കോഴിക്കോട്: ജമാഅത്തെ ഇസ്ലാമി മുൻ അഖിലേന്ത്യാ അസി. അമീറും, മുൻ കേരള അമീറും, മാധ്യമം മുൻ ചെയർമാനുമായിരുന്ന പ്രൊഫ. കെ.എ സിദ്ദീഖ് ഹസ്സൻ (76) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ഏറെ നാളായി കോഴിക്കോട് കോവൂരിലെ മകന്റെ വീട്ടിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു.
എഴുത്തുകരൻ, ഇസ്ലാമിക പണ്ഡിതന്, വാഗ്മി, സാമൂഹിക പ്രവര്ത്തകന് എന്നീ നിലകളിൽ പകരം വെക്കാനാവാത്ത വ്യക്തിത്വമായിരുന്നു അദ്ദേഹം. കെ.എം അബ്ദുല്ല മൗലവിയുടേയും പി.എ. ഖദീജയുടേയും മകനായി 1945 മെയ് 5 ന് തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്ത എറിയാട്ടില്‍ ജനനം. ഫറൂഖ് റൗദത്തുല്‍ ഉലൂം അറബിക് കോളജ്, ശാന്തപുരം ഇസ്ലാമിയ കോളജ് എന്നിവിടങ്ങളില്‍ നിന്നായി അഫ്ദലുല്‍ ഉലമയും എം.എ (അറബിക്) യും നേടി.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, കൊയിലാണ്ടി, കോടഞ്ചേരി, കാസർഗോഡ് ഗവണ്മെന്റ് കോളേജ് എന്നിവിടങ്ങളിൽ അദ്ധ്യാപകനായിരുന്നു. ബഹുഭാഷാ പണ്ഡിതനും എഴൂത്തുകാരനും വാഗ്മിയുമാണ്. ഐഡിയൽ പബ്ലിക്കേഷൻ ട്രസ്റ്റ് പ്രഥമ സെക്രട്ടറി, പ്രബോധനം വാരികയുടെ സഹ പത്രാധിപർ, മുഖ്യ പത്രാധിപർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘ഇസ്ലാം ദർശന’ത്തിന്റെ അസിസ്റ്റന്റ് എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു.
ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യാ അസിസ്റ്റൻറ് അമീര്‍, നാലു തവണ ജമാഅത്തെ ഇസ്ലാമി കേരള അമീർ ആയിരുന്നു. ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ ഡെവലപ്മെന്റ് ഫൗണ്ടേഷന്റെ വിഷന്‍ 2016 പദ്ധതിയുടെ ഡയറക്ടര്‍. 1990 മുതല്‍ 2005 വരെയുള്ള വര്‍ഷങ്ങളില്‍ കേരള ജമാഅത്തെ ഇസ്ലാമിയുടെ സംസ്ഥാന അമീര്‍ ആയിരുന്നു. ഇന്ത്യയിലെ സാമൂഹിക വിദ്യാഭ്യാസ മേഖലയില്‍ പിന്നാക്കം നില്ക്കുന്ന ജനവിഭാഗങ്ങളുടെ പുരോഗമനത്തിനായി പ്രവര്‍ത്തിക്കുന്ന അനേകം പ്രോജക്ടുകള്‍ക്ക് നേതൃത്വം നല്കുന്നു. ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്, ഹ്യൂമന്‍ വെല്‍ഫെയര്‍ ട്രസ്റ്റ്, എ.പി.സി.ആര്, സൊസൈറ്റി ഫോര്‍ ബ്രൈറ്റ് ഫ്യൂച്ചര്‍, മെഡിക്കല്‍ സര്‍വിസ് സൊസൈറ്റി എന്നിവയുടെ ജനറല്‍ സെക്രട്ടറിയാണ്. കേരള ജമാഅത്തെ ഇസ്ലാമിയുടെ സംസ്ഥാന അദ്ധ്യക്ഷനായിരുന്ന സിദ്ദീഖ് ഹസ്സന്, മാധ്യമം ദിനപത്രം, വാരിക എന്നിവ പ്രസിദ്ധീകരിക്കുന്ന ഐഡിയല്‍ പബ്ലിക്കേഷന്‍ ട്രസ്റ്റിന്റെ സ്ഥാപക സെക്രട്ടറിയായിരുന്നു. തുടർന്ന് ഐഡിയല്‍ പബ്ലിക്കേഷന്‍ ട്രസ്റ്റിന്റെ ചെയര്‍മാനായും, ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്മെന്റ് ആന്റ് ക്രെഡിറ്റ് ലിമിറ്റഡിന്റെ അദ്ധ്യക്ഷനായും, ബൈത്തുസ്സകാത്ത് കേരളയുടെ സ്ഥാപക അദ്ധ്യക്ഷനായും പ്രബോധനം വാരികയുടെ മുഖ്യപത്രാധിപരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ: വി.കെ സുബൈദ.
മക്കൾ: ഫസലുർറഹ്മാൻ, സാബിറ, ശറഫുദ്ദീൻ, അനീസുർറഹ്മാൻ.
മയ്യിത്ത് വൈകുന്നേരം നാല് മണി മുതൽ രാത്രി 11മണി വരെ വെള്ളിമാടുകുന്ന് ഐ.എസ്.ടിയിൽ പൊതുദർശനത്തിന് വെക്കും. ബുധനാഴ്ച രാവിലെ 8.30 ന് കോഴിക്കോട് വെള്ളിപ്പറമ്പ് ജുമാമസ്ജിദിൽ ഖബറടക്കും.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply