ഇസ്രോ ചാര കേസ്; ആരാണ് നമ്പി നാരായണനെ കുടുക്കിയതെന്ന അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: ഐ എസ് ആര്‍ ഒ ചാരക്കേസിൽ ശാസ്ത്രജ്ഞനായ നമ്പി നാരായണന്റെ കേസ് സംബന്ധിച്ച റിപ്പോർട്ട് സുപ്രീം കോടതി ഇന്ന് കേൾക്കും. ജസ്റ്റിസ് എ എം ഖാൻവിൽക്കർ അദ്ധ്യക്ഷനായ മൂന്നംഗ ജഡ്ജിമാരുടെ ബെഞ്ചാണ് ജസ്റ്റിസ് ഡി കെ ജെയിൻ കമ്മിറ്റിയുടെ റിപ്പോർട്ട് പരിഗണിക്കുന്നത്. രണ്ടര വര്‍ഷം നീണ്ട സിറ്റിങുകള്‍ക്കും അന്വേഷണത്തിനും ഒടുവിലാണ് ജസ്റ്റിസ് ഡികെ ജെയിന്‍ അധ്യക്ഷനായ സമിതി മുദ്ര വച്ച കവറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

റിപ്പോർട്ടിലെ ഉള്ളടക്കങ്ങൾ സുപ്രീം കോടതി ഇന്ന് പുറത്തുവിടുമോ എന്നാണ് എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ചാര കേസിൽ ശാസ്ത്രജ്ഞനായ നമ്പി നാരായണനെ കുരുക്കിയവരുടെ പേരുകൾ തുറന്ന കോടതിയിൽ പുറത്തുവിട്ടാൽ കേന്ദ്ര സർക്കാരിന്റെ നിലപാട് നിർണായകമാകും. ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ച് രണ്ടാമത്തെ കേസായി റിപ്പോര്‍ട്ട് പരിഗണിക്കുമ്പോൾ, കേന്ദ്രസര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത തന്നെ ഹാജരായേക്കും.

തന്നെ ഐഎസ്‌ആര്‍ഒ ചാരക്കേസില്‍ കുടുക്കിയതാണെന്ന ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍റെ ഹര്‍ജിയിലാണ് 2018 സെപ്റ്റംബര്‍ 14ന് സുപ്രിംകോടതി മൂന്നംഗ സമിതി രൂപീകരിച്ചത്. മുന്‍ ഡിജിപി സിബി മാത്യൂസ്, റിട്ടയേര്‍ഡ് എസ്പിമാരായ കെ.കെ. ജോഷ്വ, എസ് വിജയന്‍, ഐബി മുന്‍ ഡയറക്ടര്‍ ആര്‍.ബി. ശ്രീകുമാര്‍ തുടങ്ങിയ ഉദ്യോഗസ്ഥര്‍ക്കെതിരെയായിരുന്നു നമ്പി നാരായണന്‍റെ ആരോപണം. 1994ലെ ചാരക്കേസില്‍ നമ്പി നാരായണനെ ചില പൊലീസ് ഉദ്യോഗസ്ഥര്‍ കുടുക്കുകയായിരുന്നു. പാകിസ്ഥാന്‍ ചാരനാണെന്ന് വരെ നമ്പി നാരായണനെ മുദ്രകുത്തിയിരുന്നു. 1996ല്‍ ഈ കേസന്വേഷണം ഏറ്റെടുത്ത സിബി ഐ ഉദ്യോഗസ്ഥര്‍ തന്നെ നമ്പി നാരായണനെ കേസില്‍ കുടുക്കിയതില്‍ കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു.

ജസ്റ്റിസ് എ എം ഖാൻവിൽക്കർ അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. കേന്ദ്രസർക്കാരിന്റെ അഭ്യർത്ഥന മാനിച്ചാണ് നടപടി.
ജെയിന്‍ സമിതിയുടെ റിപ്പോര്‍ട്ട് ഉടന്‍ പരിഗണിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കഴിഞ്ഞയാഴ്ച സുപ്രിം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. അന്ന് ഈ കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് ബോബ്ഡെയാണ് കേസ് ഏപ്രില്‍ 15 വ്യാഴാഴ്ചയിലേക്ക് മാറ്റിയത്.

Print Friendly, PDF & Email

Leave a Comment