Flash News

സത്യന്‍ അന്തിക്കാട് ടീം ഒരുക്കുന്ന പുതിയ ചിത്രത്തില്‍ ജയറാമിന്റെ നായികയായി മീരാ ജാസ്മിന്‍ തിരിച്ചെത്തുന്നു!!

April 13, 2021

2014-ല്‍ വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ച മലയാളികളുടെ ഇഷ്ട നടി മീരാ ജാസ്മിന്‍ സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ ടീം ഒരുക്കുന്ന പുതിയ ചിത്രത്തിലൂടെ അഭിനയ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നു. വിവാഹ ശേഷം അഭിനയലോകത്തോട് വിട പറഞ്ഞ മീരയുടെ കുറവ് ചലച്ചിത്ര ലോകത്ത് സംസാര വിഷയമായിരുന്നു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായാണ് മീരയുടെ മടങ്ങി വരവ്. ഇതേക്കുറിച്ച് സത്യന്‍ അന്തിക്കാട് തന്നെയാണ് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വിവരം പുറത്തുവിട്ടത്.

സത്യന്‍ അന്തിക്കാടിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

‘ചിന്താവിഷ്ടയായ ശ്യാമള’ക്ക് ലഭിച്ച രാമു കാര്യാട്ട് പുരസ്‌കാരം സ്വീകരിക്കാന്‍ തൃശ്ശൂര്‍ റീജ്യണല്‍ തീയേറ്ററിലെത്തിയപ്പോള്‍ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ശ്രീനിവാസന്‍ പറഞ്ഞു – ‘ഇനി ഞാനൊരു രഹസ്യം പറയാം. ഈ സിനിമയുടെ കഥ ഞാന്‍ മോഷ്ടിച്ചതാണ്.’ എല്ലാവരും അമ്പരന്നു. സിനിമ റിലീസ് ചെയ്ത് നൂറു ദിവസം കഴിഞ്ഞിരിക്കുന്നു. ഇതു വരെ അങ്ങനെയൊരു ആരോപണം ഒരിടത്തു നിന്നും കേട്ടിട്ടില്ല.

ചെറിയൊരു നിശ്ശബ്ദതക്ക് ശേഷം ശ്രീനി പറഞ്ഞു – ‘ഈ കഥ, നിങ്ങളുടെ ജീവിതത്തില്‍ നിന്നും ഞാന്‍ മോഷ്ടിച്ചതാണ്.’ അമ്പരപ്പു മാറി സദസ്സില്‍ നീണ്ട കരഘോഷം ഉയര്‍ന്നു. ശരിയാണ്. നമ്മുടെ ചുറ്റുപാടുമുള്ള ജീവിതത്തില്‍ നിന്ന് അടര്‍ത്തിയെടുക്കുന്ന കഥകളാണ് എന്നുമെന്നും ഓര്‍മ്മിക്കുന്ന സിനിമകളായി മാറുക. ഞാനെപ്പോഴും ആഗ്രഹിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് അത്തരം കഥകള്‍ക്ക് വേണ്ടിയാണ്.
ഇതാ – ഈ വിഷുവിന് പുതിയ സിനിമയുടെ വിശേഷങ്ങള്‍ നിങ്ങളുമായി പങ്കുവെക്കുന്നു.

ജയറാമാണ് നായകന്‍. മീര ജാസ്മിന്‍ നായികയാകുന്നു. ഒപ്പം ‘ഞാന്‍ പ്രകാശനില്‍’ ടീന മോളായി അഭിനയിച്ച ദേവിക സഞ്ജയ് എന്ന മിടുക്കിയുമുണ്ട്. ഇന്നസെന്റും ശ്രീനിവാസനും സിദ്ദിക്കുമൊക്കെ ഈ സിനിമയുടെ ഭാഗമാകും.

‘ഒരു ഇന്ത്യൻ പ്രണയകഥ’യുടെ നിർമ്മാതാക്കളായ സെൻട്രൽ പ്രൊഡക്ഷൻസ് ആണ് നിർമ്മാണം.

ഡോക്ടർ ഇക്‌ബാൽ കുറ്റിപ്പുറത്തിന്റേതാണ് രചന. എസ്. കുമാർ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ്, കെ. രാജഗോപാൽ. അമ്പിളിയിലെ “ആരാധികേ” എന്ന ഗാനം അനശ്വരമാക്കിയ വിഷ്ണു വിജയ് സംഗീതം നിർവഹിക്കും. ഹരിനാരായണനാണ് വരികൾ എഴുതുന്നത്.

പ്രശാന്ത് മാധവ് കലാസംവിധാനവും സമീറ സനീഷ് വസ്ത്രാലങ്കാരവും നിർവ്വഹിക്കും. ‘ഞാൻ പ്രകാശനിലേത്’ പോലെ ഈ ചിത്രത്തിലും ശബ്ദം ലൈവായാണ് റെക്കോർഡ് ചെയ്യുന്നത്. അനിൽ രാധാകൃഷ്ണനാണ് ശബ്ദ സംവിധാനം. ബിജു തോമസ് ആണ് പ്രൊഡക്ഷൻ കൺട്രോളർ. മോമി, പാണ്ഡ്യൻ,സേതു, ശശി തുടങ്ങിയ എല്ലാ കൂട്ടുകാരും ഈ സിനിമയിലും ഉണ്ടാകും.

സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. കോവിഡിന്റെ വേലിയേറ്റമൊന്ന് കഴിഞ്ഞാൽ ജൂലൈ പകുതിയോടെ ചിത്രീകരണമാരംഭിക്കാം.

എല്ലാവർക്കും സന്തോഷവും സമാധാനവും നിറഞ്ഞ വിഷുക്കാലം ആശംസിക്കുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top