ഒറീസ അഡ്രസുകളുള്ള 230 തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുകള്‍ വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍

കൊച്ചി: ഒറീസയിലെ അഡ്രസുകളുള്ള 230 തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുകള്‍ വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കളമശ്ശേരിയിലാണ് ഇത്രയും കാര്‍ഡുകള്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വിടാക്കുഴ ഇലഞ്ഞിക്കുളം കുന്നത്തേരി – മോസ്‌ക് റോഡിലാണ് കാര്‍ഡുകള്‍ കണ്ടത്. പഴയതും പുതിയതുമായി 230ഓളം കാര്‍ഡുകളാണ് കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. ഇന്നലെ വൈകിട്ടോടെ ഇതുവഴി പോയ ഒരു കുട്ടിയാണ് റോഡരികില്‍ കാര്‍ഡുകള്‍ ആദ്യം കണ്ടത്. തുടര്‍ന്ന് കുട്ടി തന്നെ വാര്‍ഡ് കൗണ്‍സിലര്‍ മുഹമ്മദ് ഫൈസിയെ കാര്‍ഡുകള്‍ ഏല്പിച്ചു. കൗണ്‍സിലര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് എത്തിയത്.

ഒറീസയിലെ ബള്‍ഗ്രാര്‍ ജില്ലയിലെ മേല്‍വിലാസമാണ് കാര്‍ഡുകളിലുള്ളതെന്ന് കളമശ്ശേരി എസ് ഐ മാഹിന്‍ പറഞ്ഞു. സീലുകള്‍ ഉള്‍പ്പെടെ പരിശോധിച്ചതില്‍ നിന്ന് കാര്‍ഡ് ഒര്‍ജിനല്‍ ആണെന്ന നിഗമനത്തിലാണ് പൊലീസ്. കാര്‍ഡിന്റെ ആധികാരികത പരിശോധിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മിഷന്റെ സഹായം പൊലീസ് തേടിയിട്ടുണ്ട്. വിടാക്കുഴ പ്രദേശത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നുണ്ട്. ഇവരിലാരെങ്കിലും കൊണ്ടുപോയി ഇട്ടതാകാന്‍ സാധ്യതയുണ്ട്. പക്ഷേ 230 കാര്‍ഡുകള്‍ എങ്ങനെ ഒരുമിച്ച്‌ വന്നതെന്നാണ് സംശയം. സംഭവത്തില്‍ കേസെടുത്തതായി പൊലീസ് അറിയിച്ചു.

 

 

Print Friendly, PDF & Email

Leave a Comment