Flash News

കേരളാ ഇലക്ഷനും ജനപക്ഷ ചിന്തകളും: എ.സി. ജോര്‍ജ്

April 2, 2021

ഇപ്പോഴത്തെ കേരളാ അസംബ്ലി ഇലക്ഷനില്‍ കക്ഷിരാഷ്ട്രീയ ഭേദമന്യെ ജനാധിപത്യ വോട്ടിംഗ് രാഷ്ട്രീയ പ്രക്രീയയില്‍ ജനപക്ഷത്ത് ഉറച്ചു നിന്ന് അല്പം ശിഥിലമായ സ്വതന്ത്ര ചിന്തകള്‍ രേഖപ്പെടുത്തുകയാണീ ലേഖനത്തിന്‍റെ ലക്ഷ്യം. ജനപക്ഷം എന്നെഴുതിയതില്‍ ഉദ്ദേശിക്കുന്നത് പി.സി ജോര്‍ജ്ജിന്‍റെ ജനപക്ഷം പാര്‍ട്ടിപക്ഷ ചിന്തകളാണെന്ന് തെറ്റിദ്ധരിക്കരുത്. എല്ലാ പാര്‍ട്ടിക്കാരും മുന്നണിക്കാരും അവകാശപ്പെടുന്നത് അവരവര്‍ തന്നെയാണു കൂടുതല്‍ ജനക്ഷേമത്തിനായി ജനപക്ഷത്തു നില്‍ക്കുന്നതെന്നാണല്ലോ. നാട്ടില്‍ വസിച്ചാലും വിദേശത്തു വസിച്ചാലും ഏതൊരാള്‍ക്കും സഭ്യമായ ഭാഷയില്‍ എന്തും തുറന്നെഴുതാനും പറയാനും സ്വാതന്ത്ര്യവും അവകാശവുമുണ്ടെന്ന കാര്യം ഒരു വിമര്‍ശകരും മറക്കരുത്.

അത്യന്തം സേവന തല്‍പ്പരതയോടെ ജനങ്ങള്‍ കനിഞ്ഞു നല്‍കുന്ന എം.എല്‍.എ. തൊഴില്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനായി രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ത്ഥികളും ജനപക്ഷത്തിന്‍റെ മുമ്പില്‍ വോട്ടിനായി യാചിക്കുന്ന ഒരവസരമാണിത്. ഇപ്പോള്‍ സാക്ഷാല്‍ എല്ലാ സ്ഥാനാര്‍ത്ഥികളും ജനങ്ങളുടെ മുമ്പില്‍ വോട്ടിനായി ഓച്ഛാനിച്ചു നില്‍ക്കുന്ന വെറും അപേക്ഷകരും കൂലിതൊഴിലാളികളുമാണ്. അതായത് ഇപ്പോള്‍ ജനാധിപത്യമാണ്, ജനങ്ങളാണ് തങ്ങളുടെ യജമാനന്മാരും അന്നദാതാക്കളെന്നും അവര്‍ തൊള്ള തുറന്നു വിളിച്ചു പറയുന്നു. എന്നാല്‍ ജയിച്ചു കഴിഞ്ഞാല്‍ ഈ ജനസേവകരുടെ നിറം ഓന്തിന്‍റെ മാതിരി പെട്ടെന്നു മാറുന്നു. ഒന്നുകൂടെ വ്യക്തമാക്കാം… അതായത് ഇവരൊക്കെ തെരഞ്ഞെടുപ്പ് എന്ന പാലം കടക്കുവോളം നാരായണാ…. നാരായണ…. എന്നു ജനങ്ങളാകുന്ന ദൈവങ്ങളെ വിളിച്ച് പ്രാര്‍ത്ഥിക്കുന്നു. കടമ്പ-പാലം-കടന്ന് ഒന്നു ജയിച്ചു കിട്ടിയാല്‍ പിന്നെ ഇവര്‍ തങ്ങളെ തെരഞ്ഞെടുത്ത ജനങ്ങളെ നാരായണനെന്നല്ലാ കൂരായണ എന്ന് വിളിച്ച് അവഹേളിക്കുന്നു. പിന്നെ ജയിച്ച കൂട്ടര്‍ക്ക് ജനാധിപത്യ വിശ്വാസമില്ല. മറിച്ച് ജനങ്ങളുടെ മേല്‍ ആധിപത്യമാണ് ജനാധിപത്യം എന്ന തോതിലുള്ള പ്രവര്‍ത്തനമാരംഭിക്കുന്നു. ജനങ്ങളുടെ നികുതി പണം ഖജനാവ് ധൂര്‍ത്തടിക്കുന്നു, കൊള്ളയടിക്കുന്നു. അഴിമതി, കൈക്കൂലി, സ്വജനപക്ഷപാതം, അനീതി, അക്രമം തുടങ്ങിയ ജനവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി അവര്‍ മുന്നേറുന്നു. വാഗ്ദാനങ്ങള്‍ കാറ്റില്‍ പറത്തുന്നു, ലംഘിക്കുന്നു. കുറ്റകൃത്യങ്ങള്‍ മൂടിവെക്കാനായി അവര്‍ ധാരാളം മുടന്തന്‍ ന്യായങ്ങള്‍ നിരത്തുന്നു. ജനാധിപത്യത്തിന്‍റെ പേരില്‍ ജനങ്ങളുടെ മേല്‍ സര്‍വാധിപത്യത്തിന്‍റെ പിടിമുറുക്കി അവര്‍ വോട്ടറന്മാരായ സാധാരണക്കാരേയും പൊതുജനങ്ങളേയും അനേക വര്‍ഷങ്ങളായി വഞ്ചിച്ചും കബളിപ്പിച്ചും വരുന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഈ മുന്നണികളും പിന്നണികളും യാതൊരു തത്വദീക്ഷയുമില്ലാതെമാറിമാറിജയിച്ചും ഭരിച്ചും പ്രതിപക്ഷത്തിരുന്നും തങ്ങളുടെ അന്നദാതാക്കളായ, യജമാനന്മാരായ ജനങ്ങളെ നോക്കി പരിഹസിക്കുന്നു. ചില വിജയികള്‍ ഭീമമായ തുക കൈപ്പറ്റിയോ, സ്ഥാനമാനങ്ങള്‍ മോഹിച്ചോ വളരെ എളുപ്പത്തില്‍ അവര്‍ എതിര്‍ത്ത എതിര്‍ചേരിയുടെ ചാക്കില്‍ യാതൊരുഉളുപ്പുമില്ലാതെ കയറി വിലസുന്നതും പുത്തരിയല്ല.

ഭരിക്കുന്ന പാര്‍ട്ടിയുടേയും നേതാക്കളുടേയും അന്യായങ്ങളേയും കൊള്ളയേയും നേരിട്ട് പൊറുതി മുട്ടുമ്പോള്‍ എതിര്‍ മുന്നണിക്ക് വോട്ട് ചെയ്ത് വിജയിപ്പിച്ച് വീണ്ടും ഓരോ പ്രാവശ്യവും ‘തമ്മില്‍ ഭേദം തൊമ്മന്‍’ എന്ന രീതിയില്‍ മാത്രം ഓരോ മുന്നണിയേയും മാറിമാറി ജയിപ്പിക്കുന്നു, തോല്‍പ്പിക്കുന്നു. കക്ഷികളുടേയും തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളുടേയും ഭൂതകാല പ്രകടനങ്ങള്‍ ഈ നിലയിലായതിനാല്‍ ഈ വരുന്ന ഇലക്ഷനിലും ജനങ്ങള്‍ നല്‍കുന്ന ജയപരാജയങ്ങളോ മാല്‍ഡേറ്റൊ അവരുടെ പ്രവര്‍ത്തന സേവന മികവിന്‍റെ അംഗീകാരമായി കരുതരുത്. പ്രത്യുത പ്രവര്‍ത്തന പരാജയങ്ങള്‍ക്ക് ഇപ്പോഴത്തെ ഭരണകക്ഷിക്ക് എതിരായ ഒരു ശിക്ഷണ നടപടിയായി മാത്രം കണ്ടാല്‍ മതി. അതായത് ഭരണപക്ഷത്തിന് ജനങ്ങള്‍ നല്‍കിയ പരാജയം പ്രതിപക്ഷത്തിന് ജയമായി കലാശിക്കുന്നു.

കേന്ദ്രത്തിലെ, കേരളത്തിലെ ഭരണപ്രതിപക്ഷ കക്ഷികള്‍ ഉള്‍പ്പെടുന്ന വിവിധതരം അഴിമതികള്‍, അനധികൃത സ്വത്തു സമ്പാദനം, അനധികൃത നിയമനങ്ങള്‍, ബന്ധു നിയമനങ്ങള്‍, നികുതി വെട്ടിപ്പ്, തട്ടിപ്പ്, ബിനാമി ഇടപാടുകള്‍, ലഹരിമരുന്ന്, സ്വര്‍ണ്ണക്കടത്ത്, കള്ളക്കടത്ത്, സ്പ്രിങ്ക്ളര്‍ അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍, സോളാര്‍ അഴിമതി, ബാര്‍ കോഴ, കെ.എസ്.എഫില്‍ കള്ളപ്പണം വെളുപ്പിക്കല്‍, മെഡിക്കല്‍ ചികിത്സ പിഴവുകള്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ തത്വദീക്ഷ ഇല്ലായ്മ, അവരുടെ കാലുമാറ്റം, കാലു വാരല്‍, ജനപ്രതിനിധികളെ ചാക്കിട്ടു പിടുത്തം, കൊള്ള, കൊല, ബലാത്സംഗം, മതനേതാക്കളുടെ വര്‍ഗീയ കക്ഷികളുടെ അഴിഞ്ഞാട്ടം, ശബരിമല വിഷയം, പള്ളി പിടുത്തം, ചര്‍ച്ച്ആക്റ്റ്, കോടതി വിധികള്‍ നടപ്പാക്കല്‍, നടപ്പാക്കാതിരിക്കല്‍, ആഴക്കടല്‍ മത്സ്യബന്ധന പദ്ധതി, മതമൗലികവാദം, വര്‍ഗീയത, കര്‍ഷക ബില്ല്, കര്‍ഷക സമരം, പൗരത്വ ബില്‍, മാധ്യമ സ്വാതന്ത്ര്യത്തിന് മേല്‍ കടന്നുകയറ്റം, വിലക്കയറ്റം, നികുതി വര്‍ദ്ധന, അമിത കടമെടുപ്പ്, സ്വന്തക്കാരെ വകുപ്പുകളില്‍ തിരുകിക്കയറ്റി ഖജനാവ് കൊള്ള, കടുംവെട്ട്, വികസന മുരടിപ്പ്, രാഷ്ട്രീയ മലക്കം മറിച്ചിലുകള്‍, കാലു മാറ്റങ്ങള്‍, അവസര വാദം, ഭരണപക്ഷ പ്രതിപക്ഷ ഒത്തുകളി, ആടിനെ പട്ടിയാക്കല്‍, പൊതുജനങ്ങളെ കളിയാക്കലുകള്‍, കബളിക്കലുകള്‍, ജനാധിപത്യത്തിന്‍റെ കടക്കല്‍ കത്തി, പ്രവാസികളുടെ മേല്‍ കുതിര കയറ്റം, പ്രവാസികളെ ഞെക്കി പിഴിയല്‍, എല്ലാം ഈ അസംബ്ലി തെരഞ്ഞെടുപ്പിനെകൂടെ ബാധിക്കുന്നു.

