ആവേശം വേണ്ട; കലാശക്കൊട്ടിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്; പ്രിയങ്ക ഗാന്ധി കോവിഡ് നിരീക്ഷണത്തില്‍; പ്രചാരണത്തിന് എത്തില്ല

നാളെ തിരുവനന്തപുരത്ത് പ്രചാരണത്തിനിറങ്ങുമെന്ന് പ്രഖ്യാപിച്ച പ്രിയങ്ക ഗാന്ധി, കോവിഡ് നിരീക്ഷണത്തിലായതിനാൽ നേമം, കഴക്കൂട്ടം നിയോജകമണ്ഡലങ്ങളിൽ പ്രചാരണത്തിന് എത്തില്ലെന്ന് അറിയിച്ചു. പകരം നേമത്ത് രാഹുൽ ഗാന്ധി പ്രചാരണം നടത്തുമെന്ന സൂചനയുണ്ട്. വോട്ടെടുപ്പിന് മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കെ, പ്രവചനാതീതമായ നിയോജകമണ്ഡലങ്ങളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 20ഓളം മണ്ഡലങ്ങളില്‍ അതിശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. ത്രികോണ മത്സരത്തിന് പുറമെ ശക്തരായ സ്ഥാനാർഥികളും ഇളക്കി മറിച്ച പ്രചാരണവുമാണ് കൊവിഡ് കാലത്തും തെരഞ്ഞെടുപ്പിനെ പ്രവചനാതീതമാക്കുന്നത്.

അതിനിടെ, ഇരട്ടവോട്ട് ആരോപണത്തിന് പിന്നാലെ കെഎസ്ഇബി അദാനിയുമായി കരാറില്‍ ഏർപ്പെട്ടുവെന്ന ആരോപണവും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചു. അദാനിയില്‍ നിന്ന് വൈദ്യുതി വാങ്ങാൻ 8850 കോടി രൂപയുടെ 25 വർഷത്തേക്കുള്ള കരാറില്‍ ഏർപ്പെട്ടുവെന്നും അതുവഴി അദാനിക്ക് ആയിരം കോടി രൂപയുടെ ലാഭം ഉണ്ടാകാൻ പോകുകയാണെന്നും ചെന്നിത്തല ആരോപിച്ചു. എന്നാല്‍ ചെന്നിത്തലയുടെ ആരോപണങ്ങളെ മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും കെഎസ്‌ഇബിയും തള്ളി. വൈദ്യുതി ബോർഡ് ഉണ്ടാക്കിയ കരാറുകളുടെ എല്ലാ വിവരങ്ങളും കെഎസ്ഇബി വെബ്സൈറ്റിലുണ്ടെന്നും പ്രതിപക്ഷ നേതാവ് കഥ അറിയാതെ ആട്ടം കാണുകയാണെന്നും മന്ത്രി എംഎം മണി മറുപടി പറഞ്ഞു. കരാർ സോളാര്‍ എനര്‍ജി കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുമായിട്ടാണെന്നും അദാനിയുമായി കരാര്‍ ഇല്ലെന്നുമാണ് കെഎസ്ഇബി ചെയർമാൻ പ്രതികരിച്ചത്. അതോടൊപ്പം പ്രളയത്തെ സംബന്ധിച്ച് പ്രതിപക്ഷ നേതാവ് ഉയർത്തിയ ആരോപണങ്ങളെയും മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. വെള്ളപ്പൊക്കത്തിന് കാരണമായത് അതിതീവ്രമഴയാണെന്നും ഫലപ്രദമായ ഡാം മാനേജ്‌മെന്‍റ് മൂലം പ്രളയത്തിന്‍റെ ആഘാതം കുറയ്ക്കാൻ കഴിഞ്ഞെന്നും പിണറായി വിജയൻ പറഞ്ഞു.

അതിനിടെ, തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ കലാശക്കൊട്ടിന് വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തി. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് കലാശക്കൊട്ടിന് വിലക്കേര്‍പ്പെടുത്തിയതെന്നാണ് കമ്മീഷന്‍ വ്യക്തമാക്കിയിരിക്കുന്നത്. ആളുകള്‍ കൂടുന്ന തരത്തില്‍ കലാശക്കൊട്ട് പാടില്ല. നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും ലംഘിക്കപ്പെട്ടാല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലീസിന് നിര്‍ദേശമുണ്ട്. എല്ലാവരും കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നു.

പരസ്യപ്രചാരണം ഏപ്രില്‍ നാലിന് വൈകിട്ട് ഏഴ് മണിക്ക് അവസാനിപ്പിക്കണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. നക്സലൈറ്റ് ബാധിത മേഖലകളില്‍ (ഒന്‍പത് മണ്ഡലങ്ങളില്‍) വൈകിട്ട് ആറ് മണിക്കാണ് പ്രചാരണം അവസാനിപ്പിക്കേണ്ടത്. പരസ്യ പ്രചാരണം അവസാനിച്ച ശേഷം പൊതുയോഗങ്ങള്‍, പ്രകടനങ്ങള്‍, രാഷ്ട്രീയ ആഭിമുഖ്യമുള്ള കലാപരിപാടികള്‍ തുടങ്ങിയവും ടെലിവിഷനിലും അതുപോലുള്ള ഇലക്ട്രോണിക് മാധ്യമങ്ങളിലും രാഷ്ട്രീയ പ്രചാരണങ്ങളും നടത്തരുതെന്നും കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം വരെ തടവും പിഴയും രണ്ടും കൂടിയോ ലഭിക്കും. 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 126(1) പ്രകാരം തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണം തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതിന് 48 മണിക്കൂര്‍ മുമ്പ് അവസാനിപ്പിക്കണം. ഈ കാലയളവില്‍ അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്ന രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റിയുടെ മുന്‍കൂര്‍ അനുമതി നേടണമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment