യുഎസ് ടി യുമായി തന്ത്രപ്രധാന പങ്കാളിത്തം പ്രഖ്യാപിച്ച് സിംകോൺ ലൈറ്റിംഗ്

തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി ടെക്നോളജി രംഗത്തെ അതികായരായ സിംകോണ്‍ ലൈറ്റിംഗ്, പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്ഫൊര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യുഎസ്ടിയുമായി തന്ത്രപ്രധാന പങ്കാളിത്തം പ്രഖ്യാപിച്ചു. സിംകോണിന്‍റെ സ്മാര്‍ട്ട് ലൈറ്റിംഗ് കണ്‍ട്രോള്‍സ്, സ്മാര്‍ട്ട് സിറ്റി പ്ലാറ്റ്ഫോംസ് എന്നിവ കാര്യക്ഷമമാക്കാനും നഗരങ്ങളിലും പൊതുജനോപകാര സേവനത്തുറകളിലും സ്മാര്‍ട്ട് സിറ്റി അപ്ലിക്കേഷനുകളുടെ നേട്ടങ്ങള്‍ വേഗത്തിലാക്കാനും പങ്കാളിത്തം വഴിയൊരുക്കും.

ബഹുവര്‍ഷ കരാറിന് കീഴില്‍, യുഎസ്ടിയുടെ സെമി കണ്ടക്റ്റര്‍ വെര്‍ട്ടിക്കലും പ്രൊഡക്റ്റ് എഞ്ചിനീയറിംഗ് സേവന വിഭാഗമായ യുഎസ്ടി ബ്ലൂകോഞ്ച് ടെക്‌നോളജീസും ചേര്‍ന്ന് സോഫ്റ്റ്‌വെയര്‍ വികസനം, മാനുഫാക്ചറിംഗ്, ആര്‍ & ഡി, സപ്ലൈ ചെയിന്‍, ഫേംവെയര്‍, ക്ലൗഡ് പ്ലാറ്റ്ഫോമുകള്‍, മൊബിലിറ്റി എന്നിവയിലുടനീളം സിംകോണിന് ഹൈടെക് സേവനങ്ങള്‍ നല്‍കും.

സിംകോണിന്‍റെ പ്രൊപ്രൈറ്ററി പ്രൊഡക്റ്റ് നിര്‍മാണത്തിനുള്ള എന്‍ഡ്-ടു-എന്‍ഡ് എഞ്ചിനീയറിംഗ് സേവനങ്ങളാണ് യുഎസ്ടി വാഗ്ദാനം ചെയ്യുന്നത്. യുഎസ്ടിയുടെ വിദഗ്ധരായ ഹാര്‍ഡ്‌വെയര്‍, ഫേംവെയര്‍, സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാര്‍ വിശ്വസനീയമായ പ്രൊഡക്റ്റ് ലൈനുകള്‍ രൂപപ്പെടുത്തും. വിതരണ ശൃംഖലയും സംഭരണവും മെച്ചപ്പെടുത്തി സാധ്യമായ ഇടങ്ങളില്‍ പ്രാദേശികവല്‍ക്കരണം നടപ്പിലാക്കാനും ഇരു കമ്പനികളും യോജിച്ച് പ്രവര്‍ത്തിക്കും.

ഇന്‍റലിജന്റ് ലൈറ്റിംഗ് സിസ്റ്റത്തില്‍ ഊന്നല്‍ നല്‍കിയുള്ള ബഹുവര്‍ഷ പങ്കാളിത്ത കരാറില്‍ രൂപകല്‍പ്പന മുതല്‍ ഓപ്പറേഷന്‍സ് വരെയുള്ള മുഴുവന്‍ കാര്യങ്ങളും ഉള്‍പ്പെടുന്നു. യുഎസ്ടിയുടെ ലോകമെമ്പാടുമുള്ള സെന്‍റേഴ്സ് ഓഫ് എക്സലന്‍സിലൂടെയാണ് (സിഒഇ) പ്രവര്‍ത്തനം.

യുഎസ്ടിയുമായുള്ള ബന്ധം കൂടുതല്‍ ആഴത്തിലാവുന്നതില്‍ വലിയ ആവേശത്തിലാണെണെന്ന് സിംകോണ്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സ്വപ്നില്‍ഷാ പറഞ്ഞു. “യുഎസ്ടിയുമായി ദീര്‍ഘകാല ബന്ധമാണ് എനിക്കുള്ളത്. കരിയറില്‍ ഉടനീളം ഉത്പാദനപരമായ ഈ പങ്കാളിത്തത്തിന്‍റെ നീണ്ട ചരിത്രം ഞാന്‍ ആസ്വദിച്ചിട്ടുണ്ട്. വടക്കേ അമേരിക്ക, ലാറ്റിന്‍ അമേരിക്ക, ഓസ്ട്രേലിയ തുടങ്ങി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സിംകോണിന്‍റെ ആഗോള ഡെലിവറി വളര്‍ച്ചയെ പിന്തുണയ്ക്കാനുള്ള യുഎസ്ടിയുടെ കഴിവില്‍ വലിയ വിശ്വാസമുണ്ട്. ദീര്‍ഘകാലം നിലനില്‍ക്കുന്ന, മെച്ചപ്പെട്ട ബന്ധമാണ് പ്രതീക്ഷിക്കുന്നത്,” അദ്ദേഹം വ്യക്തമാക്കി. ലോകോത്തര ഉത്പന്നങ്ങള്‍ നിര്‍മിക്കാനുളള സിംകോണിന്‍റെ ശ്രമങ്ങളെ യുഎസ്ടിയുടെ വിപുലമായ പ്രൊഡക്റ്റ് എഞ്ചിനീയറിംഗ് വൈദഗ്ധ്യത്തിലൂടെ പിന്തുണയ്ക്കുമെന്ന് യുഎസ്ടി ബ്ലൂകോഞ്ച് ടെക്നോളജീസ് പ്രസിഡന്റ് എസ്. രാംപ്രസാദ് അഭിപ്രായപ്പെട്ടു. അടുത്തിടെ അഹമ്മദാബാദില്‍ സ്ഥാപിച്ച മികവിന്‍റെ കേന്ദ്രം ഉള്‍പ്പെടെ കമ്പനിയുടെ ഗ്ലോബല്‍ സെന്‍ററുകള്‍ ഇതിനായി പ്രയോജനപ്പെടുത്തും.

ഇന്‍ഡസ്ട്രി 4-ലും ഐഒടി അധിഷ്ഠിത പരിഹാരങ്ങളിലും പങ്കാളിത്തം കരുത്തു പകരുമെന്ന ശുഭാപ്തിവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. ലോകമെമ്പാടുമുള്ള വ്യാവസായിക, ഓട്ടോമോട്ടീവ് ഉപയോക്താക്കള്‍ക്ക് എന്‍ഡ്-ടു-എന്‍ഡ് പരിഹാരങ്ങള്‍ നല്‍കാന്‍ തങ്ങളെ പ്രാപ്തരാക്കുന്ന ഐടി, ഹാര്‍ഡ്‌വെയര്‍, പ്രൊഡക്റ്റ് എഞ്ചിനീയറിംഗ് വൈദദഗ്ധ്യവും യോജിപ്പാര്‍ന്ന പ്രവര്‍ത്തനവും അടിസ്ഥാനമാക്കിയാണ് സിംകോണുമായുള്ള ബന്ധം രൂപപ്പെട്ടതെന്ന് യു‌എസ്ടി വൈസ് പ്രസിഡന്‍റും സെമി കണ്ടക്റ്റര്‍ വിഭാഗം ഹെഡുമായ ഗില്‍ റോയ് മാത്യു പറഞ്ഞു.

സിംകോണിന്‍റെ തന്ത്രപ്രധാന പങ്കാളിയെന്ന നിലയില്‍, പ്രവര്‍ത്തിക്കുന്ന 26 രാജ്യങ്ങളിലെ യുഎസ്ടി ഉപയോക്താക്കള്‍ക്കും സ്മാര്‍ട്സിറ്റി പരിഹാരങ്ങള്‍ ലഭ്യമാക്കാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 15-ലേറെ രാജ്യങ്ങളിലായി 5000-ത്തിലധികം സ്പെഷ്യലിസ്റ്റുകളാണ് യുഎസ്ടിയുടെ സെമി കണ്ടക്റ്റര്‍ വെര്‍ടിക്കലില്‍ പ്രവര്‍ത്തിക്കുന്നത്.

ലോകമെമ്പാടുമുള്ള മികച്ച പത്ത് സെമി കണ്ടക്റ്റര്‍ കമ്പനികളില്‍ എട്ടിനെയും പിന്തുണയ്ക്കുന്നത് വൈവിധ്യമാര്‍ന്ന ഈ ടാലന്‍റ്ബേസാണ്. യുഎസ്ടിയുടെ സെമി കണ്ടക്റ്റര്‍ മികവും ബ്ലൂകോഞ്ചിന്‍റെ ആഴത്തിലുള്ള പ്രൊഡക്റ്റ് എഞ്ചിനീയറിംഗ് ശേഷിയും ആഗോള വിപണിയിലെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള സിംകോണിന്‍റെ പരിശ്രമങ്ങള്‍ക്ക് കരുത്ത് പകരും.

സിംകോണ്‍ ലൈറ്റിംഗ്

സ്മാര്‍ട്ട് സിറ്റി സാങ്കേതിക വിദ്യകളുടെ ആഗോള ലീഡറായി ഗാര്‍ട്നറും നോര്‍ത്ത് ഈസ്റ്റ് ഗ്രൂപ്പും അംഗീകരിച്ച കമ്പനിയാണ് സികോണ്‍ ലൈറ്റിംഗ്. കമ്പനിയുടെ സ്മാര്‍ട്ട് ലൈറ്റിംഗ് കണ്‍ട്രോളുകളും സ്മാര്‍ട്സിറ്റി അപ്ലിക്കേഷനുകളും നഗരങ്ങള്‍, പട്ടണങ്ങള്‍, മുനിസിപ്പാലിറ്റികള്‍,  യൂട്ടിലിറ്റികള്‍ എന്നിവയിലെ ഇത്തരം ഭാവി നിക്ഷേപങ്ങളെ സാധൂകരിക്കുന്നതും മികച്ചതും സുരക്ഷിതവും സുസ്ഥിരവുമാണ്. അതിവേഗം വളരുന്ന 5000 കമ്പനികളില്‍ ഒന്നായി അംഗീകാരം നേടിയിട്ടുള്ള സിംകോണിന് എഡിസണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ‘ഗോള്‍ഡ്അവാര്‍ഡ്’, ‘എല്‍എഫ്ഐ ഇന്നൊവേഷന്‍ അവാര്‍ഡ്’, ഫ്രോസ്റ്റ് ആന്‍ഡ് സള്ളിവന്‍ ‘ന്യൂ പ്രൊഡക്റ്റ് ഇന്നൊവേഷന്‍ അവാര്‍ഡ്’ എന്നിവ ലഭിച്ചിട്ടുണ്ട്.

തെരുവു വിളക്കുകളുടെ പ്രവര്‍ത്തനത്തിനും പരിപാലനത്തിനും നിയന്ത്രണത്തിനുമുള്ള എളുപ്പ മാര്‍ഗമാണ് സിംകോണിന്‍റെ സ്മാര്‍ട്ട് ലൈറ്റിംഗ് സൊല്യൂഷന്‍സ് പ്രദാനം ചെയ്യുന്നത്. ഏതുതരം ഭൂപ്രദേശത്തും നഗര സാന്ദ്രതയിലും ഇത് അനുയോജ്യവും പ്രയോജന പ്രദവുമാണ്. നിലവിലുള്ള സ്ട്രീറ്റ് ലൈറ്റ് ഇന്‍ഫ്രാസ്ട്രക്ചറിനെ സ്മാര്‍ട്സിറ്റി അപ്ലിക്കേഷനുള്ള അടിത്തറയാക്കി മാറ്റുകയാണ് നിയര്‍ സ്കൈ സ്മാര്‍ട്സിറ്റി പ്ലാറ്റ്ഫോം. വേഗതയേറിയതും ഫലപ്രദവുമായ ഡിജിറ്റല്‍ പരിവര്‍ത്തനമാണ് ഉറപ്പാക്കുന്നത്. മള്‍ട്ടി-സര്‍വീസ്, ഹൈബ്രിഡ് നെറ്റ്‌വര്‍ക്കിംഗ് കഴിവുകളാണ് പ്ലാറ്റ്ഫോമിനുള്ളത്. ഇത് നഗര ഇന്‍ഫ്രാസ്ട്രക്ചറും ആസ്തികളുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കും വകുപ്പുകള്‍ക്കും പ്രയോജനപ്രദമായ വിധത്തില്‍ ഡാറ്റയെ പ്രവര്‍ത്തനക്ഷമമാക്കുന്നു. കൂടുതല്‍വിവരങ്ങള്‍ക്ക് www.cimconlighting.com

യുഎസ്ടി

കഴിഞ്ഞ രണ്ടു ദശാബ്ദത്തിലേറെയായി ലോകത്തെ ഏറ്റവും മികച്ച കമ്പനികളുമായി യോജിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ മാനവരാശിയുടെ ജീവിതഗതിയില്‍ മാറ്റങ്ങള്‍ക്കായി നിലകൊള്ളുന്ന കമ്പനിയാണ് യു എസ് ടി. സാങ്കേതിക വിദ്യയുടെ കരുത്തും കൂട്ടായ പ്രചോദനവും മഹത്തായ ലക്ഷ്യബോധവുമാണ് ഈ യാത്രയുടെ ദിശ നിര്‍ണയിക്കുന്നത്. രൂപകല്‍പ്പന മുതല്‍ പ്രവര്‍ത്തനം വരെ നീളുന്ന ഈ പ്രക്രിയയില്‍ മികച്ച പങ്കാളിത്തമാണ് കമ്പനി നല്‍കുന്നത്. കസ്റ്റമേഴ്സ് അഭിമുഖീകരിക്കുന്ന സുപ്രധാന വെല്ലുവിളികളെ അതിവേഗം തിരിച്ചറിയുന്ന കമ്പനി തികച്ചും ‘ഡിസ്റപ്റ്റീവ്’ ആയ പരിഹാരങ്ങള്‍ കണ്ടെത്തി അവരുടെ ദര്‍ശനങ്ങളെ യാഥാര്‍ഥ്യമാക്കുന്നു. ആഴത്തിലുള്ള ഡൊമെയ്ന്‍ വൈദഗ്ധ്യവും ഭാവിയുടെ തത്വശാസ്ത്രവും പ്രയോജനപ്പെടുത്തി വ്യവസായ സ്ഥാപനങ്ങളില്‍ ഇന്നൊവേഷനും ചലനാത്മകതയും കൊണ്ടുവരാനാണ് കമ്പനിയുടെ ശ്രമം. ലോകമെമ്പാടും വിവിധ വ്യവസായ മേഖലകളിലായി പ്രകടവും സുസ്ഥിരവുമായ മാറ്റങ്ങള്‍ കൈവരിക്കുകയാണ് ലക്ഷ്യം. 25 രാജ്യങ്ങളിലായി 26,000-ത്തിലധികം ജീവനക്കാരാണ് കമ്പനിക്കുള്ളത്. ലോകമെമ്പാടുമുളള കോടിക്കണക്കിന് മനുഷ്യരുടെ ജീവിതങ്ങളെ സ്പര്‍ശിക്കുന്ന സ്വാധീന ശക്തിയായി മാറലാണ് ഈ പ്രക്രിയയുടെ ആത്യന്തിക ലക്ഷ്യം. കൂടുതല്‍വിവരങ്ങള്‍ക്ക് ust.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

 

Print Friendly, PDF & Email

Related News

Leave a Comment