വര്‍ഗീയതയും മതമൗലികതയും ആളിക്കത്തിച്ച് മൃഗീയ ഭൂരിപക്ഷത്തോടെ ഭരണം പിടിച്ച ബി.ജെ.പി പാര്‍ലമെന്‍റില്‍ ശരിയായ ചര്‍ച്ചയില്ലാതെ ഉള്ള പ്രതിപക്ഷത്തെ പോലും അവഗണിച്ചുകൊണ്ട് ദേശദ്രോഹ, ജനദ്രോഹ ബില്ലുകള്‍ പാസാക്കുന്നു. നടപ്പാക്കുന്നു. ഉദാഹരണത്തിന് നോട്ടു നിരോധനം, പൗരത്വ ബില്‍, കാര്‍ഷിക ബില്‍, കര്‍ഷക പ്രക്ഷോപണങ്ങളെ അടിച്ചമര്‍ത്തുന്നു. കാര്യം പറയുന്നവരെ ഭീകരരും ദേശദ്രോഹികളുമാക്കി തുറുങ്കിലടയ്ക്കുന്നു. അവര്‍ക്കെതിരെ തെളിവുകള്‍ സൃഷ്ടിക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങള്‍ ഒന്നൊന്നായി വിറ്റഴിക്കുന്നു.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതലാണ് ഓരോ പാര്‍ട്ടിയുടേയും മുന്നണികളുടേയും പമ്പര വിഡ്ഢിത്വവും പാപ്പരത്തവും പ്രകടമാകുന്നത്. പാര്‍ട്ടികളുടെ കീഴ്ഘടകങ്ങളില്‍ നിന്ന് ജനാധിപത്യ പ്രക്രിയയില്‍ തെരഞ്ഞെടുക്കപ്പെടുന്നവരെയല്ല മറിച്ച് മേല്‍ത്തട്ടില്‍ നിന്നും വലിയ നേതാക്കളുടെ ചെരുപ്പു നക്കികളും മറ്റുമായവരെയും അടിച്ചേല്‍പ്പിക്കുന്ന, നൂലില്‍ കെട്ടിയിറക്കിയ രീതിയിലുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയങ്ങളാണ് പ്രത്യേകിച്ച് യു.ഡി.എഫില്‍ നടന്നത്. പലവട്ടം തെരഞ്ഞെടുപ്പില്‍ ജയിച്ചവരേയും തോറ്റവരേയും ആവര്‍ത്തിച്ച് ആവര്‍ത്തിച്ചിവിടെ സീറ്റ് നല്‍കിയിരിക്കുകയാണ്. പലവട്ടം ജയിക്കുന്നതും തോല്‍ക്കുന്നതും സ്ഥാനാര്‍ത്ഥിയാകുന്നതും തെറ്റല്ല. മറിച്ച് ഒരു യോഗ്യതയാണെന്നു പറഞ്ഞ് സമ്മര്‍ദ്ദ തന്ത്രവുമായി അവര്‍ വീണ്ടും മല്‍സരിക്കുന്നു. ആകെയുള്ള 140 നിയോജക മണ്ഡലങ്ങളില്‍ ആങ്ങളക്കും പെങ്ങള്‍ക്കും സ്ഥാനാര്‍ത്ഥിത്വം, അവരവരുടെ വിവിധ ബന്ധുക്കള്‍ക്ക് മാത്രം സ്ഥാനാര്‍ത്ഥിത്വം, റിട്ടയര്‍ ചെയ്യുന്നവരുടെ, മരിച്ച നേതാക്കളുടെ മക്കള്‍ക്കൊ ബന്ധുക്കള്‍ക്കൊ സ്ഥാനാര്‍ത്ഥിത്വം, ജനങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത ചില ഗ്ലാമര്‍ സിനിതാരങ്ങള്‍ക്ക് ചന്തി നനയാതെ മീന്‍ പിടിക്കാമെന്ന രീതിയില്‍ സ്ഥാനാര്‍ത്ഥിത്വം, പിന്നെ പണം വാങ്ങിയ പെയ്ഡ്സ്ഥാനാര്‍ത്ഥിത്വം. ഇപ്രകാരം തികച്ചും നീതിക്കു നിരക്കാത്തതും അശാസ്ത്രീയവുമായ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയങ്ങള്‍ നടത്തുന്ന എതു മുന്നണിയായാലും അപലനീയമാണ്. ഇത്തരം സ്ഥാനാര്‍ത്ഥികളെ തെരഞ്ഞുപിടിച്ച്മുന്നണി നോക്കാതെ തന്നെ തോല്‍പ്പിക്കുകയാണ് വേണ്ടത്. തുടര്‍ച്ചയായി മല്‍സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ എത്ര വമ്പനായാലും തോര്‍പ്പിച്ചാല്‍ മാത്രമെ ഇപ്പോഴത്തെ ജനാധിപത്യത്തിന്‍റെ അലകും പിടിയും ശൈലിയും മാറ്റാന്‍ സാധിക്കുകയുള്ളൂ. പരിചയം, എക്സ്പീരിയന്‍സ് എന്നൊക്കെ മുടന്തന്‍ ന്യായങ്ങള്‍ തട്ടിമൂളിച്ച് അധികാര കസേരകള്‍ ചന്തിയില്‍ സ്ഥിരമായി ഗ്ലൂ അടിച്ച്ഒട്ടിച്ച്കൊണ്ടു നടക്കുന്ന കടല്‍ കിഴവന്മാരെ തൂത്തെറിയാന്‍ സമയമായി. എല്ലാ പാര്‍ട്ടിയിലും മുന്നണിയിലും മെല്ലെ പോക്കിനും, അഴിമതിക്കും ദുര്‍ഭരണത്തിനും ചൂട്ടു പിടിച്ചു കൊടുത്തിരിക്കുന്നവരുണ്ട്. അവര്‍ക്കെതിരെ ശബ്ദിക്കാന്‍, അച്ചടക്കത്തിന്‍റെ പേരില്‍ യൂത്തുകള്‍, വനിതകള്‍ അടക്കം പലര്‍ക്കും ഭയമാണ്. കാരണം അച്ചടക്ക ലംഘനവും ഭാവിയില്‍ എന്തെങ്കിലും ലഭ്യമാകേണ്ട അവസരങ്ങളും പോയ്പോകുമോ, നഷ്ടമാകുമോ എന്ന ഭയത്തില്‍ അവര്‍ ആശയാഭിലാഷങ്ങള്‍ അടക്കി മുറുമുറുത്ത് കഴിയുകയാണ്. ഇപ്രകാരം അവസരം നഷ്ടമാക്കികൊണ്ടിരിക്കുന്ന, കഴിവുള്ള സത്യസന്ധരായ പ്രാപ്തരായ എത്രയോ യുവാക്കളും യുവതികളും ഈ രംഗത്തുണ്ടെന്നുള്ള സത്യം വിസ്മരിക്കരുത്. ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ മാത്രം വിമതരും അപരന്മാരുമായി അവര്‍ രംഗത്തു വരുന്നുണ്ട്. കളങ്കിതരും കുറ്റാരോപിതരും തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാതിരിക്കുന്നതാണ് നല്ലത്. ആര്‍ക്കും ആരുടെ മേലും കുറ്റങ്ങള്‍ എപ്പോള്‍ വേണമെങ്കിലും ആരോപിക്കാമല്ലൊ എന്ന കാര്യം തത്വത്തില്‍ അംഗീകരിക്കുന്നു. പക്ഷെ കുറ്റങ്ങള്‍ ആരോപിക്കപ്പെട്ടു നില്‍ക്കുന്നവര്‍ അധിക പക്ഷവും സ്ഥാനമാനങ്ങള്‍ രാജി വെച്ച പാരമ്പര്യവും തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് മാറി നില്‍ക്കുന്ന പാരമ്പര്യവുമാണിവിടെ കണ്ടിട്ടുള്ളത്. കുറ്റാരോപണങ്ങളേയും അന്വേഷണങ്ങളേയും നേരിടാന്‍ തയ്യാറാണെന്നു നാഴികക്കു നാല്‍പ്പതുവട്ടം ഉരുവിടുന്ന അഴിമതിക്കാരായ മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും അതിനെ എല്ലാ തന്ത്രങ്ങളും കുതന്ത്രങ്ങളും ഉപയോഗിച്ച് തടയുകയോ തോല്‍പ്പിക്കുകയോ ആണ്ചെയ്തു വരുന്നത്. അവരുടെ തന്നെ കീഴുദ്യോഗസ്ഥരാകും തങ്ങളുടെ ബോസുകള്‍ക്കെതിരെ അന്വേഷണം നടത്തുക. അതിനാല്‍ അവരുടെ ബോസുകള്‍ക്കനുകൂലമായി തന്നെ നടപടികള്‍ ആക്കി തീര്‍ക്കാനോ വിധി എഴുതാനോ അവര്‍ ബാധ്യസ്ഥരാകുന്നു. മറിച്ച് അനീതിയും, അഴിമതിയും ചെയ്ത ബോസിനെതിരെ എന്തെങ്കിലും സത്യങ്ങള്‍ കണ്ടുപിടിച്ചാല്‍ അവര്‍ക്കു ശിക്ഷയായി സ്ഥാന ചലനമൊ, സ്ഥലം മാറ്റമൊ മറ്റെന്തെങ്കിലുമൊ ആകും ഫലം. പിന്നെ അധികാര സ്ഥാനങ്ങളില്‍ നിന്ന്മാറി നില്‍ക്കാനൊ, സ്വതന്ത്ര ഏജന്‍സികളെ കൊണ്ട് അന്വേഷിക്കാനൊ അവര്‍ തയ്യാറായിരിക്കില്ല.

