Flash News

ഇന്ത്യയില്‍ കോവിഡ്-19 വാക്സിന്‍ യഥേഷ്ടം ലഭ്യമാണ്; ആശങ്കയ്ക്ക് വകയില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍

April 7, 2021 , .

മുംബൈ: രാജ്യത്ത് കോവിഡ്-19 വാക്സിന്‍ യഥേഷ്ടം ലഭ്യമാണെന്നും അതേക്കുറിച്ച് ആരും ആശങ്ക വെച്ചുപുലര്‍ത്തേണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ പറഞ്ഞു. സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ വാക്സിന്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു. വാക്‌സിൻ ക്ഷാമുണ്ടെന്ന് മഹാരാഷ്ട്രയും ആന്ധ്രപ്രദേശും അറിയിച്ചതിനെത്തുടർന്നാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. ‘ഒരു സംസ്ഥാനത്തും നിലവിൽ വാക്സിൻ ക്ഷാമം ഇല്ല. അങ്ങനെ ഒരവസ്ഥ സംജാതമാകാൻ അനുവദിക്കില്ല. ഇക്കാര്യം എല്ലാ സംസ്ഥാനങ്ങളേയും അറിയിച്ചിട്ടുണ്ട്. ആവശ്യത്തിനനുസരിച്ചുള്ള വാക്സിൻ വിതരണം തുടരും’, ഹർഷ വർധൻ പറഞ്ഞു.

സംസ്ഥാനത്ത് വാക്‌സിൻ അപര്യാപ്തമാണെന്ന് മഹാരാഷ്ട്ര സർക്കാർ വ്യക്തമാക്കിയിരുന്നു. മുംബൈ നഗരത്തിലെ വാക്‌സിൻ സ്റ്റോക്ക് അവസാനിക്കുകയാണെന്നും ഒരു ലക്ഷത്തിനടുത്ത് കോവിഷീൽഡ് വാക്‌സിൻ സ്‌റ്റോക്ക് മാത്രമാണ് അവശേഷിക്കുന്നതെന്നും മുംബൈ മേയർ കിഷോർ പെഡ്‌നേക്കർ വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്താകെ 14 ലക്ഷം കൊറോണ വാക്‌സിൻ മാത്രമാണ് അവശേഷിക്കുന്നതെന്നും ഇത് മൂന്നു ദിവസത്തേക്കു മാത്രമാണ് തികയുക എന്നും മഹാരാഷ്ട്ര സർക്കാരും കേന്ദ്രത്തെ അറിയിച്ചിരുന്നു.

മഹാരാഷ്ട്രയിൽ കോവിഡ്-19 വാക്സിന് ക്ഷാമമുണ്ടെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ആന്ധ്രാപ്രദേശും ആശങ്കയറിയിച്ച്‌ രംഗത്തെത്തി. 3.7 ലക്ഷം വാക്‌സിൻ ഡോസുകൾ മാത്രമാണ് സംസ്ഥാനത്തുള്ളതെന്നായിരുന്നു ആന്ധ്ര സർക്കാർ കേന്ദ്രത്തെ അറിയിച്ചിരുന്നത്. എന്നാൽ രാജ്യത്ത് വാക്‌സിൻ ക്ഷാമമില്ലെന്നും എല്ലാ സംസ്ഥാനങ്ങൾക്കും പര്യാപ്തമായ വാക്സിൻ രാജ്യത്തുണ്ടെന്നും കേന്ദ്രം വ്യക്തമാക്കുന്നു.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top