Flash News

വസന്തകാല അവധി: കുട്ടികൾക്ക് പരിശീലനക്കളരികളൊരുക്കി ഷാർജയിലെ വിനോദ കേന്ദ്രങ്ങൾ

April 1, 2021 , നസീല്‍ മുഹമ്മദ്

വസന്തകാല അവധി ആഘോഷിക്കാൻ വേറിട്ട വിരുന്നൊരുക്കി ഷാർജയിലെ വിനോദകേന്ദ്രങ്ങൾ. ഷാർജ നിക്ഷേപ വികസന വകുപ്പിന് (ഷുറൂഖ്) കീഴിലുള്ള നാല് വിനോദകേന്ദ്രങ്ങളിലായാണ് പ്രത്യേകം തയാറാക്കിയ പരിശീലനക്കളരികളും പരിപാടികളും അരങ്ങേറുക. കുട്ടികളിലെ സർഗാത്മകതയും ഭാവനയും പ്രോത്സാഹിപ്പിക്കാൻ പാകത്തിലൊരുക്കുന്ന പരിശീലനക്കളരികളിൽ തീർത്തും സൗജന്യമായി പങ്കെടുക്കാവുന്നവയുമുണ്ട്.

കുടുംബസഞ്ചാരികളുടെ പ്രിയകേന്ദ്രങ്ങളായ ഷാർജയിലെ അൽ ഖസ്ബ, അൽ മജാസ് വാട്ടർഫ്രണ്ട്, ഖോർഫക്കാൻ ബീച്ച് കോർണിഷ്, അൽ മുൻതസ പാർക്ക് എന്നിവിടങ്ങളിലായി ഏപ്രിൽ 10 വരെയാവും പരിപാടികൾ അരങ്ങേറുക. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളെല്ലാം പാലിച്ചുകൊണ്ടാണ് കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ പങ്കാളികളാകാവുന്ന വിനോദങ്ങൾ ക്രമീകരിച്ചിട്ടുള്ളത്.

“സഞ്ചാരികൾക്കും ഷാർജ നിവാസികൾക്കുമെല്ലാം ഏറെ ആനന്ദകരമായ അവധിക്കാലമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഷുറൂഖ് സ്പ്രിങ് കാമ്പയിൻ അണിയിച്ചൊരുക്കുന്നത്. കുട്ടികളിലെ ഭാവനയും ക്രിയാത്മകതയും പ്രോത്സാഹിപ്പിക്കാൻ പാകത്തിലുള്ള നിരവധി പരിപാടികൾ ഇതിന്റെ ഭാ​ഗമായുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ കൃത്യമായ സുരക്ഷാ സംവിധാനങ്ങളും നിയന്ത്രണങ്ങളും ക്രമീകരിച്ചു തന്നെയാണ് എല്ലാം ഒരുക്കിയിട്ടുള്ളത്. സുരക്ഷിത അകലം പാലിച്ച്, കൃത്യമായി സാനിറ്റൈസ് ചെയ്ത് എല്ലാവർക്കും പരിപാടിയുടെ ഭാ​ഗമാവാം. വന്നെത്തുന്നവർ ഈ നിർദേശങ്ങൾ പാലിക്കുന്നുണ്ട് എന്നുറപ്പുവരുത്താൻ എല്ലായിടത്തും നിർദേശങ്ങളങ്ങിയ ബോർഡുകളും സഹായത്തിനായുള്ള വളണ്ടിയർമാരുമുണ്ടാവും” – ഷുറൂഖ് ചീഫ് ഓപറേറ്റിങ് ഓഫിസർ അഹ്മദ് ഒബൈദ് അൽ ഖസീർ പറഞ്ഞു.

വിവിധ സംഘടനകളും സ്ഥാപനങ്ങളുമായി ചേർന്ന് ഒട്ടനവധി പരിശീലക്കളരികളും മത്സരങ്ങളും പത്തു ദിവസം നീണ്ടു നിൽക്കുന്ന ‘ഷുറൂഖ് സ്പ്രിങ് കാമ്പയിന്റെ’ ഭാ​ഗമായി ഒരുക്കിയിട്ടുണ്ട്. കുട്ടികളിലെ പ്രശ്നപരിഹാര ശേഷി വർധിപ്പിക്കുക, അവർക്ക് പുതിയ നൈപുണ്യങ്ങൾ പരിചയപ്പെടുത്തുക, സർ​ഗാത്മകതയും ഭാവനയും പ്രോത്സാഹിപ്പിക്കുന്ന എന്ന നിരവധി ലക്ഷ്യങ്ങളോടെയാണ് അത്യാധുനിക വിഷയങ്ങളിലടക്കം പ്രത്യേക പരിശീലനക്കളരികൾ ഒരുക്കിയിട്ടുള്ളത്.

കൃതിമബുദ്ധിയെക്കുറിച്ചും യന്ത്രമനുഷ്യനെക്കുറിച്ചുമെല്ലാം അറിവ് പകരുന്ന ‘റോബോട്ടിക്സ് പരിശീലനക്കളരി’യാണ് അൽ ഖസ്ബയിൽ ഒരുങ്ങുന്ന പ്രധാനപരിപാടികളിലൊന്ന്. ആറ് മുതൽ 9 വയസ്സ് വരെയുള്ള കുട്ടികൾക്കും പത്ത് മുതൽ പതിനഞ്ച് വയസ്സ് വരെയുള്ള കുട്ടികൾക്കുമായി വൈകിട്ട് 6.30 മുതൽ 7.30 വരെ ഒരു മണിക്കൂർ നീണ്ടു നിൽക്കുന്ന പ്രത്യേക സെഷനുകളുണ്ടാവും. ‘ഫൺ റോബോട്ടിക്സ്’ എന്ന സ്ഥാപനവുമായി ചേർന്നാണ് ഇതൊരുക്കുന്നത്.

