Flash News

വറചട്ടി കരിക്കലത്തിനെ കുറ്റപ്പെടുത്തുമ്പോൾ!

April 3, 2021 , ജോർജ് നെടുവേലിൽ

ദീപിക ദിനപ്പത്രത്തിൽ ഏതാനും ദിനങ്ങൾക്കുമുമ്പ് വായിക്കാനിടയായ ഒരു ലീഡർ ലേഖനമാണ് ഈ ലേഖനത്തിനു പ്രേരകമായത്. ലേഖന കർത്താവ്, ചങ്ങനാശ്ശേരി അതിരൂപതാദ്ധ്യക്ഷൻ മാർ പെരുംതോട്ടം.

“അധാർമ്മിക രാഷ്ട്രീയം രാഷ്ട്രീയാധികാരത്തെ ദുഷിപ്പിക്കും, രാഷ്ട്രത്തെ നശിപ്പിക്കും.” എന്ന ശീർഷകത്തിലാണ് അദ്ദേഹം ലേഖനം അവതരിപ്പിച്ചിരിക്കുന്നത്.

തുടക്കത്തിൽത്തന്നെ ഭാരതീയ ജനാധിപത്യത്തെ ആസ്‌പദമാക്കി ചില പൊതു ജനാധിപത്യതത്ത്വങ്ങളും, അനാരോഗ്യ പ്രവണതകളും വായനക്കാരുടെ ശ്രദ്ധക്കായി അദ്ദേഹം അവതരിപ്പിക്കുന്നു: “രാഷ്ട്രവും രാഷ്ട്രീയാധികാരവും മനുഷ്യന് ആവശ്യമാണ്. ജനാധിപത്യത്തിൽ അധികാരം നിക്ഷിപ്തമായിരിക്കുന്നത് ജനങ്ങളിലാണ്. രാഷ്ട്രീയാധികാരം ലക്ഷ്യമാക്കേണ്ടത് മനുഷ്യന്റെ നന്മയും ക്ഷേമവും ആയിരിക്കണം. അധികാരവിനിയോഗം തികച്ചും ഭരണഘടനാനുസൃതമായിരിക്കണം. അതുറപ്പുവരുത്തേണ്ടത് നീതിന്യായ വ്യസ്ഥയുടെ ധർമ്മമാണ്. നിഷ്‌പക്ഷതയും മങ്ങലേൽക്കാത്ത സുതാര്യതയും നിയമ നിർമ്മാണത്തിലും, ഭരണത്തിലും നീതി നിർവഹണത്തിലും പാലിക്കപ്പെടണമെന്നുള്ളത് എല്ലാ പൗരന്മാരുടെയും അവകാശമാണ്.”എന്നാൽ ഭാരതീയ നീതിന്യായ വ്യവസ്ഥപോലും ഇന്ന് സംശയത്തിന്റെ കരിനിഴലിലാണെന്ന് അദ്ദേഹം പരിതപിക്കുന്നു. രാഷ്ട്രീയ പാർട്ടികളും ചില തല്പര കേന്ദ്രങ്ങളും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നു. ദുരുപയോഗപ്പെടുത്തുന്നു. മാർ പെരുംതോട്ടം ഊന്നിപ്പറയുന്ന മറ്റൊരു കാര്യം പൗരധർമ്മത്തെപ്പറ്റിയാണ്. പൗരന്മാർ സ്വാർത്ഥ ലക്ഷ്യത്തോടെ വോട്ടവകാശം വിനിയോഗിക്കുമ്പോൾ ജനാധിപത്യം അപകടത്തിലാകുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. രാജ്യസ്നേഹികളും നിഷ്പക്ഷമതികളുമായ പ്രതിനിധികളെ തെരഞ്ഞെടുക്കേണ്ടത് പൗരന്മാരുടെ ധാർമ്മിക കടമയാണ്. ജനങ്ങളുടെ ശ്രദ്ധയിൽ പെടുത്തുവാൻ മാർ പെരുംത്തോട്ടം ആഗ്രഹിക്കുന്ന മറ്റൊരു പ്രധാനകാര്യം രാഷ്ട്രീയാധികാരം ജനസേവനത്തിനുള്ളതായിരിക്കണം എന്നതാണ്. രാഷ്ട്രീയയാധികാരത്തിന്റെ മുഷ്‌ക്കിൽ പാർട്ടിയെ ഊട്ടിവളർത്താൻ ശ്രമിക്കുന്നതിനെ അദ്ദേഹം നിശിതമായി അപലപിക്കുന്നു. ആഭ്യന്തര ചേരിപ്പോരുകളെയും, ഗ്രൂപ്പു വഴക്കുകളെയും അദ്ദേഹം കഠിനമായി വിമർശിക്കുന്നു. അതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്‌ അധികാര മോഹവും സ്വാർത്ഥതയുമാണെന്ന് വിളിച്ചു പറയാൻ മടിക്കുന്നില്ല.

എന്ന് ഒരു ഒഴുക്കൻ മട്ടിൽ അദ്ദേഹം പറഞ്ഞു പോകുന്നില്ല. അനേകം ഉദാഹരണങ്ങൾ എടുത്തു കാണിക്കുന്നുണ്ട്. ഭീഷണിയും ഭയപ്പെടുത്തലും കൊണ്ട് വോട്ടു ചെയ്യിക്കുന്നതും, ചെയ്യിക്കാതിരിക്കുന്നതും അധാർമ്മികമാണെന്ന് ആരോടും പറയേണ്ട കാര്യമില്ല. അതുപോലെ കള്ളവോട്ട് ചെയ്യാൻ പ്രേരിപ്പിക്കുന്നതും അന്യായമായി വോട്ടർ ലിസ്റ്റിൽനിന്നും പേര് നീക്കം ചെയ്യുന്നതും അധാർമ്മികം തന്നെ. എതിർകക്ഷികളെ ഭീഷണിപ്പെടുത്തുന്നതും ബൂത്തുകളും ബാലറ്റുപെട്ടികളും പിടിച്ചെടുക്കുന്നതും അധാർമ്മിക നടപടികളാണ്. മറ്റൊന്ന്, തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി അടുത്ത തെരഞ്ഞെടുപ്പിനുമുമ്പേ കക്ഷിമാറുന്ന പ്രവണതയാണ്. മറു കക്ഷിയിലെ ജനപ്രതിനിധികളെ വിവിധ വാഗ്‌ദാനങ്ങൾ നൽകി പ്രലോഭിപ്പിച്ചു് സ്വന്തം ചേരിയിലാക്കുന്നതും, തട്ടിക്കൊണ്ടുപോയി അജ്ഞാതകേന്ദ്രങ്ങളിൽ ഒളിവിൽ പാർപ്പിക്കുന്നതും അധാർമ്മികമെന്നു പറയാതെ വയ്യ. അധാർമ്മിക രാഷ്ട്രീയംപോലെതന്നെ മാർ പെരുംതോട്ടത്തിൻറ്റെ കുറ്റപ്പെടുത്തലിൻറ്റെ കൂർത്തമുന നീളുന്ന മറ്റൊരു അപചയമാണ് അനുചിതമായ രാഷ്ട്രീയവൽക്കരണം. വിദ്യാഭ്യാസരംഗത്തെ രാഷ്ട്രീയ കടന്നുകയറ്റവും, അക്രമരാഷ്ട്രീയവും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവശ്യം വേണ്ട പ്രവർത്തന സ്വാതന്ത്ര്യം ഇല്ലാതാക്കും. സ്വസ്ഥത നശിപ്പിക്കും. രാജ്യത്തിൻറ്റെ ഐക്യത്തിനും അഖണ്ഡതക്കും കോടാലിയാകും.

ന്യൂനപക്ഷാവകാശ ധ്വംസനമാണ് ലേഖനകർത്താവിനെ അലട്ടുന്ന മറ്റൊരു പ്രശ്‍നം. ന്യൂനപക്ഷാവകാശങ്ങൾ നിഷേധിക്കുന്ന രാഷ്ട്രീയ ഇടപെടലുകൾ സുഗമമായ വിദ്യാഭ്യാസപ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കും. വിദ്യാഭാസ പുരോഗതിയെ മുരടിപ്പിക്കും.

സ്ഥാനാർഥി നിർണ്ണയവിഷയത്തിൽ ന്യൂനപക്ഷങ്ങളോടുള്ള രാഷ്ട്രീയപ്പാർട്ടികളുടെ സമീപനത്തെ അംഗീകരിക്കാൻ മാർ പെരുംതോട്ടം ഒട്ടും തയ്യാറല്ല. ലേഖനത്തിലെ എട്ടു ഉപശീർഷകങ്ങളിൽ അഞ്ചാമത്തെ ഉപശീർഷകത്തിൽ മാർ പെരുംതോട്ടം ന്യൂനപക്ഷാവകാശത്തിന്റെ വക്താവായി വർത്തിക്കുന്നു. ന്യൂനപക്ഷങ്ങളോടുള്ള രാഷ്ട്രീയ പാർട്ടികളുടെ സമീപനത്തെ അദ്ദേഹം നിശിതമായ വിമർശനത്തിന് വിധേയമാക്കുന്നു.

യഥാർത്ഥത്തിൽ, മാർ പെരുംതോട്ടത്തിന്റെ ലേഖനം വായിച്ചു കഴിയുമ്പോൾതന്നെ സാധാരണ വായനക്കാരനുപോലും വെളിവാകുന്ന ഒരു സന്ദേശമുണ്ട്: ‘അഞ്ചാം ഉപശീർഷകത്തിൽ പ്രതിപാദിച്ചിരിക്കുന്ന ന്യൂനപക്ഷാവകാശവിഷയം ഈ തെരഞ്ഞെടുപ്പു വേളയിൽ ഉയർത്തിക്കാട്ടാനാണ് ഭാരതീയജനാധിപത്യത്തെപ്പറ്റി ഇത്രയും ദീർഘമായും വാചാലമായും അദ്ദേഹം തൂലിക ചലിപ്പിച്ചത്.’ ആ ഒരു ശീർഷകത്തിൽ ഒതുങ്ങി നിൽക്കുന്ന അഭിപ്രായം പ്രകടിപ്പിക്കുന്നതിന് നീണ്ട ഒരു ലേഖനത്തിന്റെ ആവശ്യമുണ്ടായിരുന്നോ? ഏതു കാര്യവും നീട്ടിവലിച്ചു പെരുപ്പിച്ച് അവതരിപ്പിക്കുന്നതിൽ അഭിരമിക്കുന്നവരാണ് രാഷ്ട്രീയ നേതാക്കളും മതനേതാക്കളും എന്നതറിയാവുന്ന പൊതുജനങ്ങളും വിശ്വാസികളും അക്കാര്യം കണക്കിലെടുക്കാറില്ല! പ്രസ്തുത ഉപശീർഷകത്തിലൂടെ മാർ പെരുംതോട്ടം ചില നിർദ്ദേശങ്ങൾ മുന്നോട്ടു വയ്ക്കുന്നു.

ന്യൂനപക്ഷങ്ങൾക്ക് അർഹമായ രാഷ്ട്രീയ പ്രാതിനിധ്യം ലഭിക്കണമെന്നതാണ് അദ്ദേഹത്തിന്റെ പ്രഥമാവശ്യം. മറ്റൊരു പ്രധാനാവശ്യം ന്യൂനപക്ഷ സമുദായങ്ങളെ പ്രതിനിധീകരിക്കാനുള്ള സ്ഥാനാർഥികളെ സമുദായ നേതൃത്വത്തോട് ആലോചിച്ചു മാത്രമേ തീരുമാനിക്കാവു എന്നതാണ്. സമുദായത്തോട് കൂറു പുലർത്താത്തവരും, നിശിതമായി വിമർശിക്കുന്നവരും, കലഹിച്ചു കഴിയുന്നവരും സമുദായത്തിന് ഗുണം ചെയ്യുകയില്ല! അപകാരം ചെയ്യാൻ മടിക്കുകയുമില്ല. സമുദായത്തോടു കൂറില്ലാത്തവരും ശത്രുതാ മനോഭാവത്തോടെ വിമർശിക്കുന്നവരുമായ സഭാംഗങ്ങൾ ഇന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ സമുദായ വിരുദ്ധത പരത്തുന്നു. സമുദായത്തെ ജനമധ്യത്തിൽ കരിതേച്ചു കാണിക്കാൻ ശ്രമിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു!

സമുദായത്തിന്റെ പ്രതിനിധികളായി നിശ്ചയിക്കപ്പെടുന്ന സ്ഥാനാർഥികൾ സമുദായത്തിന്റെ വിശ്വാസം ആർജ്ജിച്ചവരായിരിക്കണമെന്നാണ് അദ്ദേഹത്തിന്റെ മതം.

അധികാരത്തിലേറാനുള്ള യോഗ്യതയെപ്പറ്റിയും, സ്വീകരിക്കാവുന്ന മാർഗ്ഗങ്ങളെപ്പറ്റിയും അദ്ദേഹത്തിന്റേതായ ചില ആശയങ്ങൾ ലേഖനത്തിലൂടെ പങ്കുവയ്ക്കുന്നു. അധികാരത്തിനു വേണ്ടി മത്സരിക്കുന്നവർ എതിരാളിയുടെ വീഴ്ചകളും കുറ്റങ്ങളും ഉയർത്തിക്കാണിക്കാൻ ശ്രമിക്കുന്നതിന് ന്യായീകരണമില്ലെന്നാണ് ലേഖകന്റെ അഭിപ്രായം. പരസ്പരമുള്ള ആരോപണങ്ങളിൽ മേൽക്കൈ നേടി വിജയിക്കുന്നത് ശരിയായ രീതിയല്ലെന്നു അദ്ദേഹം വിശ്വസിക്കുന്നു. രാഷ്ട്രീയ പ്രവർത്തനങ്ങളിലൂടെ “തനിക്കെന്തു നേട്ടമുണ്ടാക്കാമെന്നല്ല; ജനങ്ങൾക്കു വേണ്ടി തനിക്ക് എന്തു സംഭാവന ചെയ്യുവാൻ സാധിക്കും” എന്നുള്ള പ്രസിഡന്റെ കെന്നഡിയുടെ പ്രഖ്യാപനം ഒരു ജന നേതാവിനെ നയിക്കണമെന്ന് മാർ പെരുംതോട്ടം ആശിക്കുന്നു. നുനപക്ഷ സമുദായങ്ങളുമായി സംവദിച്ചു് അവരുടെ വിശ്വാസം ആർജ്ജിച്ചവരെ മാത്രമേ സ്ഥാനാർഥികളാക്കാവു എന്ന്‌ അദ്ദേഹം നിർദ്ദേശിക്കുന്നു. ഇക്കാര്യം ഊന്നിപറഞ്ഞുകൊണ്ട് ,1951-ൽ കോൺഗ്രസ് പ്രസിഡണ്ട് ആയിരുന്ന നെഹ്‌റു പ്രാദേശിക കോൺഗ്രസ് മണ്ഡലങ്ങൾക്ക് കത്തയച്ചതായി ലേഖകൻ അനുസ്മരിക്കുന്നു.