അധികാരവും ജനസ്വാധീനവും അഴിമതി പണക്കൊഴുപ്പുമുള്ള ഇക്കൂട്ടരെ ജുഡീഷ്യറിയും മീഡിയാക്കാരുപോലും ഭയപ്പെടുന്നു. ഇവരുടെ ശിക്ഷകളും നശീകരണ വൈരാഗ്യ ബുദ്ധികളും ന്യായമായ ആരോപണം ഉന്നയിച്ചവരെ തന്നെ കക്ഷിമാറാന്‍, ആരോപണങ്ങള്‍ തേച്ചുമാച്ചു കളയാന്‍ തന്നെ കാരണമായേക്കാം. ആരോപണ വിധേയരെ അല്ലെങ്കില്‍ പൂര്‍ണ്ണമായും കുറ്റങ്ങള്‍ തെളിയിക്കപ്പെട്ട ചില ക്രിമിനല്‍ മന്ത്രിമാര്‍ക്കും ഓശാന പാടുവാനും അവരെ രാജാവിനെ പോലെ നാടുനീളെ കൊട്ടും കുരവയുമിട്ട് വിജയഭേരിയോടെഎഴുന്നള്ളിക്കാനും ഇവിടെ ധാരാളം ആളുകളുണ്ട്. ആളും അര്‍ത്ഥവും സ്വാധീനവുമുള്ള എതു രാഷ്ട്രീയ കോമരങ്ങള്‍ എത്ര അഴിമതിയുടെ മലമൂത്ര വിസര്‍ജനം നടത്തിയാലും അവരെ തോളിലേറ്റാനിവിടെ ആളുകളുണ്ട്. ഇത്തരം നാറ്റക്കേസുകളെ അവര്‍ അവരുടെ നാസാരന്ധ്രങ്ങളിലെ സുഗന്ധ കേസുകളാക്കി നാടുനീളെ ഗംഭീര സ്വീകരണം നല്‍കി എഴുന്നള്ളിച്ച് ജനങ്ങളെ കൊഞ്ഞനം കാണിക്കുന്നു. ഈ ലേഖകന്‍ ഒരു പാര്‍ട്ടിയുടെയും മുന്നണികളുടെയും പ്രത്യേകമായ വക്താവല്ല. സാധാരണക്കാരായ ജനപക്ഷത്തിന്‍റെ ഒരു സാധാരണ അനുഭാവി മാത്രം. ആ നിലയില്‍ ചിന്തിക്കുമ്പോള്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കം ചിലര്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഇക്കുറി കാണിച്ച പിടിവാശി തികച്ചും ജനവിരുദ്ധവും ബാലിശവുംഅസ്ഥാനത്തുമായിരുന്നു എന്ന് സ്വതന്ത്ര നിരീക്ഷകര്‍ കരുതുന്നു. അര്‍ഹരായ പലരേയും മാറ്റി നിര്‍ത്തിക്കൊണ്ട് പലവട്ടം മല്‍സരിക്കാനും ജയിക്കാനും അവസരം കൊടുത്ത തെളിയിക്കപ്പെടാന്‍ അധികം പ്രയാസപ്പെടേണ്ടതല്ലാത്ത കുറ്റാരോപിതരായ മന്ത്രിമാരടക്കം ചിലരെ മാറ്റി നിര്‍ത്താന്‍ കോണ്‍ഗ്രസ് പ്രസിഡന്‍റും ഹൈക്കമാന്‍റും ആവശ്യപ്പെട്ടിട്ടും വഴങ്ങാതെ ദുര്‍വാശി പിടിച്ച് അവരില്ലെങ്കില്‍ താനും മല്‍സരരംഗത്തുണ്ടാവില്ലായെന്ന് ഭീഷണിയോടെ വെല്ലുവിളിച്ചത് ഒട്ടും ശരിയായില്ല. ദുര്‍ബലമായ ഹൈക്കമാന്‍റ് അധികവും ആ ഭീഷണിക്കു വഴങ്ങിക്കൊടുത്തത് തീര്‍ച്ചയായും വരുംതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്‍റെ ഒരു പ്രതീക്ഷകള്‍ക്കു അല്‍പ്പം മങ്ങലേല്‍ക്കാന്‍ കാരണമായേക്കാം. താന്‍ മല്‍സരിക്കുന്നില്ലെങ്കില്‍ വേണ്ടാ… താന്‍ പലവട്ടം മല്‍സരിച്ചതല്ലെ… അവിടേയും കൂടെ മറ്റൊരാള്‍ക്ക് അവസരം കൊടുക്കാം എന്നു തീര്‍പ്പു കല്‍പ്പിക്കാനുള്ള ഗട്ട്സും ചങ്കുറപ്പും ആ ഹൈക്കമാന്‍റിനും ഇല്ലാതെ പോയി. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ മുഖ്യമായ 3 മുന്നണികളിലും അപാകതകളുണ്ടെങ്കിലും യു.ഡി.എഫില്‍ അത് കൂടുതല്‍ പ്രകടമായതിനാല്‍ ചൂണ്ടിക്കാണിച്ചു എന്നു മാത്രം.

മുഖ്യ മൂന്നു മുന്നണികളുടേയുംസമീപകാലത്തെ പ്രവര്‍ത്തനവും വാഗ്ദാനങ്ങളും മാനിഫെസ്റ്റോകളും പരിശോധിച്ചാല്‍ അതില്‍ വലിയ വ്യത്യാസമില്ല. എല്ലാവരും വികസനവും അഴിമതിരഹിത പ്രവര്‍ത്തനവും വാഗ്ദാനം ചെയ്യുന്നു. ജനങ്ങളുടെ കണ്‍മുമ്പില്‍ തന്നെ ഇത്രയധികം അഴിമതിയും നീതിനിഷേധവും വികസന വിഷയത്തില്‍ മെല്ലെ പോക്കുകളും, വികലമായ മദ്യ നയവും, പ്രകൃതി സംരക്ഷണ നിയമങ്ങളും കാറ്റില്‍ പറത്തിക്കൊണ്ടിരിക്കുന്ന എല്‍.ഡി.എഫിനെ ജയിപ്പിച്ച് എങ്ങിനെ ഭരണതുടര്‍ച്ച നല്‍കാനാകും? ഇപ്പോഴത്തെ ഭരണത്തേക്കാള്‍ കൂടുതലായി ദുര്‍ഭരണം നടത്താനായി അവര്‍ക്കു കൊടുക്കുന്ന ഒരു മാന്‍ഡേറ്റായിരിക്കുമല്ലൊ അത്. അതല്ലാ യു.ഡി.എഫിനെയൊ, അതുമല്ലെങ്കില്‍ എന്‍.ഡി.എ.യെയൊ ജയിപ്പിച്ചു വിട്ടാല്‍ പോസിറ്റീവായ മാറ്റം സംജാതമാകുമോ എന്ന കാര്യത്തില്‍ വഞ്ചിതരായ വോട്ടറന്മാര്‍ ഏറെ സംശയാലുക്കളുമാണ്. ജനങ്ങളെ പമ്പര വിഡ്ഢികളാക്കാന്‍ ഈ മൂന്നു മുന്നണികളും തമ്മില്‍ അവിടെ പല ഇടങ്ങളിലും മൊത്തമായിട്ടും ചില്ലറയായിട്ടും ചില അവിശുദ്ധ ബന്ധങ്ങളും ഉണ്ടെന്നറിയാം. അതിന് ഉത്തമ ഉദാഹരണങ്ങളാണ് ഓരോ മുന്നണിക്കാരും അവരവരുടെ പ്രബല നേതാക്കന്മാര്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും എതിരെ ദുര്‍ബല എതിര്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരിക്കുന്നത്.

ജനപക്ഷത്തു നിന്ന് ചിന്തിക്കുമ്പോള്‍ പലവട്ടം മല്‍സരിച്ച കടല്‍ കിഴവന്മാരെയും കിളവികളേയും അവര്‍ എത്ര വമ്പന്മാരായാലും പാര്‍ട്ടി മുന്നണി ഭേദമന്യെ തോല്‍പ്പിക്കുകയാണ് വേണ്ടത്. അതു സാധിക്കുകയില്ലെന്നും അറിയാം. അമേരിക്കയിലെ പ്രസിഡന്‍ഷ്യല്‍ ഇലക്ഷനും മറ്റുമുള്ള ഒരു ടൈം ലിമിറ്റ് ജനങ്ങള്‍ വോട്ടിംഗ് രീതിയിലൂടെ എങ്കിലും മാറ്റിയെടുക്കണം. അതായത് അവരെ ബാലറ്റിലൂടെ തോല്‍പ്പിക്കണം എന്നുസാരം. താന്‍ അന്‍പത് കൊല്ലം അവിടെ സാമാജികനായിരുന്നു എന്നതൊക്കെ ഇവര്‍ ഒരഭിമാനമായി പറയാന്‍ അനുവദിക്കരുത്. അതൊക്കെ അഭിമാനമല്ല മറിച്ച് ഒരപരാധവും നാണക്കേടും, അവര്‍ അവരേക്കാള്‍ സമര്‍ത്ഥരായവര്‍ക്ക് വഴിമുടക്കികളാണെന്നും കരുതണം. ഇപ്രകാരം നീണ്ട കാലം ഒരു മണ്ഡലം കുത്തകയാക്കി വെക്കുന്നവര്‍ ഒരുമാതിരി പഴയകാല നാട്ടുരാജാക്കന്മാരെയാണ് ഓര്‍മ്മിപ്പിക്കുന്നത്. അവരവിടെ അഴിമതിയും സ്വജനപക്ഷപാതവും നടപ്പാക്കി ജനാധിപത്യമാണ് കശാപ്പു ചെയ്തുകൊണ്ടിരിക്കുന്നത്. ഈ ലേഖകന്‍റെ ഇത്തരത്തിലുള്ള വാദങ്ങള്‍ക്ക് ധാരാളം മറുന്യായങ്ങളും ഉന്നയിച്ചേക്കാം. വിസ്താര ഭയത്തില്‍ അതെല്ലാം കൂടുതലായി ഇവിടെ വിശദീകരിക്കുന്നില്ല.

അഴിമതികള്‍ക്കും, അക്രമങ്ങള്‍ക്കും മതതീവ്രവാദത്തിനു കൂട്ടു നില്‍ക്കുകയും ഇന്ത്യന്‍ ജനതയെ തന്നെ തമ്മിലടിപ്പിക്കുകയും, രാജ്യത്ത് എമ്പാടും അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന അതിപ്രാകൃതമായ ബി.ജെ.പി നേതൃത്വം കൊടുക്കുന്ന എന്‍.ഡി.എ.ക്ക് ജനപക്ഷത്തു നിന്ന് ചിന്തിക്കുന്നവര്‍ക്ക് ഒരിക്കലും പിന്‍തുണ കൊടുക്കാന്‍ സാധ്യമല്ല. മതവിദ്വേഷത്തിന്‍റെയും അസഹിഷ്ണുതയുടെയും വിഷവിത്തുകള്‍ വിതറി ഒരാവേശത്തിന്‍റെ പേരില്‍ അവര്‍ ഇന്ത്യയിലെ കേന്ദ്ര ഭരണം തട്ടിയെടുത്തു എന്നതു ശരി. പണവും സുന്ദരമോഹന വാഗ്ദാനങ്ങളും പദവികളും നല്‍കി ബി.ജെ.പി മറ്റു ഘടകകക്ഷി ജനപ്രതിനിധികളെ വിലയ്ക്കെടുക്കുന്നു. ഭരണഘടനാ സ്ഥാപനങ്ങളും മെഷിനറികളും തങ്ങളുടെ സ്വാധീന വലയത്തിലാക്കിയും എതിര്‍ കക്ഷികളെ വിവിധ അന്വേഷണ ഏജന്‍സികള്‍ വഴി വേട്ടയാടി, എതിര്‍ക്കുന്നവരെ ദേശദ്രോഹികളായി ചിത്രീകരിച്ചും മാധ്യമ സ്വാതന്ത്ര്യം തച്ചുടച്ചും ബി.ജെ.പി നിര്‍ബാധം നിര്‍ഭയം ജനാധിപത്യത്തിന്‍റെ കടയ്ക്കല്‍ കത്തി വച്ച് ഇവിടെ ഫാസിസ്റ്റു ഭരണം നടപ്പാക്കിക്കൊണ്ടിരിക്കുന്നു.

ഇടതു കമ്മ്യൂണിസ്റ്റു പാര്‍ട്ടി നേതൃത്വം നല്‍കുന്ന എല്‍.ഡി.എഫിന്‍റെ ട്രാക്ക്റിക്കാര്‍ഡും, അവരുടെ ചില ഗുണ്ടായിസ പ്രവര്‍ത്തനങ്ങളും, തത്വസംഹിതകളും അത്രക്കു സ്വീകാര്യമല്ലെങ്കില്‍ കൂടി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും മറ്റും യു.ഡി.എഫിനെ അപേക്ഷിച്ച് ഒത്തിരി നീതിയും സമതുലിതാവസ്ഥയും കാണിച്ചിട്ടുണ്ട്. എന്നാല്‍ സമീപ കാലത്തു കേരളം കണ്ട അഴിമതിയില്‍ മുങ്ങിയ ദുര്‍ഭരണം നടത്തികൊണ്ടിരിക്കുന്നതും എല്‍ഡിഎഫു തന്നെ. ആം ആദ്മി പാര്‍ട്ടി, ട്വന്‍റി-ട്വന്‍റി പാര്‍ട്ടി തുടങ്ങിയ പ്രസ്ഥാനങ്ങള്‍ കേരളത്തില്‍ ആകമാനം ശക്തി ആര്‍ജിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ ജനങ്ങള്‍ക്ക് ഒരു നേട്ടമാകുമായിരുന്നു. എന്നാല്‍ അത്തരം പാര്‍ട്ടികള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ യു.ഡി.എഫ് ക്യാമ്പിലെ വോട്ടുകള്‍ കുറയ്ക്കാനെ സാധ്യതയുള്ളൂവെന്ന് നിരീക്ഷിക്കപ്പെടുന്നു.

അമേരിക്കന്‍ മലയാളിയുടെ കേരള രാഷ്ട്രീയത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ അധികവും യു.ഡി.എഫ് അനുഭാവികളാണ്. കാരണം യു.എസിലെ കുടിയേറ്റ മലയാളികളില്‍ അധികവും കേരളത്തിലെ യു.ഡി.എഫ് ശ്ക്തികേന്ദ്രങ്ങളായ മധ്യകേരളത്തില്‍ നിന്നു വന്നവരാണ്. ആ പാരമ്പര്യം പേറുന്നവരാണ്. അവര്‍ക്ക്പഴയകാല യു.ഡി.എഫ് ഭരണത്തിലെ അപാകതകള്‍ പ്രശ്നമല്ല. അവര്‍ നാട്ടിലെ ഭരണത്തിന്‍റെ വസ്തുതകളോ, ജനവികാരങ്ങളോ അറിയാതെ, മനസ്സിലാക്കാതെ എന്തു വന്നാലും യു.ഡി.എഫിനേയും അതിലെ നേതാക്കളെയും കണ്ണുമടച്ച് പിന്‍തുണക്കും. അവരുടെ അന്ധമായ ആ പിന്‍തുണയും യു.ഡി.എഫ് വോട്ടു ബാങ്കില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുന്നില്ല. വളരെ ചുരുക്കം ചിലര്‍ മാത്രം നാട്ടില്‍ പോയി വോട്ടു ചെയ്യും. ചുരുക്കം ചിലര്‍ യു.ഡി.എഫ് പ്രചാരണത്തിനായി നാട്ടിലെത്തും. ചിലര്‍ യു.ഡി.എഫിന് വോട്ടു ചെയ്യാന്‍ നാട്ടിലെ ചിലരെ ഒക്കെ വിളിച്ചു പറയുന്നു അത്ര മാത്രം. പിന്നെ ഇവിടേയും കുറച്ചു പേര്‍ക്ക് നേതാവാകാനും ആളു കളിക്കാനും ഒരു ഫാഷന്‍ അല്ലെങ്കില്‍ ഒരു ആവേശവും എന്ന നിലയില്‍ ഓവര്‍സീസ് ഇന്ത്യന്‍ നേഷണല്‍ കോണ്‍ഗ്രസ്, ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് എന്ന പേര് തിരിച്ചിട്ടും മറിച്ചിട്ടും കേരളാ കോണ്‍ഗ്രസ് ചേര്‍ത്തും പിളര്‍ന്നും വളര്‍ന്നും തളര്‍ന്നും ഉരുവായ ചില സംഘങ്ങള്‍ ഇക്കൂട്ടത്തില്‍ കാണാം. അവരുടെ ഇവിടത്തെ ഉത്തരവാദിത്വം നാട്ടില്‍ നിന്ന് പാര്‍ട്ടിയുടെ ചോട്ടാ-ബഡാ മേലധ്യക്ഷന്മാര്‍ എത്തുമ്പോള്‍ അവരെ എയര്‍പോര്‍ട്ടില്‍ പോയി പൊക്കിക്കൊണ്ടുവരിക, കൂടെനിന്നു ഫോട്ടോ എടുക്കുക, ഉശിരന്‍ സ്വീകരണങ്ങള്‍ ഒരുക്കുക, പൊന്നാട ഇടുക, ഒപ്പം ഒത്താല്‍ പൊന്നാട നേടുക എന്നതൊക്കെയാണ്. പിന്നെ നാട്ടില്‍ ഇമ്മിണി വല്യ ആള്‍ ഇഹലോകവാസം വെടിഞ്ഞാല്‍ ഞെട്ടുക, ഞെട്ടിതെറിക്കുക, കണ്ണുനീര്‍ വാര്‍ക്കുക, ജനമധ്യത്തില്‍ വാവിട്ടു പൊട്ടിക്കരയുക, ചിലര്‍ക്കു നാക്കുകൊണ്ട് പിന്‍തുണക്കുക എന്നതൊക്കെയാണ്.

ഈ ഓവര്‍സീസ് പാര്‍ട്ടിക്കാരോട് ഈ ലേഖകന് വിനീതമായഒരപേക്ഷയുണ്ട്. അതായത് നിങ്ങളുടെ നാട്ടിലെ പാര്‍ട്ടിക്കാരോട് പാര്‍ട്ടി നേതാക്കളോട് ധൈര്യമായി പറയാം അഴിമതി ഉപേക്ഷിക്കാന്‍, സംശുദ്ധ ഭരണം കാഴ്ചവെക്കാന്‍, അര്‍ഹരായവര്‍ക്കു സീറ്റു നല്‍കാന്‍, പലവട്ടം മല്‍സരിച്ചവര്‍ ഒന്നു മാറിനില്‍ക്കാന്‍….. ഒക്കെ നിങ്ങള്‍ക്കു പറയാം. കാരണം നാട്ടിലെ നേതാക്കളെ നിങ്ങള്‍ ഇവിടെ ഭയപ്പെടേണ്ടതില്ല. നിങ്ങള്‍ ഇവിടെ യു.എസിലല്ലെ വസിക്കുന്നത്. നിങ്ങളുടെ സത്യസന്ധമായ ധീരമായ നിര്‍ദ്ദേശങ്ങള്‍ക്ക് അവിടെ പാര്‍ട്ടി എന്ത് അച്ചടക്ക നടപടി നിങ്ങള്‍ക്കെതിരെ എടുക്കാനാണ്? അഥവാ അച്ചടക്ക നടപടി എടുക്കാന്‍ തുനിഞ്ഞാല്‍ ആ സിനിമാക്കാരന്‍റെ സിനിമാ ഡയലോഗു പോലെ നിങ്ങള്‍ക്കും കാച്ചിവിടാം…. ഫാ…. പുല്ലെ…. എന്നോ മറ്റോ. ഇവിടെ ജീവിക്കുന്ന നിങ്ങള്‍ക്കെതിരെ പാര്‍ട്ടിയുടെ ഒരു ഗുണ്ടാ പടയേയും നിങ്ങള്‍ക്കെതിരെ ഇളക്കി വിടാന്‍ സാധ്യമല്ലാ. പിന്നെ നിങ്ങളാരും അവിടെ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാകാന്‍ പോകുന്നുമില്ല. അഥവാ സ്ഥാനാര്‍ത്ഥി കുപ്പായം തയ്പ്പിച്ചിട്ടു അവിടെ ചെന്നാലും ഫലമില്ല. ഒരു തരം മരമാക്രി ശബ്ദം പോലെ തറാം.. തറാം..എന്നു പറഞ്ഞ് പാര്‍ട്ടിക്കാര്‍ നിങ്ങളുടെ പണവും മാക്സിമം അടിച്ചു മാറ്റി നിങ്ങളുടെ അടിവസ്ത്രം പോലും ഉരിഞ്ഞെടുത്ത് ലേലം വിളിക്കും. അതിനാല്‍ എന്‍റെ സുഹൃത്തുക്കളായ ഓവര്‍സീസ് പാര്‍ട്ടി നേതാക്കളെ നാട്ടിലെ പാര്‍ട്ടി നേതാക്കള്‍ക്ക് വലിയ സ്വീകരണത്തിനു പകരം അഴിമതിരഹിതമായി ഭരിക്കേണ്ടതെങ്ങനെയെന്ന സല്‍ബുദ്ധി ഓതിക്കൊടുക്കുക. പിന്നെ പ്രവാസികളുടെ നാനാവിധ ന്യായമായ അവകാശങ്ങളും സംരക്ഷിക്കാന്‍ പറയുക.

എല്‍.ഡി.എഫിനും കമ്മ്യൂണിസ്റ്റു പാര്‍ട്ടിക്കും ഇവിടെ യു.എസിലും കുറച്ച് അനുഭാവികളുണ്ട്. യു.എസ്. ഗവണ്മെന്‍റിനെ ഭയന്നോ പഴയ റഷ്യ ശീതയുദ്ധ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ പേരു ഭയന്നോ മറ്റോ ആകണം ഓവര്‍സീസ് കേരളാ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ന പേരില്‍ ഇവിടെ അവര്‍ പാര്‍ട്ടി ഉണ്ടാക്കാത്തത്. എന്നാല്‍ ബി.ജെ.പിയും മോദിയും ഇന്ത്യ ഭരണം പിടിച്ചടക്കിയതോടെ ആ ധൈര്യവും തിണ്ണമിടുക്കും മുതലാക്കി ഇവിടെ യു.എസിലും ചിലര്‍ ഓവര്‍സീസ് കേരളാ ബി.ജെ.പി ഉണ്ടാക്കി വാലാട്ടാന്‍ തുടങ്ങിയിട്ടുണ്ട്. കേരളാ ഇലക്ഷനിലും അവരുടെ സ്വാധീനം സീറൊ ആയിരിക്കും. അവരുടെ മുഖ്യ തൊഴിലും അജണ്ടയും ബി.ജെ.പി. നേതാക്കളെ എയര്‍പോര്‍ട്ടില്‍ പോയി പിക്കു ചെയ്യുക, പെട്ടി ചുമക്കുക, ഫോട്ടോഎടുക്കുക, ഞെട്ടുക, കരയുക, അഭിനയിക്കുക, താമര ചിഹ്നം കുത്തുക എന്നതൊക്കെ തന്നെ. പക്ഷെ അമേരിക്കയില്‍ പൂര്‍ണ്ണ മതസ്വാതന്ത്ര്യം അനുഭവിക്കുന്ന എന്‍റെ ബി.ജെ.പി. സുഹൃത്തുക്കളെ നിങ്ങള്‍ നാട്ടിലെ നിങ്ങളുടെ ബി.ജെ.പി. നേതാക്കളോടും സുഹൃത്തുക്കളോടും പറയുക മതതീവ്രവാദം ഉപേക്ഷിക്കാന്‍… സെക്കുലറിസം മുറുകെ പിടിക്കാന്‍… അപ്രകാരം ബി.ജെ.പിയുടെ ചിന്തയിലും പ്രവര്‍ത്തിയിലും ഒരു നവപരിവര്‍ത്തനമുണ്ടായാല്‍ കേരളത്തിലും നിഷ്പ്രയാസം ധാരാളം അക്കൗണ്ട് തുറന്ന്കേരളത്തെ മാറിമാറി ഭരിക്കുന്ന യു.ഡി.എഫിനേയും എല്‍.ഡി.എഫിനേയും ഒരു പാഠം പഠിപ്പിക്കാം. മുന്‍സൂചിപ്പിച്ച ആ രണ്ട് എഫിനേയും വെറും എഫ് ആക്കി തോല്‍പ്പിച്ച് മൂലക്കിരുത്താം. ഓവര്‍സീസ് കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകരോടു മാത്രമല്ല എല്ലാ തരത്തിലുള്ള മുന്നണി, കൂറുമുന്നണി പോഷക ഓവര്‍സീസ് പാര്‍ട്ടിക്കാരോടും ഈ ലേഖകനു ഇതേ പറയാനുള്ളൂ.

ഇപ്പോള്‍ എല്‍.ഡി.എഫും വികസനമില്ലാത്ത അഴിമതിയില്‍ മുങ്ങികുളിക്കുന്ന ഭരണമാണ് കാഴ്ചവെക്കുന്നതെങ്കില്‍, അതു ബോധ്യമായെങ്കില്‍, ജനപക്ഷത്ത് ഉറച്ചു നിന്നുകൊണ്ട് വീണ്ടും ഒരു എല്‍.ഡി.എഫ് ഭരണം വരാതിരിക്കാനായി യു.ഡി.എഫിനെ, പിന്‍തുണക്കണം. കാലോചിതമായ മുട്ടും തട്ടും തലോടലും ഏതു പാര്‍ട്ടിക്കും അനിവാര്യമാണ്. ഒരേ മുന്നണിയെ തന്നെ സ്ഥിരമായി ജയിപ്പിച്ചു വിടുന്നത് ജനാധിപത്യമല്ല. കാരണം അവര്‍ ഏകാധിപതികളായി ജനങ്ങളുടെ മേല്‍ ആധിപത്യം സ്ഥാപിക്കും എന്നതുതന്നെ. ജനാധിപത്യത്തില്‍ ജനങ്ങളാണ് അധിപന്മാര്‍. ആ അധിപന്മാര്‍ തെരഞ്ഞെടുത്തു വിടുന്ന സെര്‍വെന്‍റ്സ് അവരുടെ തൊഴിലാളികള്‍ മാത്രമാണ് ഈ എം.പിമാരും എം.എല്‍.എമാരും മന്ത്രിമാരും ഒക്കെ, എന്ന ചിന്തയോടെ വേണം വോട്ടറന്മാര്‍ സമ്മതിദാനം പ്രയോഗിക്കാന്‍. അതുപോലെ വിജയികളായി പുറത്തു വരുന്ന ജനപ്രതിനിധികളും ആദ്യവസാനം തങ്ങള്‍ക്ക് തൊഴിലും വേതനവും തരുന്ന, തന്നുകൊണ്ടിരിക്കുന്ന വോട്ടറന്മാരോടാണ് ആഭിമുഖ്യം പുലര്‍ത്തേണ്ടതും. എന്നാല്‍ തങ്ങള്‍ക്ക് നോമിനേഷന്‍ തന്ന പാര്‍ട്ടിയോടാണ് ജനപ്രതിനിധികള്‍ കൂടുതല്‍ ആഭിമുഖ്യം പുലര്‍ത്തുന്നത് എന്ന വസ്തുത നമ്മുടെ പാര്‍ലിമെന്‍ററി സിസ്റ്റത്തിലെ ഒരു വലിയ അപാകത തന്നെയാണ്. ജനങ്ങളെ സേവിക്കാത്ത, ജനപ്രതിനിധികളെ ജനങ്ങള്‍ തന്നെ തിരിച്ചു വിളിക്കാനൊ ഫയര്‍ ചെയ്യാനൊ ഉള്ള ഒരു വ്യവസ്ഥ നമ്മുടെ പാര്‍ലമെന്‍ററി ഇലക്ഷന്‍ സിസ്റ്റത്തില്‍ ഇല്ലാതെ പോയി. അതിനാല്‍ 5 വര്‍ഷം കൂടി വരുന്ന ഈ തെരഞ്ഞെടുപ്പുകളിലെങ്കിലും സ്വന്തം പാര്‍ട്ടിയോടും, സ്വന്തം പോക്കറ്റു വികസനത്തിനുമായി പ്രവര്‍ത്തിക്കുന്നവരേയും, തെരഞ്ഞുപിടിച്ച് അവര്‍ എത്ര വമ്പന്മാരായാലും തോല്‍പ്പിക്കുക. യഥാ പ്രജ തഥാരാജ എന്നു പറയാറുണ്ടല്ലൊ. അതായത് ഒരോ ജനതയും അര്‍ഹിക്കുന്ന പോലെ അവര്‍ക്കു ഭരണം, ഭരണകര്‍ത്താക്കള്‍ ലഭിക്കും. പ്രധാന മാധ്യമങ്ങളില്‍ പുറത്തു വിടുന്ന സര്‍വ്വേ ഫലങ്ങളില്‍ വലിയ യാഥാര്‍ത്ഥ്യമുണ്ടെന്ന് ഈ ലേഖകന്‍ കരുതുന്നില്ല. അതിലും കൂടുതല്‍ വിശ്വസനീയം സാധാരണക്കാര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറപ്പെടുവിക്കുന്ന അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ആണെന്നു തോന്നുന്നു. നല്ല ഭരണം, നല്ല ജനപ്രതിനിധികള്‍ വരണമെങ്കില്‍ എല്ലാ താല്‍ക്കാലിക ആവേശങ്ങളും സമ്മര്‍ദ്ദങ്ങളും ഒഴിവാക്കി സത്യസന്ധമായി വോട്ട് രേഖപ്പെടുത്തുക. മെയ്2-ാം തീയതി തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ അതു ജനപക്ഷത്തായിരിക്കട്ടെ എന്ന ആശംസയോടെ ഈ ലേഖനം അവസാനിപ്പിക്കുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top