ശ്രീമാൻ ജോസഫ് പടന്നമാക്കലിന്റെ വേര്‍പാടില്‍ ദുഃഖ സ്മരണയോടെ…..

സൗമ്യൻ, മിതഭാഷി, തൂലികാചലനത്തിൽ ധാരാളി, പാരായണത്തിൽ പിശുക്കില്ലാത്തവൻ, മുഖം കവിഞ്ഞൊഴുകുന്ന പുഞ്ചിരിയുടെ ഉടമ, നിർഭയനായ വിമർശകൻ, അന്വേഷണ ബുദ്ധിയോടെ അവലോകനം ചെയ്യുന്നവൻ, സത്യാന്വേഷണ തല്പരൻ…. ഇതെല്ലാമായിരുന്നു പോയ വർഷം ഏപ്രിൽ ഒൻപതിന് അമേരിക്കൻ മലയാളികളെ മൊത്തത്തിൽ ഞെട്ടിപ്പിച്ചുകൊണ്ട് വിട്ടകന്നു പോയ ശ്രീ ജോസഫ് പടന്നമാക്കല്‍.

ജീവിതത്തിന്റെ നല്ല ഭാഗം കേരളത്തിലെ കത്തോലിക്കാ സഭയുടെ നവീകരണത്തിനുവേണ്ടി ഉഴിഞ്ഞു വെച്ച വ്യക്തിയായിരുന്നു പ്രൊഫ. ജോസഫ് പുലിക്കുന്നേൽ. എഴുപതുകളിൽ സഭാധികൃതരുടെ വീഴ്ചകളെ ചൂണ്ടിക്കാണിക്കാൻ ധൈര്യം കാണിച്ച ഏക സഭാംഗം അദ്ദേഹമായിരുന്നു. പിൽക്കാലത്ത്, ഓൺലൈൻ മാധ്യമങ്ങളുടെ വരവോടെ സഭാധികാരികളുടെ അഴിഞ്ഞാട്ടങ്ങളെ പരസ്യമായി ചോദ്യം ചെയ്യാൻ അനേകം സഭാസ്നേഹികൾ മുന്നോട്ടുവന്നു. 2003 – ലാണെന്നു തോന്നുന്നു കെ.സി.ആർ.എം – പാലാ, “അല്‍മായ ശബ്ദം” എന്ന ഒരു ബ്ലോഗിന് ജന്മം നൽകി. എഴുത്തിന്റെ വഴിയിലേക്കിറങ്ങാൻ അരമനസ്സുമായി നിന്ന ശ്രീ പടന്നമാക്കലിനെ കൈപിടിച്ചിറക്കിയത് കെ.സി.ആർ.എം അമേരിക്കയുടെ അദ്ധ്യക്ഷനായ ചാക്കോ കളരിക്കലാണ്. മിഴിവും മികവുമാർന്ന മുന്നൂറിൽപരം ലേഖനങ്ങൾ വായനാപ്രേമികളായ മലയാളികൾക്ക് ആദ്ദേഹത്തിന്റെ ചടുലമായ തൂലിക സമ്മാനിച്ചിരിക്കുന്നു! അനുവാചകനെ ഒരേസമയം ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും അതിശയിപ്പിക്കുകയും ചെയ്യാൻ പോരുന്നവയായിരുന്നു അവയിലധികവും.

ന്യൂയോർക്ക് നഗരത്തിലെ ബൃഹത്തായ ഗ്രന്ഥശേഖരത്തിലെ പൗരസ്ത്യ വിഭാഗത്തിന്റെ തലവനെന്ന നിലയിൽ ഭാരതത്തെപ്പറ്റി പൊതുവായും, കേരളത്തെപ്പറ്റി പ്രതേകിച്ചും ലഭ്യമായ അപൂർവ്വ ഗ്രന്ഥങ്ങൾ അരിച്ചു പെറുക്കുന്നതിൽ അദ്ദേഹം അഭിരമിച്ചിരുന്നു. ഭാരത ഭരണഘടനാശിൽപ്പിയായ ഡോ. അംബേദ്ക്കറിനെപ്പറ്റിയും, വർണ്ണാശ്രമ ധർമ്മത്തെപ്പറ്റിയും, തൊട്ടുകൂടാജന്മത്തെപറ്റിയും, ടിപ്പുസുൽത്താനെപ്പറ്റിയും, തിരുവിതാംകൂർ രാജവാഴ്ച്ചക്കാലത്തെപ്പറ്റിയും ഓണാഘോഷത്തെപ്പറ്റിയുമുള്ള പുത്തൻ അറിവുകൾ നമുക്കു ലഭിക്കുന്നതിന് അത് ഇടയാക്കി.

ചരിത്രം, സാഹിത്യം, മതം, സമകാലിക സംഭവങ്ങൾ, നിരൂപണം അവലോകനം – അദ്ദേഹത്തിന്റെ തൂലികയ്ക്ക് വഴങ്ങിയിരുന്നു. വായനയിൽ ആനന്ദം കൊണ്ടിരുന്ന അമേരിക്കൻ മലയാളിക്ക് ശ്രീ പടന്നമാക്കലിന്റെ അപ്രതീക്ഷിത വേർപാട് ഒരു കനത്ത നഷ്ടമായിരുന്നു.

L-R : ജോസഫ് പടന്നമാക്കല്‍, ഡോ. ജയിംസ് കോട്ടൂര്‍, ചാക്കോ കളരിക്കല്‍

വടക്കേ അമേരിക്കയിലെ കേരള കത്തോലിക്കാസഭാ നവീകരണ പ്രസ്ഥാനത്തിന്റെ നായകനായ ചാക്കോ കളരിക്കലാണ് നവീകരണ പ്രസ്ഥാനത്തിന്റെ ഒരു നെടുംതൂണും നലം തികഞ്ഞ ലേഖന കർത്താവുമായ പടന്നമാക്കലിനെ ഈ ലേഖകന്‌ പരിചയപ്പെടുത്തിയത്. അതിനുശേഷം, ന്യൂയോർക്കിലെ ന്യൂസിറ്റിയിലുള്ള ബന്ധുക്കളെ സന്ദർശിക്കുമ്പോഴെല്ലാം പടന്നമാക്കലുമായി ഒത്തുചേരുന്നത് പതിവാക്കിയിരുന്നു. സൂര്യനു താഴെ സംഭവിക്കുന്ന എല്ലാ കാര്യങ്ങളും ചർച്ച ചെയ്യുന്നതിൽ അദ്ദേഹം താല്പര്യം കാണിച്ചിരുന്നു. അവസാനമായി ഞങ്ങൾ മുഖാമുഖം കണ്ടത് ചിക്കാഗോയിൽ വെച്ചായിരുന്നു. 2019 ആഗസ്റ്റ് എട്ടിന്. കേരള കത്തോലിക്കാ സഭാനവീകരണ പ്രസ്ഥാനത്തിന്റെ വാർഷിക സമ്മേളനത്തിൽ വെച്ച്. സമ്മേളന ഹാളിൽ എത്തിയതും തന്റെ ന്യൂയോര്‍ക്ക്-ചിക്കാഗോ ട്രെയിൻ യാത്രയുടെ ആനന്ദകരമായ അനുഭവങ്ങളെപ്പറ്റി നിറഞ്ഞ പുഞ്ചിരിയോടെയും ഒരു കൗമാരക്കാരന്റെ വികാരാവേശത്തോടെയും അദ്ദേഹം വിവരിച്ചത് ഇന്നലെ എന്നപോലെ ഓർക്കുന്നു. അത് അവസാനത്തെ കൂടിക്കാഴ്ചയാണെന്ന് സദസ്യർ ആരും തന്നെ സംശയിച്ചിട്ടുണ്ടാവില്ല! ആറു മാസത്തിനുശേഷം ശ്രവിച്ച വാർത്ത അവിശ്വസനീയമായിരുന്നു ഞെട്ടലും വേദനയും നൽകുന്നതായിരുന്നു.

ഇന്നേ ദിവസം നാം – അമേരിക്കൻ മലയാളികൾ – ശ്രീ പടന്നമാക്കലിന്റെ വേർപാടു മൂലമുണ്ടായ നികത്താനാവാത്ത നഷ്ടത്തെ വിലയിരുത്തുന്നു, വിലപിക്കുന്നു. നമ്മുടെ ജീവിതത്തിൽ നിന്നും അദ്ദേഹം വേർപെട്ടുപോയെങ്കിലും, നമ്മുടെ ഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്നു. നമുക്കിപ്പോൾ കരണീയമായ ഏക കാര്യം നഷ്ടം അംഗീകരിച്ചുകൊണ്ട് മുന്നോട്ടു പോകുക എന്നതു മാത്രമാണ്!

വടക്കേ അമേരിക്കൻ കേരള കത്തോലിക്കാ സഭാ നവീകരണ പ്രസ്ഥാനത്തിന്റെ പേരിലും, ശ്രീ പടന്നമാക്കലിന്റെ ഉറ്റ സുഹൃത്ത് എന്ന നിലയിലും ലേഖകന്റെ സ്നേഹാദരവുകൾ!

വിരഹാർത്തരായ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോട് അനുശോചനം അറിയിക്കാൻ നമുക്ക് ഈ അവസരം പ്രയോജനപ്പെടുത്താം!

Print Friendly, PDF & Email

Related News

Leave a Comment