രാഷ്ട്രീയത്തിന്റെ പല മേഖലകളിലും പടർന്നു പിടിച്ചിരിക്കുന്ന നിലവാരത്തകർച്ച മാർ പെരുംതോട്ടത്തിന് ആശങ്കയും അസ്വസ്ഥതയും ഉളവാക്കുന്നു. സ്ഥാനാർത്ഥി നിർണ്ണയത്തെ വിചാരത്തേക്കാൾ വികാരം സ്വാധീനിക്കുന്ന പ്രവണതയെ അദ്ദേഹം ഭയപ്പെടുന്നു. ഉദാഹരണമായി സിനിമാ താരങ്ങൾക്കു ലഭിക്കുന്ന ജനപ്രീതി രാഷ്ട്രീയ തലത്തിലേക്ക് ആവാഹിക്കപ്പെടുന്നത് ആശാസ്യമല്ലെന്ന്‌ അദ്ദേഹം തുറന്നു പറയുന്നു. ഭാരത രാഷ്ട്രീയ രംഗത്തെ എല്ലാത്തരത്തിലുമുള്ള കുറ്റവാളികളുടെ വിളയാട്ടമാണ് മാർ പെരുംതോട്ടത്തെ അസ്വസ്ഥനാക്കുന്ന മറ്റൊരു അപകടാവസ്ഥ. കുറ്റവാളികൾക്കെങ്ങനെ ജനങ്ങളെ സേവിക്കാനാവും? ധർമ്മനിഷ്ഠമായി രാഷ്‌ടീയ പ്രവർത്തനങ്ങളിൽ പങ്കാളികളാവാനാകും? ഇക്കാര്യത്തിൽ, കുറ്റവാളികളെ അറിഞ്ഞോ അറിയാതയോ പ്രോത്സാഹിപ്പിക്കുന്ന ജനങ്ങളെയാണ് അദ്ദേഹം കുറ്റക്കാരായി കാണുന്നത്.

കോടീശ്വരന്മാർ ജനപ്രതിനിധികളെ വിലക്കു വാങ്ങുന്ന അപകടകരമായ പ്രവണത ജനാധിപത്യത്തെ പണാധിപത്യമാക്കി മാറ്റുമെന്ന് അദ്ദേഹം ഭയപ്പെടുന്നു. ജനസേവനത്തിനു വേണ്ടി തെരഞ്ഞെടുക്കപ്പെട്ടവർ പണക്കാരുടെ ആജ്ഞാനുവർത്തികളായി മാറാൻ ഇത് ഇടയാക്കുന്നു. പണത്തിനു മീതെ പരുന്തും പറക്കില്ല എന്ന പഴമൊഴി ജനാധിപത്യത്തിന് ഭൂഷണമല്ല. ജനസേവനത്തിനുള്ള വിശിഷ്ട പദവിയെ വിലകുറഞ്ഞ കച്ചവടച്ചരക്കാക്കുന്ന ദയനീയ കാഴ്ചയാണ് ഇവിടെ നാം ദർശിക്കുന്നത്. നമ്മുടെ മന്ത്രിമാരുടെ വിദ്യാഭ്യാസ നിലവാരം അഭിമാനകരമല്ല എന്നൊരു നിരീക്ഷണവും മാർ പെരുംതോട്ടം നടത്തുന്നുണ്ട്.

അദ്ദേഹം നൽകുന്ന സ്ഥിവിവരണക്കണക്കുംപ്രകാരം ഭാരതത്തിലെ മന്ത്രിമാരിൽ നാല്പതുശതമാനത്തിലധികം കേവലം സ്‌കൂൾ വിദ്യാഭ്യാസം നേടിയവരാണ്? സാക്ഷരകേരളത്തിൽ അത് ഏകദേശം മുപ്പത്തിരണ്ടു ശതമാനമാണെത്രെ? കേരളത്തിന് ഇത് ഭൂഷണമല്ലെന്നു പരിതപിച്ചുകൊണ്ടാണ് ചങ്ങനാശേരി അതിരൂപാതായുടെ മെത്രാനായ മാർ പെരുംതോട്ടം ലേഖനം ഉപസംഹരിക്കുന്നത്.

അധികാരം ദൈവത്തിൽനിന്നുമുള്ളതാണെന്നും അത് സ്ഥാപിക്കാൻ ദൈവം നിശ്ചയിച്ചവർക്കുമാത്രമേ അവകാശമുള്ളൂ എന്നും വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാണ് (ചെയ്തിരുന്നവരാണ്) കത്തോലിക്കാ സഭാമേധാവികൾ. ജനാധിപത്യത്തിൽ അധികാരം ജനങ്ങളിൽ നിക്ഷിപ്പ്തമായിരിക്കുന്നു എന്ന് ലേഖനാരംഭത്തിൽത്തന്നെ മാർ പെരുംതോട്ടം പ്രസ്താവിച്ചത് സ്വാഗതാർഹമാണ്. എന്നാൽ അധികാരവിനിയോഗം തികച്ചും ഭരണഘടനാസൃതമായിരക്കണമെന്ന് സഭാനായകരിലൊരാളായ മാർ പെരുംതോട്ടം നിർദ്ദേശിക്കുമ്പോഴും, പലതരത്തിലും ഭരണഘടനാവിരുദ്ധമായ രീതിയിൽ കേരളത്തിലെ സഭാനേതൃത്വം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതായി നാം കാണുന്നു. മുണ്ടശ്ശേരി അവതരിപ്പിച്ച ഭരണഘടനാനുസൃതമായ വിദ്യാഭ്യാസനിയമത്തെ ഭരണഘടനാതത്ത്വങ്ങളെ അട്ടിമറിച്ചുകൊണ്ടല്ലേ കത്തോലിക്കാസഭയും തല്പരകക്ഷികളും ഒത്തുചേർന്ന് പരാജയപ്പെടുത്തിയത്? മാർ ആലഞ്ചേരിയുടെ പ്രമാദമായ ഭൂമിയിടപാടിൽ, അദ്ദേഹം കോടതിയിൽ ചെയ്ത പ്രസ്താവങ്ങളിൽ ചിലത് ഭരണഘടനയെ വെല്ലുവിളിക്കുന്നതായിരുന്നില്ലേ?

