Flash News

ലോകമെമ്പാടും ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനം നടത്തുന്നത് അമേരിക്കയാണെന്ന് സിറിയ

April 4, 2021

ലോകമെമ്പാടുമുള്ള മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള അമേരിക്കയുടെ ഏറ്റവും പുതിയ വാർഷിക റിപ്പോർട്ട് “വ്യാമോഹങ്ങളും നുണകളും” അടിസ്ഥാനമാക്കിയുള്ളതാണെന്നും “കാപട്യത്തിന്റെ പാരമ്യതയെ” പ്രതിനിധീകരിക്കുന്നതാണെന്നും സിറിയ ആരോപിച്ചു. വാഷിംഗ്ടൺ അതിർത്തിക്കുള്ളിലും പുറത്തും ഏറ്റവും വലിയ അവകാശ ലംഘനമാണ് അമേരിക്ക നടത്തുന്നതെന്നും സിറിയ പറഞ്ഞു.

ഈ ആഴ്ച ആദ്യമാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് 2020-ല്‍ വിവിധ രാജ്യങ്ങളില്‍ നടന്ന മനുഷ്യാവകാശ നടപടികളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തിറക്കിയത്.

റഷ്യ, ബെലാറസ്, കിർഗിസ്ഥാൻ, ചൈന, സിറിയ എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിലും പ്രദേശങ്ങളിലും ഗുരുതരമായി മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നതിന്റെ റിപ്പോര്‍ട്ടാണ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പുറത്തുവിട്ടത്.

സിറിയയെ സംബന്ധിച്ച് പ്രസിഡന്റ് ബഷർ അൽ അസദിന്റെ സർക്കാർ സിറിയൻ ജനതയ്‌ക്കെതിരെ നടത്തിയ അതിക്രമങ്ങൾ റിപ്പോർട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. “സിറിയയിലെ ജനങ്ങൾക്കെതിരായ അസദിന്റെ അതിക്രമങ്ങൾ തടസ്സമില്ലാതെ തുടരുകയാണ്. അന്തസ്സോടെയും സ്വാതന്ത്ര്യത്തോടെയും ജീവിക്കാനുള്ള അവരുടെ പത്തു വർഷത്തെ പോരാട്ടങ്ങളെ ഈ വർഷം അടയാളപ്പെടുത്തുന്നു,” റിപ്പോര്‍ട്ടില്‍ പറയുന്നു.

സിറിയൻ വിദേശ മന്ത്രാലയം ആരോപണങ്ങളെ തള്ളിക്കളഞ്ഞു. ഇവയെല്ലാം തീവ്രവാദ സംഘടനകളുടെയും അവരുടെ അനുയായികളുടെയും മേഖലയിലെയും അതിനപ്പുറത്തെയും ധനകാര്യ വിദഗ്ധരുടെ റിപ്പോർട്ടുകളിൽ നിന്നാണ് എടുത്തതെന്ന് പറഞ്ഞു.

സിറിയൻ ജനത നേരിടുന്ന യഥാർത്ഥ ദുരന്തത്തെ റിപ്പോർട്ട് അഭിസംബോധന ചെയ്തിട്ടില്ല. തീവ്രവാദവും അവര്‍ക്ക് അമേരിക്കയുടെ ധനസഹായത്തെക്കുറിച്ചും, സിറിയൻ എണ്ണയും ഗോതമ്പും പരസ്യമായി കൊള്ളയടിക്കുന്നതിനെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല.

രാജ്യത്തെ പട്ടിണിയും ദാരിദ്ര്യവും ലക്ഷ്യമിട്ട് പാശ്ചാത്യർ ഏർപ്പെടുത്തിയ മനുഷ്യത്വരഹിതമായ സാമ്പത്തിക ഉപരോധത്തിന്റെ ഫലമായി സിറിയയിലെ ജനങ്ങൾ അവരുടെ ഭക്ഷണം, ആരോഗ്യം, ജീവിതത്തിന്റെ വിവിധ മേഖലകൾ എന്നിവയിൽ ദുരിതമനുഭവിക്കുകയാണ്.

വിദേശനയത്തിൽ മനുഷ്യാവകാശങ്ങൾക്ക് മുൻഗണനയുണ്ടെന്ന വാഷിംഗ്ടണിന്റെ വാദം കാപട്യമാണെന്ന് മന്ത്രാലയം ആരോപിച്ചു. സിറിയയെക്കുറിച്ചും വാഷിംഗ്ടണിന്റെ നയങ്ങളോട് യോജിക്കാത്ത മറ്റ് രാജ്യങ്ങളെക്കുറിച്ചും “വ്യാമോഹങ്ങളും നുണകളും” പ്രചരിപ്പിക്കുന്നതാണ് റിപ്പോർട്ട് എന്ന് മന്ത്രാലയം പറഞ്ഞു.

വാഷിംഗ്ടണിന്റെ ഏകപക്ഷീയമായ ഉപരോധത്തെ “മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ” എന്ന് സിറിയൻ സർക്കാർ അപലപിച്ചു. തീവ്രവാദത്തിന്റെ പാശ്ചാത്യ സ്പോൺസർമാർ സിറിയൻ രാജ്യത്തിനെതിരായ അതിക്രമങ്ങൾക്ക് കനത്ത വില നൽകേണ്ടി വരുമെന്നും സിറിയന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

 

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top