Flash News

സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എൻ.എസ്. വെങ്കട രമണ ഈ മാസം 24-ന് ചുമതലയേല്‍ക്കും

April 6, 2021

ന്യൂഡൽഹി: സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എൻ.എസ്. വെങ്കട രമണ ഈ മാസം 24-ന് ചുമതലയേല്‍ക്കും. സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയ്ക്കു പകരമാണ് അദ്ദേഹത്തിന്റെ നിയമനം. 48-ാമത് ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കുന്ന അദ്ദേഹത്തിന്റെ കാലാവധി 2022 ഓഗസ്റ്റ് 26 വരെയാണ്. സുപ്രീം കോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയാണ് ജസ്റ്റിസ് വെങ്കട രമണ.

സീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ ജസ്റ്റിസ് രമണ തന്റെ പിൻഗാമിയാകണമെന്ന് ജസ്റ്റിസ് ബോബ്ഡെ അടുത്തിടെ ശുപാർശ ചെയ്തിരുന്നു. ഇത് ഇന്നു രാവിലെ കേന്ദ്ര സർക്കാർ അംഗീകരിച്ച് രാഷ്ട്രപതിക്കു കൈമാറി. ഇതുപ്രകാരം രാഷ്ട്രപതിയുടെ വിജ്ഞാപനവും വന്നു. 1957 ഓഗസ്റ്റ് 27ന് ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിൽ പൊന്നാവരത്താണ് ജസ്റ്റിസ് രമണയുടെ ജനനം. 1983 ഫെബ്രുവരി 10ന് അഭിഭാഷകനായി എൻ‌റോൾ ചെയ്തു. 2000 ജൂൺ 27ന് ആന്ധ്രപ്രദേശ് ഹൈക്കോടതിയിൽ സ്ഥിരം ജഡ്ജിയായി നിയമിതനായി. 2013ൽ ആന്ധ്രപ്രദേശ് ഹൈക്കോടതിയുടെ ആക്റ്റിങ് ചീഫ് ജസ്റ്റിസായി മാർച്ച് 10 മുതൽ മേയ് 20 വരെ പ്രവർത്തിച്ചിട്ടുണ്ട്.

2013 സെപ്റ്റംബർ രണ്ടിന് ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായി. 2014 ഫെബ്രുവരി 17നാണ് സുപ്രീം കോടതി ജഡ്ജിയാകുന്നത്. പരമോന്നത കോടതിയിൽ നിരവധി പ്രമാദമായ കേസുകൾ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കാനുള്ള കേന്ദ്ര സർക്കാർ അധികാരത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഒരുകൂട്ടം ഹർജികൾ ഏഴംഗ ബെഞ്ചിനു വിടണമെന്ന ആവശ്യം കഴിഞ്ഞവർഷം മാർച്ചിൽ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്‍റെ അധ്യക്ഷനായിരുന്ന ജസ്റ്റിസ് രമണ നിരാകരിച്ചിരുന്നു. ജമ്മു കശ്മീരിലെ ഇന്‍റർനെറ്റ് നിയന്ത്രണങ്ങൾ പുനപ്പരിശോധിക്കാൻ നേരത്തേ അവിടുത്തെ ഭരണകൂടത്തോടു നിർദേശിച്ച ബെഞ്ചിന്‍റെ അധ്യക്ഷനും ഇദ്ദേഹമായിരുന്നു.

2016ൽ അരുണാചൽ പ്രദേശിലെ കോൺഗ്രസ് സർക്കാരിനെ പുനസ്ഥാപിക്കാനുള്ള ഉത്തരവിട്ടതും ജസ്റ്റിസ് രമണയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ്. “ക്ലോക്ക് തിരിച്ചുവയ്ക്കണ’മെന്നാണ് അന്നു കോടതി നിർദേശിച്ചത്. ഗവർണറുടെ തീരുമാനങ്ങളെല്ലാം ആ വിധിയിൽ കോടതി തള്ളി. 2019 നവംബറിൽ അന്നത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നിയമസഭയിൽ വിശ്വാസ വോട്ട് തേടണമെന്നു നിർദേശിച്ചതും ജസ്റ്റിസ് രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top