നിയമ നിർമ്മാണത്തിലും നിർവഹണത്തിലും പരിപാലനത്തിലും നിഷ്പക്ഷതയും മങ്ങൽ ഏൽക്കാത്ത സുതാര്യതയും വേണമെന്നാഗ്രഹിക്കുന്ന ലേഖനകർത്താവ് നായകനായ കേരള കത്തോലിക്കാസഭയിലെ കഥ എന്താണ്? നിയമനിർമ്മാണവും നിയമനിർവഹണവും നിയമവ്യാഖാനവും കൈകാര്യം ചെയ്യാനുള്ള പൂർണ്ണ അവകാശവും അധികാരവും സഭാമേലാളന്മാർക്കുമാത്രം! ഈ സംവിധാനത്തിൽ നീതി എവിടെ? നിഷ്പക്ഷത എവിടെ? സുതാര്യത എവിടെ?

ഭാരതീയ നീതിന്യായവ്യവസ്ഥപോലും ഇന്ന് സംശയത്തിൻറ്റെ കരിനിഴലിലാണെന്ന് പരിതപിക്കുമ്പോൾ മാർ പെരുംതോട്ടത്തിൻറ്റെയും സഹസഭാമേലധ്യക്ഷന്മാരുടെയും നേർക്ക് നാലുദിക്കുകളിൽനിന്നും വിരലുകൾ നീളുന്നത് അദ്ദേഹം കാണുന്നില്ല; അല്ലെങ്കിൽ കണ്ടില്ലെന്നു നടിക്കുന്നു! മാർ ആലഞ്ചേരിയുടെ പ്രമാദമായ ഭൂമിയിടപാടുകേസിലും, സിസ്റ്റർ അഭയയുടെ സംശയാസ്പദമായ മരണത്തോടു ബന്ധപ്പെട്ടകേസിലും, സഭയോട് ബന്ധപ്പെട്ട മറ്റുപലകേസുകളിലും ഭാരതീയ നീതിന്യായവ്യവസ്ഥയെ കരിനിഴലിലാക്കി കാര്യം കാണാൻ സഭാനേതൃത്വം അധികാരവും, സ്വാധീനവും, പണവും ലോഭമില്ലാതെ വിനിയോഗിച്ചത് അങ്ങാടിരഹസ്യം!

പൗരധർമ്മത്തെപ്പറ്റി പറയുമ്പോൾ മാർ പെരുംതോട്ടം വാചാലനാകുന്നതായി കാണപ്പെടുന്നു! രാജ്യസ്നേഹികളും നിഷ്പക്ഷമതികളുമായ പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതാണ് പൗരധർമ്മമെന്ന് ഊന്നിപ്പറയുന്ന അദ്ദേഹം മറ്റൊരവസരത്തിൽ, സമുദായത്തോടു കൂറും വിധേയത്വവും ഉള്ളവർക്കായി വാദിക്കുന്നു! തങ്ങൾ ഉൾപ്പെട്ട സമുദായത്തോട് കൂറും വിധേയത്വവും പ്രമാണമാക്കിയിരിക്കുന്നവർക്ക് എങ്ങനെ നിഷ്പക്ഷരായി വർത്തിക്കാനാവും?

ഭീഷണിയും ഭയപ്പെടുത്തലും കൊണ്ട് വോട്ടുചെയ്യിക്കുന്നതും ചെയ്യിക്കാതിരിക്കുന്നതും അധാർമ്മികമാണെന്ന് അദ്ദേഹം പറയുമ്പോൾത്തന്നെ സഭ നടത്തുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളിലും ആശൂപതികളിലും മെത്രാസനങ്ങളിലും ഉപജീവനം നേടുന്ന ആയിരക്കണക്കിന് അവശകൃസ്ത്യാനികൾ, അവശതകൾക്കും അവഗണനകൾക്കുമൊപ്പം തെരഞ്ഞെടുപ്പുവേളകളിൽ സഭയുടെ ഭീഷണികൾക്കും ഭയപ്പെടുത്തലുകൾക്കും കീഴ്പ്പെടേണ്ടിവരുന്നു!

രാഷ്ട്രീയപാർട്ടികളിലെ ചേരിത്തിരിവുകളും ഗ്രൂപ്പുവഴക്കുകളും മാർ പെരുംതോട്ടം നിശിതമായി വിമർശിക്കുന്നു. സ്വന്തം കണ്ണിലെ കാണ്ടാമരം കാണാൻ മെനക്കെടാതെ അപരൻറ്റെ കണ്ണിലെ കരടു തേടുകയല്ലേ ലേഖകൻ ഇവിടെ ചെയ്യുന്നത്? കേരളകത്തോലിക്കാസഭയിലെ സ്ഥിതി എന്താണ്? സീറോ-മലബാർ, ലത്തീൻ, ക്‌നാനായ, മലങ്കര, ദളിത്, നാടാർ എന്നിങ്ങനെ കുറെ ഗ്രൂപ്പുകൾ. ഓരോരുത്തർക്കും പ്രത്യേകം മെത്രാസനങ്ങളും പള്ളികളും പട്ടക്കാരും (ദളിത് ഒഴികെ). മെത്രാൻ സ്ഥാനത്തിനും ശ്രേഷ്ഠ മെത്രാൻ സ്ഥാനത്തിനുംവേണ്ടിയുള്ള പാരവയ്പുകളും ഉപജാപകപ്രവർത്തനങ്ങളും. ചങ്ങനാശേരി ഗ്രൂപ്പും എറണാകുളം ഗ്രൂപ്പും തമ്മിൽ ലിറ്റർജി വിവാദം. മുഖത്തോടുമുഖം കണ്ടുള്ള കുർബാന വേണമെന്ന് ചിലർ. പൃഷ്ഠക്കുർബാനയിൽ ചിലർക്കു ഭ്രമം. മാർത്തോമ്മാ കുരിശ്, താമരക്കുരിശ് – തമ്മിൽ തല്ല്. വിഭൂതി തിരുന്നാൾ തിങ്കളാഴ്ച വേണമെന്ന് ചിലക്കു പൂതി. പെസഹാക്ക് കാലു കഴുകണമെന്ന് ഒരു കൂട്ടർ. വേണ്ടെന്ന് മറ്റൊരു കൂട്ടർ.

രാഷ്ട്രീയപാർട്ടികളിലെ ചേരിതിരിവുകളും ഗ്രൂപ്പുകളികളും പ്രോത്സാഹിപ്പിക്കുന്നത് അധികാരമോഹികളും സ്വാർത്ഥ താല്പര്യക്കാരുമാണെന്ന മാർ പെരുംതോട്ടത്തിൻറ്റെ നിരീക്ഷണത്തെ ആരും നിരാകരിക്കുമെന്നു തോന്നുന്നില്ല. പ്രസ്ഥാനങ്ങളെ അത് പ്രതിസന്ധികളിലേക്കു നയിക്കുമെന്നതിലും സംശയമില്ല! വൻ ജനപിന്തുണയുള്ള രാഷ്ട്രീയപാർട്ടികളേക്കാൾ ഇതിൻറ്റെ കെടുതികൾ കൂടുതലായി അനുഭവിക്കുന്നത് കേരള കത്തോലിക്കാസഭപോലുള്ള ചെറു സമൂഹങ്ങളല്ലേ? ലേഖകനും മറ്റു മതാധ്യക്ഷന്മാരും ഇക്കാര്യം എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നറിയാൻ താല്പര്യമുണ്ട്?

