Flash News

മുഖ്യമന്ത്രി പിണറായി വിജയനെതിരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഭാഗ്യവതിക്കെതിരെ സിപി‌എം സൈബര്‍ സഖാക്കാളുടെ ഗുണ്ടായിസമെന്ന് ആരോപണം

April 6, 2021

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മ്മടത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ഭാഗ്യവതിക്കെതിരെ സൈബര്‍ സഖാക്കളുടെ ഗുണ്ടായിസമെന്ന് പരാതി. അത്യന്തം ഹീനമായ ഭാഷയിലാണ് തനിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തുന്നതെന്നാണ് ഭാഗ്യവതിയുടെ പരാതിയില്‍ പറയുന്നത്. തെരഞ്ഞെടുപ്പ് ദിവസം തനിക്കെതിരെ സമൂഹ്യമാധ്യമങ്ങളില്‍ സി.പി.എം അനുയായികള്‍ നടത്തിയ അപകീര്‍ത്തികരമായ പ്രചരണത്തിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയായ ഭാഗ്യവതി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

തന്റെ രണ്ട് മക്കളുടെ ക്രൂരമായ മരണത്തിന് ഉത്തരവാദികളായവരുടെ പേരില്‍ പൊലീസ് നടപടി വേണമെന്ന് ആവശ്യപ്പെട്ട് സമരത്തിലാണ് ഭാഗ്യവതി. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥരെ സംരക്ഷിക്കുകയും അവര്‍ക്ക് പ്രമോഷന്‍ നല്‍കുകയും ചെയ്ത ഇടത് ഭരണാധികാരികളുടെ നിലപാടുകള്‍ക്കെതിരെയാണ് ഈ അമ്മയുടെ സമരം. കുറ്റവാളികളായ പൊലീസ് ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ നടപടി വേണമെന്ന ഭാഗ്യവതിയുടെ അഭ്യര്‍ത്ഥന പിണറായി തള്ളിക്കളഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് താന്‍ ധര്‍മ്മടത്ത് മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുന്നതെന്നാണ് നിസ്സഹായയായ ഈ അമ്മയുടെ നിലപാട്.

പെൺകുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ അവരുടെ അമ്മയ്ക്കും പങ്കുണ്ടെന്ന് ഹൈക്കോടതി അഭിഭാഷകനും സഖാക്കളുടെ സഖാവുമായ ഹരീഷ് വാസുദേവൻ അടുത്തിടെ ഫേസ്ബുക്കിൽ എഴുതിയിരുന്നു. കേസ് അന്വേഷിച്ച ഡിവൈ.എസ്.പി സോജന്‍ മഹാനാണെന്നും കുട്ടികളുടെ അമ്മ പിഴച്ചവളാണെന്നും എഴുതിയിട്ടുണ്ട്. വീടെന്ന് പറയാന്‍ പോലും കഴിയാനാവാത്ത ഒറ്റമുറി കൂരയ്ക്കുള്ളില്‍ കഴിയുന്ന അമ്മയുടെ അറിവോടെയാണ് കുട്ടികളെ ബലാല്‍സംഗം ചെയ്‌തെന്നാണ് ‘നീതി ബോധമുള്ള’ വക്കീലദ്ദേഹം എഴുതിയിരിക്കുന്നത്. ഹരീഷിന്റെ വെളിപാടുകള്‍ ഇടത് അനുയായികള്‍ സൈബര്‍ ഇടങ്ങളില്‍ കൊണ്ടാടുകയാണ്. അതിലുപരി പിണറായി വിജയനെന്ന ഭരണാധികാരി പരാജയപ്പെട്ട ആഭ്യന്തരമന്ത്രിയാണെന്ന് നാട്ടുകാര്‍ അറിയാതിരിക്കാനാണ് അഭിഭാഷകന്റെ വൃഥാ ശ്രമങ്ങള്‍.

ഹരീഷിനെ അഭിനന്ദിക്കാൻ ഇറങ്ങിയവരിൽ പ്രോഗ്രസീവ് ആർട്ട് ലിറ്റററി സൊസൈറ്റി സെക്രട്ടറി അശോകൻ ചരുവിലും ഉൾപ്പെടുന്നു. കുട്ടികളെ ബലാത്സംഗം ചെയ്യുന്നത് ശിക്ഷാർഹമായ ക്രിമിനൽ കുറ്റമാണെന്ന് മറന്നുകൊണ്ട് പോലീസിനെ വെള്ളപൂശുന്നു. പ്രായപൂര്‍ത്തിയാകാത്ത ഈ കൊച്ചു പെണ്‍കുട്ടികള്‍ ലൈംഗികബന്ധം ആസ്വദിച്ചിരുന്നു എന്നാണ് പൊലീസിന്റെ ഭാഷ്യം. ഈ അധമമായ കണ്ടെത്തല്‍ നടത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍മാരെയാണ് ഇടതു സഖാക്കള്‍ സംഘടിതമായി വാഴ്ത്തിപ്പാടുന്നത്.

കടുത്ത ദാരിദ്രവും സാമൂഹ്യപിന്നോക്കാവസ്ഥയും നേരിടുന്ന ഒരമ്മയോടാണ് ഭരിക്കുന്ന പാര്‍ട്ടിയുടെയും അവരുടെ അടിമ കൂട്ടങ്ങളുടെയും യുദ്ധപ്രഖ്യാപനം. ദളിതര്‍ ലൈംഗിക ചൂഷണത്തിന് ഇരയായാല്‍ ഭരണകൂടവും സവര്‍ണ രാഷ്ട്രീയ നേതൃത്വവും ഇരയ്‌ക്കെതിരെ സദാചാര ദൂഷ്യങ്ങള്‍ പറഞ്ഞുപരത്തുന്നത് പതിവാണ്, പ്രത്യേകിച്ച് ഇടത് ആക്ടിവിസ്റ്റുകളും അവരുടെ പിണിയാളുകളും. സവര്‍ണജാതി ബോധമാണ് ഇത്തരം ഒറ്റപ്പെടുത്തലിന്റെയും തീര്‍പ്പുകല്‍പ്പിക്കലിന്റെയും പിന്നിലെന്ന് വ്യക്തം. സാമൂഹ്യ മാധ്യമങ്ങളിലൂടെ നിർഭാഗ്യവതിയായ ആ അമ്മയ്‌ക്കെതിരായ ആൾക്കൂട്ട ആക്രമണത്തിനെതിരെ ഒരു വാക്കുപോലും പറയാതെ, ഇടതുപക്ഷ വനിതാ സംഘടനകളാണ് ഇവിടെ സമത്വത്തെക്കുറിച്ച് ആക്രോശിക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥനും സാമൂഹ്യ സുരക്ഷാ വിഭാഗ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. മുഹമ്മദ് ആഷിൽ പോലും ഈ നിസ്സഹായയായ അമ്മയെ ധാർമ്മിക ബോധം പഠിപ്പിക്കാൻ ഇറങ്ങിയിരിക്കുകയാണ്. ഇടതുപക്ഷ സഖാക്കളുടെ ആൾക്കൂട്ട വിചാരണയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ദലിത് സംഘടനകൾ രംഗത്തിറങ്ങിയിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top