Flash News

സ്ത്രീ ശാക്തീകരണം വാക്കുകളില്‍ ഒതുക്കിയാല്‍ പോരാ

April 3, 2021 , .

വനിതാ ശാക്തീകരണത്തിനായി പ്രവർത്തിക്കുന്ന ആഗോള സംഘടനയായ  യുഎൻ വിമെൻ എന്ന ആഗോള സംഘടനക്ക് മൂന്നു മില്യൺ ഡോളർ സംഭാവന ചെയ്തതിന് ഐക്യരാഷ്ട്രസഭയുടെ പ്രശംസ ഇന്ത്യ നേടി. ലിംഗസമത്വം, സ്ത്രീ ശാക്തീകരണം തുടങ്ങിയ വിഷയങ്ങളിൽ ഇത് പ്രതിബദ്ധതയും ഉത്കണ്ഠയും കാണിക്കുന്നുണ്ടെങ്കിലും, ഇന്ത്യയില്‍ സ്ത്രീകളോട് മാന്യമായി പെരുമാറുന്നുണ്ടോ എന്ന് ആത്മപരിശോധന നടത്താൻ അത്തരം സന്ദർഭങ്ങൾ ഉപയോഗിക്കണം.

മനോഭാവങ്ങളുടെ മികവ് കാണിക്കുന്നതിന് ഉദ്ധരണികളും പ്രസംഗങ്ങളും ഉദ്ധരിക്കുന്നതിനുപകരം, പ്രവർത്തന പദ്ധതികൾ തയ്യാറാക്കി മുന്നോട്ട് പോകാനുള്ള ഇച്ഛാശക്തി പ്രകടിപ്പിക്കേണ്ടതുണ്ട്. സ്ത്രീകളോടുള്ള സമൂഹത്തിന്റെയും വ്യക്തികളുടെയും മനോഭാവത്തിൽ കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. ലോകത്തെല്ലായിടത്തും ഇത് തന്നെയാണെന്ന് പല പഠനങ്ങളും കാണിക്കുന്നു. വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ഗ്ലോബൽ ജെൻഡർ ഗ്യാപ്പ് റിപ്പോർട്ട് അനുസരിച്ച് പുരുഷന്മാരുമായി തുല്യത കൈവരിക്കാൻ 130 വർഷം കൂടി എടുക്കും.

കാലതാമസം കുറയ്ക്കുന്നതിനുള്ള പദ്ധതികൾക്കും ഇന്ത്യ മുൻഗണന നൽകണം. സ്ത്രീകൾ രാഷ്ട്രപതിയും പ്രധാനമന്ത്രിയുമായ രാജ്യമാണ് ഇന്ത്യ. വിവിധ സംസ്ഥാനങ്ങളിൽ ഗവർണർമാരും മുഖ്യമന്ത്രിമാരുമായിരുന്ന സ്ത്രീരത്നങ്ങളെയും വിവിധ മേഖലകളിൽ രാജ്യാന്തര മുദ്ര പതിപ്പിച്ച മഹതികളെയും ചൂണ്ടിക്കാണിക്കാനുമാകും. ഇരുന്നൂറോളം രാജ്യങ്ങളിൽ 22 രാഷ്ട്രങ്ങളിൽ മാത്രമാണ് വനിതാ ഭരണ സാരഥിയുള്ളത്. ജനപ്രാതിനിധ്യ സഭകളിൽ പകുതി സീറ്റ് സ്ത്രീകൾക്കുള്ളത് നാലു രാജ്യങ്ങളിൽ മാത്രം.

സ്ത്രീകൾക്ക് സമത്വത്തിലേക്കുള്ള പാതയിൽ കൈകോർത്ത് അവരെ സാമൂഹികമായും സാമ്പത്തികമായും ശാക്തീകരിക്കാൻ കഴിയുന്നുണ്ടോ, അക്രമം, അപമാനം, അടിച്ചമർത്തൽ എന്നിവയിൽ നിന്ന് സ്വയം മോചിപ്പിക്കാൻ അവർക്ക് കഴിഞ്ഞിട്ടുണ്ടോ എന്നതാണ് പ്രധാനം. ജനസംഖ്യയുടെ നേർ പകുതിയുള്ള സ്ത്രീകൾക്ക് അതിനനുസരിച്ചു പങ്കാളിത്തം നൽകുന്നതിന് ഊർജിത ശ്രമങ്ങൾ ഉണ്ടായാൽ തക്കതായ മാറ്റവും കാണുമെന്നു തെളിയിക്കുന്ന പല സംഭവങ്ങളും കൺമുന്നിലുണ്ട്.

ഒരു നാടിന്‍റെ സാമ്പത്തിക പ്രവർത്തനങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം എത്രമാത്രം സജീവമാണ് എന്നത് അവിടത്തെ സാമ്പത്തിക വളർച്ചയിൽ നിഴലിക്കും. ലോക ബാങ്കിന്‍റെ കണക്കനുസരിച്ച് ആഗോള വനിതാ തൊഴിൽ പങ്കാളിത്ത നിരക്ക് 48.69 ശതമാനമാണെങ്കിലും ഇന്ത്യയിൽ ഇത് 20 ശതമാനം മാത്രം. സ്കൂളിലും ഉന്നത വിദ്യാഭ്യാസ രംഗത്തും മികവു പുലർത്തുന്ന പെൺകുട്ടികൾ തൊഴിൽ മേഖലയിൽ എത്തിപ്പെട്ടു കഴിഞ്ഞാൽ വലിയ മുന്നേറ്റങ്ങൾ നടത്തുന്നതിൽ പിന്നാക്കം പോകുന്നു.

വിവാഹം, കുടുംബം, കുട്ടികൾ, ഭർത്താവിന്‍റെ ജോലിസ്ഥലം തുടങ്ങി വളരെയേറെ വിട്ടുവീഴ്ചകൾ വേണ്ടിവരുമ്പോൾ തൊഴിൽ രംഗത്തെ സ്ഥാനമാനങ്ങൾ അവർക്ക് ത്യജിക്കേണ്ടിവരുന്നു. ബിസിനസ്, ശാസ്ത്രം, രാഷ്ട്രീയം, അക്കാദമിക് തുടങ്ങി എല്ലാ മേഖലകളിലും രാജ്യങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളിയാണിത്. ലോകത്തിൽ സ്ത്രീകൾക്ക് ഒട്ടും സുരക്ഷിതത്വമില്ലാത്ത രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയുടെ സ്ഥാനം. സ്ത്രീകൾക്കു നേർക്കു നടക്കുന്ന ലൈംഗികാതിക്രമങ്ങളാണ് അതിനു കാരണം. നിയമങ്ങളും ശിക്ഷാവിധികളും ഇല്ലാത്തതല്ല കാരണം.

ഉള്ളതിനാകട്ടേ മൂർച്ചയും വേഗതയും ഇല്ലെന്ന് മാത്രമല്ല, കുറ്റവാളികൾക്ക് രക്ഷപ്പെടാനുള്ള പഴുതുകളും ഉണ്ട്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ നടത്തുന്നവരെ രക്ഷപ്പെടുത്താൻ വലിയ സംഘങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. രാജ്യത്ത് ദിവസവും ആയിരക്കണക്കിന് സ്ത്രീകൾ ബലാത്സംഗത്തിന് ഇരയാകുന്നു എന്നാണ് കണക്കാക്കുന്നത്. വീടുകൾ പോലും സ്ത്രീകൾക്ക് സുരക്ഷിതമായ സ്ഥലമല്ല എന്നത് ആശങ്കാജനകമാണ്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കിയതിന്‍റെ ചലനങ്ങൾ സമൂഹത്തിലുണ്ടായിട്ടുണ്ട്. ചില സ്ഥലങ്ങളിൽ ജനറൽ സീറ്റുകളിൽ മത്സരിക്കാനുള്ള ആത്മധൈര്യം അവർ പ്രകടമാക്കുകയുണ്ടായി. എന്നാൽ, നിയമസഭ, ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ ഇനിയും അർഹമായ പങ്കാളിത്തം നൽകാൻ രാഷ്ട്രീയ കക്ഷികൾ തയാറായിട്ടില്ല. കേരളത്തിൽ മൂന്നു മുന്നണികളുടെയും സ്ഥാനാർഥി പട്ടികയും ഈ മനോഭാവമാണു കാണിക്കുന്നത്. എന്നാൽ, ചുറ്റും കണ്ണുതുറന്നു നോക്കിയാൽ വനിതകളുടെ മികവു തെളിയിക്കുന്ന കാഴ്ചകൾ കാണാവുന്നതേയുള്ളൂ.

കോവിഡ് കാലഘട്ടത്തിൽ, ലോകമെമ്പാടുമുള്ള വനിതാ നേതൃത്വത്തിലുള്ള രാജ്യങ്ങളിൽ പ്രതിരോധ നടപടികൾ വേഗത്തിലും ഫലപ്രദമായും നടപ്പാക്കി. നഴ്‌സുമാർ ഉൾപ്പെടെ പലരും ആരോഗ്യ സംരക്ഷണ രംഗത്ത് സൂപ്പർതാരങ്ങളായി. താൻ ഏറ്റെടുക്കുന്നതിന്റെ ഉത്തരവാദിത്തം, ഉയർന്ന മൂല്യബോധം, കഠിനാധ്വാനം ചെയ്യാനുള്ള സന്നദ്ധത എന്നിവയാണ് ഒരു സ്ത്രിയുടെ സവിശേഷത. അത് കണക്കിലെടുത്ത് അവർക്ക് കൂടുതൽ ഉത്തരവാദിത്തങ്ങൾ നൽകുകയും ലിംഗസമത്വത്തെ അടിസ്ഥാനമാക്കി രാഷ്ട്രത്തിന്റെ പുനർനിർമ്മാണത്തെ ലക്ഷ്യം വയ്ക്കുകയും വേണം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top