ദക്ഷിണ ചൈനാക്കടലിലെ ചൈനീസ് പ്രവർത്തനങ്ങൾ യു എസും ഫിലിപ്പീന്‍സും ചർച്ച ചെയ്തു

ദക്ഷിണ ചൈനാക്കടലിലെ ദ്വീപുകൾക്ക് ചുറ്റുമുള്ള ചൈനയുടെ സമീപകാല പ്രവർത്തനങ്ങളെക്കുറിച്ച് അമേരിക്കയിൽ നിന്നും ഫിലിപ്പീൻസിൽ നിന്നുമുള്ള ഉദ്യോഗസ്ഥർ ചർച്ച നടത്തി.

യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവനും അദ്ദേഹത്തിന്റെ ഫിലിപ്പിനോ കൗണ്ടര്‍പാര്‍ട്ട് ഹെർമോജെൻസ് എസ്പെറോണുമാണ് വെര്‍ച്വല്‍ സംഭാഷണം നടത്തിയത്. ദക്ഷിണ ചൈനാക്കടലിലെ വെല്ലുവിളികളോട് പ്രതികരിക്കുന്നതിൽ തുടർന്നും ഏകോപനം തുടരുമെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറഞ്ഞു.

ദക്ഷിണ ചൈനാക്കടലിലെ വിറ്റ്സൺ റീഫിൽ ഫിലിപ്പീൻസിന്റെ 200 മൈൽ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണിനുള്ളിൽ (ഇഇഇസെഡ്) ചൈന “മാരിടൈം മിലിഷ്യ” വിന്യസിക്കുന്നുവെന്ന് മനില ആരോപിച്ചതിനെ തുടർന്നാണ് ചർച്ച. എന്നാല്‍, ചൈനീസ് നയതന്ത്രജ്ഞർ ഈ വാദം നിരസിച്ചു.

പലവാൻ ദ്വീപിന് ഏകദേശം 320 കിലോമീറ്റർ പടിഞ്ഞാറ് വിറ്റ്സൺ റീഫിലും ഫിലിപ്പൈൻ ഇഇസെഡിനകത്തും 200 ഓളം ചൈനീസ് കപ്പലുകൾ എത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.

കപ്പലുകൾ പിൻവലിക്കണമെന്ന് മനില നേരത്തെ ബീജിംഗിനോട് ആവശ്യപ്പെട്ടിരുന്നു. ഈ പ്രദേശത്തെ ചൈനയുടെ സാന്നിധ്യം “പരമാധികാര പ്രദേശത്തേക്കുള്ള കടന്നുകയറ്റം” എന്നാണ് ഫിലിപ്പീന്‍സ് വിശേഷിപ്പിച്ചത്.

ചൈന, ബ്രൂണൈ, മലേഷ്യ, ഫിലിപ്പൈൻസ്, തായ്‌വാൻ, വിയറ്റ്നാം എന്നീ രാജ്യങ്ങള്‍ക്ക് ദക്ഷിണ ചൈനാ കടലിൽ പ്രാദേശിക അവകാശങ്ങളുണ്ട്. കാരണം, ഇത് പ്രകൃതിവിഭവങ്ങളാൽ സമ്പന്നമായ ഒരു പ്രധാന ആഗോള വ്യാപാര മാർഗമാണ്.

പ്രാദേശിക തർക്കത്തിൽ ബീജിംഗിന്റെ എതിരാളികളുമായി യുഎസ് പക്ഷം ചേരുകയും യുക്കപ്പലുകളും യുദ്ധവിമാനങ്ങളും തെക്കൻ ചൈനാക്കടലിലേക്ക് പതിവായി അയക്കുകയും ചെയ്യുന്നുണ്ട്. അതിനെ പതിവ് പട്രോളിംഗിന്റെ ഭാഗമാണെന്നും “നാവിഗേഷൻ സ്വാതന്ത്ര്യമാണെന്നും” വിശേഷിപ്പിക്കുകയും ചെയ്യുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment