മണ്ണിലെഴുതേണ്ടതും മനസ്സിലെഴുതേണ്ടതും തിരിച്ചറിയുക: റവ. ജോബി ജോയ്

ന്യൂജെഴ്സി: മണ്ണിലെഴുതേണ്ടത് എന്തെന്നും, മനസ്സിലെഴുതേണ്ടത് എന്തെന്നും തിരിച്ചറിയുന്നതാണു ജീവിത വിജയത്തിന് നിദാനമായിരിക്കേണ്ടതെന്ന് ന്യൂജെഴ്സി സിഎസ്ഐ ഇമ്മാനുവേൽ, വാഷിംഗ്ടണ്‍ സിഎസ്ഐ ഹോളി ട്രിനിറ്റി എന്നീ ഇടവകകളുടെ വികാരിയും സിഎസ്ഐ കൗൺസിൽ വൈസ് പ്രസിഡന്റുമായ റവ. ജോബി ജോയ് അഭിപ്രായപ്പെട്ടു.

ഏപ്രിൽ 13 ചൊവ്വാഴ്ച ഇന്റർനാഷണൽ പ്രെയർ ലൈനിന്റെ 36–ാ‍മത് സമ്മേളനത്തിൽ വചനശുശ്രൂഷ നിർ‌വ്വഹിക്കുകയായിരുന്നു റവ. ജോബി ജോയ്.

ഐപിഎൽ ഏകോപകന്‍ സി.വി. സാമുവേൽ അദ്ദേഹത്തെ സ്വാഗതം ചെയ്തു. വേശ്യാവൃത്തിയിൽ പിടിക്കപ്പെട്ട സ്ത്രീയെ യേശുവിന്റെ സമീപം കൊണ്ടുവന്ന് അവളെ കല്ലെറിഞ്ഞു കൊല്ലണമെന്ന് ആവശ്യപ്പെട്ട ജനസമൂഹത്തിന്റെ ഇടയിൽ കുനിഞ്ഞിരുന്ന്, നിലത്തെ മണ്ണിൽ വിരൽ കൊണ്ട് എന്തോ എഴുതിയ യേശുവിന്റെ മുമ്പിൽ നിന്നും ജനക്കൂട്ടം പിരിഞ്ഞു പോയത് ഓർപ്പിച്ചുകൊണ്ടാണ് വചന ശുശ്രൂഷ ആരംഭിച്ചത്.

മണ്ണിൽ എഴുതപ്പെട്ടത് എന്താണെങ്കിലും അത് താത്ക്കാലികമാണ്. കാറ്റോ മഴയോ അതിനെ ഇല്ലായ്മ ചെയ്യും. മറന്നു കളയേണ്ടതും, ക്ഷമിക്കേണ്ടതുമായ കാര്യങ്ങളെയാണ് മണ്ണിൽ എഴുതേണ്ടത്. എന്നാൽ മനസ്സിൽ എഴുതേണ്ടതും സ്ഥായിയായി നില്‍ക്കേണ്ടതുമായ ചിലതുണ്ട്. മറ്റുള്ളവർ നമുക്കു ചെയ്ത ഏതൊരു ചെറിയ കാര്യവും നമ്മുടെ മനസ്സിൽ മായാതെ നിൽക്കേണ്ടതാണ്. പ്രകൃതി ക്ഷോഭങ്ങൾക്കോ, പെരുമഴയ്ക്കോ അതിനെ അവിടെ നിന്നും നീക്കി കളയാനാവില്ല. നന്മകളുടെ ഒരു ഭണ്ഡാരമായി നമ്മുടെ മനസ്സ് മാറേണ്ടതാണ്.

പതിനെട്ടു വർഷമായി കൂനിയായി ദേവാലയത്തിൽ കഴിഞ്ഞിരുന്ന സ്ത്രീയുടെ രോഗബന്ധനം കർത്താവ് അഴിക്കുകയും, പൂർണ സൗഖ്യം നൽകുകയും ചെയ്തു. അവൾ അവളുടെ ആവശ്യം കർത്താവിനെ അറിയിച്ചിരുന്നില്ല. യാതൊരു നിരാശയും കൂടാതെ പള്ളിയിൽ എത്തിയിരുന്ന അവൾ ഇന്നത്തെ സമൂഹത്തിന് വലിയൊരു മാതൃകയാണ്. ഇന്ന് നാം ദേവാലയത്തിൽ പോകുന്നത് യഥാർത്ഥത്തിൽ കർത്താവിനെ ആരാധിക്കുന്നതിനോ, അതോ നമ്മുടെ കാര്യസാധ്യത്തിനോ, നാം നമ്മെ തന്നെ വിലയിരുത്തണം അദ്ദേഹം ഓർമ്മിപ്പിച്ചു. കൂനിയായ സ്ത്രീയുടെ കാത്തിരിപ്പു വ്യർഥമായില്ല. ക്രിസ്തുവിന്റെ കരസ്പർശം അവൾക്ക് വിമോചനം നൽകി.

ടി.എ. മാത്യു, ജോർജ് വർഗീസ്, സോണി ജോൺ, ജയൻ എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.

Print Friendly, PDF & Email

Related News

Leave a Comment