വൈക്കം: പ്രശസ്ത നാടക രചയിതാവും തിരക്കഥാകൃത്തും നടനുമായ പി ബാലചന്ദ്രന് അന്തരിച്ചു. 70 വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെ വൈക്കത്തുള്ള സ്വവസതിയിലായിരുന്നു അന്ത്യം. അസുഖബാധയെത്തുടര്‍ന്ന് കഴിഞ്ഞ് ഏഴെട്ടു മാസങ്ങളായി ചികിത്സയിലായിരുന്നു. സംസ്ക്കാരം ഉച്ച കഴിഞ്ഞ് മൂന്നു മണിക്ക് വീട്ടുവളപ്പില്‍ നടക്കും. ശ്രീലതയാണ് ഭാര്യ. ശ്രീകാന്ത്, പാര്‍വ്വതി എന്നിവര്‍ മക്കള്‍.
മലയാള സിനിമാലോകത്തിനും നാടകമേഖലക്കും അതുല്യ സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു ബാലചന്ദ്രൻ. എംജി സർവകലാശാലയിലെ സ്കൂൾ ഓഫ് ലെറ്റേർസിൽ ലക്ചറർ ആയാണ് തുടക്കം. സ്കൂൾ ഓഫ് ഡ്രാമയിൽ കുറച്ചുകാലം അധ്യാപകനായിരുന്നു. ‘മകുടി’ (ഏകാഭിനയ ശേഖരം), ‘പാവം ഉസ്മാൻ’, ‘മായാസീതങ്കം’, ‘നാടകോൽസവം’ തുടങ്ങി നിരവധി നാടകങ്ങൾ രചിച്ചു. ‘ഏകാകി’, ‘ലഗോ’, ‘തീയേറ്റർ തെറാപ്പി’, ‘ഒരു മധ്യവേനൽ പ്രണയരാവ്’, ‘ഗുഡ് വുമൺ ഓഫ് സെറ്റ്സ്വാൻ’ തുടങ്ങിയ നാടകങ്ങൾ സംവിധാനം ചെയ്തു.
‘ഉള്ളടക്കം’, ‘അങ്കിൾ ബൺ’, ‘പവിത്രം’, ‘തച്ചോളി വർഗീസ് ചേകവർ’, ‘അഗ്നിദേവൻ’, ‘മാനസം’, ‘പുനരധിവാസം’, ‘പോലീസ്’, ‘കമ്മട്ടിപ്പാടം’, ‘എടക്കാട് ബറ്റാലിയൻ’ തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥയും സംഭാഷണവും തയാറാക്കി. ഇതിൽ അഗ്നിദേവൻ വേണു നാഗവള്ളിക്കൊപ്പമാണ് രചിച്ചത്. ‘വക്കാലത്ത് നാരായണൻ കുട്ടി’, ‘ശേഷം’, ‘പുനരധിവാസം’, ‘ശിവം’, ‘ജലമർമ്മരം’, ‘ട്രിവാൻഡ്രം ലോഡ്ജ്’, ‘ഹോട്ടൽ കാലിഫോർണിയ’, ‘കടൽ കടന്നൊരു മാത്തുക്കുട്ടി’, ‘കമ്മട്ടിപ്പാടം’ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 2012ൽ കവി പി കുഞ്ഞിരാമൻ നായരുടെ ജീവിതത്തെ ആസ്പദമാക്കി ‘ഇവൻ മേഘരൂപൻ’ എന്ന ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തു.
1989ൽ ‘പാവം ഉസ്മാൻ’ എന്ന നാടകത്തിന് മികച്ച നാടകരചനക്കുള്ള കേരളാ സാഹിത്യ അക്കാദമി പുരസ്കാരവും, ‘പ്രതിരൂപങ്ങൾ’ എന്ന നാടകരചനക്ക് കേരള സംസ്ഥാന പ്രൊഫഷണൽ നാടക പുരസ്കാരവും നേടി. 1999ൽ ‘പുനരധിവാസം’ എന്ന ചിത്രത്തിന്റെ തിരക്കഥക്ക് കേരള ചലച്ചിത്ര അക്കാദമി പുരസ്കാരം സ്വന്തമാക്കി. മികച്ച നാടക രചനക്കുള്ള 2009ലെ കേരളം സംഗീത നാടക അക്കാദമി പുരസ്കാരവും പി ബാലചന്ദ്രനായിരുന്നു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply