Flash News

കൊറോണ വൈറസും വിശ്വാസവും

April 10, 2021 , ഫിലിപ്പ് മാരേട്ട്

ആത്മീയതയും മതവിശ്വാസങ്ങളും രണ്ടു തലങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു കാലമാണ്. പ്രത്യേകിച്ച് പുതുതലമുറയിൽ ആത്മീയതയും മതവിശ്വാസങ്ങളും കുറഞ്ഞു വരുന്നതായി നമ്മൾ കാണുന്നു. അടുത്ത കാലത്തായി ലോകത്തിൽ പടർന്നുപിടിച്ചു കൊണ്ടിരിക്കുന്ന കോവിഡ് 19 എന്ന വൈറസ് മൂലം മനുഷ്യന്റെ വിശ്വാസവും, ആത്മീയതയും നഷ്ടപ്പെടുന്നതായി പഠനം തെളിയിക്കുന്നു. ഇതു സമൂഹത്തെ എങ്ങനെ ബാധിക്കുന്നു? ഏതൊരു മതവിശ്വാസിയും താൻ ഒരാത്മീയ മനുഷ്യനാണ് എന്ന് വിചാരിക്കുന്നതിൽ അർത്ഥമില്ല. എന്നാൽ, വിശ്വാസവും ആത്മീയതയും തമ്മിൽ ബന്ധമുണ്ടോ എന്ന് ചോദിച്ചാൽ ബന്ധമുണ്ട് എന്ന് പറയേണ്ടിയിരിക്കുന്നു. പക്ഷേ, വിശ്വാസങ്ങളെല്ലാം ആത്മീയത തന്നെ ആണോ എന്ന് നമ്മൾ ചിന്തിക്കേണ്ടിയിരിക്കുന്നു.

എന്താണ് വിശ്വാസം എന്ന വാക്കിന്റെ അർത്ഥം? അത് ആശിക്കുന്ന കാര്യം ലഭിക്കുമെന്ന ഉറപ്പും, കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു. അഥവാ ഇല്ലാത്ത കാര്യങ്ങൾ ഉണ്ട് എന്നുള്ള പ്രത്യാശ. ശരാശരി ചിന്തിക്കുവാൻ ബുദ്ധിയുള്ള ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം മാനസികാരോഗ്യത്തെ ബാലൻസ് ചെയ്യുന്ന ഒരു തലമാണ്‌ വിശ്വാസം. അതുപോലെതന്നെ വിശ്വാസത്തിന് പ്രാധാന്യം കൊടുക്കാത്ത ഒരു മനുഷ്യന് ആരോഗ്യത്തോടുകൂടി ഈ ഭൂമിയിൽ ജീവിച്ചിരിക്കാനും സാധ്യമല്ല. അതായത്, വിശ്വാസം കുറയുന്തോറും ആത്മീയതയുടെ അനുഭൂതി നഷ്ടപ്പെടുന്നതായി കാണുന്നു. മനുഷ്യരുടെ സകല അഭക്തിക്കും അനീതിക്കും നേരെ ദൈവത്തിന്റെ കോപം സ്വർഗ്ഗത്തിൽ നിന്നു വെളിപ്പെടുന്നു. എന്നുവെച്ചാൽ വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിയുന്നില്ല എന്നുകൂടി തിരിച്ചറിയുക. “നീതിമാൻ വിശ്വാസത്താൽ ജീവിക്കും” എന്നു എഴുതിയിരിക്കുന്നുവല്ലോ.

വിശ്വാസത്തെ പൊതുവേ ആത്മീയതയായിട്ടാണ് നമ്മൾ കാണുന്നത്. അതായത് ആത്മീയ വിദ്യാഭ്യാസം, ആത്മീയ പ്രഭാഷണം, ആത്മീയ പ്രഭാഷകൻ, ആത്മീയ നേതാവ് എന്നൊക്കെ നമ്മൾ കേട്ടിട്ടുണ്ട്. വിശ്വാസമുള്ള പഴയ തലമുറകൾ അവരവരുടെ മതങ്ങളുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും എല്ലാം വളരെ കൃത്യമായി പാലിച്ചു അനുസരിച്ച് പോന്നിരുന്നു. എന്നാൽ, പുതിയ തലമുറയെ നിരീക്ഷിച്ചാല്‍ ദൈവവിശ്വാസം കുറഞ്ഞുവരികയാണെന്ന് നമുക്ക് കാണുവാൻ കഴിയുന്നു. ഇന്നത്തെ യുവതലമുറകൾ അവരവരുടെ നന്മയ്ക്കായി മതം വിടുകയാണെന്നതിന് ധാരാളം തെളിവുകളുണ്ട്. പ്രത്യേകിച്ച്, ഈ കാലയളവിൽ കൊറോണ എന്ന അസുഖത്തിൽ നിന്നു രക്ഷപ്പെടാനായി പ്രധാനമായിട്ടും ദൈവ വിശ്വാസത്തെ മുറുകെ പിടിച്ചുകൊണ്ട് ആത്മീയതയിലൂടെ രക്ഷ പ്രാപിക്കാം എന്നു വിചാരിച്ചെങ്കിലും, പ്രതീക്ഷിച്ച ഫലം കണ്ടെത്തിയില്ല. അങ്ങനെ മതാനുഷ്ഠിത വിശ്വാസം ഉപേക്ഷിക്കുകയും, ആത്മീയതതയെ വെറുക്കുകയും ചെയ്യുന്നതായി കാണുന്നു.

അമേരിക്കൻ മതജീവിതത്തിലും ഇവ നാടകീയമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. കുട്ടികളെ ഒരു മതത്തിൽ വളർത്തുകയെന്നത് പ്രധാനമായ ഒരു കാര്യം തന്നെയാണ്. എന്നാൽ, അമേരിക്കക്കാരിൽ അഞ്ചിലൊന്ന് മതപരമായി ബന്ധമില്ലാത്തവരാണ്. സമീപകാല യുഎസ് ചരിത്രത്തിലെ കണക്കുകൾ ഏത് സമയത്തേക്കാളും ഉയർന്നതാണ്. പ്രത്യേകിച്ചും, ഏതാണ്ട് മുപ്പത് വയസ്സില്‍ താഴെയുള്ളവർ സംഘടിത മതത്തിൽ നിന്ന് വ്യതിചലിക്കുന്നതായി കാണുന്നു. അതുപോലെ അമേരിക്കക്കാരിൽ മൂന്നിലൊന്ന് പേർ തങ്ങൾ ഒരു മതത്തിലും പെട്ടവരല്ലെന്നും പറയുന്നു. കാരണം, ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നില്ല. ഇങ്ങനെയുള്ളവർ ഏതെങ്കിലും ഒരു മതത്തിലേക്ക് തിരിയാനുള്ള സാധ്യതയും കുറവാണ്.

വിശ്വാസത്തിനും, മതപരമായ ചടങ്ങുകൾക്കും, പ്രത്യേകിച്ചും ഇപ്പോൾ ഈ പാൻഡെമിക്ക് പ്രതിസന്ധി ഘട്ടങ്ങളിൽ ക്ഷേത്രങ്ങളിലും, പള്ളികളിലും ഒത്തുചേരുന്നതു വഴി മുഖം മാറ്റേണ്ടി വന്ന പുതിയ ജീവിതം. അതുകൊണ്ട് ആഘോഷിക്കാനും, ദുഖിക്കാനും, പ്രാർത്ഥിക്കാനും എങ്ങനെ ഒരുങ്ങണം എന്ന് ലോകമെമ്പാടുമുള്ള എല്ലാ മതങ്ങളും വിശദീകരിക്കുന്നു. അതായത്‌ എല്ലാവരും സാഹോദര്യത്തോടുകൂടി മത്സരബുദ്ധി ഇല്ലാതെ, ക്ഷമയോടുകൂടി, സന്തോഷത്തോടുകൂടി, ജീവിക്കുക എന്നുള്ള ഉത്തമ വിശ്വാസം നമ്മളിൽ ഉണ്ടാകണം എന്ന് ഓർമ്മിപ്പിക്കുന്നു. പള്ളികളും, ക്ഷേത്രങ്ങളും അവരവരുടെ മാനദണ്ഡങ്ങൾ മുറുകെ പിടിച്ചാൽ നന്നായിരിക്കും. കാരണം ആരോഗ്യത്തേയും, മതപരമായിട്ടുള്ള പുതിയ പരിശീലനത്തെയും എല്ലാം ഈ പ്രതിസന്ധി ഘട്ടങ്ങളിൽ നമ്മൾ നേരിടേണ്ടിയിരിക്കുന്നു. എങ്കിൽ മാത്രമേ പുതിയ തലമുറയിൽ മതപരമായ കാര്യങ്ങൾക്ക് മുൻഗണന നൽകുവാൻ കഴിയുകയുള്ളൂ.

മതസത്യം വിശ്വാസത്തിലല്ല, മറിച്ച് ശാസ്ത്രം തന്നെ മതമാണ് എന്ന് പ്രധാനമായി നമ്മൾ തിരിച്ചറിയണം. എല്ലാ അറിവുകളുടെയും ഉറവിടം ദൈവമാണെങ്കിൽ, ശാസ്ത്രം ദൈവത്തിൽ നിന്നുള്ള ഒരു സമ്മാനമാണ്. നമ്മുടെ മതങ്ങൾ സത്യത്തിനും, വിവേകപരമായി ചിന്തിക്കുന്നതിനും, സമാധാനത്തിനും, സമൃദ്ധിക്കും വേണ്ടിയുള്ളതാണ്. എന്നാൽ പല ചെറുപ്പക്കാരും മതത്തെ രക്ഷാകർതൃത്വത്തിന്റെ ആവശ്യമോ, അഭികാമ്യമോ ആയ ഘടകമായി കാണുന്നില്ല എന്നതാണ് സത്യം. സാങ്കേതികമായി നമ്മെ പഠിപ്പിക്കുന്ന ഒരു കാര്യം മതം നമ്മുടെ ഉള്ളിലാണ് എന്നുള്ളതാണ്. അത് നാം ഒരിക്കലും മറക്കരുത്. ശാസ്ത്രം ഒരിക്കലും ഇവിടെ അവസാനിക്കുന്നില്ല. അതുകൊണ്ടുതന്നെ കൊറോണ മനുഷ്യരാശിക്ക് ഒരു ‘മഹാഭാഗ്യ’മാണ്‌ എന്ന് കരുതുന്നു. അതായത് സത്യത്തിലേക്ക് പരിവർത്തനം ചെയ്യുന്ന നമ്മുടെയെല്ലാം ആദർശവാദത്തെ പ്രകടിപ്പിക്കുന്നതിനും, മറ്റുള്ളവരെ സുരക്ഷിതമായി സഹായിക്കുന്നതിനും, അതിലൂടെ ഒരു സുഹൃദ്‌ബന്ധം ഉണ്ടാക്കുന്നതിനും, അതുപോലെ പൊതുനന്മയ്ക്കായി ആളുകൾക്ക് ഒരുമിച്ച് പ്രവർത്തിക്കാനുള്ള ഒരു അവസരമായിട്ടും ഇതിനെ കരുതുന്നു.

പാൻഡെമിക്ക് അവസ്ഥയുടെ മധ്യത്തിലാണ് ഈ ലോകം. വിശാലസ്ഥലത്തുനിന്നു പൈതങ്ങളെയും വീഥികളിൽനിന്നു യുവാക്കളെയും ഛേദിച്ചുകളയേണ്ടതിന്നു മരണം നമ്മുടെ കിളിവാതിലുകളിൽകൂടി കയറി നമ്മുടെ അരമനകളിലേക്കു പ്രവേശിച്ചിരിക്കുന്നു. പ്രധാനമായും ഇത്തരം കാര്യങ്ങളിൽ ലോകാവസാനത്തെക്കുറിച്ച് മനുഷ്യർ ചിന്തിക്കുകയും വ്യാകുലപ്പെടുകയും ചെയ്യുന്നതായി പുതുതായി നടത്തിയ പഠനത്തിൽ മനസ്സിലാക്കുന്നു. എന്നാൽ, ക്രിസ്ത്യാനികളുടെ വിശുദ്ധ ഗ്രന്ഥമായ ബൈബിളിൽ പല ഭാഗത്തും ലോകാവസാനത്തെക്കുറിച്ച് യേശുക്രിസ്തു ശിഷ്യന്മാർക്ക് പറഞ്ഞു കൊടുക്കുന്നത് ആത്മീയ വിശ്വാസത്തെ പറ്റിയാണ്. നിങ്ങൾ രക്ഷ പ്രാപിക്കാൻ വിശ്വാസം വേണം, ആത്മീയമായിട്ടുള്ള വളർച്ച പ്രാപിക്കുവാൻ വിശ്വാസം വേണം, ദൈവ സാക്ഷ്യത്തിനായി നിൽക്കാൻ വിശ്വാസം വേണം. അങ്ങനെ നമ്മൾ മരിക്കുന്നതുവരെയും വിശ്വാസം അനിവാര്യമാണ്‌.

നിങ്ങളുടെ ഉള്ളിലുള്ളത് ആത്മീയതയുടെ അനുഭൂതി ആണെങ്കിൽ ഏതെങ്കിലും ഒരു ആശയത്തിന്റെ പേരിലോ, ഒരു മതത്തിന്റെ പേരിലോ, ഏതെങ്കിലും ഒരു പ്രത്യയശാസ്ത്രത്തിൻറെ പേരിലോ, നിങ്ങൾക്ക് ഒരു മനുഷ്യനോട് യാതൊരുവിധ തരത്തിലുമുള്ള വെറുപ്പോ വിദ്വേഷമോ അകൽച്ചയോ ഉണ്ടാവുകയില്ല. പ്രധാനമായും ഇത്തരം കാര്യങ്ങളിൽ നമ്മളെപ്പോലുള്ള ആളുകൾക്ക് സമാധാനം നഷ്ടപ്പെടുമ്പോൾ നാം സമചിത്തതയോടെ പിടിച്ചുനിൽക്കുന്നത് എന്തുകൊണ്ടാണെന്ന് വച്ചാൽ നമുക്ക് ഒരു ദൈവവിശ്വാസം ഉള്ളതുകൊണ്ടാണ്. വിശ്വാസത്തെ പൊതുവേ ആത്മിയത ആയിട്ടാണ് നമ്മൾ കാണുന്നത് എങ്കിലും വിശ്വാസങ്ങളുമായി ബന്ധപ്പെട്ട് നിൽക്കുന്നു പലതരം വിശ്വാസങ്ങളിലൂടെ ചില മതങ്ങൾ പ്രചരിപ്പിക്കുന്നത് ഞങ്ങളുടെ മതത്തിലാണ് യഥാർത്ഥ ദൈവം എന്ന് പഠിപ്പിക്കുന്നു. അങ്ങനെ ഇവിടെ അധർമ്മം വർദ്ധിക്കുന്നത് കൊണ്ട് പലരുടേയും സ്നേഹം തണുത്തു പോകുന്നതായി കാണുന്നു. ആശയം മാറിയാൽ ആയുധംകൊണ്ട് അതിൻ വാശി തീർക്കുന്നോരിനാട് ഭ്രാന്താലയം ആകുകയില്ലേ എന്ന് നമ്മൾ ചിന്തിക്കുക. ഓരോ മനുഷ്യനും നമ്മെക്കുറിച്ച് നല്ലത്‌ പറയാൻ കഴിയട്ടെ. ഈ ജീവിതത്തിനപ്പുറം എന്തോ ഉണ്ട് എന്നുള്ള കാര്യം വിസ്മരിക്കാതിരിക്കുന്നു എങ്കിൽ നമ്മുക്ക് മനസ്സിലാക്കാം ഒരു മതവും മറ്റൊരു മതത്തേക്കാൾ ശ്രേഷ്ടമല്ലയെന്ന് .

എല്ലാവർക്കും ശുഭദിനങ്ങൾ നേരുന്നു.!!!


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top