കുട്ടികളിലെ ക്രിയാത്മകതയും ഭാവനയും വളർത്താൻ കലാ പരിശീലനക്കളരിയും ഇവിടെയൊരുങ്ങും. ബോട്ടിൽ പെയിന്റിങ്, മാസ്ക് എംബ്രോയിഡറി, ത്രീഡി പെയിന്റിങ് അടക്കം നാല് വ്യത്യസ്ത കലാപരിശീലനങ്ങളുടെ പത്ത് സെഷനുകളാണുണ്ടാവുക. ആറ് വയസ്സ് മുതലുള്ള കുട്ടികൾക്ക് ഭാ​ഗമാകാവുന്ന വർക് ഷോപ്പുകൾ വൈകുന്നരേം അ‍ഞ്ച് മുതൽ ഏഴു മണി വരെ നടക്കും. വർക് ഷോപ്പുകൾക്ക് പുറമേ ഏപ്രിൽ മൂന്നിന് നാല് മണി മുതൽ ഏഴു മണി വരെ അൽ ഖസ്ബയിൽ പ്രത്യേക മിനി ക്ലാസിക് കാർ പ്രദർശനമേളയും അരങ്ങേറും. എത്തിസലാത്ത്, ലൈഫ് ഫാർമസി തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രത്യകേ ഓഫറുകളും സമ്മാനങ്ങളും ലഭിക്കാനുള്ള അവസരവും അൽ ഖസ്ബയിലുണ്ടാകും.

കുട്ടികളിലെ കഴിവ് പുറത്തെടുക്കാനും അതുവഴി സമ്മാനം നേടാനുമുള്ള അവസരങ്ങളുമാണ് അൽ മജാസ് വാട്ടർ ഫ്രണ്ടിലൊരുങ്ങുന്നത്. എല്ലാ ദിവസവും വൈകുന്നേരം നാല് മുതൽ രാത്രി 11 വരെ ഇത്തരത്തിലുള്ള മത്സരങ്ങളുണ്ടാകും. ഇതിന് പുറമേ പട്ടം പറത്തൽ, വളർത്തുമൃ​ഗങ്ങളുടെ മിനി സൂ, കുതിരസവാരി എന്നിവയും ആസ്വദിക്കാം.

സർക്കസ് മേളകളാണ് അൽ മുൻതസയിലെ പ്രധാന വിരുന്ന്. അതിഥികളുടെ സഞ്ചാരാനുഭവത്തിന് കൂടുതൽ നിറം പകരാൻ ഒരുക്കുന്ന കാർണിവലിൽ ആറം​ഗ സംഘത്തിന്റെ വേഷപ്പകർച്ചകളും തമാശകളുമുണ്ടാകും. ഇതിന് പുറമേ കരവിരുതിലൊരുക്കിയ ആഭരണങ്ങൾ, അലങ്കാര വസ്തുക്കൾ, വീടകത്തും പുറത്തും വയ്ക്കാവുന്ന ചെടികൾ, കരകൗശലവസ്തുക്കൾ തുടങ്ങി നിരവധി കാഴ്ചകളടങ്ങുന്ന പ്രത്യേക സ്പ്രിങ് മാർക്കറ്റും പാർക്കിലുണ്ടാവും.

പൊയ്ക്കാലിൽ നടക്കുന്ന അഭ്യാസികളൊരുക്കുന്ന വർണശബളമായ കാഴ്ചകളാവും ഖോർഫക്കാൻ ബീച്ചിലെ ഹൈലൈറ്റ്. കുട്ടികളുടെ കളിയിടത്തും കോർണിഷിലെ നടപ്പാതകളിലും ഇവരുണ്ടാകും. കോഫീ ബീനിലും തേയിലയിലും കാർട്ടൂൺ കഥാപാത്രങ്ങളെ വരച്ചെടുക്കാൻ പഠിപ്പിക്കുന്ന പ്രത്യേക വർക് ഷോപ്പുകൾ വൈകുന്നേരം അഞ്ചു മണി മുതൽ തുടങ്ങും. ലഞ്ച് ബോക്സ് ഒരുക്കാൻ കുട്ടികളെ പരിശീലിപ്പിക്കുന്ന ‘കിഡ്സ് ലഞ്ച്ബോക്സ്’, കുഞ്ഞു പാചകക്കാരെ പ്രോത്സാഹിപ്പിക്കുന്ന ‘ജെല്ലി-ബെല്ലി’ തുടങ്ങി വേറെയും പരിശീലനക്കളരികളുണ്ട്.

ഇതിന് പുറമേ, എല്ലാ ദിവസവും വൈകുന്നേരം നാല് മുതൽ എട്ടു വരെ, ഷാർജ മറൈൻ സ്പോർട് ക്ലബുമായി ചേർന്ന് പ്രത്യേക എക്സിഹിബിഷനും ഷുറൂഖ് ഖോർഫക്കാനിൽ സംഘടിപ്പിക്കുന്നുണ്ട്. ഇതിലേക്കുള്ള പ്രവേശനം തീർത്തും സൗജന്യമാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top