Friendly, PDF & Email

Leave a Comment