.ഇതരസംസ്ഥാനങ്ങളിലേക്കും വിദേശരാജ്യങ്ങളിലേക്കും ഈ ദുരവസ്ഥയെ വലിച്ചിഴക്കുന്നുവെന്നതാണ്ഖേദകരം. വർഗ്ഗ, വർണ്ണ, ഭാഷാ ഭേദമില്ലാതെയും പുരോഹിതന്മാരുടെ പിത്തലാട്ടത്തിന് ഇരയാകാതെയും അമേരിക്കയിലെ മലയാളിക്കത്തോലിക്കർ രണ്ടു പതിറ്റാണ്ടുമുമ്പുവരെ ആത്മീയകാര്യങ്ങൾ മുറപോലെ സാധിച്ചു് സമാധാനമായും സന്തോഷമായും ജീവിച്ചിരുന്നു,. സീറോ- മലബാർ സഭയുടെ വരവോടെ സഭാംഗങ്ങൾക്കിടയിൽ ഗ്രൂപ്പിസവും ചേരിതിരിവും പ്രോത്സാഹിപ്പിക്കുന്നതിൽ വൈദീകർ അഭിരമിക്കുന്നു. വിഭജിച്ചു ഭരിക്കുന്നതിൻറ്റെ ഗുണഭോക്താക്കളാണവർ!

പെരുന്നാളുകളും പ്രസിദേന്തി വാഴ്ചയും ഇറക്കുമതിചെയ്ത് പുതുമടിശീലക്കാരൻറ്റെ പണം തട്ടാൻ പരിശ്രമിക്കുന്നു. കഴുന്നെടുപ്പുപോലെയുള്ള അന്ധവിശ്വാസങ്ങളെ ഇറക്കുമതിചെയ്യുന്നതിൽ വൈദീകർ പ്രത്യേകം ശ്രദ്ധിക്കുന്നു. “മലയാളം പള്ളിയിൽ സജീവമാകാതിരുന്നാൽ “നിങ്ങളുടെ പെൺമക്കൾ കറമ്പൻമാരുടെകൂടെ പൊറുക്കാൻ പോകും, ആൺമക്കൾ കറമ്പികളെ കൂട്ടിക്കൊണ്ടുവരും.” റാലെ-നോർത്ത് കരോലിനായിലെ ലൂർദ് മാതാ മലയാളം പള്ളിയിലെ ഒരു ‘കറമ്പനച്ചൻ’ താക്കീതു നൽകി. മറ്റൊരവസരത്തിൽ, കുർബാനക്കുശേഷം ഒരറിയിപ്പ്: “എല്ലാവരും കുടുംബസമേതം അവരവരുടെ കാറിനടുത്തേക്ക് പോകുക. പാർക്കിങ്‌ലോട്ടിൽവച്ചുതന്നെ എല്ലാകാറുകളും വെഞ്ചരിക്കുന്നതാണ്. പാർക്കിങ്‌ലോട്ടിൽ വച്ചിരിക്കുന്ന കളക്ഷൻ പ്ലെയിറ്റിൽ ഇഷ്ടമുള്ള തുക നിക്ഷേപിക്കാനുള്ള സൗകര്യവും ഉണ്ടായിരിക്കും.” മറ്റൊന്ന്, ഗ്രീൻസ്‌ബോറോ, ഹൈപോയൻറ്റ്, വിൻസ്റ്റൺ-സേലം നഗരങ്ങളിലെ മലയാളികളുടെ താല്പര്യപ്രകാരം ഹൈപോയൻറ്റിലെ ഒരു അമേരിക്കൻ പള്ളിയിൽ പാസ്റ്ററായ മലയാളി വൈദീകൻ ചില ഞായറാഴ്ചകളിൽ മലയാളം കുർബാന ചൊല്ലിയിരുന്നു. വിവരം ചിക്കാഗോയിലെത്തി. ഉടൻവന്നു: “അത് ന്യായവും യുക്തവും അല്ല” എന്ന കല്പന. 2003-ൽ ലേഖകൻ ബ്രോങ്ക്സിലെ സെയിൻറ്റ് തോമസ് സീറോ-മലബാർ പള്ളി സന്ദർശിക്കുകയുണ്ടായി. പ്രസ്തുത വേളയിൽ പള്ളിവികാരി വളരെ ആകർഷകമായ ഒരു വാഗ്‌ദാനം നൽകുകയുണ്ടായി: “പള്ളിയോടനുബന്ധിച്ചു് ഒരു സെമിത്തേരി സ്ഥാപിക്കുന്നുണ്ടെന്നും മുൻ‌കൂർ പണം അടച്ചു് ഒരു കുഴി കരസ്ഥമാക്കിയാൽ രണ്ടാമതൊന്ന് സൗജന്യമായി ലഭിക്കുന്നതായിരിക്കും.”മൃതശരീരങ്ങൾ ഒന്നുകിൽ മെഡിക്കൽ സ്കൂളൂകൾക്കു കൊടുക്കുക, അല്ലെങ്കിൽ ദഹിപ്പിക്കുക എന്നാണ് ഞങ്ങൾ തീരുമാനിച്ചിരിക്കുന്നത് എന്ന് ഞാൻ അദ്ദേഹത്തെ ധരിപ്പിച്ചു.

ആറടിമണ്ണിൻറ്റെ അനന്തമായ കച്ചവടസാധ്യത കണ്ടുപഠിച്ചവരാണല്ലോ കടലിനിക്കരെ കടന്നുവന്നിട്ടുള്ള കത്തനാരന്മാരും?

ഭാരതീയ ജനാധിപത്യത്തെ ബാധിച്ചിരിക്കുന്ന ചില ഇത്തിൾക്കണ്ണികളെ മാർ പെരുംതോട്ടം കണ്ടില്ലെന്നു തോന്നുന്നു. സ്ഥാനാർഥികളുടെ ബാഹുല്യത്തിൽ പ്രായേണ ജനസമ്മതനല്ലാത സ്ഥാനാർഥിയായിരിക്കും തെരഞ്ഞെടുക്കപ്പെടുക. ജനാധിപത്യം അവിടെ അവഹേളിക്കപെടുകയാണ് ചെയ്യുന്നത്. മറ്റൊന്ന്, അപരന്മാരും വിമതന്മാരും ജനാധിപത്യത്തിന് വിനയാകുന്നതാണ്. 2004 -ലിലെ ലോകസഭാതെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ വിഎം സുധീരൻ പരാജയപെടാൻകാരണം വി.എസ് സുധീരൻ എന്ന അപരനായിരുന്നു. ഇക്കുറി പാലായിൽ മാണി കാപ്പനെതിരായി അപരൻ ഇറങ്ങിയിട്ടുണ്ടെന്ന് കേൾക്കുന്നു. ഒരു സ്ഥാനാർത്ഥിതന്നെ ഒന്നിലധികം നിയോജകമണ്ഡലങ്ങളിൽ മത്സരിക്കുന്ന പ്രവണത വർധിച്ചുവരുന്നതായി കാണുന്നു. ഇന്ദിരാഗാന്ധിയും രാഹുൽഗാന്ധിയും നരേന്ദ്ര മോദിയും ഇക്കാര്യത്തിൽ കുറ്റക്കാരാണ്. ഒരു പട്ടിണിരാജ്യം കോടിക്കണക്കിനു ദുർവ്യയം ചെയ്യുന്നതിൽ മാതൃകയാകുന്ന നേതാക്കന്മാരാരാണവർ. ലോകസഭാ സാമാജികർ സംസ്ഥാന നിയമസഭകളിലേക്കു മത്സരിക്കുന്നതും അതുപോലെ തിരിച്ചു മത്സരിക്കുന്നതും ജനാധിപത്യത്തിൻറ്റെ ആരോഗ്യത്തിന് ഹാനികരമല്ലേ? ഇത്തരുണത്തിൽ ചിന്താർഹമായ മറ്റൊരു കാര്യം കൂടി പറയേണ്ടതുണ്ട്. തെരഞ്ഞെടുക്കപ്പെട്ട ഒരു പ്രതിനിധി പരാജയമാണെന്നു മനസ്സിലാകുമ്പോൾ തിരിച്ചുവിളിക്കാനുള്ള അവകാശം തെരഞ്ഞെടുത്ത ജനങ്ങൾക്ക് അവകാശപ്പെട്ടതല്ലേ? സമുദായാടിസ്ഥാനത്തിൽ സ്ഥാനാർത്ഥികളെ നിശ്ചയിക്കണമെന്നും, അങ്ങനെ നിശ്ചയിക്കയപ്പെടുന്നവർ സമുദായ നേതൃത്വം അംഗീകരിച്ചവരായിരിക്കണമെന്നുമുള്ള മാർ പെരുംതോട്ടത്തിൻറ്റെ നിലപാടാണ് ഭാരതീയ ജനാധിപത്യത്തിന് ഏറ്റവും വലിയ പ്രഹരമാവുന്നത്.

ജനാധിപത്യതത്ത്വങ്ങളെയും, അധാർമ്മിക രാഷ്ടീയത്തിൻറ്റെ അപകടങ്ങളെയും ചൂണ്ടിക്കാണിച്ച മാർ പെരുംതോട്ടം പെട്ടെന്ന് സമുദായാധിഷ്ഠിത രാഷ്ട്രീയത്തിൻറ്റെ വക്താവായി മാറുന്ന കാഴ്ച അമ്പരപ്പിക്കുന്നതാണ്! ന്യൂനപക്ഷാവകാശങ്ങളുടെ പേരിലാണ് അദ്ദേഹം സമുദായ രാഷ്ട്രീയത്തിൻറ്റെ വക്താവാകുന്നത്. ഭരണഘടന വാഗ്‌ദാനം ചെയ്യുന്ന ന്യൂനപക്ഷാവകാശങ്ങൾ കത്തോലിക്കാസഭയിലെ ഒരുശതമാനത്തിലൊതുങ്ങുന്ന പൗരോഹിത്യം കയ്യടക്കിവച്ചനുഭവിക്കുന്നു. 99% വരുന്ന സിമ്പിൾ/ ഓർഡിനറി (മാർ പൗവ്വത്തിലിൻറ്റെ ഭാഷ്യം) സഭാംഗങ്ങളുടെ പേരുപറഞ്ഞു സകലസൗഭാഗ്യങ്ങളും നന്മകളും പിടിച്ചുപറ്റി, മുടിയും ചൂടിനിന്നുകൊണ്ട് അവർ ആസ്വദിക്കുന്നു. അതിനു മുടക്കം വന്നുകൂടെന്ന്‌ അവർക്കു നിർബന്ധമുണ്ട്. അതിനാലാണ് സമുദായത്തിന് പ്രാതിനിധ്യം വേണമെന്നും, പ്രതിനിധികളെ നിശ്ചയിക്കുംമുമ്പ് സമുദായ നേതൃത്വവുമായി ആലോചിക്കണമെന്നും അവർ നിർദ്ദേശിക്കുന്നത്. മാർ പെരുംതോട്ടത്തിൻറ്റെ ലേഖനത്തിൽനിന്നും വായിച്ചെടുക്കാവുന്ന ആശയം ആദ്യന്തികമായി അദ്ദേഹം ജാതിമതസമുദായതാല്പര്യങ്ങളെ താലോലിക്കുന്ന ഒരു ഭരണ സംവിധാനത്തിനുവേണ്ടി നിലകൊള്ളുന്നുവെന്നതാണ്.

തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ അടുത്ത തെരഞ്ഞെടുപ്പിനുമുമ്പ് കൂറുമാറുന്നതിനെ നിശിതമായി വിമർശിച്ച മാർ പെരുത്തോട്ടവും മറ്റു മതമേലധ്യക്ഷന്മാരും 2011-ൽ നെയ്യാറ്റിൻകരയിൽനിന്നും ജയിച്ച ശെൽവരാജ് കൂറുമാറി വീണ്ടും മത്സരിച്ചതിനെപ്പറ്റി എന്തേ മൗനം ദീക്ഷിച്ചു? സഭയുടെ കുഞ്ഞാടായ ശെൽവരാജിനെ ഇടയന്മാർ അനുഗ്രങ്ങളും ആശീവാദവും നൽകി പ്രോത്സാഹിപ്പിക്കുകയല്ലേ ചെയ്‌തത്? ജനങ്ങളുടെ നികുതിപ്പണവും അവിടെ നഷ്ടപ്പെടുത്തിയില്ലേ? കോടീശ്വരന്മാർ ജനപ്രതിനിധികളെ വിലക്കു വാങ്ങുന്നതിനെയും ജനപ്രതിനിധികളെ അവരുടെ ചട്ടുകങ്ങളായി മാറ്റുന്നതിനെയും അപലപിച്ച ലേഖകനും മറ്റും പ്രധാന മന്ത്രി നരസിംഹറാവു 1993 – ൽ ജാർഖണ്ഡ് മുക്തി മോർച്ചാ എംപിമാരെ വിലക്കുവാങ്ങി അതിനുതുടക്കമിട്ടപ്പോൾ എന്തേ മൗനം അവലംബിച്ചു?

പി.വി നരസിംഹറാവു തൻറ്റെ സർക്കാരിനെ നിലനിറുത്താൻ പ്രോത്സാഹിപ്പിച്ച കളി ഇന്ന് തീക്കളിയായി മാറിയിരിക്കുന്നു.

1959 – ൽ കേരളത്തിലെ കത്തോലിക്കാ സഭ നേതൃത്വം നൽകി വിജയിച്ച വിമോചനസമരം മുതൽ ഇന്നത്തെ സഭാധികൃതരുടെ അനുദിന നടപടികൾവരെ ഇവിടെ നാം പഠനവിഷയമാക്കേണ്ടതുണ്ട്. സഭാധികൃതരുടെ ധനമോഹത്തിനും സ്ഥാനമോഹത്തിനും അധികാരഗർവിനും തടവീഴുമെന്നു കണ്ടപ്പോളാണ് സകല പ്രതിലോമ ശക്തികളെയും കൂട്ടുപിടിച്ചു് വിമോചനസമരത്തിനിറങ്ങിയത്. സമരത്തിൻറ്റെ വിജയം സഭാധികൃതരുടെ സാമ്പത്തിക ദുർമ്മോഹത്തെ ശതഗുണീഭവിപ്പിച്ചു. അധികാരഗർവിൻറ്റെ കയറൂരി വിട്ടു. സ്ഥാനമോഹത്തിൻറ്റെ പരിധി തകർക്കപ്പെട്ടു. വിദ്യാഭ്യാസക്കച്ചവടത്തിലൂടെയും ആശൂപത്രിക്കച്ചവടത്തിലൂടെയും കണക്കും സുതാര്യതയും അറിയാത്ത പണം അരമനകളിലേക്കൊഴുകി. പണവിനിയോഗത്തിലും കണക്കും സുതാര്യതയും ഉത്തരവാദിത്തവും പൂജ്യമായിരുന്നു. പുരോഹിതൻമാരുടെ സാമ്പത്തികാതിക്രമങ്ങൾ ചോദ്യംചെയ്യപ്പെട്ടില്ല. ലൈംഗികപീഡനക്കേസുകളിലും കൊലക്കേസുകളിലും ഉൾപ്പെട്ട സഭാധികൃതരെ സംരക്ഷിക്കുവാൻ കോടികൾ വലിച്ചെറിയാൻ സഭ മടിച്ചില്ല. രാഷ്ട്രീയക്കാരെയും പോലീസ്‌സംവിധാനത്തെയും വശത്താക്കി നിറുത്താൻ കോടികൾ സഹായിച്ചു. ഹൈക്കോടതിലെയും സുപീം കോടതിയിലെയും ന്യായാധിപന്മാരെപ്പോലും വരുതിയിലാക്കാൻ ധൈര്യപ്പെട്ടു. പരിപാവനമെന്നവകാശപ്പെടുന്ന കുരിശ്ശിൻറ്റെ പേരിൽ വൻതോതിൽ കുരിശുകൃഷിയിൽ ഏർപ്പെട്ടു. ചില രാഷ്ട്രീയ പാർട്ടികളെ അതിനു കരുവാക്കി. സഭാംഗങ്ങളെ സഭാഭരണകാര്യങ്ങളിൽ അമ്പിനും വില്ലിനും അടുപ്പിക്കാതെ അകറ്റി നിറുത്തി. അൽമായ സംഘടന എന്ന് പറയപ്പെടുന്ന കത്തോലിക്കാ കോൺഗ്രസിനെ പൗരോഹിത്യത്തിൻറ്റെ പിടിയിലാക്കി, പാവയാക്കി. ഏറാൻ മൂളികളായ അല്മായർക്ക് ഷെവലിയർ മുതലായ സ്ഥാനമാനങ്ങൾ കൊടുത്തു പ്രോത്സാഹിപ്പിക്കുന്നു

വിമോചനസമരകാലത്തു് പള്ളികളുടെ പരിപാവനമായ പരിസ്സരങ്ങളിൽ പുരോഹിതന്മാരുടെ പരിലാളനത്തിൽ കൊടിപിടിപ്പിച്ച കുറുവടിധാരികളായ ക്രിസ്റ്റഫർ ഗുണ്ടാകൾ പരിലസിച്ചിരുന്നു. ഇന്ന്, വൻ വരൂമാനമുള്ള പള്ളികൾ ഗുണ്ടാ /ക്വട്ടേഷൻ സംഘങ്ങളെ പരിപാലിക്കുന്നു.

സഭാസ്വത്തുകളുടെ ക്രയവിക്രയങ്ങളിൽ നടപടിക്രമങ്ങൾ പാലിക്കാൻ കൂട്ടാക്കുന്നില്ല.. നികുതി വെട്ടിപ്പിനും ആധാരത്തിലെ കൃത്രിമങ്ങൾക്കും സുതാര്യമല്ലാത്ത ഇടപാടുകൾക്കും കൂട്ടുനിൽക്കുന്നു. ചോദ്യം ചെയ്യുന്നവരെ അധികാരത്തിൻറ്റെയും അച്ചടക്കത്തിൻറ്റെയും പേരിൽ അടിച്ചമർത്തുന്നു. സഭയുടെ ഔദ്യോഗിക ജിഹ്വയായ ദീപികപത്രത്തെ ചില മെത്രാന്മാരും പുരോഹിതന്മാരും തന്നിഷ്ടം കാണിച്ചു തകർത്തു. പിച്ചക്കാശുകൊണ്ടാണെത്രെ ദീപിക ഇന്ന് കഷ്ടിച്ചു മുന്നോട്ടുപോകുന്നത്. ദീപികയിൽ പ്രവർത്തിച്ചിരുന്ന ഫാദർ റോബിൻ വടക്കഞ്ചേരിക്ക് ലൈംഗിക പ്രശ്നത്തിൽനിന്നും തലയൂരാൻ തലയണക്കടിയിൽ ലക്ഷങ്ങൾ തയ്യാറുണ്ടായിരുന്നു. മന്ദമരുതികൊലക്കേസിനും അഭയാക്കേസിനുംവേണ്ടി സഭാധികാരികൾ വാരിയെറിഞ്ഞ കോടികൾക്ക് കണക്കില്ല. യാതൊരു രേഖകളുമില്ല. കുട്ടനാട്ടിലെ കർഷകരെ രക്ഷിക്കാനെന്നപേരിൽ ചങ്ങനാശേരി മെത്രാസനമയച്ച തോമസ് പീലിയാനിക്കാൻ എന്ന പുരോഹിതൻ കോടികൾ കീശയിലാക്കി പമ്പ കടന്നു. ഇപ്പോൾ അഴികൾക്കു പിന്നിൽ വിശ്രമിക്കുന്നതായി അറിയുന്നു. അങ്ങനെ എത്രയെത്ര വലുതും ചെറുതുമായ, വെളിച്ചത്തു വരുന്നതും വരാത്തതുമായ സാമ്പത്തികാതിക്രമങ്ങളാണ് പുരോഹിതന്മാർ കാട്ടിക്കൂട്ടുന്നത്. പുരോഹിതന്മാരുടെ ലൈംഗിക ചേഷ്ടകളെപ്പറ്റിയുള്ള കഥകൾ കേരളത്തിലെ ഓരോ ഇടവകൾക്കും പറയാനുണ്ടാകും. വിസ്താരഭയം വിലക്കുന്നതിനാൽ വിളമ്പുന്നില്ല, ബിഷപ്പ് ഫ്രാങ്കോക്ക് സഹാനുഭൂതി പ്രകടിപ്പിച്ച ബിഷപ്പുമാർ ഒരു തൂവൽ പക്ഷികളാണെന്നു പറയുന്ന പൊതുജനത്തെ കുറ്റപ്പെടുത്താനാവുമോ?

കേരള കത്തോലിക്കാസഭയിൽ നാമിന്നുകാണുന്ന അധാർമ്മികതകളുടെയെല്ലാം തുടക്കം കേരളകത്തോലിക്കാസഭാനേതൃത്വം മുന്നിൽനിന്നു നയിച്ച അധാർമ്മികമായ വിമോചന സമരമാണെന്നതിൽ രണ്ടഭിപ്രായമില്ല. സമരത്തിൻറ്റെ മുന്നണിപ്പടയാളിയായിരുന്ന വടക്കനച്ചൻ പിൽക്കാലത്ത് അത് ഏറ്റുപറയുകയുണ്ടായി. രാജഗോപാലാചാരി, സി.പി രാമസ്വാമിഅയ്യർ, കേളപ്പൻ, കെ.പി. കേശവമേനോൻ എന്നിവരും വിമോചനസമരത്തെ ശക്തമായി തള്ളിപ്പറഞ്ഞവരാണ്. മനസില്ലാമനസോടെ, പുന്നാരമകൾ ഇന്ദിരയുടെ ഇ൦ഗിതത്തിനു വഴങ്ങിയാണ് നെഹ്‌റു ഭരണഘടനയെ കശാപ്പുചെയ്യാൻ കൂട്ടുനിന്നത്.

ചങ്ങനാശേരി അതിരൂപതയുടെ മെത്രാപ്പോലീത്തായായ മാർ പെരുംതോട്ടം സഭാംഗങ്ങളുടെ ആദ്ധ്യാന്മിക നായകനാണ്. ആസന്നമായിരിക്കുന്ന തെരഞ്ഞെടുപ്പു വേളയിൽ, സാധാരണമായ ഇടയലേഖനത്തോടു വിടപറഞ്ഞുകൊണ്ട്, തികച്ചും തൻറ്റേതല്ലാത്ത രാഷ്ട്രീയ രംഗത്തെ അധികരിച്ചു് ഇത്രമാത്രം വിശദമായ ഒരു ലേഖനമെഴുതുവാൻ പ്രേരകമായ വിശേഷ സാഹചര്യം അന്വേഷിക്കാതെ വയ്യ!

അടുത്ത കർദിനാൾ പദവി സ്വപ്നംകണ്ടു കഴിയുന്ന മെത്രാന്മാരിൽ ഒരാളാണ് മാർ പെരുംതോട്ടം. പാലാ മെത്രാൻ മാർ കല്ലറങ്ങാട്ടും, തലശ്ശേരി സഹായമെത്രാൻ മാർ പാംപ്ലാനിയുമാണ് സജീവമായി രംഗത്തുള്ള എതിരാളികൾ. കർദിനാൾ പദവിയിൽ കണ്ണുംനട്ട്‌ കുപ്പായവും തുന്നിച്ചു കാത്തിരുന്ന് കണ്ണു കഴച്ചിട്ടും കുപ്പായം പഴങ്കോടിയായിട്ടും കാത്തിരിപ്പിന് ഫലംകാണാതെ കാലംകഴിക്കുന്ന ഒരു മെത്രാൻ തൻറ്റെ സഹവാസിയാണെന്ന് മാർ പെരുംതോട്ടം അറിയുന്നു. അതുകൊണ്ട് കാലേകൂട്ടി ഒരുമുഴം മുന്നേ എറിയുവാൻ അദ്ദേഹം ആഗ്രഹിക്കുന്നതിൽ തെറ്റ് പറയാനാവില്ല! മറ്റൊരുകാര്യം: വിമോചനസമരത്തിൻറ്റെ വിജയത്തിൽ മതിമറന്ന കത്തോലിക്കാമതമേധാവികൾ പിൽക്കാലത്ത് അവകാശങ്ങൾ ഇല്ലാത്ത അടിമകളെപ്പോലെയാണ് സഭാംഗങ്ങളെ കണ്ടതും കരുതിയതും. തല ഉയർത്താൻശ്രമിച്ചവരെ, ബുദ്ധിജീവികളെന്നു കണ്ടവരെ, തിരുവായ്ക്ക് എതിർവായ് തുറന്നവരെ അവർ നിഷ്ക്കരുണം അടിച്ചമർത്തി. ഐ. സി ചാക്കോ, എം.പി പോൾ, മുണ്ടശ്ശേരി, പൊൻകുന്നം വർക്കി, സക്കറിയ, പുലിക്കുന്നേൽ, ഏ.കെ ആൻറ്റണി എന്നിവർ സഭയുടെ അടിച്ചമർത്തൽ അടവുകളെ അതിജീവിച്ചവരാണ്. ഒടുവിൽ എന്തു പറ്റി? ചോദിക്കാനും പറയാനും ആളില്ലെന്നു വന്നപ്പോൾ സഭയുടെ ആദ്ധ്യാന്മിക ആചാര്യന്മാർ അധാർമ്മികതയിൽ മുച്ചൂടും മുഴുകിക്കഴിയുന്നു. സഭാധികൃതരെ ചുറ്റിപ്പറ്റിയുള്ള ലൈംഗികാരോപണങ്ങളും, സഭാസ്ഥാപനങ്ങളിലെ അഴിമതികളും തിരിമറികളും, സഭാനേതൃത്വത്തിലെ തൊഴുത്തിൽകുത്തും പാരവയ്പുകളും ചാനലുകളിലും സാമൂഹ്യ മാധ്യമങ്ങളിലും ചർച്ചാവിഷയമാകാത്ത ദിവസങ്ങളില്ല. ശക്തരും മതത്തിൻറ്റെ കടിഞ്ഞാൺ ഇല്ലാത്തവരുമായ രാഷ്ട്രീയ നേതാക്കന്മാരുടെ അഭാവം സമുദായത്തെ എല്ലാത്തരത്തിലും ക്ഷീണിപ്പിച്ചു. ആർക്കും കടവിറങ്ങാവുന്ന ഒരു കടവുപോലെയായിരിക്കുന്നു ഇന്നത്തെ കേരള കത്തോലിക്കാ സമുദായം. സഭാധികൃതർ പതിറ്റാണ്ടുകളായി സഭക്കു വരുത്തിവച്ച ധാർമ്മികഭ്രംശവും, സമുദായത്തിനു വരുത്തിവച്ച നാണക്കേടും രാഷ്ട്രീയമായ പാപ്പരത്തവും സമുദായ സ്നേഹികളെ അങ്കലാപ്പിലാക്കിയിരിക്കുന്നു. മാർ പെരുംതോട്ടം ദുഖകരമായ ഈ യാഥാർഥ്യം മനസ്സിലാക്കിയതായി തോന്നുന്നു. എന്നാൽ സഭയെ കാർന്നുതിന്നുന്ന സഭാനേതൃത്വത്തിൻറ്റെ അധാർമ്മികതക്കെതിരേ അദ്ദേഹം മൗനം ദീക്ഷിക്കുന്നു! ഈ യാഥാർഥ്യം തുറന്നുപറയാൻ എന്തുകൊണ്ടോ അദ്ദേഹം ധൈര്യപ്പെടുന്നില്ല! കുറ്റകരമായ അനാസ്ഥ എന്നുപറഞ്ഞാൽ മതിയാവില്ല!

എന്നാൽ, വിശദവും ദീർഘവുമായ ഒരു ലേഖനത്തിലൂടെ മാർ പെരുംതോട്ടം ഉയർത്തിയ ശബ്ദം നാം ശ്രവിച്ചു – ഭാരത രാഷ്ട്രീയത്തിലെ അധാർമ്മികതയെക്കുറിച്ചു്, അതുയർത്തുന്ന അപകടത്തെക്കുറിച്ചു്. അധാർമ്മിക രാഷ്‌ടീയത്തിൻ മുഴച്ചുനിൽക്കുന്നതും പതിയിരിക്കുന്നതും ഭാവിയിൽ രൂപപ്പെട്ടു വരാവുന്നതുമായ അപകടസാധ്യതകളെ കുറിച്ച്.

അധാർമ്മികതയിൽ കത്തോലിക്കാ സഭാനേതൃത്വം വറചട്ടിയാണ്! ഭാരതരാഷ്ട്രീയം കരിക്കലവും! വറചട്ടി കരിക്കലത്തെ കുറ്റപ്പെടുത്തുന്നു! വിരോധാഭാസം! വിരോധാഭാസം എന്നല്ലാതെ എന്ത് പറയണം?

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top